പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍(ജനുവരി 1-) സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അത് നഗര ചരിത്രത്തിലെ സവിശേഷമായ ഒരു നിമിഷമായാണ് അടയാളപ്പെടുക. ദക്ഷിണേഷ്യന്‍ വംശജനായ, മുസ്ലിം മതവിശ്വാസിയായ ഒരു മില്ലേനിയല്‍ ആദ്യമായാണ് ഈ പദവിയിലെത്തുന്നത്.
ഇന്നത്തെ സത്യപ്രതിജ്ഞ ചടങ്ങിലെ പ്രധാന പ്രത്യേകത തന്റെ രണ്ട് സത്യപ്രതിജ്ഞാ ചടങ്ങുകളിലും ഇസ്ലാം മതത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനില്‍ കൈവെച്ചായിരിക്കും മംദാനി സത്യപ്രതിജ്ഞ ചെയ്യുക എന്നതാണ്. ന്യൂയോര്‍ക്ക് സിറ്റിയുടെ ചരിത്രത്തില്‍ ഖുര്‍ആന്‍ ഉപയോഗിച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ മേയറായിരിക്കും അദ്ദേഹം. സത്യപ്രതിജ്ഞയ്ക്കായി മൂന്ന് വ്യത്യസ്ത ഖുര്‍ആനുകളാണ് മംദാനി ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്റെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൈവശം ഉണ്ടായിരുന്ന ഖുര്‍ആനുകളാണ് ഇവയില്‍ രണ്ടെണ്ണം.
കറുത്തവര്‍ഗ്ഗക്കാരനായ പ്രശസ്ത എഴുത്തുകാരനും ചരിത്രകാരനുമായ ആര്‍ട്ടുറോ ഷോംബര്‍ഗിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഖുര്‍ആന്‍ ആണ് മറ്റൊന്ന്. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയില്‍ നിന്നാണ് ഇത് ചടങ്ങിനായി എത്തിക്കുന്നത്.
ആഫ്രോ-ലാറ്റിനോ വംശജനായ ഷോംബര്‍ഗ് ഒരു മുസ്ലിം ആയിരുന്നില്ല. എന്നാല്‍ കറുത്തവര്‍ഗ്ഗക്കാരുടെ സാംസ്‌കാരികവും മതപരവുമായ വൈവിധ്യം ലോകത്തിന് കാണിച്ചുകൊടുക്കുന്നതിനായി അദ്ദേഹം തന്റെ ശേഖരത്തില്‍ ഖുര്‍ആനും ഉള്‍പ്പെടുത്തിയിരുന്നു. ഉഗാണ്ടയില്‍ ജനിച്ച മംദാനി, ആഫ്രിക്കന്‍ പൈതൃകമുള്ള ഷോംബര്‍ഗിന്റെ ഖുര്‍ആന്‍ ഉപയോഗിക്കുന്നത് നഗരത്തിന്റെ വൈവിധ്യത്തെയും വിവിധ വിശ്വാസങ്ങളുടെ ഒത്തുചേരലിനെയുമാണ് പ്രകടിപ്പിക്കുന്നത്. ഈ ഖുര്‍ആന്‍ ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയില്‍ പ്രത്യേക പ്രദര്‍ശനത്തിന് വെക്കാനും തീരുമാനിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്ക് സിറ്റിയിലെ ലക്ഷക്കണക്കിന് മുസ്ലിം താമസക്കാര്‍ക്ക് ഈ നിമിഷം വലിയ അഭിമാനമാണ് നല്‍കുന്നത്. സിറ്റിയുടെ പൊതുജീവിതത്തില്‍ മുസ്ലിം വിഭാഗത്തിന് ലഭിക്കേണ്ടിയിരുന്ന അംഗീകാരത്തിന്റെ തുടക്കമാണിതെന്ന് മംദാനിയുടെ ഉപദേശക സാറാ റഹീം പറഞ്ഞു.
മുന്‍പ് മിനസോട്ടയിലെ അറ്റോര്‍ണി ജനറല്‍ കീത്ത് എലിസണ്‍, പ്രതിനിധി ഇല്‍ഹാന്‍ ഒമര്‍ എന്നിവര്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഖുര്‍ആന്‍ ഉപയോഗിച്ച് സത്യപ്രതിജ്ഞ ചെയ്ത് ശ്രദ്ധ നേടിയിരുന്നു. ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലില്‍ ഷഹാന ഹനീഫും സമാനമായ രീതിയില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.
Content Summary; Zohran Mamdani New York City’s first Muslim mayor to use the Quran at his Swearing-In
This post was last modified on January 1, 2026 11:09 am
Leave a Comment