മധ്യവര്‍ത്തി സിനിമകളുടെ ശ്രേണിയിലേക്ക് ഒരുപിടി നല്ല സിനിമകള്‍ സംഭാവന ചെയ്ത സംവിധായകനായിരുന്നു കെ ജി ജോര്‍ജ്. അക്കൂട്ടത്തിലെ മികച്ച സിനിമകളിലൊന്നായി പഞ്ചവടിപ്പാലവും
മലയാളിയുടെ സിനിമ ആസ്വാദനത്തിലേക്ക് പ്രമേയങ്ങളിലൂടെ പുതുമ കൊണ്ടുവന്ന ഏതാനും സംവിധായകരില്‍ ഒരാളാണ് കെ ജി ജോര്‍ജ്. കാലത്തിന് മുന്‍പേ പിറന്ന സിനിമകളുടെ സംവിധായകന്‍ എന്ന പേരിലായിരിക്കും ഒരു പക്ഷേ കെ ജി ജോര്‍ജ് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത്. അത്തരത്തില്‍ കെ ജി ജോര്‍ജിനെ സ്വീകാര്യനാക്കിയ സിനിമകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പഞ്ചവടിപ്പാലം ഇറങ്ങിയിട്ട് 40 വര്‍ഷം തികഞ്ഞു. 1984 സെപ്റ്റംബര്‍ 28 നാണു പഞ്ചവടിപ്പാലം പുറത്തിറങ്ങിയത്. വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനായ കെ ജി ജോര്‍ജും സംഭാഷണം കാര്‍ട്ടൂണിസ്റ്റ് യേശുദാസനും നിര്‍വഹിച്ചിരിക്കുന്നു.
ആക്ഷേപഹാസ്യത്തിലൂടെ രാഷ്ട്രീയ രംഗത്തെ അധികാര നാടകങ്ങള്‍, ഉദ്യോഗസ്ഥ ഭരണം, അഴിമതി എന്നീ അസംബന്ധങ്ങളെ വിമര്‍ശിക്കുന്ന, മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് പഞ്ചവടിപ്പാലം എന്ന് നിസ്സംശയം പറയാം. ചിത്രത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ ‘പഞ്ചവടിപ്പാലം’ ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ്.
രണ്ട് ദേശങ്ങളെ ബന്ധിപ്പിക്കുന്ന, കാല്‍നടയാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായ ഒരു പാലത്തിന്റെ ദൃശ്യങ്ങളോടെയാണ് ചിത്രം ആരംഭിക്കുന്നത്.
യാതൊരുവിധ കേടുപാടുകളും ഇല്ലാത്ത ഈ പാലം പൊളിച്ച് അതിന് പകരം പുതിയ ഒരു പാലം നിര്‍മിക്കാനുള്ള പദ്ധതിയുമായി ഇവിടുത്തെ അധികാരികള്‍ മുന്നോട്ടു വരുന്നതും അതിനുവേണ്ടി അവരൊരുക്കുന്ന പദ്ധതികളിലൂടെയും കടന്നുപോകുന്ന സിനിമ, തകര്‍ന്ന് പോയ പുതിയതായി നിര്‍മിച്ച പാലത്തിന്റെ ദൃശ്യങ്ങളിലൂടെയാണ് അവസാനിക്കുന്നത്.
പഞ്ചവടിപ്പാലത്തില്‍ പാലം ഒരു കഥാപാത്രമായും ഒരു വിഷ്വല്‍ മെറ്റഫര്‍ ആയും ഉപയോഗിച്ചിരിക്കുന്നതായി കാണാം. വളരെ ലളിതമായി കഥ പറഞ്ഞു പോകുന്നു എന്ന് തോന്നിപ്പിക്കുമെങ്കിലും പ്രതീകാത്മകമായ ദൃശ്യങ്ങളിലൂടെ മുന്നോട്ട് സഞ്ചരിക്കുന്ന ചിത്രത്തിന്റെ അവസാനത്തില്‍ തകര്‍ന്ന് കിടക്കുന്ന ഈ പാലം കെടുകാര്യസ്ഥതയുടെ പ്രതീകമാണ്.
വികസന പദ്ധതികള്‍ പലപ്പോഴും അഴിമതിയുടെ പുകമറയായി മാറ്റുകയും പൊതുക്ഷേമം വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഉപജാപങ്ങള്‍ക്ക് നാം ഇന്നും സാക്ഷ്യം വഹിക്കുന്നുണ്ടല്ലോ. അങ്ങനെ നോക്കുമ്പോള്‍ 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ഈ ചിത്രത്തിനും ഈ ചിത്രകാരനും ഒരു പ്രവചനാത്മക സ്വഭാവം ഉള്ളതായി തോന്നിപ്പോകുന്നതില്‍ അതിശയോക്തിയില്ല.
അക്കാലത്തെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ ആഴത്തില്‍ വേരൂന്നിയ, മൂര്‍ച്ചയുള്ള സംഭാഷണങ്ങളും സാഹചര്യത്തിനനുസരിച്ചുള്ള നര്‍മവും പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ചിത്രമായി പഞ്ചവടിപ്പാലത്തെ മാറ്റുന്നുണ്ട്.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍, ആക്ഷേപഹാസ്യത്തിന് വേണ്ടി ഒരല്പം അതിശയോക്തി കലര്‍ത്തി അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഈ കഥാപാത്രങ്ങളൊന്നും തന്നെ സ്ഥിരം അച്ചില്‍ വാര്‍ത്തെടുത്ത സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളായിരുന്നില്ല, മറിച്ച് പ്രേക്ഷകന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ആഴമുള്ള ആര്‍കിടൈപ് കഥാപാത്രസൃഷ്ടികളാണ്.
മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടം എന്ന് തന്നെ വിളിക്കാവുന്ന 1970- 90 കാലഘട്ടത്തിലാണ് പഞ്ചവടിപ്പാലം ഇറങ്ങുന്നത്. അടൂരും ജി അരവിന്ദനും ജോണ്‍ എബ്രഹാമും സമാന്തര സിനിമയിലൂടെ നിറഞ്ഞുനിന്ന ആ കാലഘട്ടത്തില്‍ തന്നെ വിപണിയുടെ കച്ചവട സാധ്യതള്‍ക്കനുസരിച്ച് നിര്‍മിക്കപ്പെട്ട കച്ചവട സിനിമകളും ഇവിടെ പ്രശസ്തി ആര്‍ജ്ജിച്ചു. പക്ഷെ ഈ കാലഘട്ടത്തില്‍ മലയാള സിനിമക്ക് സംഭവിച്ച ഏറ്റവും വലിയ നേട്ടം മധ്യവര്‍ത്തി സിനിമകളായിരുന്നു. സമാന്തര സിനിമയുടെ റിയലിസ്റ്റിക് ആഖ്യാന ശൈലി സ്വീകരിച്ചുകൊണ്ട് കലാമൂല്യമുള്ളതും എന്നാല്‍ പ്രേക്ഷകരെ രസിപ്പിക്കുന്നതുമായ മധ്യവര്‍ത്തി സിനിമകള്‍ ഈ കാലഘട്ടത്തെ കൂടുതല്‍ മനോഹരമാക്കുകയായിരുന്നു. മധ്യവര്‍ത്തി സിനിമകളുടെ ശ്രേണിയിലേക്ക് ഒരുപിടി നല്ല സിനിമകള്‍ സംഭാവന ചെയ്ത സംവിധായകനായിരുന്നു കെ ജി ജോര്‍ജ്. അക്കൂട്ടത്തിലെ മികച്ച സിനിമകളിലൊന്നായി പഞ്ചവടിപ്പാലവും.
40 വര്‍ഷങ്ങള്‍ക്ക് ശേഷവും കെ ജി ജോര്‍ജിന്റെ ചിത്രങ്ങള്‍ പ്രസക്തമാകുന്നതിന് കാരണം മാറ്റങ്ങള്‍ക്കും നൂതന ആശയങ്ങള്‍ക്കും സര്‍ഗാത്മകതയില്‍ ഇടം കൊടുക്കാന്‍ സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം കാണിച്ച ആര്‍ജവമാണ്. ശാശ്വതമായ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തും, നര്‍മ്മവും ആക്ഷേപഹാസ്യവും ഉപയോഗിച്ചും, ദൃശ്യ രൂപകങ്ങളിലൂടെ ചിന്തോദ്ദീപകമായ സിനിമ വാഗ്ദാനം ചെയ്യുന്നതിനിടയില്‍ മാനദണ്ഡങ്ങളെ വെല്ലുവിളിക്കാന്‍ കെ ജി ജോര്‍ജ് ധൈര്യപ്പെട്ടതിനാലാണ് ഇന്നും അദ്ദേഹത്തിന്റെ സിനിമകള്‍ നമ്മുടെ സിനിമാ മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാകുന്നത്. സാങ്കേതികതയിലും ആഖ്യാനരീതികളിലും ഏറെ പുരോഗമനം കൈവരിച്ചു എന്നവകാശപ്പെടുന്ന ഇന്നത്തെ മലയാള സിനിമയില്‍ കാലങ്ങള്‍ക്ക് ശേഷം ചര്‍ച്ചയാകാന്‍ പ്രാപ്തിയുള്ള പ്രമേയങ്ങളുള്ള എത്ര ചിത്രങ്ങളുണ്ടാകും എന്ന ചോദ്യമാണ് യഥാര്‍ത്ഥത്തില്‍ പഞ്ചവടിപ്പാലം പോലുള്ള സിനിമകളുടെ പ്രസക്തി ഇന്നും നിലനിര്‍ത്തുന്നത്. 40 years of panchavadi palam, malayalam movie directed by kg george
Content Summary; 40 years of panchavadi palam, malayalam movie directed by kg george