ഇന്ത്യയിലെ പ്രബല സാമ്പത്തിക ശക്തികളിൽ ഒന്നായി ഉയർന്നു വന്ന ബോബി ചെമ്മണൂരിന്റെ പിന്തുണാ സംവിധാനത്തിൽ പ്രധാനപ്പെട്ടതാണ് മലങ്കര മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി. ഒരു ലക്ഷത്തിലധികം അംഗങ്ങളും 1,100 കോടിയിലധികം വിറ്റുവരവുമുള്ള ഈ സ്ഥാപനത്തെ എങ്ങനെയാണ് ബോബി ചെമ്മണൂർ തന്റെ അധീനതയിലാക്കിയത് എന്ന സംശയങ്ങൾ ശക്തമാണ്.
2009ലാണ് മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ രൂപത ബിഷപ്പ് എമരിറ്റസ് ആയിരുന്ന എബ്രഹാം മാര്‍ യൂലിയോസ് മലങ്കര സൊസൈറ്റി രജിസ്റ്റര്‍ ചെയ്യുന്നത്. മള്‍ട്ടി-സ്റ്റേറ്റ് സഹകരണ സംഘ നിയമപ്രകാരമായിരുന്നു പ്രവര്‍ത്തനം. എന്നാല്‍ വിചാരിച്ചപോലെ മുന്നോട്ടു പോകാതിരുന്ന സൊസൈറ്റി സാമ്പത്തിക പ്രതിസന്ധി നേരിട്ടു. ഈ അവസരം പ്രയോജനപ്പെടുത്തിയാണ് 2019ല്‍ ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് സൊസൈറ്റി ഏറ്റെടുത്തത്.
മലങ്കര മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ചെമ്മണൂര്‍ ഗ്രൂപ്പ് ഏറ്റെടുക്കുമ്പോള്‍, വെറും 523 അംഗങ്ങൾ മാത്രമാണ് സൊസൈറ്റിയിൽ അംഗങ്ങളായുണ്ടായിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം അംഗങ്ങളുള്ളതും സ്വാധീനമുള്ളതുമായ ഒരു ധനകാര്യ സ്ഥാപനമായി സൊസൈറ്റിയായി ബോബി സൊസൈറ്റിയെ വളര്‍ത്തി. നിലവില്‍ ഇവരുടെ നിക്ഷേപങ്ങള്‍ 550 കോടി രൂപ കടന്നു, വിറ്റുവരവ് 1,100 കോടി രൂപയിലുമെത്തി.
ചെമ്മണൂര്‍ ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനികള്‍ക്ക് സൊസൈറ്റിയില്‍ നിന്ന് വായ്പയായി അനുവദിച്ചത് 157 കോടി രൂപയിലധികമാണ്. മലങ്കര സൊസൈറ്റിയെ ബോബി ഉപയോഗപ്പെടുത്തുന്നതിനുള്ള തെളിവുകള്‍ അദ്ദേഹവുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ക്കു നല്‍കിയ കോടികളുടെ വായ്പകളാണ്. വായ്പയ്ക്ക് വേണ്ടി നല്‍കിയ ഒരു ഈടാണ് സൊസൈറ്റിയുടെ അപകടകരമായ ഔദാര്യത്തിന് പ്രകടമായ ഒരുദാഹരണം.
ബോബി ജനങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിക്കുന്ന ആഡംബര വാഹനശ്രേണിയിലെ സ്വര്‍ണനിറമുള്ള റോള്‍സ്-റോയ്സ് കാര്‍. കാറിന്റെ വിപണി മൂല്യം ഏതാണ്ട് 3.5 കോടി രൂപ മാത്രമായിരിക്കെ, മലങ്കര സൊസൈറ്റി കാർ ഈട് വച്ച് 5 കോടിയുടെ വായ്പയാണ് അനുവദിച്ചത്.
കോടിക്കണക്കിന് രൂപയുടെ വായ്പ നേടിയെടുത്തതിനു പിന്നിലെ കളികളെക്കുറിച്ച് അന്വേഷിക്കുമ്പോഴാണ് ഈ കഥയിലേക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു മുന്‍ ഉദ്യോഗസ്ഥന്‍ കടന്നു വരുന്നത്. അതായിരുന്നു വി. പഹല. ആര്‍ബിഐ തിരുവനന്തപുരത്തെ മാര്‍ക്കറ്റ് ഇന്റലിജന്‍സ് വിഭാഗത്തില്‍ മാനേജരായിരുന്നു പഹല. 2017-ല്‍ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ നിയമവിരുദ്ധ നിക്ഷേപ പദ്ധതികളെക്കുറിച്ച് ആര്‍ബിഐ അന്വേഷിച്ചപ്പോള്‍ ആ വിഭാഗത്തില്‍ അംഗമായിരുന്നു. 2019-ല്‍ ആര്‍ബിഐയില്‍ നിന്നും വിരമിച്ച ഉടന്‍ പഹല ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗോള്‍ഡ് പാലസ് ലിമിറ്റഡില്‍ ഡയറക്ടറായി ചേര്‍ന്നു. പിന്നാലെ മലങ്കര സൊസൈറ്റിയുടെ ബോര്‍ഡിലും അംഗമായി.
ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കേണ്ട ഉദ്യോഗസ്ഥന്‍ അതേ ഗ്രൂപ്പിലെ പ്രധാന സ്ഥാപനങ്ങളുടെ ഭരണത്തില്‍ പങ്കാളിയായി മാറുന്നു. വി. പഹല മലങ്കര സൊസൈറ്റിയില്‍ ഡയറക്ടറായിരുന്ന 2021ലാണ് സൊസൈറ്റി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗോള്‍ഡ് പാലസ് ലിമിറ്റഡിന് 60 കോടി രൂപ വായ്പ അനുവദിച്ചത്. സൊസൈറ്റിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിക്കുന്നതിന് ബോബി കൈപ്പറ്റുന്നതാകട്ടെ പ്രതിമാസം 28 ലക്ഷവും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 3.43 കോടി ബോബിയുടെ കൈകളിലെത്തി.
content summary: 5 crore loan used for acquiring a Rolls-Royce and a brand-ambassador remuneration of 28 lakh, what is the nature of the relationship between the Malankara Society and Bo Che?
This post was last modified on November 23, 2025 8:40 am
Leave a Comment