June 07, 2026 |
Share on

ഇപ്പോളീ കുടുംബം ‘ ജോയ്’ ആണ്

113 ദിവസത്തെ ആശുപത്രി ജീവിതം, അതില്‍ 37 ദിവസം വെന്റിലേറ്ററില്‍; അതിജീവനത്തിന്റെ കഥ

പിസ്ത ഗ്രീനിലുള്ള അധികം ചെറുതല്ലാത്ത ആ വീട്ടിലെ നടുത്തളത്തിൽ തന്നെ സോഫ ഇട്ടിരിക്കുന്നുണ്ട്. അതിൽ നന്നേ വെളുത്ത് മെലിഞ്ഞ ഒരു മനുഷ്യൻ, ഒരു ഓപ്പറേഷന്റെ ബാക്കിയെന്നോണം കഴുത്തിന് താഴെ ഒരു മുറിപ്പാട് കാണാനുണ്ടായിരുന്നു. അയാൾ ഒന്ന് കണ്ണടച്ചതും അന്ന് ആശുപത്രികിടക്കിയിൽ നിന്ന് ആദ്യമായി കണ്ണ് തുറന്ന ദിവസത്തിന്റെ ഓർമ അരിച്ചെത്തി. അന്ന് കണ്ണ് തുറക്കുമ്പോ എന്തോ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു, ഏറെ നാളായി കണ്ണ് തുറക്കാതിരുന്ന പ്രതീതി. ശബ്ദമെടുക്കാനായി ഒച്ച പൊന്തുന്നില്ല. , കയ്യ്കാലുകൾ അതിനോളം തളർച്ചയോടെ ചലനമറ്റ് കടക്കുന്നു. ആയാസപ്പെട്ട് കണ്ണ് വലിച്ച് തുറന്നതും മെഷിനുകളുടെ ശബ്ദം ക്രമത്തിൽ മുഴങ്ങിക്കോണ്ടിരുന്ന നീല കർട്ടനുകൾ നിറഞ്ഞ മുറി ആശുപത്രിയാണെന് മനസിലാക്കിയെടുക്കാൻ അധികം കാലതാമസമുണ്ടായില്ല. വിദൂരദയിലെന്ന പോലെ കാലിനടുത്തായി ആരോ നിൽക്കുന്നുണ്ടായിരുന്നു. തന്റെ ഉറ്റവരാവുമെന്നാണ് ആദ്യം ചിന്തിച്ചത്, കണ്ണുകൾ ഒന്ന് വെളിച്ചത്തോട് താരതമ്യപ്പെട്ട് വന്നതും കാണുന്ന കാഴ്ച, നിറകണ്ണുകളുടെ തന്റെ കാലിനരുകിൽ നിന്ന് പ്രാർഥിക്കുന്ന ഒരു പെൺകുട്ടിയെയാണ്. പക്ഷെ ജോയ് തന്റെ ജീവിതത്തതിൽ ഇതുവരെ ആ കുട്ടിയെ കണ്ടതായി പോലും ഓർക്കുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പിടി കിട്ടും മുമ്പേ ബോധം മറഞ്ഞു. എങ്കിലും ആ ബോധത്തിനും അബോധാവസ്ഥക്കുമിടെ ചെറിയൊരു നെഞ്ചുവേദനയെ തുടർന്ന് ആശുപത്രയിൽ പ്രവേശിപ്പിച്ചതിന്റെ നേരിയ ഓർമ മിന്നി മറഞ്ഞു. ഇനിയും പ്രജ്ഞയിലേക്ക് തിരിച്ച് വരണമെന്നും, കുടുംബം തന്നെ കാത്തിരിക്കുണ്ടാകുമെന്ന് ആരോ ഓർമ്മിപ്പിക്കുന്നത് പോലെയും അയാൾക്ക് അനുഭവപെട്ടു.

താൻ കണ്ണ് തുറന്ന ദിവസത്തിന്റെ നേരിയ ഓർമ്മകളെ ആ നടുത്തളത്തിലിരുന്ന് ജോയ്ക്ക് വീണ്ടെടുക്കാൻ കഴിഞ്ഞുള്ളു, ബാക്കിയെല്ലാം തുന്നി കൂട്ടി വച്ചതാണ്, ആരുടെയൊക്കയോ വാക്കുകളിലൂടെ വിവരിച്ചിട്ട ആശുപത്രി ദിനങ്ങൾ. അത് മാത്രമല്ല ജോയ് മറന്നു പോയിരിക്കുന്നത്, തനിച്ച് നടക്കാൻ, സംസാരിക്കാൻ, കണ്ണുകൾ അനക്കാൻ പോലും ആ മനുഷ്യൻ മറന്നു പോയിരിക്കുന്നു. അയാൾ അതിനെയും അതിജീവിക്കുമെന്ന് ചുറ്റിനുമുള്ളവർക്ക് ഉറപ്പായിരുന്നു. അവർ അയാളെ കുഞ്ഞിനെ പോലെ പരിചരിച്ചു, പലപ്പോഴെല്ലാം ആ മുൻപട്ടാളക്കരൻ അപക്വമായി പെരുമാറി. കേൾവിക്കാരെ പിടിച്ചിരുത്തുന്ന തലത്തിൽ മോട്ടിവേഷണൽ ക്ലാസ്സുകൾ നൽകിയിരുന്ന ആത്മവിശ്വാസത്തോടെ ആളുകളോട് ഇടപഴകിയിരുന്ന അയാൾക്ക് വാക്കുകൾ പെറുക്കി കൂട്ടേണ്ടി വന്നു. ഒരു പൊതു മേഖല ബാങ്കിന്റെ കണക്കുകൾ അനായാസം കൈ കാര്യം ചെയ്‌തിരുന്ന അയാൾക്ക് പേപ്പറിൽ അക്ഷരങ്ങൾ പോലും എഴുതാൻ കഴിയാതെയായി.

കൃഷി ഇടത്തിൽ സഹോദരൻ കിളച്ചെടുത്ത കുഴിയിൽ അയാൾ പയർ വിത്തുകൾ പാകി. ആ ചെടി പൂത്തു തളിർക്കുന്നത് പോലെ അയാളും വീണ്ടുമൊരു ബാല്യത്തിലൂടെ കടന്നു പോയി, മരണത്തിനെയും അതി ജീവിച്ചതിനു ശേഷമുള്ള ബാല്യം. കണ്ണുകൾ ഒരു ദിശയിൽ നിന്ന് മറ്റൊരിടത്തേക്ക് ചലിക്കാതെ കാഴ്ചകൾ അവ്യക്തമായ ജോയുടെ കാഴ്ച ആ കുടുംബം വീണ്ടെടുത്തത്, ഇരുട്ടുമുറിയിൽ ടോർച്ച ലൈറ്റ് തെളിച്ചു വയ്ക്കും, അത് പിന്നീട് മറ്റിടങ്ങിലേക്ക് മാറ്റിക്കൊണ്ടിരിക്കും. ഇരുട്ട് നിറഞ്ഞ മുറിയിൽ വെളിച്ചത്തെ തേടി കൃഷ്ണമണികൾ ചലിക്കുമെന്ന അടിസ്ഥാന ആശയമാണ് അവർ പരീക്ഷിച്ചത്, പതുക്കെ പതുക്കെ പരീക്ഷണം വലിയ വിജയമായി. കാഴ്ചയിൽ മാത്രമല്ല, ജോയി തനിയെ നടക്കാൻ തുടങ്ങി, സംസാരിക്കാൻ വരെ ഇത്തരം പൊടികൈകളാണ് പരീക്ഷിച്ചു നോക്കിയത്. ആശുപത്രി ജീവിതത്തിന് വിട പറഞ്ഞ് 113 -ാം ദിവസം ദിവസം മുതൽ ആരംഭിച്ച പ്രതീക്ഷിയിലൂന്നിയ പരീക്ഷണങ്ങളായിരുന്നു അത്. ഇന്ന് ജോയെ ആരോഗ്യത്തോടെ പിടിച്ചിരുത്തിയിരിക്കുന്നതും ഈ പരീക്ഷണം തന്നെയാണ്.

ജോയിൽ വീണ്ടും ജീവന്റെ തുടിപ്പ് ഉണ്ടെന്ന് ആദ്യമായി കാണുന്നത് കോലഞ്ചേരി മെഡിക്കൽ കോളേജിലെ നഴ്സ് ചിന്നുവായിരുന്നു. അന്നും പതിവ് പോലെ ജോയെ പരിചരിക്കാൻ എത്തിയതായിരുന്നു അവൾ. തൊണ്ടയിലൂടെ ഇറക്കിയ എൻഡോട്രാഷ്യൽ ട്യൂബ് ജോയുടെ ശരീരത്തിലേക്ക് ശ്വാസം എത്തിച്ചു കൊണ്ടിരുന്നു. ആശുപത്രയിൽ ഒരു വെന്റിലേറ്റർ മുറിയിൽ മുഴുങ്ങുന്ന ഓരോ ബീപ്പും ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നേർത്ത രേഖ ചുറ്റുമുള്ളവരെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കും. സ്വന്തമായി പ്രവർത്തിക്കാൻ മടിച്ചിരിക്കുന്ന ശരീരത്തെ ആ യന്ത്രങ്ങൾ സഹായിച്ചു കൊണ്ടിരിക്കും, ഒരു പക്ഷെ 72 മണിക്കൂറുകൾ, അതുമല്ലെങ്കിൽ ഒരാഴ്ച്ച. ആ സമയപരിധിക്കുള്ളിൽ ഒരു മനുഷ്യൻ ആ വെന്റിലേറ്റർ മുറിയെ അതിജീവിച്ചിരിക്കണം. ദീർഘനാൾ ആ വെന്റിലേറ്റർ മുറിയെ അതിജീവിച്ചവർ വളരെ ചുരുക്കമായിരിക്കും. പക്ഷെ ഒരു മാസത്തോളമായി എന്നെങ്കിലുമൊരിക്കൽ കോമയിലായ ജോയ് ചേട്ടൻ അതിജീവിക്കുമെന്ന പ്രതീക്ഷിയിൽ ഒരു കുടുംബം മൊത്തം അദ്ദേഹത്തെ വെന്റിലേറ്ററിന്റെ പുറത്തിറക്കാൻ സമ്മതിക്കാതെ പിടിച്ചുവച്ചിരിക്കുകയാണ്. ഇത്രയും അധികം നാൾ ഒരാളെ വെന്റിലേറ്ററിൽ ചികത്സിക്കുന്നത് തന്റെ നഴ്സിംഗ് ജീവിതത്തിനിടെ അവൾക്ക് കേട്ടുപരിചയം പോലുമില്ലാത്ത ഒന്നായിരുന്നു.

ജോയ് ഇനി മടങ്ങിവരില്ലെന്ന് ബോധ്യമാകും വരെയാകുമോ വീട്ടുകാർ ആ കാത്തിരിപ്പ് തുടരുകയെന്ന പോലും ചിന്നു ചിന്തിച്ചിരിക്കണം. പക്ഷെ ഒരത്ഭുതം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ഒടുവിലത് സംഭവിച്ചപ്പോൾ, ആദ്യ സാക്ഷിയായത് ചിന്നുവായിരുന്നു. കൺപോളകളിലെ അനക്കമാണ് ചിന്നു ആദ്യം ശ്രദ്ധിച്ചത്. ആദ്യം തോന്നലാണെന്ന് തള്ളി കളഞ്ഞെങ്കിലും, ഒന്ന് കൂടി നിരീക്ഷിക്കാൻ ചിന്നുവിന് തോന്നി, പിന്നാലെ ജോയിയുടെ കണ്ണുകൾ ഒരിക്കൽ കൂടി അനങ്ങി. ശീതികരിച്ച ആ മുറിയിൽ അന്നാദ്യമായി ചിന്നുവിന്റെ മുഖത്ത് വിയർപ്പ് പൊടിഞ്ഞു. മേലാസകലം ഒരു തരിപ്പ് കയറുന്ന പ്രതീതി. പ്രജ്ഞയിലേക്ക് തിരിച്ചെത്തിയ ആ നിമിഷം ഐസിയുവിന്റെ ഡോർ തുറന്ന് ഡോക്ടറുടെ ക്യാബിനിലേക്ക് ചിന്നു ഓടി.

ഇടയിലെപ്പോഴോ ജോയി കണ്ടു, അരികില്‍ അമ്മയും ഭാര്യയും സഹോദരങ്ങളും മക്കളുമെല്ലാം നില്‍ക്കുന്നു. അനിയന്മാരുടെ ചേട്ടായി എന്ന വിളക്ക് തന്നാലാവും വിധം പ്രതികരിക്കാന്‍ ജോയി ശ്രമിച്ചു നോക്കി, കഴിയുന്നില്ല.

പക്ഷേ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല കൂടെയുള്ളവര്‍. ഇത്രയും നാള്‍ അവര്‍ കാത്തിരുന്നത് ജോയിയെ തിരികെ കൊണ്ടുവരാനാണ്. മരുന്നിന് മാത്രമല്ല, മനുഷ്യര്‍ക്കും പലതും ചെയ്യാനുണ്ടെന്ന് തിരിച്ചറിഞ്ഞ് കുടുംബാംഗങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങി. പ്രതീകരിക്കില്ലെന്നറിഞ്ഞിട്ടും അവരോരോ കാര്യങ്ങളായി ജോയിയോട് പറഞ്ഞു കൊണ്ടിരുന്നു. ആരോഗ്യകാര്യങ്ങളും, ആശുപത്രിക്കാര്യങ്ങളും വീട്ടിലെയും നാട്ടിലെയും വിശേഷങ്ങളും മക്കളുടെ പരീക്ഷയെ പറ്റിയുമെല്ലാം ഇടതടവില്ലാതെ സംസരിച്ചുകൊണ്ടിരിക്കും. കാര്‍ഡിയാക്, ന്യൂറോ മുതല്‍ ഓരോ വിഭാഗത്തിലെയും ഡോക്ടര്‍മാര്‍ ജോയിയെ പരിശോധിച്ചുകൊണ്ടേയിരുന്നു. ഫിസിയോ തെറാപ്പി ആരംഭിച്ചതു മുതല്‍ വീട്ടിലുള്ളവരും വര്‍ത്തമാനത്തിനിടക്ക് ജോയിയുടെ കയ്യും കാലും ചലിപ്പിച്ചുകൊണ്ടിരിക്കും, സ്വന്തമായി അനക്കാന്‍ കഴിയുന്നതുവരെ അവരത് തുടര്‍ന്ന് കൊണ്ടിരുന്നു. ജോയിയുടെ ചെറിയ ചെറിയ കെറുവുകളെ അവര്‍ പുഞ്ചിരിയോടെ അവഗണിച്ചു.

ജോയ് യുടെ സഹോദരൻ ബേബിയിൽ ഇപ്പോഴും ആ ദിവസത്തിന്റെ ചൂട് തങ്ങി നിൽക്കുന്നുണ്ട്. തങ്ങളുടെ മൂത്ത സഹോദരന് നെഞ്ച് വേദന വന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം ഇന്നലെ കഴിഞ്ഞ പോലെ അയാൾ ഓർത്തെടുക്കുന്നുണ്ട്. എസ്ബിഐയുടെ ഇലഞ്ഞി ബ്രാഞ്ചിലെ മാനേജറാണ് മുവാറ്റുപുഴ ചൂണ്ടി സ്വദേശിയായ ജോയ്. ഉച്ചഭക്ഷണത്തിന് ശേഷം ഫീൽഡ് ഡ്യൂട്ടിക്ക് ഇറങ്ങിയതായിരുന്നു ജോയ്. അപ്പോഴേക്കും രാവിലെ മുതൽ അകാരണമായി മനസിനെ അലട്ടിയ അസ്വസ്ഥത ഉരുണ്ടുകൂടി നെഞ്ച് വേദനയായി മാറിതുടങ്ങിയിരുന്നു. എന്തോ പന്തികേട് തോന്നിയ ഡ്രൈവർ ജിമ്മിയുടെ നിർബന്ധത്തിനൊപ്പം, പതിയെ ഞെഞ്ചിനെ വരിഞ്ഞു മുറുക്കി കൊണ്ടിരുന്നവേദനയും അയാളെ പെട്ടെന്ന് ആശുപത്രിയിലെത്തിച്ചു.

ആശുപത്രിയിലെത്തുമ്പോഴേക്കും ആ വേദന ഹൃദയാഘാതമായി. അടിയന്തര ചികത്സക്ക് ശേഷം മരുന്നുകളോട് പ്രതികരിക്കുന്ന മുറക്ക് സൗകര്യമുള്ള മറ്റൊരു ആശുപത്രയിലേക്ക് മറ്റും വരെ കാത്തിരിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ചികിത്സക്കിടെ വീണ്ടും കാർഡിയാക് അറസ്റ്റ്. സിപിആർ നൽകി ജീവൻ പിടിച്ചു നിർത്താനുള്ള ശ്രമം പക്ഷെ പരാജയപെട്ടു. ആശുപത്രയിലേക്ക് മാറ്റാനുറപ്പിച്ച ആ കുറഞ്ഞ മിനിറ്റുകൾക്കുളിൽ തലച്ചോറിലേക്കുളള രക്ത ഓട്ടം നിലച്ചു. രാത്രി ഏഴുമണിയോടെ കോലഞ്ചേരി എം ഒ എസ് സി മെഡിക്കൽ ഹോസ്പിറ്റൽ ലക്ഷ്യമാക്കി ചീറിപാഞ്ഞ വെന്റിലേറ്റർ ആംബുലൻസിന് പിന്നിൽ ഒരു കുടുംബം ജോയുടെ ജീവന് വേണ്ടി മുട്ടിപ്പ് ആയി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. പ്രാർത്ഥനയേക്കാൾ വേഗത്തിൽ ജോയുടെ അവസ്ഥ നിമിഷം പോകും തോറും മോശമായി കൊണ്ടിരുന്നു. ആശുപത്രയിൽ വെന്റിലേറ്റർ ഐ സി യുവിന് മുന്നിൽ ആ കുടുംബം തളർന്നിരുന്നു. ജീവിതത്തിനും, ജീവനും ഇടയിലുള്ള ജോയുടെ മൽപ്പിടുത്തം അയാളുടെ കുടുംബത്തിലേക്ക് കൂടി നീണ്ട നിമിഷങ്ങൾ.

മരവിപ്പിക്കുന്ന മണിക്കൂറുകൾ, വെന്റിലേറ്റർ റൂമിലേക്ക് ഇടതടവില്ലാതെ കയറിപ്പോകുന്ന ഡോക്ടർമാർ. 72 മണിക്കൂർ നിരീക്ഷിക്കണമെന്ന കേട്ടുപഴകിയ മറുപടി, കാത്തിരിക്കാൻ മാത്രമായിരുന്നു കുടുംബത്തിന് ചെയ്യാനുണ്ടായിരുന്നത്. ആ കാത്തിരിപ്പിനെ വിഫലമാക്കാൻ പോന്നതായിരുന്നു പിന്നീടുള്ള നിമിഷങ്ങൾ. ആദ്യം ജോയിയെ പ്രവേശിപ്പിച്ച ആശുപത്രയിൽ വച്ചുണ്ടായ കാർഡിയാക് അറസ്റ്റ് നീക്കം ചെയ്‌തെങ്കിലും, തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചു. വെന്റിലേറിന്റെ സഹായമില്ലെങ്കിൽ ജോയ്ക്ക് ശ്വസിക്കാൻ കഴിയാതെയായി. ഒടുവിൽ പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. അയാളുടെ പേഷ്യന്റ് റിപ്പോർട്ട് ഡോക്ടർമാർ പരിശോധിച്ചോപ്പു വച്ചു.

ആശുപത്രി വരാന്തയിൽ നിന്ന് ഒരു കുടുംബത്തെ മുഴുവൻ മരണത്തിന്റെ തണുപ്പ് വിഴുങ്ങി. ജോയുടെ മരിച്ചടിക്കന്റെ തിയ്യതിയും കുറിക്കപ്പെട്ടു. ചുറ്റിനുമുള്ളവർ ആ പുതിയ വാർത്തയുമായി വളരെ വേഗം പൊരുത്തപ്പെട്ടു. പക്ഷെ അയാളുടെ അമ്മയ്ക്കും 3 സഹോദരങ്ങൾക്കും ഭാര്യക്കും മക്കൾക്കും അത് അത്ര വേഗം ഉൾക്കൊള്ളാനായില്ല. കഴിഞ്ഞ ദിവസം വരെയുള്ള സംഭവങ്ങൾ മനസ്സിലോടി. പിതാവിന്റെ മരണ ശേഷം ഒരു കുടുംബത്തെ മുഴുവൻ ആടി ഉലായതെ തന്നാലാവുന്നതിനുമപ്പുറം,കരക്കടുപ്പിച്ച മനുഷ്യനെ ഇത്രയും വേഗം മരണം കീഴടക്കിയത് അവർക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറത്തായിരുന്നു. ഡോക്ടറുടെ വാക്കുകളെ തള്ളിക്കളഞ്ഞു കൊണ്ട് അവർ ജോയുടെ ജീവന് വേണ്ടി വാശി പിടിച്ചു. ആ സാഹചര്യത്തെ അംഗീകരിക്കാൻ കുറച്ച് സമയം കൊടുത്താൽ അവർ നിലപാട് മാറ്റുമെന്ന് ജോയ് യെ പരിശോധിച്ച ഡോക്ടർമാർക്കും തോന്നി തുടങ്ങി. പക്ഷെ അവരുടെ കണക്കുകൂട്ടൽ തെറ്റിച്ചു കൊണ്ട് അവർ അതാവർത്തിച്ചു കൊണ്ടിരുന്നു. ”അഞ്ചു ശതമാനം മാത്രമാണ് ജോയുടെ തലച്ചോർ പ്രവർത്തിക്കുന്നത്, ലുക്ക് ലൈക്ക് ഹിസ് ലാസ്റ്റ് ബ്രീത്ത്” അദ്ദേഹത്തെ ചികിൽസിച്ചിരുന്ന ഡോക്ടമാർ നിസ്സഹായതയോടെ കയ്യൊഴിഞ്ഞു. അഞ്ചു ശതമാനം മാത്രമാണ് തലച്ചോർ പ്രവർത്തിക്കുന്നതെന്നാണ് ഡോക്ടർമാർ പറഞ്ഞത്. മറ്റാരാണെങ്കിലും ആ വാചകം കേൾക്കുമ്പോൾ പൂർണണായി തകർന്നു പോകും, പ്രകീക്ഷകളെല്ലാം അസ്തമിക്കും. എന്നാൽ ജോയിയുടെ  സഹോദരൻ ബാബുവിന് പ്രതീക്ഷ നൽകിയത്, ആ അഞ്ചു ശതമാനമായിരുന്നു.

”ബ്രെയിൻ അഞ്ചു ശതമാനം മാത്രമേ പ്രവർത്തിക്കുന്നുള്ളു, ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ ആവുന്നത്ര ഞങ്ങൾ ശ്രമിച്ചുവെന്ന് ഡോക്ടർമാർ പറഞ്ഞുകൊണ്ടിരുന്നു. ആ സമയം ഞാൻ ചിന്തിച്ചത് നമ്മളൊക്കെ ജീവിതത്തിൽ എത്ര ശതമാനം ബ്രെയിൻ ഉപയോഗിക്കുണ്ടെന്നായിരുന്നു. എന്റെ ഊഹം ശരിയാണെങ്കിൽ 50 ശതമാനം എങ്കിലും സ്വന്തം തലച്ചോർ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവുക ഐൻസ്റ്റീൻ മാത്രമായിരിക്കും. നില ഇല്ലത്ത ഒരു കയത്തിൽ നിന്ന് കേറി വരാൻ കിട്ടിയ പിടിവള്ളിയായിരുന്നു അത്. ചേട്ടായിക്ക് തിരികെ ജീവിതത്തിലേക്ക് എത്താൻ ആ അഞ്ച് ശതമാനം മാത്രം മതിയെന്ന് ഞങ്ങൾക്ക് തോന്നി. ആ തോന്നൽ ശക്തമായതോടെയാണ് രണ്ടാമത്തെ ബ്ലോക്കും നീക്കാൻ ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെട്ടത്” അന്നത്തെ സാഹചര്യങ്ങൾ ഓർത്തെടുത്തു കൊണ്ട് ബാബു പറയുന്നു. ” ചേട്ടായി വേണ്ടന്ന് വച്ചിരുന്നെങ്കിൽ ഞങ്ങൾ ജീവിച്ചിരിക്കുമോ എന്ന് പോലും സംശയമാണ്. ഞങ്ങളെ കൂടിയ ജീവിപ്പിച്ച ചേട്ടായിയെ എങ്ങനെയാണ് അവിടെ ഉപേക്ഷിച്ചു പോരുന്നത്. ഞങ്ങൾക്ക് ചെയ്യനുണ്ടായിരുന്നത് ഡോക്ടർമാർക്ക് ധൈര്യം കൊടുക്കുക എന്നതായിരുന്നു. ഓപ്പറഷനും ചികിത്സക്കുമിടെ രോഗിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദിത്തം കുടുംബം ഏറ്റെടുക്കുക്കുമെന്ന് പൂർണ്ണമായ ഉറപ്പ് നൽകി. പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ ഒരു പടികൂടി കടന്ന് റിസ്ക്ക് എടുക്കാൻ ഡോക്ടർമാർ മടിക്കുന്നതും ഈ പിന്തുണ കിട്ടതുകൊണ്ടാണെങ്കിലോ? ആ റിസ്ക്ക് എടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നു.” ആ നിശ്ചയധാർട്യം ബാബുവിന്റെ കണ്ണിൽ ഇപ്പോഴും തെളിഞ്ഞ് നിൽക്കുന്നുണ്ട്. അവരുടെ ഈ പിന്തുണ തങ്ങൾക്കും ഊർജമായെന്ന് അദ്ദേഹത്തെ ചികിൽസിച്ച ഡോക്ടർമാരിൽ ഒരാളായ ഇന്റര്‍വെന്‍ഷന്‍ കാര്‍ഡിയോളജിസ്റ്റ്‌  ഡോക്ടർ ലൂയി ഫിഷർ പറയുന്നു.

”സാധാരണഗതിയിൽ ബ്രെയിൻ ഡാമേജ് സംഭവിച്ചാൽ പഴയ രൂപത്തിലെത്തുന്നത് ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന്റെ സഹോദരങ്ങൾക്ക് ആശുപത്രയിൽ പ്രവേശിപ്പിച്ച് കുറച്ചു നാളുകൾക്കുള്ളിൽ തന്നെ ഇക്കാര്യം പരമാവധി മനസിലാക്കി കൊടുക്കാനും ശ്രമിച്ചിട്ടുണ്ട്. അപ്പോഴൊക്കെ സഹോദരനെയും കൊണ്ടേ മടങ്ങുകയുള്ളു എന്ന നിലപാടിൽ അവർ ഉറച്ചു നിന്നു. അവരും പിന്മാറില്ലെന്ന് കണ്ടതോടെ ഞങ്ങളും പരിശ്രമിച്ചു തുടങ്ങി. 95 ശതമാനത്തോളം ബ്രെയിൻ ഇഞ്ച്വറി സംഭവിച്ചയാൾ ജീവിതത്തിലേയ്ക്ക് തിരിച്ചുവരുന്നത് വളരെ അപൂർവമായാണ്”. ജോയിയെക്കുറിച്ച് പറഞ്ഞു തീർക്കും വരെയും അദ്ദേഹത്തിന്റെ ശബ്ദം പലപ്പോഴായി ഇടറി കൊണ്ടിരിക്കുന്നുണ്ടായിരുന്നു. പറഞ്ഞു കൊണ്ടിരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കണ്ണുകൾ ചുവപ്പായി കൊണ്ടിരുന്നു. നിമി നേരം കൊണ്ട് അത് രണ്ടും നിറഞ്ഞു. തന്റെ ദീർഘനാളത്തെ മെഡിക്കൽ ജീവിതത്തിനിടയിൽ കടന്നു പോയവർ ഏറെയാണ്. എന്നിട്ടും ജോയിയെ കുറിച്ച് പറയുമ്പോൾ മാത്രം ഡോക്ടർ വികാരാധീതനാകുന്നത് എന്തുകൊണ്ടായിരിക്കും? അത് ജോയിയെ മാത്രം ഓർത്തല്ല, ആ മനുഷ്യൻ തളർന്നുവീണ ദിവസം മുതൽ അദ്ദേഹത്തിന്റെ ജീവൻ തിരികെ പിടിക്കാൻ ഒരു കുടുംബം ഒന്നടങ്കം നടത്തിയ പോരാട്ടത്തിന്റെ കൂടി ഓർമയിലാണ്. ആ സ്‌നേഹക്കൂട്ടിലേക്ക് ജോയിയെ പണ്ടത്തേക്കൾ ഊർജസ്വലനായി ചേർത്തുവയ്ക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യം കൂടിയുണ്ട് ഡോക്ടർക്ക്.

കുടുംബത്തിന്റെ സമ്മർദത്തിന് വഴങ്ങിയാണ് വെന്റിലേറ്റർ സഹായത്തോടെ മാത്രം ശ്വസിക്കുന്ന ഒരു വ്യക്തിക്ക് രണ്ടാമതും ബ്ലോക്ക് നീക്കം ചെയ്യാനുള്ള ശാസ്ത്രകിയ നടത്താൻ ഡോക്ടമാർക്ക് ആലോചിക്കേണ്ടി വന്നു. അങ്ങേയറ്റം അപകടം നിറഞ്ഞ നീക്കമാണത്. എന്നാൽ ആ റിസ്‌ക് എടുക്കാൻ കുടുംബം തയ്യാറായിരുന്നു. ബ്ലീഡിങ്ങിനുള്ള സാധ്യതയടക്കം ശസ്ത്രക്രിയ ചെയ്താൽ നേരിടേണ്ടി വരുന്ന വരും വരായ്മകൾ പലകുറി ഡോക്ടമാർ എടുത്തുപറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ കുടുംബത്തിന്റെ നിർബന്ധത്തിന് വഴങ്ങി ശസ്ത്രക്രിയ നടത്താൻ തീരുമാനമായി. വിചാരിച്ച അപകടമില്ലാതെ ശസ്ത്രക്രിയ നടന്നെങ്കിലും കാര്യമായ പുരോഗതിയൊന്നും ജോയിൽ കാണാൻ കഴിഞ്ഞില്ല. വീണ്ടും പ്രത്യാശയറ്റു. കാര്യമായ പുരോഗതി സംഭവിക്കില്ലെന്ന് ഡോക്ടർമാർ മനസ്സിലുറപ്പിച്ചു. എന്നാൽ കടലോളം പ്രതീക്ഷ നിറച്ച് ഓരോ തവണയും ഐസിയുവിലേക്ക് എത്തി നോക്കുന്ന കുടുംബം കാർഡിയാക്ക് ഡിപ്പാർട്ട്‌മെന്റിലൈ എല്ലാവരെയും സങ്കടപ്പെടുത്തിക്കൊണ്ടിരുന്നു. തനിക്ക് വേണ്ടി കാത്തിരിക്കുന്ന ആ വലിയ കുടുംബത്തിനെ നിരാശയുടെ പടുകുഴിയിൽ തള്ളി വിടാൻ ജോയും ഒരുക്കമായിരുന്നില്ലെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുളള നിമിഷങ്ങൾ. ആശുപത്രിയിൽ പ്രവേശിപ്പിച്ച് 37 -ാം നാൾ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്ന് ജീവന്റെ തുടിപ്പോടെ തന്നെ പുറത്തെടുത്തു. ഐസിയു വാർഡിലേക്ക് മാറ്റിയെങ്കിലും ബോധം കൃത്യമായി തിരിച്ചുകിട്ടിയിരുന്നില്ല. 72 ദിവസങ്ങൾ അവിടെയും കഴിയേണ്ടി വന്നു. ജോയ് കൈ കാലുകൾ ചലിപ്പിക്കുന്നതും, സംസാരിക്കാനായി ശ്രമിക്കുന്നതും ഈ കലായളവിലാണ്. ആ ദിവസങ്ങളെ കുറിച്ച് പെറുക്കി കൂടിയ ഓർമകൾ മാത്രമാണ് ജോയ്ക്കുള്ളത്.

”അനിയന്മാരും അമ്മയും ഭാര്യയും മക്കളും ആരെങ്കിലുമൊക്കെ ഞാൻ കണ്ണ് തുറക്കുമ്പോൾ അടുത്തുണ്ടാകും, എന്നെ എന്തെങ്കിലും ചെയ്യാൻ നിർബന്ധിച്ചുകൊണ്ടേ ഇരിക്കും, ആദ്യമാദ്യം പ്രതികരിക്കണമെന്നുണ്ടെങ്കിലും കയ്യും കാലും അനക്കാൻ കഴിയില്ല, സംസാരം അത്ര പോലും വരില്ലായിരുന്നു. ആ സമയത്ത് ഇവർ നിരന്തരം കയ്യും കാലും അനക്കാൻ ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കും. ആശുപത്രി കിടക്കിയിൽ കിടക്കുന്ന ആളെന്ന പരിഗണനയെങ്കിലും തരണ്ടേ ” നിറഞ്ഞ ചിരിയോടെയാണ് അന്നത്തെ പരിഭവം ഇപ്പോൾ ജോയ് പങ്കുവയ്ക്കുന്നത്. 80 ദിവസങ്ങൾ കഴിഞ്ഞാണ് ജോയിക്ക് സംസാരിക്കാൻ കഴിയുന്നത്. 90-ാം ദിവസം തൊണ്ടയിലൂടെ ഘടിപ്പിച്ചിരുന്ന ഓക്സിജൻ ട്യൂബും എടുത്തുമാറ്റി.

113 -ാം ദിവസം നീണ്ട കാലത്തെ ആശുപത്രി ജീവിതത്തിന് വിട പറഞ്ഞ് അദ്ദേഹം വീട്ടിലേക്ക് തിരിച്ചെത്തി. ഈ കാലയളവിനെ ജോയിയുടെ തന്നെ ഭാഷയിൽ പറയുകയാണെങ്കിൽ ”കേരളത്തിലെ ഗൈനക് ഡോക്ടർമാർ ഒഴിച്ച് ബാക്കി ഡിപ്പാർട്‌മെന്റിലെ ഡോക്ടമാർ എല്ലാം എന്നെ കാണാനെത്തിയ സമയം ”. അക്ഷരം പ്രതി സഹോദരങ്ങളും, അമ്മയും അതിനെ ശരിവക്കുന്നുണ്ട്. ജോയിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി ഇല്ലാത്തതിനെ തുടർന്ന് കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖ ആശുപത്രികളെ ബന്ധപ്പെട്ടിരുന്നു. എംഒഎസ് സി യിലെ ഡോക്ടർമാർക്ക് പറയാനുള്ളതിൽ കൂടുതൽ മറ്റാർക്കും പറയാനുണ്ടായിരുന്നില്ല.

ആശുപത്രികാലത്തെ പോലെ വെല്ലുവിളി നിറഞ്ഞതായിരുന്നു, വീട്ടിലുള്ള പരിചരണത്തിന്റെ ദിവസങ്ങൾ. കാഴ്ചക്കും, നടത്തിനും, ഓർമ്മക്കും പല പൊടിക്കികൾ കുടുംബം പരീക്ഷിച്ചു. തുക്കെ പതുക്കെ പരീക്ഷണം വലിയ വിജയമായി. കാഴ്ചയിൽ മാത്രമല്ല, ജോയി തനിയെ നടക്കാൻ തുടങ്ങി, സംസാരിക്കാൻ തുടങ്ങി. ഒരു കുടുംബത്തിന്റെ ക്ഷീണിക്കാത്ത ഒറ്റക്കെട്ടായുള്ള സ്‌നേഹത്തിന്റെയും പരിശ്രമിത്തിന്റെയും ജീവിക്കുന്ന ഉദാഹരണമാണ് ജോയ്. എന്തുകൊണ്ട് അന്ന് അങ്ങനെ ഒരു തീരുമാനം എടുത്തു എന്ന ചോദ്യത്തിന് ആ സഹോദരങ്ങൾക്ക് ഒരൊറ്റ ഉത്തരമേ ഉള്ളു” ചേട്ടായി 17 -ാമത്തെ വയസ്സിലാണ് പട്ടാളത്തിൽ പോകുന്നത്. ചേട്ടായിക്ക് വേണമെങ്കിൽ സ്വന്തം കാര്യം മാത്രം നോക്കി മുന്നോട്ട് പോകാമായിരുന്നു, പക്ഷെ അദ്ദേഹം അത് ചെയ്തില്ല. ഞങ്ങളെ കൈവിട്ടില്ല. ചേട്ടായിയാണ് ഞങ്ങളെ വളർത്തിയത്. അപ്പന്റെ സ്ഥാനമാണ്. അങ്ങനെയുള്ള ഒരാളെ ഞങ്ങൾക്ക് എങ്ങനെ അത്ര എളുപ്പത്തിൽ വിട്ടുകളയാൻ പറ്റും? ഒരു കാര്യം പെട്ടെന്നങ്ങ് ഉപേക്ഷിച്ചു കളയാത്തതായിരുന്നു ഞങ്ങടെ അപ്പന്റെ ഏറ്റവും വലിയ സവിശേഷത. അത് അപ്പനിൽ നിന്ന് ചേട്ടായിക്ക് കിട്ടി, ചേട്ടായിയെ കണ്ട് വളർന്ന ഞങ്ങൾക്കും അതും കിട്ടി” ബാബു പറയുന്നു.

വർഗീസ്-മറിയക്കുട്ടി ദമ്പതിമാരുടെ നാലു മക്കളിൽ രണ്ടാമത്തെ മകനാണ് ജോയ്. ഭാര്യയും, രണ്ടു മക്കളും അടങ്ങുന്നതാണ് ജോയുടെ കുടുംബം. ആർമിയിൽ നിന്ന് വിരമിച്ച ശേഷമാണ് എസ്ബിഐയിൽ മാനേജർ ആയി പ്രവേശിക്കുന്നത്. 53 കാരനായ ജോയ് ദീർഘനാളത്തെ ആശുപത്രി വാസത്തിനൊടുവിൽ ജീവിതം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ്. കൊച്ചു കുഞ്ഞിനോടെന്നതുപോലെ ഓരോന്നും പഠിപ്പിച്ചും ചെയ്യിപ്പിച്ചും ബാബുവും , ഇളയ സഹോദരനും ഇവരുടെ കുടുംബങ്ങളും അദ്ദേഹത്തിന് ഒപ്പം നിൽക്കുന്നുണ്ട്. മോട്ടിവേഷൻ ക്ലാസ്സുകൾ നൽകാനായി സ്‌കൂളുകളിലും, മറ്റും പോയിരുന്ന ജോയി ആ പഴയ ജീവിതത്തിലേക്ക് തിരികെ നടന്നുകൊണ്ടിരിക്കുകയാണ്. പ്രതികരണങ്ങളിൽ ഉണ്ടാകുന്ന താമസമാണ് ഇപ്പോൾ ജോയിയെ പ്രധാനമായും അലട്ടുന്നത്.

”ഇത്രയും തന്ന ദൈവം അതും തരും.” ജോയിയുടെ അമ്മ മറിയക്കുട്ടി വിശ്വാസത്തിലാണ്.

ജോയിയുടെ ചികിത്സയ്ക്കായി 18 ലക്ഷത്തിന് മുകളിൽ വന്ന ആശുപത്രി ചിലവിന്റെ 85% എസ്ബിഐ ബാങ്കായിരുന്നു വഹിച്ചത്. 9 ലക്ഷത്തിലധികം ചിലവായത് മരുന്നിന് വേണ്ടി മാത്രമായിരുന്നു. അതിന് പുറമെ ആവശ്യമായി വന്ന തുകയത്രയും കുടുംബം ഒറ്റകെട്ടായി കൈ കാര്യം ചെയ്തു. ചൈനയിൽ നിന്ന് എക്‌സ്‌പോർട്ടിങ് നടത്തുന്ന ബിസിനസ് നടത്തുകയാണ് ജോയിയുടെ ഇളയസഹോദരൻ ബേബി. നിലവിൽ ഒന്നര വർഷത്തോളമായി ബിസിനസ് പാതിവഴിയിലാണ്. ഈ കാലയളവത്രയും അയാൾ സഹോദരന് വേണ്ടി ആശുപത്രികളിൽ അലച്ചിലായിരുന്നു. ”ചേട്ടായിയെക്കാൾ വലുതല്ലല്ലോ ബിസിനസ്” ബേബി പറയുന്നു. ഇളയ സഹോദരനും ബിസിനസ് എല്ലാം മാറ്റിവച്ച് ചേട്ടായിയുടെ ആരോഗ്യ സംരക്ഷണത്തിൽ മുഴുകിയിരിക്കുകയാണ്.

ജോയ് എന്ന പേര് കാർഡിയാക് ഡിപ്പാർട്‌മെന്റിൽ അത്ര കണ്ട് പരിചിതമാണ്. ഉയർത്തെഴുന്നേറ്റ് വന്നതാണെന്നാണ് ആശുപത്രിയിൽ ഉള്ളവർ പറയുന്നത്. സിസ്റ്റർമാർക്കും പറയാനുണ്ട് ആ ഉയർത്തെഴുന്നേൽപ്പിന്റെ കഥ. ”മെഡിക്കൽ കോളേജിൽ നടത്തിയൊരു ചടങ്ങിൽ പങ്കൈടുക്കാൻ ജോയ് ചേട്ടൻ വന്നിരുന്നു. അന്ന് പറഞ്ഞത് ഗൈനക് ഒഴിച്ച് എല്ലാരും എന്നെ ചികിത്സിച്ചിട്ടുണ്ടെന്നാണ്. ശെരിക്കും സങ്കടവും, സന്തോഷവും തോന്നിയ നിമിഷമായിരുന്നു.” മെഡിക്കൽ കോളേജിലെ നേഴ്‌സ്മാർ പറയുന്നു. അന്ന് ജോയുടെ കാൽക്കൽ നിന്ന് കരഞ്ഞു പ്രാർത്ഥിച്ചിരുന്ന നഴ്സ് വിദേശത്തേക്ക് ജോലി മാറി പോയിരുന്നു.

23 വർഷത്തോളം ആർമി ഉദ്യോഗസ്ഥനായിരുന്ന ജോയ് തന്റെ ജീവത്തിൽ വളരെ കുറച്ചുമാത്രമാണ് മരുന്നുകൾ കഴിച്ചിരുന്നത്. മറ്റു ദുശീലങ്ങൾ ഏതുമില്ലാതിരുന്നതും അദ്ദേഹത്തിന്റെ തിരിച്ച വരവിന് ഗുണം ചെയ്തുവെന്ന് ഡോ. ലൂയിസ് ഫിഷർ പറയുന്നുണ്ട്. ഓർമകളിൽ ഉള്ളതെല്ലാം ജോയ് വളരെ കൃത്യമായി ഓർത്തെടുക്കുന്നുണ്ട്, എന്നാൽ ഡ്രൈവിംഗ്, എഴുത്ത് തുടങ്ങി ചില കാര്യങ്ങൾ അദേഹത്തിന് ചെയ്യാൻ കഴിയുന്നില്ല. അതിൽ വീണ്ടും പരിശീലനം നൽകി കൊണ്ടിരിക്കുകയാണ് സാഹോദരങ്ങളും കുടുംബവും. പയറുകൃഷി തേൻ വളർത്തൽ എന്നിവയിൽ വൈദഗ്ധ്യം നേടി കൊണ്ടിരിക്കുകയാണ് ജോയ് ഇപ്പോൾ. കൂടാതെ സ്റ്റോക്ക് മാർക്കറ്റിലും കൂടി തന്റെ കഴിവുകൾ പരീക്ഷിക്കുന്നുണ്ട്, ലോകസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയടിക്ക് മാർക്കറ്റ് താഴെ പോയ സംഭവമെല്ലാം ഓർത്തെടുത്ത് പങ്കുവക്കുന്നുണ്ട് ജോയ്. ഇന്ത്യ മുഴുവൻ കണ്ടിട്ടുള്ള മുൻ ആർമി ഉദ്യോഗസ്ഥന് നിലവിൽ യാത്രകൾ ഒരുപാട് ഇഷ്ടമാണ്. ഏതു നിമിഷം വേണെമെങ്കിലും ആവശ്യമായി വന്നേക്കാവുന്ന ഓക്‌സിജൻ സിലണ്ടറുമായാണ് കുടുംബത്തിനൊപ്പം മൂന്നാറിൽ പോയത്. മറ്റൊരു വിനോദയാത്രക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ജോയ് ഇപ്പോൾ.

തിരിച്ചുള്ള മടക്കത്തിൽ യാത്ര അയക്കാൻ കൂടെ വന്ന ജോയ് ചേട്ടൻ വിത്തിട്ടു നട്ടുവളർത്തിയ പയർ ചെടിയെ പരിപാലിച്ചു നിൽക്കുന്ന കാഴ്ച്ച കണ്ണാടിയിലൂടെ കാണാമായിരുന്നു, വിത്തിന് പുറത്തേക്ക് വന്ന ചെടി പുതിയ ഊന്നും തേടി സ്വയം അതിജീവിക്കാനുള്ള തന്ത്രപ്പാടിലാണ്. സഹോദരങ്ങളുടെയും, കുടുംബങ്ങളുടെയും കൈ പിടിച്ചുകൊണ്ട് ജോയിയും അതിജീവനത്തിന്റെ പാതയിലാണ്. അദ്ദേഹത്തെ ചികിത്സിച്ച മെഡിക്കൽ കോളേജിലെ നഴ്‌സുമാരുടെ ഭാഷയിൽ പറഞ്ഞാൽ ജോയിയുടെ ഉയിർത്തെഴുന്നേൽപ്പ് കൂടിയാണ് അത്. 113 days of hospital stay, including 37 days on ventilator; A story of survival

Content Summary; 113 days of hospital stay, including 37 days on ventilator; A story of survival

 

Leave a Reply

Your email address will not be published. Required fields are marked *

×