‘വളരെ വിഷമകരമായ കാര്യമാണ് ഞാൻ പറയുന്നത്, എന്റെ ഭാര്യയെ കൊന്നു കളഞ്ഞു’. പുനലൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഐസക് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞ വാക്കുകളാണിത്. പുനലൂർ സ്വദേശികളായ ഐസകും ശാലിനിയും, പ്രണയം, വിവാഹം, 17 വർഷം നീണ്ട് ദാമ്പത്യം. ഒടുവിലിതാ പങ്കാളി ശാലിനിയ്ക്ക് സ്വന്തം കൈ കൊണ്ട് മരണം വിധിച്ച് ഐസക്. ക്രൂരകൃത്യത്തിന് ശേഷം ഫേസ്ബുക്കിൽ ലൈവിട്ട് കാരണങ്ങൾ വ്യക്തമാക്കുകയും ചെയ്തു.
ഞാൻ എൻറെ ഭാര്യയെ കൊന്നു. അതിൻറെ കാരണം വീട്ടിൽ ഇരുന്ന സ്വർണം എടുത്ത് പണയം വെച്ചതും ഞാൻ പറയുന്നത് കേൾക്കാത്തതുമാണ്. എനിക്ക് രണ്ട് മക്കളുണ്ട്. ഒരാൾ ക്യാൻസർ രോഗിയാണ്. അവൾക്ക് ആഢംബര ജീവിതം നയിക്കണം. അതുകൊണ്ട് അവൾ അവളുടെ അമ്മയുടെ കൂടെയാണ് താമസിക്കുന്നത്. അനുസരണക്കേടോടെയാണ് പെരുമാറുന്നത്. ജോലിക്കായി പലയിടത്തായി മാറിമാറ പോകുന്നുണ്ട്. അതിൻറെ ആവശ്യം എൻറെ ഭാര്യക്കില്ല എന്നാണ് പ്രതി ഫേസ് ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.
ഞാൻ വണ്ടി പഠിപ്പിച്ചു, വാങ്ങിക്കൊടുത്തു. അനാവശ്യമായി പോകുന്നതിനാൽ ഇനി വണ്ടി ഉപയോഗിക്കരുത് എന്ന് പറഞ്ഞു. എന്നാൽ, എന്റെ പേരെഴുതിയ മോതിരം പണയപ്പെടുത്തിയോ വിറ്റോ ഞാനറിയാതെ രണ്ടാമതൊരു വണ്ടികൂടി വാങ്ങി. ജോലിക്കും പോയി. ഒരു പാർട്ടിയിലും ചേർന്നു. പാർട്ടിയിൽ പോകണ്ട എനിക്കിഷ്ടമല്ലെന്ന് പറഞ്ഞതാ. എന്നാൽ, പാർട്ടിയിൽ ഉള്ളവർ പിന്തുണനൽകി, എന്തുവന്നാലും ഞങ്ങളുണ്ടെന്ന് പറഞ്ഞു. രാത്രികാലങ്ങളിൽ വരികയും പോകുകയുമൊക്കെയാണ് ചെയ്യുന്നത്. ഉള്ളതുകൊണ്ട് സന്തോഷമായി കഴിയാമെന്ന് പലപ്രാവശ്യം പറഞ്ഞതാണ്. അതുകേൾക്കാതെ സ്വന്തം ഇഷ്ടപ്രകാരം പോയി. 2024-ൽ ഞാൻ അറിയാതെ എന്റെ വീട്ടിൽനിന്ന് സ്വർണമെടുത്ത് പണയം വെച്ചു. മക്കളുടെ കാര്യം എന്താകുമെന്ന് ചിന്തിച്ചിട്ടാണ് ഒരുപാട് കാലം വിട്ടത്. എന്നാൽ, അവൾക്ക് അതൊരു പ്രശ്നമല്ല. നാട്ടുകാർ എന്നെനോക്കി ചിരിക്കുകയാണെന്നും ഐസകിന്റെ ലൈവ് വീഡിയോയിൽ പറയുന്നത്
ശാലിനിയും ഐസകും തമ്മിൽ കുറച്ചു കാലങ്ങളായി പ്രശ്നങ്ങളുണ്ടായിരുന്നു. അതിന്റെ അമർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് താമരപ്പിള്ളി വാർഡ് മെമ്പർ സുന്ദരേശൻ അഴിമുഖത്തോട് പറഞ്ഞു. രണ്ട് മൂന്ന് വർഷത്തോളമായി ഇരുവർക്കിടയിലെയും പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും ഈ കഴിഞ്ഞ ഒരു വർഷത്തിനുള്ളിലാണ് രൂക്ഷമായി തീർന്നത്. പ്രശ്നങ്ങൾ ഗുരുതരമായതോടെ എട്ട് ഒമ്പത് മാസങ്ങൾക്ക് മുമ്പ് പൊലീസിൽ പരാതി നൽകുകയും അവർ ഇടപെട്ട് ഇവരുവർക്കും കൗൺസലിംഗ് നൽകുകയും ചെയ്തിരുന്നു. ജനപ്രതിനിധികളെന്ന നിലയിൽ പലപ്പോഴായി ഞങ്ങളും ഇടപെട്ടിരുന്നു. അപ്പോഴെക്കെ ഇരുവരും സംസാരിച്ച് പരസ്പര ധാരണയിലെത്തുമായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. അതുകൊണ്ട് തന്നെ ശാലിനിയുടെ കൊലപാതക വാർത്ത കേട്ട് ഞെട്ടി. രണ്ട് ആൺമക്കളാണ് ശാലിനിയ്ക്കും ഐസകിനുമുള്ളത്. ക്യാൻസർ രോഗിയാണ് മൂത്ത മകനെന്ന് സുന്ദരേശൻ വ്യക്തമാക്കി.
ശാലിനിയുടെ ഐസകിന്റെയും വീടുകൾ തമ്മിൽ വലിയ ദൂര വ്യത്യാസമില്ല. പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. വിവാഹ ശേഷം ശാലിനിയും അമ്മയും താമസിച്ചിരുന്ന വീടിനോട് ചേർന്ന് തന്നെ ഇരുവരും വീട് വയ്ക്കുകയായിരുന്നു. പ്രശ്നങ്ങൾ പതിവായത് കൊണ്ട് തന്നെ പകുതി ദിവസങ്ങളിലും ശാലിനി അമ്മയ്ക്ക് ഒപ്പമായിരുന്നു.
കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ വാക്കു തർക്കങ്ങൾ ഉണ്ടായിരുന്നു. കുറച്ചു കാലങ്ങളായി കാര്യറ സ്കൂളിൽ ആയയായി ജോലി നോക്കുന്നുണ്ട് ശാലിനി. ഇന്നും പതിവ് പോലെ ജോലിയ്ക്ക് പോവാനായി രാവിലെ എഴുന്നേറ്റ് കുളിക്കാൻ പോകുന്നത് ആളുകൾ കണ്ടിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് വീട്ടിൽ നിന്ന് ഉച്ചത്തിൽ ഇളയ മകന്റെ കരച്ചിൽ കേൾക്കുന്നത്. ആളുകൾ ഓടിയെത്തുമ്പോഴേക്കും വെട്ടേറ്റ് കമിഴ്ന്ന് കിടക്കുന്ന ശാലിനിയെയാണ് കാണുന്നത്. കഴുത്തിനേറ്റ വെട്ട് ആഴത്തിലുള്ളതായിരുന്നു. അവിടെ നിന്ന് ഉടനടി ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ചെങ്കിലും പോകുന്ന വഴിയ്ക്ക് ശാലിനി മരണപ്പെട്ടു.
ബഹളം കേട്ടുക്കൊണ്ടാണ് ഉറങ്ങിക്കിടന്ന ഇളയമകൻ എഴുന്നേൽക്കുന്നത് അമ്മ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ട് കൊണ്ടാണ്. ഈ വിവരങ്ങളെല്ലാം വ്യക്തമാക്കി കൊണ്ട് മകൻ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ആളുകളോടി എത്തിയപ്പോഴേക്കും ഐസക് അവിടെ നിന്ന് ഇറങ്ങിയോടിയിരുന്നു. ശാലിനിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി കുറച്ചു സമയത്തിനുള്ളിൽ തിരികെയെത്തി വീടിനുള്ളിൽ ഷാളോ മറ്റോ എടുത്തുക്കൊണ്ട് പോകുന്നത് കണ്ടിരുന്നു. ആത്മഹത്യ ചെയ്യാനായിരുന്നു ഉദ്ദേശമെന്ന് തോന്നുന്നു. എന്നാൽ, പിന്നീട് അതിന് മുതിരാതെ ഫേസ് ബുക്കിൽ ലൈവിട്ടതിന് ശേഷം പൊലീസിൽ പോയി കീഴടങ്ങിയതെന്ന് സുന്ദരേശൻ പറയുന്നു.
content summary: 17 Years of Marriage Ends in Tragedy, Husband Murders Wife in Punalur, Kollam