അറുതിയില്ലാതെ തുടരുകയാണ് പാലിയേക്കര ടോൾ ദുരിതം. പൊതുജനങ്ങളെ വലച്ച് ലാഭം കൊയ്യുന്ന ടോൾ കമ്പനിയ്ക്കും അതിന് ഒത്താശ ചെയ്യുന്ന നാഷണൽ ഹൈവേ അതോറിറ്റിയ്ക്കുമെതിരെ പ്രതിഷേധവും ശക്തമാണ്. പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് കൊണ്ട് ദേശീയ പാത അതോറിറ്റി തന്നെ അപ്പീൽ നൽകിയതും ഏറെ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു.
നാഷണൽ ഹൈവേ അതോറിറ്റിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ഇപ്പോൾ സുപ്രീം കോടതി രംഗത്തു വന്നിരിക്കുന്നത്. 150 രൂപ ടോൾ നൽകി എന്തിനാണ് ഈ റോഡിലൂടെ ജനങ്ങൾ യാത്ര ചെയ്യുന്നതെന്ന് എന്ന് ഹർജി പരിഗണിക്കവെ സുപ്രീം കോടതി ചോദിക്കുകയുണ്ടായി. പാലിയേക്കര ടോൾ പ്ലാസയിൽ നാലാഴ്ചത്തേക്ക് പിരിവു തടഞ്ഞ സുപ്രീം കോടതി വിധിയ്ക്കെതിരെയായിരുന്നു നാഷണൽ ഹൈവേ അതോറിറ്റിയും കരാർ കമ്പനിയും അപ്പീൽ നൽകിയത്. മുമ്പ് വാദം കേൾക്കവേ ഇത്രയും മോശമായ റോഡിൽ എങ്ങനെ ടോൾ നൽകുമെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. റോഡിലെ ബ്ലാക്ക് സ്പോട്ടുകളെക്കുറിച്ച് അടക്കം പരാമർശിച്ച് കൊണ്ട് ജസ്റ്റിസ് വിനോദ് ചന്ദ്രൻ കേന്ദ്രത്തെ വിഷയത്തിൽ വിമർശിച്ചത്. ഇന്നലത്തെ പത്രം കണ്ടിരുന്നോ ? ഇടപള്ളി- തൃശൂർ ദേശീയപാതയിൽ കഴിഞ്ഞ ദിവസമുണ്ടായ ബ്ലോക്കിനെ ചൂണ്ടിക്കാണിച്ചു കൊണ്ട് വിനോദ് ചന്ദ്രൻ വ്യക്തമാക്കി.
150 രൂപയോളം ടോൾ നൽകി മണിക്കൂറുകളോളം ബ്ലോക്കിൽ കിടന്ന് യാത്ര ചെയ്യേണ്ടി വരുന്ന ആളുകളുടെ ദുരിതത്തെക്കുറിച്ച് വ്യാപക പരാതികൾ ഉയരുന്നുണ്ട്. 312 കോടി രൂപയ്ക്ക് കരാർ പൂർത്തിയാക്കാം സൗകര്യങ്ങളൊരുക്കാം എന്ന ഉറപ്പോടെ 2012ലായിരുന്നു പാലിയേക്കര ടോൾ പ്രവർത്തനം ആരംഭിക്കുന്നത്. എന്നാൽ കരാർ അവസാനിക്കുമ്പോൾ പറഞ്ഞ കണക്കിൽ മുഴുവൻ പൊരുത്തക്കേട്. പണി പൂർത്തിയായെന്നും മുഴുവൻ 712 കോടി രൂപയോളം ചിലവായതായും കാണിച്ചു കൊണ്ടാണ് കമ്പനി രംഗത്തു വന്നത്. കരാറു കമ്പനിയുടെ വാദത്തിനെതിരെ എതിർപ്പുകൾ ഉയർന്നെങ്കിലും ദേശീയ പാത അതോറിറ്റി പിന്തുണ ലഭിച്ചതോടെ കമ്പനി വാദത്തിൽ തന്നെ ഉറച്ചു നിന്നു. മുടക്കു മുതലിനേക്കാൾ കൂടുതൽ പണം കരാറു കമ്പനിയ്ക്ക് ഈ ടോൾ പിരിവിൽ നിന്ന് ലഭിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്.
കരാർ പ്രകാരമുള്ള അടിസ്ഥാനപരമായ ഗതാഗത സൗകര്യങ്ങൾ ഒരുക്കാൻ കമ്പനിയ്ക്ക് സാധിച്ചിട്ടില്ലെന്നിരിക്കെ അതിനെ ന്യായീകരിച്ച് എൻഎച്ച്ഐയും മൗനം പാലിച്ച് കേന്ദ്രവും പൊതുജനത്തെ ദുരതത്തിലാക്കുകയാണ്. യാത്രക്കാരുടെ ദുരിതം വർദ്ധിച്ചതോടെ പാലിയേക്കര ടോൾ പിരിവിനെതിരെ അഡ്വ ഷാജി കോടങ്കണ്ടത്ത് നിയമ യുദ്ധവും ആരംഭിച്ചു. കരാറിൽ പറഞ്ഞത് പ്രകാരമുള്ള അറ്റകുറ്റ പണികൾ പൂർത്തിയായിട്ടില്ലെന്ന് കോടതിയ്ക്കും വ്യക്തമായിരുന്നു. നിയമാനുസൃതമായി നോക്കിയാൽ കമ്പനിയുടെ കരാർ നിർത്തലാക്കേണ്ടുന്ന കാലാവധിയും പൂർത്തിയായിരുന്നു എന്നാൽ കമ്പനിയെ കരാറിൽ നിന്ന് നീക്കം ചെയ്യാതെ കാലാവധി നീട്ടിക്കൊടുക്കയാണ് നാഷണൽ ഹൈവേ അതോറിറ്റി ചെയ്തത്. പൊതുജനത്തിന്റെ പണമുപയോഗിച്ചാണ് ഒരു റോഡ് നിർമ്മിക്കുന്നത്. ആയതിനാൽ ന്യായമായ ലാഭം കഴിഞ്ഞാൽ പണി നിർത്തണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ വിധിയുണ്ട്. കരാർ പ്രകാരമുള്ള അറ്റക്കുറ്റപ്പണി പൂർത്തിയാക്കാത്ത പക്ഷം ടോൾ പിരിക്കാൻ കമ്പനി അർഹരെല്ലെന്നും കോടതി വ്യക്തമാക്കി. ഈ മൂന്ന് കാര്യങ്ങൾ മുൻനിർത്തിക്കൊണ്ട് അഡ്വ ഷാജി ഒരു ഹർജി നൽകുകയും ചെയ്തു.
ഇതിനിടയിലാണ് വെഹിക്കിൾ അണ്ടർ പാസേജുകളുടെ പണി ആരംഭിക്കുന്നത്. എന്നാൽ ഇവിടുത്തെ റോഡുകൾ സർവ്വീസ് റോഡുകളാണ്. ഭാരവണ്ടികൾക്ക് യാത്ര ചെയ്യാൻ പാകത്തിനുള്ള അടിസ്ഥാനപരമായ സംവിധാനങ്ങൾ റോഡുകൾക്കില്ല എന്നത് വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ റോഡ് ഉടനടി നന്നാക്കണമെന്ന ആവശ്യവും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. 1700 കോടിയോളമാണ് ഈ വർഷത്തിനിടയിൽ ഇവരുടെ ലാഭം. ഒരു ദിവസം 40,000ത്തിലധികം വാഹനങ്ങളാണ് ഈ റോഡ് കടന്നു പോകുന്നത്. 52 ലക്ഷം മുതൽ 60 ലക്ഷം വരെ ടോൾ ഇനത്തിൽ കമ്പനി പ്രതിദിനം കളക്ട് ചെയ്യുന്നുണ്ട്. നല്ല ഗതാഗത സംവിധാനങ്ങളും റോഡുകളും വന്നാൽ ടോൾ കൊടുക്കാൻ തങ്ങൾ തയ്യാറാണെന്നാണ് ജനങ്ങൾ വ്യക്തമാക്കുന്നത്.
പരാതികളുയർന്നിട്ടുണ്ട് 13 വർഷമായിട്ടും ഈ പ്രശ്നങ്ങൾ പരിഗണിക്കാനോ ചർച്ച ചെയ്യാനോ നാഷണൽ ഹൈവേ അതോറിറ്റി തയ്യാറായിട്ടില്ല. കരാർ പ്രകാരമുള്ള പണി പൂർത്തിയാവാതെ കരാർ കമ്പനിയ്ക്ക് താൽക്കാലിക കമ്മീഷൻ സർട്ടിഫിക്കറ്റ് നൽകിയതും ഇതേ നാഷണൽ ഹൈവേ അതോറിറ്റിയാണ്. ടോൾ പിരിവ് നിർത്തി വച്ചു കൊണ്ടുള്ള വിധി ജനങ്ങൾക്ക് താത്കാലിക ആശ്വാസമാണ്. അടിപ്പാത നിർമ്മാണവും മറ്റ് അടിസ്കര്യങ്ങളും ഒരുക്കുന്നതോടെ യാത്രദുരിതം കുറയുമെന്ന പ്രതീക്ഷയിലാണ് പൊതുജനം.
content summary: 12 hours to cross the road, yet the NHA supports the Paliyekkara toll company, drawing criticism from the Supreme Court