സൂംബ ഡാന്‍സ് വ്യായാമം മാത്രം; മത സങ്കുചിത വാദങ്ങളെ സ്‌കൂളുകളില്‍ നിന്ന് അകറ്റി നിര്‍ത്തണം

തട്ടമിട്ടും ഫുള്‍ സ്ലീവ് ചുരിദാര്‍ ഒട്ടും ഒക്കെ കുട്ടികള്‍ കളിക്കുന്നുണ്ട്

”കുട്ടികള്‍ക്ക് സൂംബ ഡാന്‍സ് കളിക്കുന്നത് സന്തോഷമാണ്. ആക്ടിവിറ്റി ഓറിയന്റഡ് ആയി എന്ത് നല്‍കിയാലും അവര്‍ക്ക് ഇഷ്ടമാണ്. ക്ലാസിലെ കുട്ടികളെ എന്‍ഗേജ് ചെയ്യിക്കണം എന്ന് ട്രെയിനിങ് പിരീയഡുകളില്‍ ഒക്കെ നമുക്ക് നിര്‍ദ്ദേശം കിട്ടാറുണ്ട്. ടിപ് ആക്ടിവിറ്റി എന്നാണ് അതിനെ പറയുക. ഒരു സെഷന്‍ എടുക്കുന്നതിന് മുമ്പായി ഒരു എനര്‍ജൈസര്‍ എന്ന നിലയിലാണ് ഡാന്‍സ് കളിപ്പിക്കുന്നത്. ഈ അധ്യയന വര്‍ഷം തുടങ്ങിയത് മുതല്‍ ഒരാഴ്ച്ചക്കാലം ചെറിയ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് വാല്യു ഓറിയന്റഡ് ക്ലാസ്സുകളാണ് നല്‍കിയിരുന്നത്. അതിന്റെ ഭാഗമായി പ്രത്യേകം സൂംബ ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു” കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപികയായ സിംല ടീച്ചര്‍ പറയുന്നു.

ഈ അധ്യയന വര്‍ഷം മുതലാണ് അസംബ്ലിയുടെ ഭാഗമായിട്ട് കേരളത്തിലെ പല സ്‌കൂളുകളിലും സൂംബ ഡാന്‍ഡ് പരിശീലനം ആരംഭിച്ചത്. അധ്യാപകര്‍, അല്ലെങ്കില്‍ എന്‍സിസി, എന്‍ എസ് എസ് കേഡറ്റുകള്‍ ചെയ്ത് കാണിക്കുന്നത് അനുസരിച്ച് കുട്ടികള്‍ കണ്ട് ചെയ്യുകയാണ് പതിവ്. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠനത്തെ ബാധിക്കാതെ ഒരു മണിക്കൂര്‍ നേരം സൂംബ ഡാന്‍സ് പരിശീലിപ്പിക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ എല്‍. പി, യുപി ക്ലാസുകളില്‍ അസംബ്ലിയിലും തുടര്‍ന്നുള്ള ക്ലാസുകളിലും ഡാന്‍സ് കളിപ്പിക്കുന്നുണ്ട്.

”പ്രൊഫഷണലായിട്ട് എവിടെ നിന്നും ട്രെയിനിംഗ് കിട്ടിയിട്ടില്ല സാധാരണ തുടക്കക്കാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സിമ്പിള്‍ ആയ സ്റ്റെപ്പുകളിലുള്ള വ്യായാമങ്ങള്‍ ആണ് യുട്യൂബിന്റെ സഹായത്തോടെ ഞങ്ങള്‍ പഠിപ്പിക്കുന്നത്.

ഇതില്‍ വിവാദമാക്കാനുള്ള ഒന്നുമില്ല. ഇവര്‍ പറയുന്ന പോലെ ഒന്നുമല്ലല്ലോ സൂംബ കളിപ്പിക്കുന്നത്. കുട്ടികളെ ഇടകലര്‍ത്തിയോ അല്പവസ്ത്രം ധരിപ്പിച്ചോ ഒന്നുമല്ല. അതെല്ലാം അവരുടെ തെറ്റായ ധാരണയാണ്. അറിവില്ലായ്മ കൊണ്ടോ ഇതിനെ കുറിച്ച് പഠിക്കാത്തത് കൊണ്ടോ ആണ് അവര്‍ ഇങ്ങനെ പറയുന്നത്. ആണും പെണ്ണും കൂടി പബില്‍ പോയി കളിക്കുന്ന എന്തോ ഒന്നാണ് സൂംബ ഡാന്‍സ് എന്നാണ് അവര്‍ ധരിച്ചുവച്ചിരിക്കുന്നത്.” സിംല ടീച്ചര്‍ പറയുന്നു.

”ശരിക്കും ഇപ്പോഴത്തെ കാലത്ത് ഒരു വ്യായാമം എന്ന നിലയില്‍ സുംബ ഡാന്‍സ് വീട്ടമ്മമാര്‍ പോലും ചെയ്യുന്നുണ്ട്. പല വാര്‍ഡുകളിലും സ്ത്രീകളുടെ നേതൃത്വത്തില്‍ സൂംബ ഡാന്‍സും യോഗ പരിശീലിക്കുന്ന കൂട്ടായ്മകളും ഉണ്ട്. ആരോഗ്യത്തെ കുറിച്ച് ഇന്നത്തെ ആളുകള്‍ കൂടുതല്‍ അവബോധം ഉള്ളവരാണ്. അതുകൊണ്ടാണ് അവര്‍ വ്യായാമം എന്ന നിലയില്‍ സൂംബ ഡാന്‍സിനെ ഏറ്റെടുത്തിരിക്കുന്നത്. എല്ലാവര്‍ക്കും എളുപ്പത്തില്‍ വഴങ്ങുന്ന ഒന്നാണ് സൂംബ
ഡാന്‍സ്. ലളിതമായ സ്റ്റെപ്പുകള്‍ പാട്ടിന്റെ ഒപ്പം ചെയ്യുമ്പോള്‍ മൈന്‍ഡ് ഫ്രീ ആകും.” സിംല ടീച്ചര്‍ പറയുന്നു

മൈന്‍ഡ് ഫ്രീ ആകാനും വര്‍ക്ക് പ്രഷര്‍ കുറയ്ക്കാനും സൂംബ ഡാന്‍സ് സഹായിക്കുന്നു എന്നാണ് വര്‍ഷങ്ങളായി സൂംബ ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന ഒരു അധ്യാപിക പറഞ്ഞത്. ബോഡി ഫിറ്റായിരിക്കാനും അത് സഹായിക്കുന്നു

”അല്ലെങ്കിലും ‘ജെന്‍ -സി’ യെ ലെക്ചര്‍ മോഡല്‍ ക്ലാസുകളിലൂടെ പഠിപ്പിക്കുക എന്നത് അത്യന്തം ദുഷ്‌കരമാണ്. അവര്‍ക്ക് അതിനുള്ള ക്ഷമയില്ല. എല്ലാം ആക്‌സസ് ചെയ്യാന്‍ പറ്റുന്ന ഒരു കാലഘട്ടത്തിന്റെ ഭാഗമാണ് അവര്‍. അവരിലുള്ള ഈ ഹൈ എനര്‍ജി, ആക്ടിവിറ്റി ഓറിയന്റഡ് ആയ എന്തെങ്കിലും കാര്യത്തിലേക്ക് വഴി തിരിച്ച് വിട്ടാല്‍ മറ്റുള്ള മോശം ചിന്തകള്‍ മാറിക്കിട്ടും. പ്രത്യേകിച്ച് നാട്ടിലൊക്കെ ഗ്രൗണ്ടുകള്‍ തന്നെ ഇല്ലാതാകുന്ന ഈ കാലത്ത്. ഇതിന് മുമ്പും ക്ലാസുകള്‍ തുടങ്ങുന്നതിന് മുമ്പേ എന്തെങ്കിലും ആക്റ്റിവിറ്റികള്‍ ചെയ്യിക്കാറുണ്ട്. കയ്യും കാലും ശരീരവും അനങ്ങുന്ന രീതിയില്‍, ഡോപമിന്‍ ഉത്പാദിപ്പിക്കുന്ന എന്തെങ്കിലും കളികള്‍ കളിപ്പിക്കാറുണ്ട്. അത് കഴിഞ്ഞ് പഠിക്കാനിരിക്കുമ്പോള്‍ അവര്‍ കുറച്ച് കൂടി ആക്റ്റീവ് ആകുന്നതായി തോന്നാറുണ്ട്.

കുട്ടികളുടെ ഈ എക്‌സ്ട്രാ എനര്‍ജിയെ ഇത്തരത്തില്‍ കായിക രീതിയിലേക്ക് തിരിച്ചു വിടുമ്പോള്‍ ലഹരി ഉപയോഗം പോലെയുള്ള മറ്റ് ദുശ്ശീലങ്ങളില്‍ നിന്ന് കുട്ടികളെ വഴിതിരിച്ച് വിടാനും സാധിക്കും. സൂംബ ഡാന്‍സിലെ സ്റ്റെപ്പുകളെ വളരെ രസകരമായി ആസ്വദിക്കുന്ന കുട്ടികളെയാണ് കാണാന്‍ കഴിഞ്ഞത്. ഇതുവരെ കുട്ടികളോ, രക്ഷകര്‍ത്താക്കളോ ആരും തന്നെ പരാതി ഉന്നയിച്ചിട്ടില്ല. ഇനി ഇപ്പോ എന്തെങ്കിലും വരുമോ എന്നറിയില്ല.”സിംല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

”സൂംബ ഡാന്‍സിന് ശേഷം സന്തോഷമായിട്ടാണ് കുട്ടികള്‍ ക്ലാസില്‍ ഇരിക്കുന്നത്. സ്വാഭാവികമായും കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നു. ഇന്നത്തെ കുട്ടികള്‍ക്ക് കളിക്കാനും ഓടിച്ചാടി നടക്കാനുമുള്ള അവസരങ്ങള്‍ കുറയുകയാണ്. വീട്ടില്‍ കുട്ടികളുടെ ശരീരം അനങ്ങുന്നില്ല എന്ന് തന്നെ പറയാം. പൊണ്ണത്തടിയൊക്കെ കൂടുതലായി കാണപ്പെടുന്നു. വെറുതെ ഓടല്‍ അല്ല കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നത്, അതിന് ശരീരത്തിന്റെ എല്ലാ അവയവങ്ങളും അനങ്ങേണ്ടതുണ്ട്. അതിന് സുംബ ഡാന്‍സ് പ്രയോജനപ്പെടും എന്നാണ് എന്റെ അഭിപ്രായം.” അഴീക്കോട് ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ അധ്യാപികയായ ബീന ടീച്ചര്‍ പറയുന്നു.

”ഈ വര്‍ഷത്തെ അധ്യാപക പരിശീലന കാലയളവിലാണ് സൂംബ ഡാന്‍സ് ഞങ്ങളെ പരിചയപ്പെടുത്തുന്നത്. എല്ലാവര്‍ക്കും ആയാസകരമായിട്ടുള്ള സ്റ്റെപ്പുകളാണ് സ്‌കൂളില്‍ ഇപ്പോള്‍ പഠിപ്പിക്കുന്നത്. പണ്ട് എസ്.എസ്.കെ (സര്‍വ ശിക്ഷ കേരള) യുടെ കീഴില്‍ ഏറോബിക്‌സ് പരിശീലനം നല്‍കിയിരുന്നു. എന്നാല്‍ വളരെക്കുറച്ചു കുട്ടികള്‍ക്ക് ആയിരുന്നു അതുവഴി പരിശീലനം ലഭിച്ചിരുന്നത്. എന്നാല്‍ സൂംബ ഡാന്‍സ് സ്‌കൂളിലെ മൊത്തം കുട്ടികളെയുമാണ് ലക്ഷ്യംവയ്ക്കുന്നത്. ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസിലെ കുട്ടികള്‍ അണിനിരക്കുന്നതാണ് പൊതു അസംബ്ലി. അവര്‍ക്ക് എല്ലാവര്‍ക്കും അവസരം ലഭിക്കുകയാണ്. മാനസികമായ ഒരു ഉല്ലാസവും ലഭിക്കുന്നു.

ഇപ്പോള്‍ അധ്യാപകരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്. കുട്ടികള്‍ക്ക് പരിശീലനം കൊടുത്ത് അവരുതന്നെ പരിശീലിപ്പിക്കുന്ന രീതിയിലേക്ക് മാറ്റണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ആണ്‍കുട്ടികള്‍ കുറച്ചുപേര്‍ മടി പിടിച്ചു നില്‍ക്കുന്നത് ഒഴിച്ചാല്‍ വളരെ ഉത്സാഹപൂര്‍വ്വമായാണ് കുട്ടികള്‍ ഇതിനെ സ്വീകരിക്കുന്നത്. ആദ്യമായിട്ട് ഒരു കാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുട്ടികള്‍ക്കുണ്ട് എന്നതൊഴിച്ചാല്‍ വേറെ പ്രശ്‌നങ്ങളൊന്നുമില്ല”. ബീന ടീച്ചര്‍ പറയുന്നു.

”പിന്നെ ഇപ്പോള്‍ വിവാദം ഉണ്ടാക്കുന്നവര്‍ പറയുന്നതുപോലെ ഒന്നുമല്ല സൂംബ കളിക്കുന്നത്. കുട്ടികള്‍ സാധാരണ ഇട്ടു കൊണ്ടുവരുന്ന യൂണിഫോമില്‍ തന്നെ അസംബ്ലിയില്‍ ഒരു വ്യായാമം എന്ന രീതിയിലാണ് സൂംബ ഡാന്‍സ് കളിക്കുന്നത്. അതില്‍ മറ്റു മതത്തിന്റെ പ്രശ്‌നമൊന്നും ഞങ്ങള്‍ കാണുന്നില്ല, തട്ടമിട്ടും ഫുള്‍ സ്ലീവ് ചുരിദാര്‍ ഒട്ടും ഒക്കെ കുട്ടികള്‍ കളിക്കുന്നുണ്ട്. ആണ്‍കുട്ടികള്‍ ഒരു ലൈന്‍, പെണ്‍കുട്ടികള്‍ വേറൊരു ലൈന്‍ എന്ന നിലയില്‍ കളിക്കുമ്പോള്‍ കൂട്ടിമുട്ടുന്നു പോലുമില്ല. കൈകോര്‍ത്തുപിടിച്ചു കളിക്കുന്ന തരം ഡാന്‍സും അല്ല സൂംബ എന്നാണ് എന്റെ അറിവ്. സ്‌കൂളില്‍ ഇതുവരെ ആരും ഒരു പ്രശ്‌നവും ഉന്നയിച്ചിട്ടില്ല. തുടര്‍ച്ചയായിട്ട് ചെയ്തു വരുമ്പോള്‍ എന്തൊക്കെ തരം പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരും എന്ന് അറിയില്ല.

നമ്മുടേത് മുസ്ലിം ഭൂരിപക്ഷമുള്ള കുട്ടികള്‍ പഠിക്കുന്ന ഒരു സ്‌കൂളാണ്. പണ്ട് കാലത്തൊക്കെ മദ്രസകളില്‍ നിന്ന് ഡാന്‍സ് കളിക്കുന്നതിനും മറ്റുമൊക്കെ കുട്ടികളെ എതിര്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പൊട്ട് തൊട്ട് ഡാന്‍സ് കളിക്കരുത്, നാടകം കളിക്കരുത് എന്നൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇന്ന് അത്തരത്തിലുള്ള ഒന്നുമില്ല, അല്ലെങ്കില്‍ വിദ്യാര്‍ത്ഥികളോ അവരുടെ രക്ഷിതാക്കളോ അത്തരം നിര്‍ദ്ദേശങ്ങള്‍ക്ക് ചെവി കൊടുക്കാത്ത ഒരു അന്തരീക്ഷമാണുള്ളത്. ഇന്ന് അത്തരം പ്രശ്‌നങ്ങള്‍ ഒന്നും നമ്മുടെ സ്‌കൂളിനകത്ത് വലിയ വിഷയം ആയിട്ട് ഉയര്‍ന്നു വരുന്നില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. മദ്രസകളില്‍ നിന്ന് അങ്ങനെ ചെയ്യാന്‍ പാടില്ല എന്ന് നിര്‍ദ്ദേശങ്ങള്‍ ഉണ്ടെന്ന് കുട്ടികള്‍ പറയുമ്പോള്‍ പോലും ഹരം ഉള്‍ക്കൊണ്ട് മനസ്സറിഞ്ഞ് ഡാന്‍സ് കളിക്കുന്ന കുട്ടികളാണുള്ളത്.

നമ്മുടെ സ്‌കൂളിലെ കലാപരിപാടികളില്‍, എല്ലാ കുട്ടികളും ഏതെങ്കിലും ഒരു പരിപാടിയില്‍ പങ്കെടുക്കാറുണ്ട്. ഇനി ഇപ്പോള്‍ ഡാന്‍സ് കളിക്കാന്‍ അറിയാത്തവര്‍ ഒരു പാട്ട് എങ്കിലും പാടാറുണ്ട്. അങ്ങനെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് നമ്മുടെ വാര്‍ഷിക പരിപാടികള്‍ പോലും നടത്തുന്നത്. ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന കുട്ടികളുടെ പോലും പങ്കാളിത്തം ഉറപ്പാക്കാന്‍ ശ്രമിക്കാറുണ്ട്.

രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് അങ്ങനെ പ്രശ്‌നങ്ങളൊന്നുമില്ല. മക്കളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം രക്ഷിതാക്കളും. ഇന്നത്തെ കാലത്ത് പഠനത്തോടൊപ്പം അല്ലെങ്കില്‍ പഠനത്തേക്കാള്‍ ഉപരി കലാമേഖലിയിലും കായികമേഖലയിലും കുട്ടികള്‍ മുന്നിട്ടുനില്‍ക്കണമെന്ന ഒരു കാഴ്ചപ്പാടാണ് രക്ഷിതാക്കള്‍ക്കുള്ളത്. വിദ്യാഭ്യാസപരമായി മുന്നിട്ടു നില്‍ക്കുന്നവരൊന്നും സുംബ ഡാന്‍സിനെതിരെ സംസാരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ സങ്കുചിതമായിട്ട് ചിന്തിക്കുന്നവര്‍ ഉണ്ടാക്കുന്ന വിവാദങ്ങള്‍ക്ക് നമ്മള്‍ ചെവി കൊടുക്കേണ്ടതില്ല എന്നാണ് ഞാന്‍ കരുതുന്നത്.” ബീന ടീച്ചര്‍ പറയുന്നു.

”സംഗീതം ഒക്കെ കേള്‍ക്കാന്‍ പാടില്ലാത്തതാണ് എന്നാണ് ചിലര്‍ പറയുന്നത്. ഒപ്പന, മാപ്പിളപ്പാട്ട്, ദഫ്മുട്ട് തുടങ്ങിയവയൊക്കെ ഇസ്ലാം സംസ്‌ക്കാരത്തിന്റെ സംഭാവനകള്‍ അല്ലേ? ഹറാമാണെന്ന് പറഞ്ഞ് ഈ മത പൗരോഹിത്യം എതിര്‍ത്ത പലതും അവര്‍ തന്നെ ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് വൈരുദ്ധ്യം. ഉദാഹരണത്തിന് കൊറോണ കാലത്ത് മദ്രസയില്‍ ക്ലാസുകള്‍ നടന്നത് ഒരുകാലത്ത് അവര്‍ നിഷിദ്ധമായി കണ്ട യൂട്യൂബിലൂടെയും മൊബൈല്‍ ഫോണിലൂടെയും, ടി.വിയിലൂടെയുമൊക്കയാണ്. ഇത്തരം വ്യായാമങ്ങളും ഇനി പതിയെ അവരും ചെയ്യും എന്നാണ് ഞാന്‍ കരുതുന്നത്. മദ്രസ പഠനത്തിന്റെ തന്നെ ഭാഗമാകും. മാത്രമല്ല ഞങ്ങള്‍ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ മദ്രസയില്‍ ആഴ്ചയില്‍ ഒരു ദിവസം സാഹിത്യസമാജം പോലെയുള്ള പരിപാടികള്‍ ഉണ്ടായിരുന്നു ഞാന്‍ അങ്ങനെയാണ് എഴുത്തും പ്രസംഗമൊക്കെ പഠിച്ചത് പോലും. നബി ദിനങ്ങള്‍ക്ക് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമൊക്കെ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. പെണ്‍കുട്ടികളൊക്കെ സ്റ്റേജില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത് പുതിയ പ്രതിഭാസമാണ്. ഇസ്ലാമില്‍ തന്നെ ഇത്തരം പല ചിന്താധാരകളും ഉള്ളപ്പോള്‍ ചെറിയ കുട്ടികളെ പോലും വെറുതെ വിടാത്ത സങ്കുചിതമായ മതവാദങ്ങളെ പൊതുവിദ്യാലയങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തണം എന്നാണ് എന്റെ പക്ഷം.” ബീന ടീച്ചര്‍ പറയുന്നു.

കേരളത്തിലെ സ്‌കൂളുകളില്‍ സൂംബ ഡാന്‍സുകള്‍ പഠിപ്പിക്കുന്നതിനെതിരായി സമസ്തയും, മുജാഹിദും ഉള്‍പ്പെടെയുള്ള പല സാമുദായിക സംഘടനകളും രംഗത്ത് വന്നിരുന്നു. കുട്ടികളില്‍ മാനസിക ശാരീരികോല്ലാസം വര്‍ധിപ്പിക്കാന്‍ ഉതകുന്ന ഇത്തരം ആക്ടിവിറ്റികളെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെ തന്നെ വിവാദമാക്കുന്ന പ്രവണതയ്ക്കാണ് ആദ്യം മാറ്റം വരേണ്ടത്. കുട്ടികള്‍ പഠിച്ച് മാത്രം വളരേണ്ടവരല്ല. കളിച്ചും ചിരിച്ചും ആരോഗ്യത്തോടെ വളരുകയാണ് വേണ്ടത്. zumba dance is only an exercise; religious bigotry should be kept out of schools

Content Summary: zumba dance is only an exercise; religious bigotry should be kept out of schools

ഫെമിന സിഎന്‍

ഫ്രീലാന്‍സ് ജേണലിസ്റ്റ്

More Posts

This post was last modified on June 30, 2025 2:58 pm

ഫെമിന സിഎന്‍: ഫ്രീലാന്‍സ് ജേണലിസ്റ്റ്
Related Post
Leave a Comment