March 27, 2025 |
Share on

300 കിലോമീറ്ററോളം ​ഗതാ​ഗതക്കുരുക്ക്; മഹാകുംഭമേളയിലെത്തിയ ഭക്തർ കുടുങ്ങി കിടന്നത് 48 മണിക്കൂർ

ജനുവരി 13ന് ആരംഭിച്ച കുംഭമേളയിൽ 43 കോടിയിലധികം ഭക്തരാണ് എത്തിയത്

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ത്രിവേണി സം​ഗമത്തിൽ പുണ്യസ്നാനം നടത്താൻ ദശലക്ഷക്കണക്കിന് ഭക്തരാണ് ഈ വർഷം കുഭമേളയിലെത്തുന്നത്. എന്നാൽ 300 കിലോമീറ്ററോളം നീണ്ട ​ഗതാ​ഗതക്കുരുക്ക് ഭക്തരെ വലച്ചുകളഞ്ഞു. ആയിരക്കണക്കിന് ജനങ്ങളാണ് ഞായറാഴ്ച കാറുകളിൽ കുടുങ്ങിയത്.

ലോകത്തിലെ ഏറ്റവും വലിയ മതപരമായ ചടങ്ങിലേക്ക് യാത്ര ചെയ്ത പലരും ലക്ഷ്യസ്ഥാനത്ത് എത്താതെ ഗതാഗതക്കുരുക്കിൽ പെട്ട് കിടക്കുകയായിരുന്നു. 200 മുതൽ 300 കിലോമീറ്റർ വരെ ഗതാഗതക്കുരുക്ക് നീണ്ടുനിന്നതിനാൽ പ്രയാഗ്‌രാജിലേക്ക് യാത്ര ചെയ്യുന്നത് അസാധ്യമായിരുന്നുവെന്ന് മധ്യപ്രദേശിലെ കട്‌നി, മൈഹാർ, രേവ തുടങ്ങിയ ജില്ലകളിലെ പോലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞതായി ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

വളരെ സാവധാനത്തിൽ മാത്രമാണ് വാഹനങ്ങൾ നീങ്ങിയത്. വാരണാസി, ലഖ്‌നൗ, കാൺപൂർ എന്നിവിടങ്ങളിൽ നിന്ന് പ്രയാഗ്‌രാജിലേക്കുള്ള റോഡുകളിൽ 25 കിലോമീറ്റർ വരെ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രയാഗ്‌രാജിനുള്ളിൽ പോലും ഏകദേശം ഏഴ് കിലോമീറ്റർ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു.

ജബൽപൂരിന് മുമ്പ് തന്നെ 15 കിലോമീറ്റർ ഗതാഗതക്കുരുക്കാണ്. പ്രയാഗ്‌രാജിലേക്ക് ഇനിയും 400 കിലോമീറ്റർ ബാക്കിയുണ്ട്. മഹാകുംഭിലേക്ക് പോകുന്നതിനുമുമ്പ് ഗതാഗത അപ്‌ഡേറ്റുകൾ പരിശോധിക്കണം, ഒരു യാത്രക്കാരൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

വാരാന്ത്യങ്ങളിലെ തിരക്കാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്ന് പോലീസ് പറയുന്നു. വാരാന്ത്യങ്ങളിലെ തിരക്ക് മൂലമാണ് ഗതാഗതക്കുരുക്ക് ഉണ്ടായതെന്നും എന്നാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇത് മെച്ചപ്പെടുമെന്നും ഇൻസ്പെക്ടർ ജനറൽ സാകേത് പ്രകാശ് പാണ്ഡെ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ അനുവദിക്കുന്നത്. കുംഭമേള നടക്കുന്ന സ്ഥലത്തേക്ക് എത്താൻ ശ്രമിക്കുന്ന വാഹനങ്ങളുടെ എണ്ണം കൂടുതലായതിനാൽ നീണ്ട ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ടെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ കുൽദീപ് സിംഗ് പറഞ്ഞു.

ഫെബ്രുവരി 14 അർദ്ധരാത്രി വരെ നോർത്തേൺ റെയിൽവേയുടെ സംഗം സ്റ്റേഷൻ യാത്രക്കാർക്ക് അടച്ചിടുമെന്ന് പ്രയാഗ്‌രാജ് ജില്ലാ ഭരണകൂടം അറിയിച്ചു. ഭക്തരുടെ വലിയ തിരക്ക് നിയന്ത്രിക്കുന്നതിനും പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുമാണ് ഈ തീരുമാനമെന്നാണ് അറിയിച്ചിരിക്കുന്നത്.

പ്രയാഗ്‌രാജ് ഛേകി, നൈനി, പ്രയാഗ്‌രാജ് ജംക്‌ഷൻ, സുബേദർഗഞ്ച്, പ്രയാഗ്, ഫഫാമൗ, പ്രയാഗ്‌രാജ് രാംബാഗ്, ജുസി തുടങ്ങിയ മഹാകുംഭ് പ്രദേശത്തെ മറ്റ് സ്റ്റേഷനുകൾ യാത്രക്കാർക്ക് തുടർന്നും ഉപയോഗിക്കാം. പ്രയാഗ്‌രാജ് ജംക്‌ഷനിൽ ഒരു ദിശയിൽ മാത്രമാണ് ട്രെയിൻ ഗതാഗതം നിലവിൽ പ്രവർത്തിക്കുന്നത്.

സംഭവത്തിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാരിനെതിരെ വിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രം​ഗത്തെത്തി. ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ദശലക്ഷക്കണക്കിന് തീർത്ഥാടകരെ സഹായിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിശന്നും ദാഹിച്ചും ക്ഷീണിതരായ ഭക്തരോട് മനുഷ്യത്വത്തോടെ പെരുമാറണമെന്നും ഗതാഗതക്കുരുക്കിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ട് അഖിലേഷ് യാദവ് പറഞ്ഞു.

ജനുവരി 13ന് ആരംഭിച്ച കുംഭമേളയിൽ 43 കോടിയിലധികം ഭക്തരാണ് എത്തിയത്. ഫെബ്രുവരി 26നാണ് കുംഭമേള അവസാനിക്കുന്നത്.

Content summary: 300 km traffic jam; Devotees who came to the Maha Kumbh stuck for 48 hours

Maha Kumbh Devotees traffic jam 

×