June 04, 2026 |
Share on

ഒരു കോഫിക്ക് 320 രൂപയോ! ഇന്ത്യയിലെ ബിസിനസില്‍ ‘കൈ പൊള്ളി’ സ്റ്റാര്‍ബക്‌സ്

2024 ന്റെ അവസാനത്തിൽ തുറന്നത് 16 സ്റ്റോറുകൾ മാത്രം

പത്ത് വർഷങ്ങൾക്ക് മുൻപ് വലിയ രീതിയിലുള്ള പദ്ധതികളുമായാണ് അന്താരാഷ്ട്ര കോഫി ഷോപ്പ് ശൃംഖലയായ സ്റ്റാർബക്സ് ഇന്ത്യൻ വിപണിയിലെത്തിയത്. എന്നാൽ ഇന്ത്യയിലെ തങ്ങളുടെ വിപുലീകരണ പദ്ധതികൾ സ്റ്റാർബക്സ് കുറച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2024 ന്റെ അവസാനത്തിൽ 16 സ്റ്റോറുകൾ മാത്രമാണ് സ്റ്റാർബക്സിന് തുറക്കാൻ കഴിഞ്ഞതെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. 2023 ന്റെ തുടക്കത്തിൽ 2028 ഓടെ 1000 സ്റ്റോറുകൾ ഇന്ത്യയിൽ തുറന്ന് പ്രവർത്തിക്കുമെന്നായിരുന്നു സ്റ്റാർബക്സ് അറിയിച്ചിരുന്നത്.

മധ്യവർ​ഗ ഉപഭോക്താക്കൾക്ക് താങ്ങാനാകുന്നതിലും വലിയ വിലയാണ് ഈടാക്കുന്നത് എന്നതാണ് ഇന്ത്യൻ വിപണിയിൽ സ്റ്റാർബക്സിന് തിരിച്ചടിയായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിൽ നിലവിൽ സാമ്പത്തിക മാന്ദ്യം രൂക്ഷമാണ്. പണപ്പെരുപ്പം ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണെന്നും വേതനത്തിൽ വർദ്ധനവുണ്ടാകുന്നില്ലായെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് മധ്യവർ​ഗ ഉപഭോക്താക്കളെയാണ്. മാത്രമല്ല ഇന്ത്യൻ ഉപഭോക്താക്കൾ ബ്രാൻഡ്, മൂല്യം എന്നിവയുടെ അടിസ്ഥാനത്തിൽ ദൈനംദിന വസ്തുവായ കാപ്പിയെ എങ്ങനെ കാണുന്നു എന്നതും സ്റ്റാർബക്സ് ആശയത്തെ ബാധിച്ചിട്ടുണ്ട്. മുൻ സാമ്പത്തിക വർഷത്തെ 9.2 ശതമാനത്തിൽ നിന്ന് മാർച്ച് അവസാനത്തിൽ ജിഡിപി 6.5 ശതമാനമായി കുറയുമെന്ന് സർക്കാർ പ്രവചിച്ചിരുന്നു.

ഇന്ത്യയിൽ സ്റ്റാർബക്സിന്റെ വിപണിയിടിവ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിൽപ്പന മന്ദ​ഗതിയിലാക്കാൻ തീരുമാനിച്ചതെന്ന് സ്റ്റാർബക്സിന്റെ ഇന്ത്യൻ സംയുക്ത സംരംഭ പങ്കാളിയായ ടാറ്റ കൺസ്യൂമർ പ്രോഡക്റ്റിന്റെ ചീഫ് എക്സിക്യൂട്ടിവായ സുനിൽ ഡിസൂസ പറഞ്ഞതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഞങ്ങൾ പുതിയ ഔട്ട്ലെറ്റുകൾ തുറക്കുന്നുണ്ട്. എന്നാൽ അത് മന്ദ​ഗതിയിലാണെന്ന് മാത്രം. വിപണിയിടിവ് കണ്ടപ്പോഴാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. എന്നാൽ ഇന്ത്യയിൽ സ്റ്റാർബക്സിന് വളരാൻ സാധിക്കുമെന്നതിൽ വിശ്വാസമുണ്ട്, സുനിൽ ഡിസൂസ എക്കണോമിക് ടൈംസുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

തങ്ങൾ പൂർണ്ണമായും ഇന്ത്യയിലെ വിപണിയിൽ നിന്നും പിൻമാറുന്നില്ലെന്നും പുനർചിന്ത ആവശ്യമാണെന്നും സുനിൽ ഡിസൂസ കൂട്ടിച്ചേർത്തു.

വലിയ ന​ഗരങ്ങളിൽ സ്റ്റാർബക്സ് ഇപ്പോഴും ഉയർന്ന മൂല്യമുള്ള ബ്രാൻഡായിട്ടാണ് നിലകൊള്ളുന്നത്. എന്നാൽ ചെറിയ ന​ഗരങ്ങളിൽ അത് ഇപ്പോഴും സാധാരണക്കാർക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ഒന്നായി കണക്കാക്കപ്പെടുന്നു. സ്റ്റാർബക്സിൽ നിന്ന് ₹320 ($3.70) വിലയ്ക്ക് ലഭിക്കുന്ന കോഫി ആ വിലയുടെ പത്തിലൊന്ന് വിലയ്ക്ക് ഒരു പ്രാദേശിക സ്റ്റാളിൽ നിന്ന് ലഭിക്കുമ്പോൾ ഇന്ത്യയിലെ ജനങ്ങളെ കുറഞ്ഞ വിലയുള്ള കോഫിയെയാണ് കൂടുതലും ആശ്രയിക്കുക. വിലയും സാംസ്കാരിക അനുയോജ്യതയും സംബന്ധിച്ച് സ്റ്റാർബക്സിന് ഇപ്പോഴും ഇന്ത്യൻ ഉപഭോക്താക്കളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല.

മാത്രമല്ല, ബ്ലൂ ടോകായ്, തേർഡ് വേവ് തുടങ്ങിയ തദ്ദേശീയ ബ്രാൻഡുകൾ ഇന്ത്യയിലെ ചെറുപ്പക്കാർക്കിടയിൽ പ്രചാരം നേടിയിട്ടുണ്ട്. ഇന്ത്യയിലെ മധ്യവർ​ഗത്തിന് ബ്രാൻഡ് മാത്രം പോരാ ഉപഭോക്താക്കൾക്ക് ഗുണനിലവാരം, ആധികാരികത, മൂല്യം എന്നിവയെല്ലാം ഒരേസമയം അവർ ആവശ്യപ്പെടുന്നുണ്ട്.

നിലവിൽ 74 ഇന്ത്യൻ ന​ഗരങ്ങളിലായി 473 ഔട്ട്ലെറ്റുകളുള്ള സ്റ്റാർബക്സിന് ഡിസംബർ വരെ 16 ഔട്ട്ലെറ്റുകൾ മാത്രമാണ് തുറന്നിട്ടുള്ളത്. അതേസമയം, ഇന്ത്യയിൽ സ്റ്റാർബക്സിന് വലിയ സാധ്യതയാണുള്ളതെന്ന് വി​ദ​ഗ്ധർ അഭിപ്രായപ്പെടുന്നു. ചൈനയിൽ 1999 മുതൽ 250 ലധികം ന​ഗരങ്ങളിലായി 6500 സ്റ്റോറുകൾ സ്റ്റാർബക്സ് തുറന്നിട്ടുണ്ട്.

Content Summary: 320 rupees for a coffee!, Starbucks Pulls Back on Expansion in India

Leave a Reply

Your email address will not be published. Required fields are marked *

×