‘മനുഷ്യന്റെ ചെറുത്തുനില്പിന്റെ മറുപേരാണ് വിയറ്റ്‌നാം. പച്ചപ്പിന്റെ വയലുകളിലും ഇടതൂര്‍ന്ന കാടുകളിലും ചളി നിറഞ്ഞ ചതുപ്പുകളിലും ചവിട്ടിനിന്ന് ഒരു കൊച്ചുരാജ്യം അമേരിക്കന്‍ അധീശത്വത്തെ ചെറുത്തുതോല്പിച്ചപ്പോള്‍ അതു മനുഷ്യന്റെ അന്തസ്സിനുമേല്‍ വെച്ച അനശ്വരകിരീടമായി.’ (ടി ജെ എസ് ജോര്‍ജ് – ഹോ ചി മിന്റെ നാട്ടില്‍) അമേരിക്കയുടെ സമാനതകളില്ലാത്ത ആക്രമണവും, അധിനിവേശവും, ആരാലും പരാജയപ്പെടുത്താനാവാത്തവര്‍ എന്ന അഹങ്കാരത്തിനു മുകളില്‍ ഏഷ്യയുടെ തെക്കുകിഴക്കുള്ള വിയറ്റ്നാം എന്ന കൊച്ചുരാജ്യം വിജയിച്ചു കയറിയിട്ട് 50 വര്‍ഷം തികയുകയാണ്. ‘തോല്‍വി’ എന്ന മൂന്നക്ഷരം നിഘണ്ടുവില്‍ ഇല്ലാത്ത അമേരിക്കന്‍ സാമ്രാജ്യത്തെ വിറപ്പിച്ച ഒരു ജനത. വിയറ്റ്നാം എന്ന രാജ്യത്തെ ചരിത്രം അങ്ങനെ രേഖപ്പെടുത്തും.
ആഭ്യന്തര യുദ്ധം അന്താരാഷ്ട്ര യുദ്ധമായി പരിണമിച്ച കഥ
വിയറ്റ്‌നാമിന്റെ തെക്ക് – വടക്ക് പ്രവിശ്യകള്‍ തമ്മിലെ ഒരാഭ്യന്തരയുദ്ധം ആണ് ഒടുവില്‍ സാമ്രാജ്യത്വ ശക്തികളുടെ ഇടപെടലുകളിലൂടെ അന്താരാഷ്ട്രെ യുദ്ധമായി വളര്‍ന്നത്. 1959 ഏപ്രില്‍ മുതല്‍ 1975 വരെ 16 വര്ഷം നീണ്ടുനിന്ന ഒന്നായിരുന്നു വിയറ്റ്‌നാം- യു എസ് യുദ്ധം. Foreign invasions ധാരാളം അനുഭവിച്ചിട്ടുള്ള ജനതയാണ് വിയറ്റ്‌നാമിലേത്. ക്രിസ്തുവിനു മുന്‍പേ ആരംഭിച്ച് ആയിരം വര്‍ഷം നീണ്ട ചൈനീസ് അധിനിവേശത്തിനുശേഷം കുറേക്കാലം സ്വദേശി രാജാക്കന്‍മാര്‍ ഭരിച്ചു. 1850കള്‍ക്കു ശേഷം ഫ്രാന്‍സ് വിയറ്റ്‌നാം ആക്രമിക്കുകയും രാജ്യം ഫ്രഞ്ച് കോളനിയാവുകയും ചെയ്തു.
ജനീവയില്‍ വച്ചുനടന്ന സമ്മേളനത്തില്‍ ഫ്രാന്‍സ് വിയറ്റ്‌നാമിനു സ്വാന്തന്ത്ര്യം നല്‍കുവാന്‍ തീരുമാനമെടുത്തു. എന്നാല്‍ ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ പയറ്റിയ ഡിവൈഡ് ആന്‍ഡ് റൂള്‍ സ്ട്രാറ്റജി നടപ്പാക്കി കൊണ്ടാണ് ഫ്രാന്‍സ് കളം വിട്ടത്. വിയറ്റ്‌നാമിനെ ഒരു പൂര്‍ണ്ണ കമ്മ്യൂണിസ്റ്റ് ഭരണത്തിനു വിട്ടുകൊടുക്കാതെ രാജ്യത്തെ ഉത്തരവിയറ്റ്‌നാം, ദക്ഷിണവിയറ്റ്‌നാം എന്നിങ്ങനെ രണ്ടായി വിഭജിക്കുകയും ഉത്തരവിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് മേല്‍നോട്ടത്തിലും ദക്ഷിണ വിയറ്റ്‌നാം പാശ്ചാത്യപിന്തുണയുള്ള സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലും ഭരണം തുടരാന്‍ ഏല്‍പ്പിച്ചു. ഒരേ സാംസ്‌കാരിക പൈതൃകം പേറുന്ന ഒരു രാജ്യം ഇത്തരത്തില്‍ രണ്ടായി വിഭജിക്കപ്പെട്ടത് തന്നെയാണ് യുദ്ധം ഉടലെടുക്കാനുള്ള പ്രധാന കാരണം.
തെക്കന്‍ വിയറ്റ്നാമിന്റെ ചുമതല അമേരിക്കയുടെ നേതൃത്വത്തിലുള്ള മുതലാളിത്ത ചേരിയുടെ സന്തത സഹചാരിയായ ദിന്‍ ദിയെം എന്ന നേതാവിനായിരുന്നു. അതേസമയം വടക്കന്‍ വിയറ്റ്നാമില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടവും അധികാരത്തിലേറി. അങ്ങനെ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാമെന്ന് വടക്കന്‍ വിയറ്റ്നാമും, റിപ്പബ്ലിക്ക് ഓഫ് വിയറ്റ്നാമെന്ന് തെക്കും അറിയപ്പെട്ടു. കടുത്ത കമ്മ്യൂണിസ്റ്റ് വിരോധിയായിരുന്ന ദിയെം ദക്ഷിണവിയറ്റ്നാമില്‍ കമ്മ്യൂണിസ്റ്റ് വേട്ടയാരംഭിച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ അതിക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ച ദിയെമിന്റെ നയങ്ങള്‍ക്കെതിരെ കമ്മ്യൂണിസ്റ്റുകള്‍ തിരിഞ്ഞു.
വിയറ്റ്നാം മുഴുവന്‍ സ്വാധീനമുള്ള ഗറില്ലകള്‍ ദിയെം സര്‍ക്കാരിനെതിരേ ഗറില്ലായുദ്ധം ആരംഭിച്ചു. സ്വാഭാവികമായും നോര്‍ത്ത് വിയറ്റ്നാമിലുള്ള കമ്മ്യൂണിസ്റ്റ് അനുഭാവികളും ഭരണകൂടവും ഗറില്ലകള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഈ കമ്മ്യൂണിസ്റ്റ് ഗറില്ല പോരാളികളെ ‘വിയറ്റ്കോംഗ്’ എന്നായിരുന്നു വിളിച്ചിരുന്നത്. വിയറ്റ്കോംഗുകളുടെ തിരിച്ചടി തെക്കന്‍ വിയറ്റ്നാമില്‍ ആഭ്യന്തരപ്രശ്നങ്ങള്‍ക്ക് തിരികൊളുത്തി. കൂടാതെ തെക്കന്‍ വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് അനുഭാവികളും വടക്കന്‍ വിയറ്റ്നാമിന്റെ പക്ഷംചേര്‍ന്നു. കൂടാതെ അഴിമതിക്കാരനായിരുന്ന ദിന്‍ ദിയെമിന്റെ ഭരണത്തിനെതിരെ കര്‍ഷകരും സാധാരണക്കാരും ബുദ്ധമതക്കാരും കളത്തിറങ്ങിയതും വിയറ്റ് കോംഗുകള്‍ക്ക് ഉപകാരമായി. അങ്ങനെ ഇരുപക്ഷങ്ങളും തമ്മില്‍ ഒരു ആഭ്യന്തരകലഹമായി അത് പരിണമിച്ചു.
നാപാം ബോംബുകളും, ഏജന്റ് ഓറഞ്ചും – ലോക ചരിത്രത്തിലെ ഏറ്റവും കിരാതമായ കെമിക്കല്‍ ആക്രമണം
‘I love the smell of napalm in the morning.’ – ‘Apocalypse Now’, 1979. വിയറ്റ്‌നാം യുദ്ധത്തെ അടിസ്ഥാനനമാക്കി 1979 ല്‍ Francis Ford Coppola -യുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ Apocalypse Now, Joseph Conrad എന്ന ബ്രിട്ടീഷ് എഴുത്തുകാരന്റെ Heart of Darkness എന്ന നോവലിനെ ആസ്പദമാക്കിയ ചലച്ചിത്രാവിഷ്‌ക്കരമായിരുന്നു. ഒരു യു എസ് പെര്‍സ്‌പെക്റ്റീവില്‍ കഥ പറയുന്ന ചിത്രം ആണെങ്കിലും പരസ്പരം യുദ്ധം ചെയ്യുന്നതിലൂടെ ആത്യന്തികമായി എന്ത് നേടി എന്ന ചോദ്യമാണ് Coppola ഈ സിനിമയിലൂടെ മുന്‍പോട്ടു വയ്ക്കുന്നത്.
വിയറ്റ്‌നാമിലെ സംഘര്‍ഷത്തില്‍ നേരിട്ടിടപെടാന്‍ ആദ്യം യു എസ് തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് വിയറ്റ്‌നാമിനടുത്തുള്ള ഉള്‍ക്കടലില്‍ വച്ച് തങ്ങളുടെ കപ്പലിനെ തെക്കന്‍ വിയറ്റ്‌നാം ആക്രമിച്ചു എന്നാരോപിച്ച് അമേരിക്ക വിയറ്റ്‌നാം ആഭ്യന്തരയുദ്ധത്തില്‍ നേരിട്ടിടപ്പെട്ടു. രണ്ടാം ലോകമഹായുദ്ധസമയത്ത് വികസിപ്പിച്ചെടുത്ത നാപാം ബോംബുകള്‍ വ്യാപകമായി പ്രയോഗിക്കപ്പെട്ടു.
രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കന്‍ സൈന്യവും ഹാര്‍വാഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരും ചേര്‍ന്ന് വികസിപ്പിച്ച നാപാം (Napalm) തീബോംബുകളിലും ജ്വാലാവിക്ഷേപണികളിലും ഉപയോഗിക്കുന്ന ഒരു ഗ്യാസോലിന്‍ ജെല്ലി മിശ്രിതമാണ് നാപാം (Napalm). ബോംബുകള്‍ ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോള്‍ ജെല്ലിപോലെ കൊഴുത്ത ദ്രാവകം മര്‍ദത്തോടെ പുറത്തേക്ക് വരുകയും കത്തിപ്പിടിക്കുകയും ചെയ്യുന്നു. ജെല്ലി അടങ്ങിയിട്ടുള്ളതിനാല്‍ പതിക്കുന്നിടത്ത് അത് ഒട്ടിപ്പിടിക്കും. നാപാം ബോംബ് ശരീരത്തില്‍ ഒട്ടിപ്പിടിച്ച് ഒരു തീപ്പന്തം പോലെ ഓടുന്ന ബാലികയുടെ ചിത്രം ലോകമനസാക്ഷിയെ ആകെ ഞെട്ടിക്കുകയുണ്ടായി. നാപാം ഭീകരതയെ ഈ ചിത്രം ഇന്നും ഓര്‍മിപ്പിക്കുന്നു. അതുപോലെ നിരവധി വിയറ്റ്നാം യുദ്ധചിത്രങ്ങള്‍ നമ്മെ ഇപ്പോഴും നൊമ്പരപ്പെടുത്തുന്നുണ്ട്. യുദ്ധം എപ്പോഴത്തെയും പോലെ വിയറ്റ്നാം ജനതയെയും കടുത്ത പ്രതിസന്ധിയിലാക്കി.
അമേരിക്കയുടെ ബോംബ് വര്‍ഷത്തില്‍ വിയറ്റ്‌നാമിലെ കാടുകളും കൃഷികളും വിഷ മയമാക്കി. ഗറില്ലകളെ പട്ടിണിക്കിട്ട് കൊല്ലുവാനായുദ്ദേശിച്ച് അമേരിക്കന്‍ സൈന്യം വിയറ്റ്‌നാമില്‍ പാടങ്ങള്‍ ഒക്കെയും ചുട്ടെരിച്ചു. കാടുകളില്‍ ഒളിച്ചിരിക്കുന്ന ഗറില്ലകളെ കണ്ടെത്താനും കൊന്നൊടുക്കാനുമായി അമേരിക്ക ഹെക്ടര്‍ കണക്കിനു വനഭൂമിയില്‍ ഏജന്റ് ഓറഞ്ച് എന്ന വിഷവസ്തു തളിക്കുകയുണ്ടായി.
സസ്യങ്ങളെ കൂട്ടത്തോടെ നശിപ്പിക്കാനും വലിയ മരങ്ങളില്‍ പൂര്‍ണമായ ഇലപൊഴിച്ചിലിനും ഏജന്റ് ഓറഞ്ചിന് സാധിക്കും. വിയറ്റ്‌നാം യുദ്ധകാലത്തു അമേരിക്കന്‍ പട്ടാളം വ്യാപകമായി ഉപയോഗിച്ച ഒരു രാസവസ്തുവാണ് ഇത്. വമ്പിച്ച പാരിസ്ഥിതിക പ്രശ്‌നത്തിന് പുറമെ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഗുരുതരമായ രോഗങ്ങളും വരുത്തിവെക്കുന്ന മാരക രാസവസ്തുവാണ് ഇത്. അമേരിക്കയുടെ കിരാതമായ മനുഷ്യ വേട്ടയില്‍ വിയറ്റ്നാമില്‍ നിരപരാധികളായ ലക്ഷക്കണക്കിന് കര്‍ഷകര്‍ കൊല്ലപ്പെട്ടു. വീടും ഗതാഗത സൗകര്യങ്ങളും എല്ലാം നശിച്ചു.
പോരാട്ട വീര്യത്തിന്റെ വിയറ്റ്നാം മാതൃക
‘it is not our war എന്നായിരുന്നു അമേരിക്കന്‍ പൊതു ബോധം വിയറ്റ്നാം യുദ്ധത്തെ കുറിച്ച് പറഞ്ഞിരുന്നത്. തുടക്കം മുതലേതന്നെ തങ്ങള്‍ അനാവശ്യമായ ഒരു യുദ്ധത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുകയായിരുന്നുവെന്ന ചിന്തയില്‍ ആയിരുന്നു ലക്ഷക്കണക്കിന് വരുന്ന അമേരിക്കന്‍ സൈനികരും. എന്നാല്‍ വിയറ്റ്നാമില്‍ യഥാര്‍ത്ഥത്തില്‍ യു എസ് അടിയറവ് പറഞ്ഞത് വിയറ്റ് കോംഗ് പടയുടെ അതിജീവനത്തിന്റെ മുന്നില്‍ ആണ്. മാരകമായ ആക്രമണത്തില്‍ ഇവര്‍ പിടിച്ചു നിന്നത് മണ്ണിന് താഴെ നിര്‍മിച്ച തുരംഗങ്ങളുടെയും ഭൂഗര്‍ഭഅറകളുടെയും സങ്കീര്‍ണമായ നെറ്റ്വര്‍ക്കിന്റെ സഹായത്തോടെ ആണ്.ഒരാള്‍ക്ക് കഷ്ടിച്ച് നൂണ്ടുപോകാന്‍ മാത്രം വലുപ്പമുള്ള ഇവയില്‍ ഏറെനേരം തങ്ങേണ്ടിവരുമായിരുന്നു പല ഭടന്മാര്‍ക്കും. ആവശ്യത്തിന് പ്രാണവായുവോ ഭക്ഷണമോ കിട്ടാന്‍ പ്രയാസമുള്ള അത്രയും പ്രതികൂലമായ സാഹചര്യത്തില്‍ അവര്‍ കാണിച്ച അര്പണമനോഭാവം യു എസ് സേനക്ക് നിദാന്തമായ അസ്വസ്ഥത സൃഷ്ട്ടിച്ചു.
വൈകാരിക മാനസികസമ്മര്‍ദ്ധങ്ങള്‍ക്കടിമപ്പെട്ട യുഎസ് ആര്‍മി കണ്ണില്‍ക്കണ്ടവരെയൊക്കെ കൊന്നുതള്ളിക്കൊണ്ടിരുന്നു. അമേരിക്കയില്‍ തന്നെ ഈ യുദ്ധത്തിനെതിരേയും അമേരിക്കന്‍ സൈനികരുടെ ക്രൂരതകള്‍ക്കെതിരേയും വളരെവലിയ പ്രതിഷേധമുയര്‍ന്നുവരാന്‍ തുടങ്ങി. വിയറ്റ്നാം യുദ്ധത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ പല ലോക രാജ്യങ്ങളും, സംഘടനകളും യുഎസ്സിനെതിരെ നിലപാട് എടുത്ത്. മറു വശത്ത് സ്വന്തം മണ്ണിനുവേണ്ടി പൊരുതുന്ന വിയറ്റ്‌നാമികള്‍ ആത്മാര്‍പ്പണത്തോടെയാണു പൊരുതിയത്. കമ്മ്യൂണിസ്റ്റുകളും നാട്ടുകാരും അതൊരു സ്വാതന്ത്ര്യപോരാട്ടമായാണ് വിലയിരുത്തിയത്. ഗറില്ലാസൈന്യം അത്ര സംഘടിതമല്ലായിരുന്നെങ്കിലും റഷ്യന്‍ നിര്‍മ്മിത ആയുധങ്ങള്‍കൊണ്ട് പ്രഗത്ഭരായ അമേരിക്കന്‍ സൈനികരോട് പോരാടി അവര്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവച്ചുകൊണ്ടിരുന്നു. ഒളിപ്പോരാളികള്‍ക്ക് പ്രത്യേക വേഷമില്ല, അതുകൊണ്ടുതന്നെ എതിരാളി ആരെന്ന് തിരിച്ചറിയാന്‍ അമേരിക്കന്‍ പട്ടാളത്തിനു പലപ്പോഴും സാധിച്ചിരുന്നില്ല.
ഇതിനിടയില്‍ വിയറ്റ്‌നാമിന്റെ പ്രധാന ആഘോഷവങ്ങളിലൊന്നായിരുന്ന ടെറ്റ് ഉത്സവ ദിവസം വലരെ വലിയൊരു ഗറില്ലാസൈന്യം അമേരിക്കന്‍ ക്യാമ്പുകളിലും എംബസിയിലുമുള്‍പ്പെടെ ഒരു മിന്നലാക്രമണം നടത്തി. കനത്ത ആള്‍നാശമാണ് ഇത് മൂലം അമേരിക്കയ്ക്ക് ഉണ്ടായത്. ഈ സംഭവം കൂടിയായതോടെ അമേരിക്കയില്‍ ഈ യുദ്ധത്തിനെതിരേയുള്ള മുറവിളി ശക്തമായിമാറി. മാത്രമല്ല യുദ്ധമുഖത്തുനിന്നും വന്നുകൊണ്ടിരുന്ന ചില ചിത്രങ്ങള്‍ പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിക്കപ്പെട്ടതോടെ യുദ്ധവിരുദ്ധവികാരം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. 1973 ല്‍ പാരീസില്‍ വച്ചു നടന്ന സമാധാന ചര്‍ച്ചയ്ക്ക് ശേഷം അമേരിക്കയും നോര്‍ത്ത് വിയറ്റ്‌നാമും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പ് വച്ചു. അതിനുശേഷവും നോര്‍ത്ത് സൌത്ത് വിയറ്റ്‌നാമുകള്‍ തമ്മിലുള്ള ആഭ്യന്തരയുദ്ധം തുടര്‍ന്നുകൊണ്ടിരുന്നു.
1975 ല്‍ നോര്‍ത്ത് വിയറ്റ്‌നാം സൌത്ത് വിയറ്റ്‌നാമിന്റെ ക്യാപ്പിറ്റലായ സൈഗോണ്‍ പിടച്ചടക്കുകയും ഉത്തരദക്ഷിണവിയറ്റ്‌നാമുകള്‍ ഏകീകരിക്കപ്പെടുകയും ചെയ്തു. അങ്ങനെ 1959 മുതല്‍ 1975 വരെ വര്‍ഷക്കാലം നീണ്ടുനിന്ന, വിയറ്റ്‌നാം യുദ്ധം അവസാനിക്കപ്പെട്ടു. ലോകത്തിലെ സര്‍വ്വശക്തര്‍ എന്നഹങ്കരിച്ചിരുന്ന ഒരു സാമ്രാജ്യശക്തി ഒരു കുഞ്ഞുരാജ്യത്തോട് തോറ്റമ്പുന്ന അപൂര്‍വ കാഴ്ചക്ക് ലോകം സാക്ഷയം വഹിച്ചു. യുദ്ധം മൂലമുണ്ടായ ജീവനഷ്ടം വളരെ ഉയര്‍ന്നതായിരുന്നു. ഏകദേശം 58,159 യു.എസ്. സൈനികര്‍ക്ക് പുറമേ രണ്ട് പക്ഷത്തുനിന്നുമായി മുപ്പത്-നാല്‍പത് ലക്ഷം വിയറ്റ്‌നാംകാരും 15-20 ലക്ഷം ലാവോഷ്യന്‍, കംബോഡിയന്‍ ജനങ്ങളും യുദ്ധത്തില്‍ മരണപ്പെട്ടു.
ഹോ ചി മിന്‍ എന്ന ഇതിഹാസ നായകന്‍
You will kill 10 of our men, and we will kill 1 of yours, and in the end it will be you who tire of it.- Ho Chi Minh
ജീവിച്ചിരിക്കെത്തന്നെ സ്വന്തം ജനതയുടെ ഇതിഹാസ പുരുഷനായ അപൂര്‍വ വ്യക്തിത്വം ആയിരുന്നു ഹോ ചി മിന്‍. ഹോ ചി മിന്റെ ജീവിതം ആധുനിക വിയറ്റ്‌നാമിന്റെ ചരിത്രം കൂടിയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് കൊളോണിയലിസത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഹോ ചി മിന്റെ യഥാര്‍ത്ഥ പേര് എന്‍ഗൂയന്‍ സിന്‍ കുങ് എന്നായിരുന്നു. കമ്യൂണിസ്റ്റ് ചൈനയില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന അദ്ദേഹം 1942 ല്‍ വിയറ്റ്നാം സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്ക് ഗറില്ലാ പോരാളികളെ സന്നദ്ധരാക്കുന്നതിന് വേണ്ടിയാണ് ജന്മനാട്ടില്‍ തിരിച്ചെത്തുന്നത്. ആദ്യം ഫ്രാന്‍സിനെതിരെയും രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനെതിരെയും പോരാടി. ഗറില്ലാ പോരാളികളെ അണിനിരത്തി ഓരോ പ്രദേശമായി പിടിച്ചെടുക്കാന്‍ നേതൃത്വം നല്‍കി. 1945 സെപ്റ്റംബറില്‍ വിയറ്റ്‌നാമിന്റെ ഒരു പകുതി, സ്വതന്ത്രമായി പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണം ആരംഭിച്ചു.
ഹോ ചി മിന്‍
യുദ്ധങ്ങളുടെ ഒരു പൊതുസ്വഭാവം മികച്ച ആയുധങ്ങളും, സൈനികശേഷിയുള്ള രാജ്യങ്ങള്‍ വിജയിക്കും എന്നതാണ്. സമ്പത്തുമായി ബന്ധപ്പെട്ട ആണ് ഈ രണ്ടു മേഖലകളും നില നില്‍ക്കുന്നത് എന്നുള്ളത് കൊണ്ട് സമ്പന്ന രാജ്യങ്ങള്‍ വിജയിച്ചു കയറും. ഈ പൊതു ധാരണയെ ഇല്ലാതാക്കി ഹോ ചി മിനും ഗറില്ലാ പടയും. നയിക്കാന്‍ ഒരു കരുത്തനായ നേതാവും, പൊരുതാന്‍ ധീരരായ കുറച്ച് ദേശസ്നേഹികളും ഉണ്ടെങ്കില്‍ വിജയത്തെ സ്വപക്ഷത്താക്കാമെന്ന് ഹോ ചി മിന്റെ നേതൃത്വത്തില്‍ ഒരു ജനത കാണിച്ചുതന്നു. ഹോചിമിന് തന്റെ രാജ്യത്തിന്റെ മൂര്‍ത്തമായ അവസ്ഥകളെക്കുറിച്ച് സമഗ്രമായ അറിവും, പ്രത്യേയശാസ്ത്രത്തെക്കുറിച്ചും സംഘടനയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടും, ജനങ്ങളില്‍ അപാരമായ വിശ്വാസവും ഉണ്ടായിരുന്നു.
ലളിതമായ ജീവിതശൈലിക്ക് ഉടമയായ അദ്ദേഹത്തെ കണ്ടാല്‍ ഒരു പാവപ്പെട്ട ഏഷ്യന്‍ കര്‍ഷകന്റെ ശരീരഭാഷയാണ്. പക്ഷേ, ആ നിഷ്‌കളങ്ക വേഷത്തിനുള്ളില്‍ ഒരു കരുത്തുറ്റ കമ്യൂണിസ്റ്റ് നേതാവുണ്ടായിരുന്നു. രാജ്യഭരണാധികാരി എന്ന നിലയില്‍ ലഭിക്കേണ്ട ഹാനോയിലെ കൊട്ടാരം ഓഫീസ് ജോലികള്‍ക്കായി വിട്ടുകൊടുത്ത് കൊട്ടാരവളപ്പിലെ ജോലിക്കാര്‍ക്കുള്ള ചെറിയ മുറിയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ബഹുഭാഷാപണ്ഡിതനും കവിയുമായിരുന്നു ഹോ ചി മിന്‍. ‘ഹോ അമ്മാവന്‍’ എന്നാണ് ജനങ്ങള്‍ അദ്ദേഹത്തെ സ്നേഹപൂര്‍വം വിശേഷിപ്പിച്ചിരുന്നത്.
ഫ്രഞ്ച് പട്ടാളം മടങ്ങിയെത്തി രാജ്യം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഹോയുടെ നേതൃത്വത്തില്‍ എട്ട് വര്‍ഷമാണ് ഏറ്റുമുട്ടിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബലത്തില്‍ ഹോയുടെ അധികാരത്തിലുള്ള വടക്കന്‍ വിയറ്റ്നാമും അമേരിക്കയുടെ താളത്തിനൊത്ത് തുള്ളുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ തെക്കന്‍ വിയറ്റ്നാമും പോരിനിറങ്ങിയപ്പോള്‍ ഹോചിമിന്റെ ഉജ്ജ്വലപോരാട്ടം തന്നെയാണ് ജന്മ നാടിനെ തിരിച്ചുപിടിക്കാന്‍ സഹായിച്ചത്. പോരാട്ടത്തിനിടയില്‍ 79-ാം വയസ്സില്‍ അന്തരിച്ചപ്പോഴും ഗറില്ല പോരാളികള്‍ക്കിടയില്‍ ഹോയുടെ സ്വാധീനം അവസാനിച്ചിരുന്നില്ല. സമാനതകളില്ലാത്ത പോരാട്ടം നയിച്ച ഹോ ചി മിനെ പോലത്തെ വിപ്ലവ പോരാളികള്‍ എല്ലാ മണ്ണിലും കാണും. എത്ര വലിയ ഭീമന്‍മാരാണെങ്കിലും ആത്മധൈര്യമുള്ളവരെ തോല്‍പ്പിക്കാന്‍ എത്ര വലിയ സൈനീക ശക്തിയാണെങ്കിലും ഭയക്കണമെന്നാണ് ഹോ ചി മിന്‍ എന്ന കമ്യൂണിസ്റ്റ് നേതാവ് തലമുറകള്‍ക്ക് നല്‍കുന്ന പാഠം.
വിയറ്റ്നാം വികസന കുതിപ്പ്
അമേരിക്കന്‍ ബോംബ് വര്‍ഷിണികള്‍ മുന്നില്‍ നിരന്നുനില്‍ക്കുമ്പോള്‍ ജനങ്ങളോട് ഹോചിമിന്‍ പറഞ്ഞതിങ്ങിനെ: ”നമ്മുടെ പുഴകളും മലനിരകളും ജനതയും എന്നുമൊപ്പമുണ്ടായിരിക്കും. അമേരിക്കന്‍ സാമ്രാജ്യത്വത്തെ തോല്‍പ്പിച്ചാല്‍ നാം പത്തിരട്ടി സുന്ദരമായ ഒരു നാട് നിര്‍മിക്കും.” അധിനിവേശവും, യുദ്ധങ്ങളും ബാക്കി വെച്ച മുറിവുകള്‍ എമ്പാടും ഉണ്ടെങ്കിലും ഹോ ചിമിന്റെ പ്രഖ്യാപനം വിയറ്റ്നാം ജനത ശിരസ്സാവഹിക്കുന്ന കാഴ്ചയാണ് വര്‍ത്തമാനകാലം നമ്മളൊടു പറയുന്നത്. 1986ല്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളും ഉദാരവത്കരണവും വഴി വിയറ്റ്‌നാം ഇന്ന് 37ാമത്തെ സാമ്പത്തിക ശക്തിയായാണ് അറിയപ്പെടുന്നത്. വന്‍തോതിലുള്ള വിദേശനിക്ഷേപവും വ്യവസായ കാര്‍ഷിക മേഖലകളിലെ കുതിച്ചുചാട്ടവും രാജ്യത്തിന്റെ മുഖചിത്രം മാറ്റിയെഴുതുന്നു. 100 ഡോളറില്‍ താഴെയുണ്ടായിരുന്ന പ്രതിശീര്‍ഷ വരുമാനം,1910 ഡോളറിലേക്ക് മുന്നേറിയപ്പോള്‍ ദാരിദ്ര്യശതമാനം 58ല്‍ നിന്ന് 18 ആയി താഴ്ന്നു. 87 ശതമാനം ജനത്തിനും സര്‍ക്കാരിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ട്.
കോവിഡ് കാലത്ത് വികസിത രാജ്യങ്ങള്‍ക്കടക്കം മാതൃകയായി വിയറ്റ്‌നാം എന്ന രാജ്യം കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോയി. വിയറ്റ്നാമില്‍ നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തുന്ന രാജ്യങ്ങളിലൊന്ന് അമേരിക്കയാണെന്നതും മറ്റൊരു വസ്തുത ആണ്. പതിനൊന്നു കോടിയോടടുത്ത് ജനങ്ങളാണ് 2024-ലെ കണക്കുപ്രകാരം വിയറ്റ്‌നാമിലുള്ളത്. വ്യാപാരം, വിദ്യഭ്യാസം, വിനോദ സഞ്ചാരം എന്നീ മൂന്ന് മേഖലകളുടെ ‘ഹബ്ബ്’ ആണ് വിയറ്റ്നാം സര്‍ക്കാര്‍ നേരിട്ട് ഭരണം നടത്തുന്ന ഡ നാങ് എന്ന നഗരം. ഉയര്‍ന്ന ജീവിത നിലവാര സൂചിക, മികച്ച വ്യവസായ അന്തരീക്ഷം, ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് വിമാന ആഭ്യന്തര ട്രെയിന്‍ സര്‍വീസ്, മികച്ച പൊതുഗതാഗതവും റോഡുകളും. കയറ്റുമതി, താമസ സൗകര്യം, തൊഴിലും പരിശീലനവും, വിനോദ സഞ്ചാരം, വ്യാപാരം തുടങ്ങി ഏത് രംഗത്തും ഒരു കാതം മുന്നിലാണിവര്‍.
ആധുനിക രീതികളുടെയും, യന്ത്രവല്‍ക്കരണങ്ങളുടെയും ക്രിയാത്മകമായ ഉപയോഗം മൂലം അരലക്ഷം പേരേ മത്സ്യ-കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദനം വന്‍തോതിലാണ്. കാരണം, ആധുനി. ട്രെഡിംഗ്, ഐടി, തുണിത്തരങ്ങള്‍, സമുദ്രവിഭവങ്ങള്‍, അരി, കാപ്പി, കരകൗശലം-ലെതര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിങ്ങനെ കയറ്റുമതിയിലൂടെ ഡ് നാങ് നഗരം മാത്രം നേടുന്നത് ശരാശരി 550 ദശലക്ഷം ഡോളര്‍ ആണ്.
ലോകാരാജ്യങ്ങളില്‍ നിന്നെല്ലാം വിനോദ സഞ്ചാരികളുടെ ഒഴുക്കാണ് വിയറ്റ്നാമിലേക്ക്. ഏറ്റവും കുറഞ്ഞ ചെലവില്‍ അതിസുന്ദരമായ ദിനങ്ങള്‍ സമ്മാനിക്കുന്ന ‘ സമാധാന രാജ്യം’ എന്നാണ് പല യാത്രാ വ്‌ലോഗര്‍മാരും വിശേഷിപ്പിക്കുന്നത്. സാമ്രാജ്യത്ത ശക്തികള്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍ പറയുന്നില്ലെങ്കിലും വിയറ്റ്നാം ലോകത്തെ അത്ഭുതപ്പെടുത്തി കൊണ്ടേ ഇരിക്കുന്നുണ്ട്. 50 years of vietnam war
Content Summary: 50 years of vietnam war