July 09, 2025 |

ഹാഷിംപുര, മല്യാന: 38 വര്‍ഷങ്ങള്‍ക്കിപ്പുറവും കോണ്‍ഗ്രസിനെ വേട്ടയാടുന്ന 114 മൃതദേഹങ്ങള്‍

1987-ലെ മീററ്റിലെ മുസ്ലീം കൂട്ടക്കൊലകള്‍ക്ക് ശേഷം കോണ്‍ഗ്രസ് ഒരിക്കല്‍ പോലും ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയിട്ടില്ല.

1987 മേയ് 22നും 23-ലുമായി ഉത്തര്‍പ്രദേശിലെ മീററ്റ് നഗരത്തിന്റെ പരിസരങ്ങളിലുള്ള 114 മുസ്ലീങ്ങളെയാണ് പോലീസും ഹിന്ദുത്വഭീകരവാദികളും ചേര്‍ന്ന് കൊന്ന് തള്ളിയത്. ഹാഷിംപുരയില്‍ നിന്ന് പിടിച്ച് കൊണ്ടുപോയ മനുഷ്യരെ ഗാസിയാബാദില്‍ വച്ച് പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നുവെങ്കില്‍ മീററ്റ് നഗരത്തിന്റെ അരികിലുള്ള മല്യാന ഗ്രാമത്തിലേയ്ക്ക് പോലീസിനൊപ്പം ഇരച്ച് കയറിയ ഹിന്ദുത്വഭീകരവാദികള്‍ 72 മുസ്ലീങ്ങളെ വെടിവെച്ചും തല്ലിയും കത്തിച്ചും കൊന്നു. ഹാഷിംപുരയില്‍ കുറ്റാരോപിതരായവരില്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം അവശേഷിച്ചവരെ വിചാരണക്കോടതി വെറുതെവിട്ടെങ്കിലും, ഹൈക്കോടതി ശിക്ഷ നല്‍കി. അവരില്‍ മിക്കവര്‍ക്കും യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ വന്നതോടെ ജാമ്യം ലഭിച്ചു. മല്യാനയില്‍ കുറ്റാരോപിതരായ നാല്‍പതിലധികം ഹിന്ദുത്വ പ്രവര്‍ത്തകരെ മുപ്പത്തി ആറ് വര്‍ഷം നീണ്ട കേസിന് ശേഷം വിചാരണക്കോടതി, 2023-ല്‍, വെറുതെ വിട്ടു.

1987 മേയ് 23 ന് രാവിലെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ മകന്‍പുര്‍ ഗ്രാമത്തില്‍, യമുദയുടെ കൈവഴികളിലൊന്നായ ഹിന്‍ഡന്‍ പുഴയുടെ തീരത്തും സമീപത്തെ കനാലിലുമെല്ലാമായി ഒട്ടേറെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നത് ഗ്രാമവാസികള്‍ കണ്ട് പോലീസിനെ വിവരമറിയിച്ചു. കുന്നുകൂടി കിടന്നിരുന്ന മൃതദേഹങ്ങളില്‍ നിന്ന് രണ്ട് വെടിയുണ്ടകളുടെ പരിക്കുകളോടെ ബാഹുദ്ദീന്‍ എന്നയാളെ ജീവനോടെ കണ്ടെത്തി. എന്താണ് സംഭവിച്ചത് എന്ന് അയാള്‍ വ്യക്തമായും പോലീസിനോട് പറഞ്ഞു. കുറച്ച് കഴിഞ്ഞ ശേഷം മുറാദ് നഗറിലെ അപ്പര്‍ ഗംഗ കനാലിലും മൃതദേഹങ്ങള്‍ കണ്ടെത്തി. അവിടെയും ചിലര്‍ ജീവനോടെ അവശേഷിച്ചിരുന്നു. മൊത്തത്തില്‍ സംഭവകഥ പറയാനായി ആറുപേര്‍ ബാക്കിയായി.

hashimpura massacre

ഗാസിയാബാദിന്റെ അയല്‍ ജില്ലയായ മീററ്റില്‍, നഗരത്തോട് ചേര്‍ന്ന ഹാഷിംപുര എന്ന ചെറിയ പ്രദേശത്ത് നിന്ന് തലേ ദിവസം, 1987 മേയ് 22ന്, ഉച്ച തിരിഞ്ഞ് ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റബ്ളറി (പി.എ.സി) എന്ന പ്രത്യേക സേനാവിഭാഗം കരസേനയുടെ സഹായത്തോട് കൂടി ആ പ്രദേശത്തുള്ള ഏതാണ്ട് മുഴുവന്‍ മുസ്ലീം പുരുഷന്മാരെയും അറസ്റ്റ് ചെയ്യാന്‍ ആരംഭിച്ചു. കുട്ടികളും ഭിന്നശേഷിക്കാരും ഉള്‍പ്പെടെയുള്ളവരെ വിവിധ ട്രക്കുകളില്‍ കയറ്റി. അതില്‍ ഒരു ട്രക്ക് ഒഴികെയുള്ളവ മീററ്റിലെ സിവില്‍ലൈന്‍സിലും പോലീസ് ലൈന്‍സിലുമുള്ള സ്റ്റേഷനുകളിലേയ്ക്ക് കൊണ്ടുപോയി. ഈ പുരുഷന്മാര്‍ മൂന്നാഴ്ചയോളം കൊടും ക്രൂരമായി പീഡിക്കപ്പെട്ടു. തല്ലിയും ഇടിച്ചും മൂന്നാംമുറകള്‍ പ്രയോഗിച്ചും അവരെ ഉപദ്രവിച്ചതിന്റെ ഭാഗമായി അഞ്ചുപേര്‍ വൈകാതെ കൊല്ലപ്പെട്ടു. എന്നാല്‍ ഒരു പോലീസ് സ്റ്റേഷനിലും എത്താത്ത ട്രക്കിലെ 42 പേരാണ് ഗാസിയാബാദിലെ മകന്‍പൂരിലെ കനാലില്‍ പിറ്റേന്ന് രാവിലെ ഒഴുകി നടക്കുന്ന മൃതദേഹങ്ങളായി കാണപ്പെട്ടത്.

കേന്ദ്രത്തില്‍ രാജീവ് ഗാന്ധിയുടെ ഭരണമാണ്. 1986 ഫെബ്രുവരി ഒന്നിന് ബാബ്രി പള്ളി ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്ക് തുറന്ന് നല്‍കിയതിനെ തുടര്‍ന്ന് രാജ്യത്തുടനീളം സമാധാനാന്തരീക്ഷം നഷ്ടപ്പെട്ടിട്ടുണ്ട്. മീററ്റിലാകട്ടെ ഏപ്രില്‍ മാസം മുതല്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. പത്തുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മീററ്റിലും ഹാഷിംപുരയിലുമെല്ലാം മേയ് 19 മുതല്‍ നഗരത്തില്‍ കര്‍ഫ്യൂവായിരുന്നു. കൊല്ലപ്പെട്ടത് മുഴുവന്‍ മുസ്ലീങ്ങളായിരുന്നു. അടുത്ത ദിവസം കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി. മേയ് 21ന് രണ്ട് സംഭവങ്ങള്‍ പരിസരത്തുണ്ടായി. ഹാഷിംപുരയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് പ്രൊവിഷ്യനല്‍ ആംഡ് കോണ്‍സ്റ്റബ്ളറിയിലെ രണ്ട് പോലീസുകാര്‍ സമീപത്തെ ചെറുപ്പക്കാരെ ചോദ്യം ചെയ്യുന്നതിനിടയില്‍ ആളുകള്‍ കൂടുകയും അവരുടെ റൈഫിളുകള്‍ തട്ടിപ്പറിച്ച് അവര്‍ ഓടുകയും ചെയ്തു. മറ്റൊരു സംഭവം സമീപത്തെ ഒരു ബി.ജെ.പി നേതാവിന്റെ മരുമകനായ പ്രഭാത് കുമാര്‍ കൗഷിക് വെടിയേറ്റ് മരിച്ചു. അദ്ദേഹത്തിന്റെ സഹോദരന്‍ മേജര്‍ സതീഷ് ചന്ദ്ര കൗശിക് അക്കാലത്ത് മീററ്റില്‍ തന്നെ നിയമിതനായിരുന്നു. പ്രഭാത് കുമാര്‍ കൗഷികിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാതിരുന്നതിനാല്‍ മരണത്തില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് വ്യക്തമല്ല.

ആ സംഭവങ്ങളുടെ വെളിച്ചത്തിലാണ് പിറ്റേ ദിവസം മേയ് 22ന് ഉച്ചയോടെ മുസ്ലീങ്ങളെ മുഴുവന്‍ അറസ്റ്റ് ചെയ്യാന്‍ ആരംഭിക്കുന്നത്. അക്കാലത്ത് രാജീവ് ഗാന്ധിയുടെ അടുപ്പക്കാനായ വീര്‍ബഹാദൂര്‍ സിങ്ങാണ് സംസ്ഥാനത്ത് മുഖ്യമന്ത്രി, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മൊഹ്സീന കിദ്വായ് ആണ് മീററ്റിലെ എം.പി. പക്ഷേ ബി.ജെ.പി നേതാവിന്റെ മരണത്തിന് കാരണമായ വെടിയുണ്ട വന്നത് മുസ്ലീം മേഖലയില്‍ നിന്നോ പള്ളിയുടെ പരിസരങ്ങളില്‍ നിന്നാണെന്നോ ഊഹിച്ച് പ്രതികാരം ചെയ്യാനായിരുന്നു സഹോദരനായ മേജറും കൂട്ടരും തീരുമാനിച്ചതെന്നും അതിന് സംസ്ഥാന സര്‍ക്കാര്‍ കൂട്ടു നിന്നുവെന്നുമാണ് പിന്നീടുയര്‍ന്ന ആരോപണം.

hashimpura massacre

എന്തായാലും മറ്റുള്ളവരെ കയറ്റിപോയതും പോലീസ് സ്റ്റേഷനില്‍ എത്തിയതുമായ മറ്റ് ട്രക്കുകളില്‍ പെടാത്ത പി.എ.സിയുടെ ഒരു മഞ്ഞ ട്രക്ക് ഗാസിയാബാദിലെ മുറാദ് നഗറിനെ ലക്ഷ്യമാക്കി നീങ്ങിയെന്ന് പിന്നീട് സാക്ഷിമൊഴികളില്‍ നിന്ന് വ്യക്തമായി. അവിടെ അപ്പര്‍ ഗംഗ കനാലിലേയ്ക്ക് ഈ മനുഷ്യരെ ഒരോന്നായി വലിച്ചിഴച്ച് പോലീസുകാര്‍ വെടിവെച്ച് കൊന്നു. അവരുടെ ഈ വെടിവെയ്പ് തുടര്‍ന്നുകൊണ്ടിരിക്കേ അതിലൂടെ പോയ ഒരു പാല്‍വണ്ടിയുടെ വെളിച്ചം ഇവര്‍ക്ക് മേല്‍ വീണു. ആളുകളെ തിരിച്ചറിയുമെന്ന് ഭയന്ന് കൊല്ലാന്‍ ബാക്കിയുള്ള തടവുകാരുമായി അവര്‍ അവിടെ നിന്ന് പാഞ്ഞു. അങ്ങനെയാണ് മകന്‍പുര്‍ ഗ്രാമത്തിലെ ഹിന്‍ഡന്‍ പുഴക്കരികിലെത്തി ബാക്കിയുള്ളവരെ കൂടി വെടിവെച്ചിട്ടത്. 42 മൃതദേഹങ്ങള്‍ കണ്ടുകിട്ടിയെങ്കിലും കൂടുതല്‍ പേരെ ഇവര്‍ വെടിവെച്ച് കൊന്നിരുന്നോ കനാലിലോ പുഴയിലോ കൂടുതല്‍ ഒഴുകിപോയ മൃതദേഹങ്ങളുണ്ടോ എന്ന് ആര്‍ക്കുമറിയില്ല.

hashimpura massacre

ഇതെല്ലാം നടക്കുമ്പോഴാണ്, മേയ് ഇരുപത്തിമൂന്നിന് മീററ്റിലെ തന്നെ മല്യാനയില്‍ പോലീസും ഹിന്ദുത്വസേനയും ഇരച്ച് കയറി 72 മുസ്ലീങ്ങളെ കൊല്ലുന്നത്. ബി.ജെ.പിക്കും ഹിന്ദുത്വവാദികള്‍ക്കും അഴിഞ്ഞാടാനുള്ള അവസരമായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്ത് നല്‍കിയത്. അതിന് വേണ്ടി പോലീസിനേയും അവര്‍ സജ്ജമാക്കി.

സംഭവങ്ങള്‍ പുറത്തറിഞ്ഞിട്ടും കാര്യമായി ഒന്നും സംഭവിച്ചില്ല. സമ്മര്‍ദ്ദം സഹിക്കവയ്യാതെ ഗാസിയാബാദിലെ പോലീസ് മേധാവി വിഭൂതി നാരായണ്‍ റായി എഫ്.ഐ.ആര്‍ ഇട്ടു. പക്ഷേ അന്വേഷണങ്ങള്‍ ഇഴഞ്ഞു നീങ്ങി. പത്തൊന്‍പത് പേരടിങ്ങിയ ഒരു പോലീസ് സംഘത്തിനെയാണ് പ്രതിചേര്‍ത്തത്. ഉന്നത ഉദ്യോഗസ്ഥരേയോ മേജര്‍ സതീശ് ചന്ദ്ര കൗശിക്കിനേയോ ആരും പ്രതിചേര്‍ത്തില്ല. രാജീവ് ഭരണത്തിന് ശേഷമുള്ള വിവിധ സോഷ്യലിസ്റ്റ് ഭരണകാലങ്ങളിലും ബി.ജെ.പിയുടെ ഭരണകാലത്തും തുടര്‍ന്നുള്ള രണ്ട് യു.പി.എ സര്‍ക്കാരുകളുടെ കാലത്തും കേസ് ഇഴഞ്ഞിഴഞ്ഞ് നീങ്ങിക്കൊണ്ടിരുന്നു. അതിനിടെ മേജര്‍ സതീശ് ചന്ദ്ര കൗശിക് ലഫ്നന്റ് കേണലായി പ്രമോഷന്‍ ലഭിച്ച് കരസേനയില്‍ നിന്ന് റിട്ടയര്‍ ആയി. ജവാന്‍ റാങ്കിലുള്ള 19 പ്രതികളില്‍ മൂന്ന് പേര്‍ അന്വേഷണ കാലയളവില്‍ മരിച്ച് പോയി. അവസാനം 2015 മാര്‍ച്ച് 21ന് ഡല്‍ഹി സെഷന്‍സ് കോടതി തെളിവുകളില്ല എന്ന് പറഞ്ഞ് പതിനാറ് പി.എ.സി ജവാന്മാരേയും വെറുതെ വിട്ടു. പിന്നീട് ഹൈക്കോടതി ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

പക്ഷേ 1987-ലെ മീററ്റിലെ മുസ്ലീം കൂട്ടക്കൊലകള്‍ക്ക് ശേഷം കോണ്‍ഗ്രസ് ഒരിക്കല്‍ പോലും ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയിട്ടില്ല. അതുവരെ, അടിയന്തിരാവസ്ഥയ്ക്ക് തൊട്ട് ശേഷമൊഴികെ കോണ്‍ഗ്രസോ, കോണ്‍ഗ്രസിന്റെ പാരമ്പര്യമുള്ളവരോ മാത്രം ജയിച്ചിരുന്ന സംസ്ഥാനമായിരുന്നു ഉത്തര്‍പ്രദേശ്. മീററ്റ് ലോക്‌സഭ മണ്ഡലത്തിലും 1987-ന് ശേഷം ഒരിക്കല്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായി സാധിച്ചിട്ടുള്ളത്. ഏതാണ്ട് നാല് പതിറ്റാണ്ടിനിപ്പുറവും ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് നേരെ ഭരണകൂടവും സേനയും സംയുക്തമായി നടത്തിയ ക്രൂരമായ വേട്ടകളുടെ ഓര്‍മ്മകളിലൊന്നായി ഹാഷിംപുരയും മല്യാനയും അവശേഷിക്കുന്നു.  38 years have passed since the Congress party was hunted down in the hashimpura malyana massacre

Content Summary; 38 years have passed since the Congress party was hunted down in the hashimpura malyana massacre

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×