കഴിഞ്ഞ തിങ്കളാഴ്ച്ച പുലര്‍ച്ചെ 4.45 ഓടെയാണ് പൊലീസിന് ആ വിവരം കിട്ടുന്നത്. ഹരിദ്വാര്‍-റൂര്‍ക്കി ഹൈവേയില്‍ പരിക്കേറ്റ നിലയില്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയിരിക്കുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാവിലെ ആറു മണിയോടെയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി ആരാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. മകളുടെ മരണവുമായി ബന്ധപ്പെട്ട് അമിത്, ആദിത്യ എന്നിവരെയാണ് അമ്മ സംശയിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഒരു പെണ്‍കുട്ടിക്കു നേരിടേണ്ടി വന്ന ഞെട്ടിക്കുന്ന ക്രൂരതകളായിരുന്നു പുറത്തു വന്നത്.
എന്താണ് ആ പെണ്‍കുട്ടിക്ക് സംഭവിച്ചതെന്നറിയാനായിരുന്നു പൊലീസിന്റെ ആദ്യശ്രമം. തലേ ദിവസം മുതലുള്ള പെണ്‍കുട്ടിയുടെ നീക്കങ്ങള്‍ അറിയണം. ഏകദേശം 400 സിസിടിവി കാമറകളും 900 കോള്‍ റെക്കോര്‍ഡുകളും പരിശോധിച്ചു.
അതിലൂടെ തെളിഞ്ഞു വന്നത് ബലാത്സംഗവും കൊലപാതകവുമായിരുന്നു.
13 വയസ് മാത്രമായിരുന്നു ആ പെണ്‍കുട്ടിയുടെ പ്രായം. കൂട്ടബലാത്സംഗത്തിന് ഇരയായ ശേഷമായിരുന്നു അവള്‍ കൊല്ലപ്പെട്ടത്. രണ്ട് സ്ത്രീകളടക്കം എട്ടു പേരാണ് ഈ ക്രൂരതകള്‍ക്ക് പിന്നില്‍.
26 കാരനായ അമിത് സെയ്‌നി, അയാളുടെ 20 കാരനായ അനിയന്‍ നിതിന്‍, ഇവരുടെ അച്ഛനും അമ്മയും സഹോദരിയും, നിതിന്റെ മൂന്നു സുഹൃത്തുക്കള്‍ എന്നിവരാണ് പ്രതികള്‍. നിതിനും ഇയാളുടെ മൂന്നു സുഹൃത്തുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അമിതും മാതാപിതാക്കളും സഹോദരിയും ചേര്‍ന്നാണ് കൊല നടത്തിയത്. ആറു പേരെയാണ് ഇതുവരെ പിടികൂടിയിരിക്കുന്നത്. രണ്ടു പേര്‍ ഒളിവിലാണ്.
നടന്ന കാര്യങ്ങള്‍ മറച്ചു വച്ച കുറ്റത്തിന് ഗ്രാമത്തിലെ അധ്യക്ഷയുടെ ഭര്‍ത്താവും ബിജെപി നേതാവും ഉത്തരാഖണ്ഡ് ഒബസി കമ്മീഷന്‍ അംഗവുമായ ആദിത്യ രാജ് സെയ്‌നിക്കെതിരേയും കേസ് ചുമത്തിയിട്ടുണ്ട്. ബലാത്സംഗത്തിനും കൊലപാതകത്തിലും ഇയാളും ഉള്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും, ആ രണ്ടു കുറ്റങ്ങളിലും ആദിത്യ ഉള്‍പ്പെട്ടിട്ടില്ലെന്നും വിവരങ്ങള്‍ മറച്ചുവച്ചു എന്നതാണ് അയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റമെന്നുമാണ് പൊലീസ് പറഞ്ഞത്. അമിതിന്റെയും നിതിന്റെയും ബന്ധുവാണ് ആദിത്യ. കേസിന് പിന്നാലെ ഒബിസി കമ്മീഷനില്‍ നിന്നും പുറത്താക്കിയ ആദിത്യയെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിട്ടുണ്ടെന്നാണ് പാര്‍ട്ടി അറിയിച്ചത്.
നടന്ന കാര്യങ്ങളെക്കുറിച്ച് പൊലീസ് നല്‍കുന്ന വിവരം ഇങ്ങനെയാണ്;
നിതിനും പെണ്‍കുട്ടിയും തമ്മില്‍ പരിചയമുണ്ടായിരുന്നു. തമ്മില്‍ കാണണമെന്ന് നിതിന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഞായറാഴ്ച്ച വൈകിട്ടോടെ പെണ്‍കുട്ടി അയാളുടെ അടുത്ത് എത്തുന്നത്. നിതിനും സുഹൃത്ത് നിഖിലും(20) ബൈക്കുമായി കാത്തു നില്‍പ്പുണ്ടായിരുന്നു. പെണ്‍കുട്ടി എത്തിയശേഷം നിതിന്റെ മറ്റു രണ്ടു സുഹൃത്തുക്കളായ തുഷാറും(20) മൗസമും(19) കൂടി അവര്‍ക്കൊപ്പം ചേര്‍ന്നു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ബൈപ്പാസ് റോഡിലേക്ക് പോയി, അവിടെയിരുന്ന് മദ്യപിച്ചു.
പെണ്‍കുട്ടി മദ്യലഹരിയിലായതോടെ അവര്‍ ഒഴിഞ്ഞൊരു സ്ഥലത്തേക്ക് അവളെ എടുത്തുകൊണ്ടു പോയി. അവിടെ വച്ച് നിതിനും നിഖിലും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് മൗസമും തുഷാറും പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയെങ്കിലും മറ്റുള്ളവരാരോ അതുവഴി പോകുന്നത് കണ്ടതോടെ പേടിച്ചു പിന്മാറി. അതിനുശേഷം നാലു പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ അവളുടെ വീടിന് സമീപം ഉപേക്ഷിച്ചു കടന്നു കളഞ്ഞു.
എന്നാല്‍ പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് പോകാന്‍ മടിച്ചു. അവള്‍ തിരിച്ചു നിതിന്റെ വീട്ടിലേക്ക് ചെന്നു. അവിടെ സഹോദരന്‍ അമിതും മാതാപിതാക്കളും സഹോദരിയുമുണ്ടായിരുന്നു. അമിത് പെണ്‍കുട്ടിയെ വിവരം അന്വേഷിക്കാനായി തന്റെ മുറിയിലേക്ക് കൊണ്ടു പോയി. താന്‍ ബലാത്സംഗം ചെയ്യപ്പെട്ട വിവരം പെണ്‍കുട്ടി പറഞ്ഞതോടെ അമിത് രോഷാകുലനായി. അയാള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കാന്‍ തുടങ്ങി. മര്‍ദ്ദനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. ഇതോടെ വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരും എത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണെന്നും അവള്‍ പരാതി പറഞ്ഞാല്‍ എല്ലാവരും അകത്താകുമെന്നും ഭയന്നതോടെ കുടുംബത്തിലെ എല്ലാവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങി. മര്‍ദ്ദനത്തിനിടയില്‍ പെണ്‍കുട്ടിയുടെ തല ഇരുമ്പ് ഗേറ്റില്‍ ശക്തമായി ഇടിച്ചു. അവള്‍ ബോധരഹിതയായി. എല്ലാവരും പരിഭ്രാന്തിയിലായി. അമിത് പെണ്‍കുട്ടിയെയും എടുത്തുകൊണ്ട് ഡല്‍ഹി-ഹരിദ്വാര്‍ ഹൈവേയിലേക്ക് പോയി. അവിടെ ഇരുട്ടുമൂടിയൊരു സ്ഥലത്ത് അവളെ ഉപേക്ഷിച്ചു. അവിടെ നിന്നും പോന്നശേഷം അമിത് എല്ലാ വിവരങ്ങളും ബന്ധുവായ ആദിത്യയെ അറിയിച്ചു.
പിറ്റേദിവസം രാവിലെ മകളെ തിരക്കി പെണ്‍കുട്ടിയുടെ അമ്മ ആദിത്യയുടെ വീട്ടിലെത്തി. അന്വേഷിക്കാമെന്നും പൊലീസില്‍ അറിയിക്കരുതെന്നുമായിരുന്നു ആദിത്യയുടെ ഉപദേശം.
പെണ്‍കുട്ടി കൊല്ലപ്പെടുന്നതിനു ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ആദിത്യ തങ്ങളുടെ വീട്ടില്‍ വന്നിരുന്നുവെന്നും മകളെ തല്ലിയെന്നും അമ്മ പൊലീസിനോട് പറഞ്ഞിരുന്നു.
ഞായറാഴ്ച്ച രാത്രി ഏഴ് മണിയോടെ മകള്‍ക്ക് ഒരു ഫോണ്‍ വന്നിരുന്നുവെന്നും അതിനു പിന്നാലെയാണ് അവള്‍ വീട്ടില്‍ നിന്നും പോയത്. രാത്രി 11 മണിയോടെ വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് അമിതിനെ വിളിച്ചു. അവന്‍ പറഞ്ഞത് അവരെല്ലാവരും ഒരു പിറന്നാള്‍ പാര്‍ട്ടിയില്‍ ആണെന്നും മകള്‍ നാളെ രാവിലെ എത്തുമെന്നുമായിരുന്നു. രാവിലെയായിട്ടും അവള്‍ വന്നില്ല. മകളെ കാണാനില്ലെന്ന കാര്യം പറഞ്ഞ് ആദിത്യയെ സമീപിച്ചു. അയാള്‍ എന്നോട് പോയ്‌ക്കോളൂ അന്വേഷിക്കാമെന്നാണ് പറഞ്ഞത്. എന്നാല്‍ വൈകുന്നേരം അയാള്‍ എന്നോട് പറഞ്ഞത്, എന്റെ മകള്‍ റോഡ് അപകടത്തില്‍ കൊല്ലപ്പെട്ടു എന്നാണ്- പെണ്‍കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞ കാര്യങ്ങളാണിത്.
പൊലീസ് അമിതിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മുറിയില്‍ നിന്നും ഗേറ്റില്‍ നിന്നും പെണ്‍കുട്ടിയുടെ രക്തം കണ്ടെത്തിയിരുന്നു. രക്തം തുടയ്ക്കാന്‍ ഉപയോഗിച്ച തുണിയും പൊലീസ് കണ്ടെത്തി. ഒപ്പം രക്തക്കറ പുരണ്ട പെണ്‍കുട്ടിയുടെ വസ്ത്രവും അവളുടെ മൊബൈല്‍ ഫോണും പൊലീസിന് കിട്ടി. ഇതോടെയാണ് ക്രൂരമായൊരു കൊലപാതകത്തിന്റെ ചുരുള്‍ പൂര്‍ണമായി നിവരുന്നത്. 13 year old girl gang raped and murdered, eight accused including family members haridwar
13 year old minor girl gang raped and murdered, eight accused including family members haridwar Uttarakhand