July 02, 2026 |
Share on

130-ാം ഭരണഘടനാ ഭേദഗതി ബില്‍; പ്രതിപക്ഷ വേട്ടയ്ക്ക് പുതിയ ലൈസന്‍സ്?

കുറ്റം തെളിയും മുന്‍പേ ശിക്ഷ; ഭരണഘടനാ അവകാശങ്ങള്‍ നിഷേധിക്കുന്ന ’30 ദിവസങ്ങള്‍’

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാവുകയും തുടര്‍ച്ചയായി 30 ദിവസം ജയിലില്‍ കഴിയേണ്ടി വരികയും ചെയ്യുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, മറ്റ് മന്ത്രിമാര്‍ എന്നിവരെ പദവിയില്‍ നിന്ന് മാറ്റാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം (130ാം ഭരണഘടനാ ഭേദഗതി ബില്‍) വീണ്ടും പാര്‍ലമെന്റിലേക്ക്. ബില്‍ സംബന്ധിച്ച് പഠിക്കുന്ന പാര്‍ലമെന്ററി സമിതി (ജെപിസി) ജൂലൈ 17-ഓടെ തങ്ങളുടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥയും ബി.ജെ.പി എം.പിയുമായ അപരാജിത സാരംഗി അധ്യക്ഷയായ 31 അംഗ സംയുക്ത പാര്‍ലമെന്ററി സമിതിക്കാണ് ബില്‍ വിശദമായി പഠിക്കാന്‍ കൈമാറിയിരുന്നത്. ജൂലൈ 20-ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഈ ബില്‍ ചര്‍ച്ചയ്‌ക്കെടുക്കുമെന്നാണ് വിവരം.

30 ദിവസം കഴിഞ്ഞാല്‍ അധികാരത്തിന് പുറത്ത്

പ്രധാനമന്ത്രിയോ മുഖ്യമന്ത്രിമാരോ മന്ത്രിമാരോ അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ കിട്ടാവുന്ന കേസില്‍ പെടുകയും, അറസ്റ്റിലായി ജാമ്യമില്ലാതെ 30 ദിവസം കസ്റ്റഡിയില്‍ കഴിയുകയും ചെയ്യുന്ന സാഹചര്യം വന്നാല്‍ അവരുടെ പദവികള്‍ സ്വയമേവ ഒഴിഞ്ഞതായി കണക്കാക്കപ്പെടും. പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ നിര്‍ദ്ദേശപ്രകാരം രാഷ്ട്രപതിക്കോ ഗവര്‍ണര്‍ക്കോ ഇവരെ മാറ്റാം. അല്ലെങ്കില്‍ 31-ാം ദിവസം ഇവര്‍ സ്വയമേവ പദവിയില്‍ നിന്ന് പുറത്താകും. ഉന്നത ഭരണഘടനാ പദവികള്‍ അലങ്കരിക്കുന്നവരുടെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ഭരണസംവിധാനത്തിലുള്ള വിശ്വാസം ദൃഢമാക്കുന്നതിനുമാണ് ഇത്തരമൊരു നിയമനിര്‍മ്മാണം കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. അന്ന് പാസ്സാക്കാന്‍ കഴിയാതെ പോയ ബില്‍ ഇത്തവണ പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ അതീവ താല്പര്യം കാണിക്കുന്നുണ്ട്. വര്‍ഷകാല സമ്മേളനത്തിലെ നിയമനിര്‍മ്മാണ അജണ്ടയില്‍ ഈ ബില്ലിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഭരണഘടന വിരുദ്ധമെന്ന് വിമര്‍ശനം

എന്നാല്‍ ബില്ലിനെതിരേ കടുത്ത എതിര്‍പ്പുകളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. കോടതി നടപടികളില്‍ അന്തിമ തീരുമാനം ആകുന്നതിന് മുന്‍പ് തന്നെ കുറ്റാരോപിതര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നത് ഭരണഘടനാപരവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രതിപക്ഷം വാദിക്കുന്നു. കുറ്റം തെളിയുന്നതുവരെ ഒരാള്‍ നിരപരാധിയാണെന്ന ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് പുതിയ ഭേദഗതിയെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയ പ്രേരിതമായ കേസുകളിലൂടെ ഭരണാധികാരികളെ തളയ്ക്കാനും സര്‍ക്കാരുകളെ അട്ടിമറിക്കാനും ഈ നിയമം ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ സഖ്യം പാര്‍ലമെന്ററി സമിതിയെ പൂര്‍ണ്ണമായി ബഹിഷ്‌കരിച്ചിരിക്കുകയാണ്.കോണ്‍ഗ്രസിന് പുറമെ തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ഡി.എം.കെ, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവരും ജെ.പി.സി യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നു. അതേസമയം ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി, എ.ഐ.എം.ഐ.എം, ബി.ജെ.ഡി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ ജെപിസി ചര്‍ച്ചകളില്‍ പങ്കാളികളായത് സര്‍ക്കാരിന് അനുകൂലമാണ്.

പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്ന രാഷ്ട്രീയ ചതിക്കുഴികള്‍

130-ാമത് ഭരണഘടനാ ഭേദഗതി ബില്‍ പ്രതിപക്ഷത്തെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ആയുധമാണെന്നാണ് ശക്തമായ ആക്ഷേപം. ഭരണഘടനാ പദവികളുടെ സുതാര്യതയും ഉത്തരവാദിത്തവും വര്‍ദ്ധിപ്പിക്കാനാണ് ഈ നിയമമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ലക്ഷ്യമിട്ടുള്ള വ്യക്തമായ രാഷ്ട്രീയ അജണ്ടയാണിതിന് പിന്നിലെന്നാണ് വിമര്‍ശനം.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു എന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ ബില്‍ വരുന്നത്. കോടതിയില്‍ കുറ്റം തെളിയുന്നതുവരെ ഒരാള്‍ നിരപരാധിയാണെന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വത്തെത്തന്നെ ഈ ഭേദഗതി അട്ടിമറിക്കുന്നു. രാഷ്ട്രീയ പ്രേരിതമായ കേസുകളില്‍ പ്രതിപക്ഷ മുഖ്യമന്ത്രിമാരെ കേന്ദ്ര ഏജന്‍സികള്‍ വഴി അറസ്റ്റ് ചെയ്യുകയും, കടുത്ത നിയമങ്ങള്‍ ചുമത്തി 30 ദിവസത്തിലധികം ജാമ്യം നല്‍കാതെ ജയിലിലിടുകയും ചെയ്താല്‍ ജനവിധിയിലൂടെ അധികാരത്തില്‍ വന്ന ഒരു സര്‍ക്കാര്‍ അസ്ഥിരപ്പെടും. കോടതിയില്‍ വിചാരണ പൂര്‍ത്തിയായി കുറ്റവിമുക്തനാക്കപ്പെടുമ്പോഴേക്കും ആ നേതാവിന് മുഖ്യമന്ത്രി പദവി നഷ്ടമായിട്ടുണ്ടാകും. ഇത് ജനാധിപത്യത്തെയും ഫെഡറല്‍ സംവിധാനത്തെയും പൂര്‍ണ്ണമായി തകര്‍ക്കുമെന്നാണ് പ്രതിപക്ഷം വാദിക്കുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു ജെപിസിയില്‍ നിന്നും പ്രതിപക്ഷം വിട്ടു നിന്നത് തന്നെ.

കേസുകളില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാല്‍ മാത്രം പദവി നഷ്ടപ്പെടുന്ന നിലവിലെ നിയമത്തിന് പകരമായി, വെറും ‘കസ്റ്റഡി’ കാലാവധിയെ അയോഗ്യതയ്ക്കുള്ള മാനദണ്ഡമാക്കുന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. ജനങ്ങള്‍ വോട്ട് ചെയ്ത് തിരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിയെ ജയിലിലടച്ച് ഭരണം അട്ടിമറിക്കാന്‍ കേന്ദ്രത്തിന് ലഭിക്കുന്ന എളുപ്പവഴിയായി ഈ നിയമം മാറുമെന്ന് അവര്‍ ഭയപ്പെടുന്നു.

സര്‍ക്കാര്‍ വാദവും ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും

പുതിയ ഭരണഘടനാ ഭേദഗതി നിയമം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും, പ്രധാനമന്ത്രിക്കും ഒരുപോലെ ബാധകമല്ലേ എന്ന ചോദ്യം ഭരണപക്ഷം ശക്തമായി ഉയര്‍ത്തുന്നുണ്ട്. നിയമം എല്ലാവര്‍ക്കും തുല്യമാണെന്നും അഴിമതി തുടച്ചുനീക്കാനാണ് ഇതെന്നുമാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ വാദത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വ്യക്തമാകുമെന്ന് പ്രതിപക്ഷവും രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു.

ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനും ജാമ്യമില്ലാതെ 30 ദിവസത്തിലധികം കസ്റ്റഡിയില്‍ സൂക്ഷിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സി.ബി.ഐ, ഇ.ഡി തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മാത്രമേ സാധിക്കൂ. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി തങ്ങളുടെ സ്വന്തം മുഖ്യമന്ത്രിമാര്‍ക്കെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ ഇത്തരം ഏജന്‍സികളെ ഉപയോഗിച്ച് നീങ്ങാന്‍ യാതൊരു സാധ്യതയുമില്ല. അതുകൊണ്ടുതന്നെ ഈ നിയമത്തിന്റെ വാള്‍ എപ്പോഴും തൂങ്ങിക്കിടക്കുക പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ തലയ്ക്ക് മുകളില്‍ മാത്രമായിരിക്കും.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലീസിന് ബി.ജെ.പി മുഖ്യമന്ത്രിമാര്‍ക്കെതിരെ കേസെടുക്കാന്‍ സാധിക്കുമെങ്കിലും, മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത് 30 ദിവസത്തിലധികം ജാമ്യം നല്‍കാതെ കസ്റ്റഡിയില്‍ സൂക്ഷിക്കുക എന്നത് പ്രായോഗികമായി അസാധ്യമാണ്. കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിക്കുന്ന നിയമപരമായ പരിരക്ഷയോ, യു.എ.പി.എ, പി.എം.എല്‍.എ തുടങ്ങിയ ജാമ്യം ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള വകുപ്പുകള്‍ ചുമത്താനുള്ള അധികാരമോ സംസ്ഥാന പൊലീസിന് വിരളമായേ ഉപയോഗിക്കാന്‍ സാധിക്കൂ.

കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യയില്‍ കേന്ദ്ര ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ അഴിമതി കേസുകളില്‍ 95 ശതമാനത്തിലധികവും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയാണ്. ബി.ജെ.പി നേതാക്കള്‍ക്കെതിരെയുള്ള അന്വേഷണങ്ങള്‍ മരവിക്കുന്നതോ, പ്രതിപക്ഷത്തുനിന്ന് ബി.ജെ.പിയിലേക്ക് മാറുന്ന നേതാക്കളുടെ കേസുകള്‍ ഇല്ലാതാകുന്നതോ ആയ അവസ്ഥ രാജ്യം കണ്ടതാണ്. ഈ പശ്ചാത്തലത്തില്‍, പുതിയ നിയമം വരുന്നതോടെ പ്രതിപക്ഷ മുഖ്യമന്ത്രിമാരെ വേട്ടയാടാനും അവരുടെ ഭരണം അട്ടിമറിക്കാനും കേന്ദ്രത്തിന് പൂര്‍ണ്ണമായ ലൈസന്‍സ് ലഭിക്കുമെന്ന പ്രതിപക്ഷത്തിന്റെ ഭയം തികച്ചും ന്യായീകരിക്കപ്പെടുന്നു.

നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് പറയുമ്പോഴും, അത് പ്രയോഗിക്കാനുള്ള ‘റിമോട്ട് കണ്‍ട്രോള്‍’ കേന്ദ്ര സര്‍ക്കാരിന്റെ കൈകളിലാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. അതുകൊണ്ട് തന്നെയാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെ ഈ നിയമം ഒരുതരത്തിലും ബാധിക്കില്ലെന്നും, ഇത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ശബ്ദമടയ്ക്കാനുള്ള കൃത്യമായ ചതിക്കുഴിയാണെന്നും പ്രതിപക്ഷം ശക്തമായി വാദിക്കുന്നത്.

വരാനിരിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ഈ വിവാദ ബില്ലിന് പുറമെ വനിതാ സംവരണ ബില്‍ ഉള്‍പ്പെടെയുള്ള ചുരുക്കം ചില പ്രധാന ബില്ലുകള്‍ക്ക് മാത്രമായിരിക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുക. വനിതാ സംവരണ ബില്ലിനൊപ്പം ഈ ഭേദഗതി ബില്ലും പാസാക്കാന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് പ്രതിപക്ഷത്തെ രാഷ്ട്രീയ പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതോടെ പാര്‍ലമെന്റില്‍ കടുത്ത രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പാണ്.

Content Summary; Critics argue the 130th Constitution Amendment Bill on disqualifying CMs in custody is a political weapon against the Opposition, as the ‘remote control’ of central agencies remains with the ruling party

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×