പശ്ചിമബംഗാളിലെ ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ ഭാംഗറില്‍ ഭൂമി ഏറ്റെടുക്കുന്നതിനെതിരായ പ്രതിഷേധത്തിനെതിരെ നടന്ന വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (പിസിഐഎല്‍) വൈദ്യുതി സബ് സ്‌റ്റേഷന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിനെതിരെയാണ് പ്രതിഷേധം. സിംഗൂരിലും നന്ദിഗ്രാമിലും ഇടതുമുന്നണി സര്‍ക്കാരിന്‌റെ കാലത്ത് നടന്ന ഭൂമി ഏറ്റെടുക്കലിനെതിരായ പ്രതിഷേധം അതിനെ തുടര്‍ന്നുണ്ടായ വെടിവയ്പുകളും ഓര്‍മ്മിപ്പിക്കുന്ന സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. മൊഫിജുള്‍ ഖാന്‍, ആലം മൊല്ല എന്നിവരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്ക്ക് പരിക്കേറ്റു.
മാവോയിസ്റ്റ് അനുഭാവമുള്ള ജോമി, ജിബിക, പോരിബേഷ് ഒ ബാസ്തുതന്ത്ര രക്ഷ കമ്മിറ്റി (Committee to protect land, livelihood, environment and ecosy-stem) പ്രക്ഷോഭത്തില്‍ സജീവ പങ്ക് വഹിക്കുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം പൊലീസല്ല വെടി വച്ചതെന്നും തൃണമൂല്‍ കോണ്‍ഗ്രസുകാരാണ് വെടി വച്ചതെന്നുമാണ് ചില നാട്ടുകാര്‍ പറയുന്നത്. തൃണമൂല്‍ നേതാവ് അറബുള്‍ ഇസ്ലാമിന്‌റെ അനുയായികളാണ് തന്‌റെ സഹോദരനെ വെടി വച്ചതെന്ന് മൊഫിജുള്‍ ഖാന്‌റെ സഹോദരന്‍ ആരോപിച്ചു. രണ്ട് സമരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ സംഘര്‍ഷം ശക്തമാവുകയായിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. ഗ്രാമീണര്‍ പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും തീ വയ്ക്കുകയും ചെയ്തു. മേഖലയിലെ റോഡ് ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. ഈ മാസം ആദ്യവും പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു.
സബ് സ്റ്റേഷന്‍ പദ്ധതിക്കായി രണ്ട് വര്‍ഷം മുമ്പാണ് 16 ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. 400 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷനാണ് വരുന്നത്. 953 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ബിഹാറിലെ കഹല്‍ഗോണിലേയ്ക്കാണ് ഹൈ വോള്‍ട്ടേജ് ട്രാന്‍സ്മിഷന്‍ ലൈനുകള്‍ പോകുന്നത്. ഭൂമി ഏറ്റെടുക്കലിന് മാത്രമല്ല മേഖലയില്‍ പദ്ധതി വരുന്നതിനും ഗ്രാമീണര്‍ എതിരാണ്. യാതൊരു പ്രകോപനവുമില്ലാതെ പ്രതിഷേധക്കാര്‍ക്ക് നേരെ റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍വാതകവും പ്രയോഗിച്ചതോടെയാണ് സംഗതി വഷളായതെന്ന് പ്രതിഷേധക്കാരുടെ നേതാക്കളിലൊരാളായ ഷര്‍മിസ്ത മുഖര്‍ജി ആരോപിച്ചു. ഒരു കൃഷിഭൂമിയും ബലം പ്രയോഗിച്ച് ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ പറഞ്ഞിരുന്നതായി ഗ്രാമീണര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇപ്പോള്‍ അവരുടെ പാര്‍ട്ടിക്കാര്‍ തോക്ക് ചൂണ്ടി ഞങ്ങളുടെ ഭൂമി കയ്യേറുമ്പോള്‍ അവര്‍ മിണ്ടുന്നില്‌ല
അതേസമയം പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. പൊലീസിനെ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് സിപിഎം നേതാക്കള്‍ മുന്നറിയിപ്പ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് നടപടിയെന്നും ഇടത് സര്‍ക്കാരിന്‌റെ കാലത്ത് ഭൂസമരങ്ങളില്‍ മുന്നില്‍ നിന്നവരാണ് ഇപ്പോള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും സിപിഎം നേതാവ് മൊഹമ്മദ് സലീം കുറ്റപ്പെടുത്തി. മമത ബാനര്‍ജി ഇപ്പോള്‍ നിക്ഷേപ സംഗമങ്ങള്‍ നടത്തുന്ന തിരക്കിലാണെന്ന് മൊഹമ്മദ് സലീം പരിഹസിച്ചു. സ്ഥലം എംഎല്‍എയും മന്ത്രിയും മുന്‍ സിപിഎം നേതാവുമായ അബ്ദുര്‍ റസാഖ് മൊല്ലയേയും മൊഹമ്മദ് സലീം വിമര്‍ശിച്ചു. ഇടത് സര്‍ക്കാരിന്‌റെ കാലത്ത് ഭൂപരി്ഷ്‌കരണ വകുപ്പ് മന്ത്രിയായിരുന്നു അബ്ദുര്‍ റസാഖ് മൊല്ല. ഭാംഗറിലെ കിരീടം വയ്ക്കാത്ത രാജാവായ മൊല്ല ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ലെന്ന് മൊഹമ്മദ് സലീം പറഞ്ഞു. ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുന്നതിന് തങ്ങള്‍ എതിരാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‌റ് അധീര്‍ രഞ്്ജന്‍ ചൗധരി പറഞ്ഞു.
പ്രക്ഷോഭകാരികളുമായി സംസാരിക്കാന്‍ രാജ്യസഭാ എംപി മുകുള്‍ റോയിയേയും മന്ത്രി അബ്ദുര്‍ റസാഖ് മൊല്ലയേയുമാണ് മുഖ്യമന്ത്രി മമത ബാനര്‍ജി നിയോഗിച്ചത്. പദ്ധതിയുടെ പ്രവര്‍ത്തനം നിലവില്‍ സ്തംഭിച്ചിരിക്കുകയാണെന്നാണ് ഊര്‍ജ്ജ വകുപ്പ് മന്ത്രി സൊവനെബ് ചാറ്റര്‍ജി പറഞ്ഞത്. ഭൂമി ഏറ്റെടുക്കലിനെതിരെ സമരം ചെയ്യുന്നവര്‍ വികസനവിരുദ്ധരാണെന്ന് മുകുള്‍ റോയിയും പ്രാദേശിക തൃണമൂല്‍ നേതാക്കളും ആരോപിച്ചു. ഇടതുമുന്നണി സര്‍ക്കാരിന്‌റെ കാലത്തും ഭാംഗറില്‍ ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം നടന്നിരുന്നു. അന്ന് സിപിഎം നേതാക്കള്‍ പറഞ്ഞത് ഇത് തന്നെയായിരുന്നു. ഭൂമി ഏറ്റെടുക്കലിനെ എതിക്കുന്നവര്‍ വികസന വിരുദ്ധരാണെന്ന്. എന്നാല്‍ സിംഗൂരിലും നന്ദിഗ്രാമിലും അന്നത്തെ പ്രതിപക്ഷ നേതാവ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ പ്രക്ഷോഭം മൂലം സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.