നിഗൂഢമായൊരു കൊലപാതകത്തിന് ആറു പതിറ്റാണ്ട് തികയുന്നു. അമേരിക്കയ്ക്കും ലോകത്തിനും മുന്നില്‍ ഇരുള്‍ മാറാതെ നില്‍ക്കുന്നൊരു കൊലപാതകമായിരുന്നു 1963 നവംബര്‍ 23 ന് ഡള്ളാസിലെ ഡാലി പ്ലാസയില്‍ നടന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി വധിക്കപ്പെട്ടിട്ട് ഇന്ന് 60 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും, ആ കൊലപാതകവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിക്കുന്നതേയില്ല. പുതിയ പുതിയ വെളിപ്പെടുത്തലുകളാണ് കെന്നഡി വധത്തെ ഇന്നും പ്രസക്തമാക്കുന്നത്. അതിലൊന്നായിരുന്നു പോള്‍ ലാന്‍ഡിസ് ഉയര്‍ത്തിയ ചോദ്യങ്ങള്‍.
60 വര്‍ഷങ്ങള്‍ക്കു മുമ്പ് പോള്‍ ലാന്‍ഡിസ് എന്ന സീക്രട്ട് സര്‍വീസ് ഏജന്റ് വെടിയേറ്റ് വീണ പ്രസിഡന്റ് കെന്നഡിക്ക് തൊട്ടരികില്‍ തന്നെ ഉണ്ടായിരുന്നു.
ഒരു ദുഖിത ജനതയുടെ ബോധത്തില്‍ പതിഞ്ഞ ആ അവിസ്മരണീയ നിമിഷം മറക്കാന്‍ ചരിത്രത്തില്‍ നിന്ന് പലായനം ചെയ്യാനായിരുന്നു ലാന്‍ഡിസ് ഇക്കാലമത്രയും ശ്രമിച്ചത്. ഇപ്പോഴയാള്‍ തന്റെ 88 മത്തെ വയസില്‍ എല്ലാം തുറന്നെഴുതുകയാണ്. അതാകട്ടെ, അമേരിക്കന്‍ ഭരണകൂടം കെന്നഡി വധവുമായി ബന്ധപ്പെട്ട് പറയുന്നതില്‍ നിന്നും വിഭിന്നവും.
ലീ ഹാര്‍വി ഒസ്വാള്‍ഡ് മാത്രമായിരുന്നോ കെന്നഡിയെ ലക്ഷ്യമിട്ട് തോക്കുമായി നിന്നിരുന്നത്. മറ്റൊരു തോക്കില്‍ നിന്നു കൂടി വെടിയുണ്ടകള്‍ ചീറി പാഞ്ഞിരുന്നില്ലേ? അന്നു തൊട്ടേ ഉയര്‍ന്ന, രണ്ടാമതൊരു തോക്കുധാരി എന്ന സംശയത്തിന് ബലം നല്‍കുന്ന ഓര്‍മകളാണ് ലാന്‍ഡിസ് പങ്കുവയ്ക്കുന്നത്.
‘ ദ ഫൈനല്‍ വിറ്റ്നെസ്സ്’ എന്ന പുസ്തകത്തിലാണ് ജോണ്‍ എഫ് കെന്നഡി വധവുമായി ബന്ധപ്പെട്ട താന്‍ സാക്ഷിയായതും ചെയ്തതുമായ കാര്യങ്ങളെക്കുറിച്ച് പോള്‍ ലാന്‍ഡിസ് വിവരിക്കുന്നത്. ചിക്കാഗോ റിവ്യു പ്രസ് പ്രസിദ്ധീകരിക്കുന്ന പുസ്തകം 2023 ഒക്ടോബര്‍ 10 ന് പുറത്തിറങ്ങി.
പോള്‍ ലാന്‍ഡിസിന്റെ ഓര്‍മക്കുറിപ്പ് ആധുനിക അമേരിക്കന്‍ ചരിത്രത്തില്‍ ആ നാടിനെ ആകെ തകര്‍ത്തു കളഞ്ഞ ദിവസത്തിന്റെ ഇതുവരെയുള്ള ആഖ്യാനത്തെ മറ്റൊരു തരത്തില്‍ മാറ്റിയെഴുതുന്നതാണെന്നാണ് നിരീക്ഷണം. ഇക്കാലമത്രയും പറഞ്ഞിരുന്നതില്‍ നിന്നും വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നല്ല. ലക്ഷ്യത്തിലേക്ക് ഉന്നം വച്ച് ഒന്നിലധികം തോക്കുകള്‍ ഉണ്ടായിരുന്നുവെന്ന് പണ്ടേ സംശയിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന വെളിപ്പെടുത്തലായിരിക്കും. അതിലൂടെ ആ നിഗൂഢതയ്ക്ക് പുതിയൊരു രൂപവും കൈവന്നേക്കും.
ജോണ്‍ എഫ് കെന്നഡി വധത്തിന്റെ ഒരു ദൃക്സാക്ഷി ആറു പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറം പുതിയ സാക്ഷ്യപ്പെടുത്തലുകള്‍ നടത്തുന്നതില്‍ അത്ഭുതവുമുണ്ട്. 60 വര്‍ഷക്കാലത്തെ നിശബ്ദത ലാന്‍ഡിനെക്കുറിച്ച് സീക്രട്ട് സര്‍വീസ് ഏജന്റായിരുന്ന മുന്‍ സഹപ്രവര്‍ത്തകനില്‍ പോലും സംശയം ജനിപ്പിച്ച കാര്യമായിരുന്നു. കെന്നഡി വധവുമായി ബന്ധപ്പെട്ടുള്ള മറ്റു ചോദ്യങ്ങളെന്ന പോലെ ലാന്‍ഡിസും പുതിയ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. ലാന്‍ഡിസിന്റെ വിവരണത്തിലെ രണ്ട് ഘടകങ്ങള്‍ വെടിവയ്പ്പ് കഴിഞ്ഞ ഉടന്‍ തന്നെ അധികാരികള്‍ക്ക് സമര്‍പ്പിച്ച ഔദ്യോഗിക പ്രസ്താവനകള്‍ക്ക് വിരുദ്ധമാണ്. മാത്രമല്ല അദ്ദേഹം പറയുന്ന കാര്യങ്ങളിലെ ചില സൂചനകള്‍ നിലവിലുള്ള രേഖകളുമായി എളുപ്പത്തില്‍ പൊരുത്തപ്പെടുത്താന്‍ കഴിയുന്നതുമല്ല. എന്നാല്‍ ലാന്‍ഡിസ് വ്യക്തമായി പറയുന്നൊരു കാര്യം, ഒരു തരത്തിലുള്ള ഗൂഢാലോചന സിദ്ധാന്തത്തെയും താന്‍ പ്രോത്സാഹിപ്പിക്കാന്‍ തയ്യാറല്ല എന്നാണ്. എന്താണ് താന്‍ കണ്ടത്, എന്താണ് ചെയ്തത്; അക്കാര്യങ്ങളാണ് പറയുന്നത്. ഏതെങ്കിലും തരത്തിലുള്ള നിഗമനത്തില്‍ എത്തിച്ചേരുന്നില്ല, അതെല്ലാം മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കുകയാണ്.
തന്റെ പുസ്തകവുമായും കെന്നഡി വധവുമായും ബന്ധപ്പെട്ട് ആദ്യമായി ലാന്‍ഡിസ് സംസാരിച്ചത് ക്ലീവ്ലാന്‍ഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു. അന്ന് റിപ്പോര്‍ട്ടറോട് ലാന്‍ഡിസ് പറഞ്ഞത്, തനിക്ക് എന്തെങ്കിലുമൊരു ലക്ഷ്യം ഇപ്പോഴില്ലെന്നായിരുന്നു. എനിക്ക് എന്റെ കഥ പറയാന്‍ ഇത്രയും കാലം ആവശ്യമായിരുന്നുവെന്ന് കരുതി എന്നും ലാന്‍ഡിസ് അഭിമുഖത്തില്‍ പറയുന്നുണ്ട്.
1963 നവംബര്‍ 22, ഡള്ളാസിലെ ഡാലി പ്ലാസയിലൂടെ കടന്നു പോവുകയായിരുന്ന പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ ലിമോസിന്‍. ആരും പ്രതീക്ഷിക്കാതിരുന്ന ആദ്യത്തെ വെടി പൊട്ടുമ്പോള്‍ കെന്നഡിയുടെ വാഹനവ്യൂഹത്തിന്റെ സംരക്ഷകനായി പോള്‍ ലാന്‍ഡിസുമുണ്ടായിരുന്നു. കരിമരുന്നു പ്രയോഗമോ, വാഹനത്തിന്റെ ടയര്‍ പൊട്ടിയതോ ആയിരിക്കുമെന്നായിരുന്നു ലാന്‍ഡിസ് ആദ്യം കരുതിയത്. തോക്കുകളെക്കുറിച്ച് നല്ല അറിവുണ്ടായിരുന്ന ആ സുരക്ഷ ഉദ്യോഗസ്ഥന്‍ വളരെ പെട്ടെന്ന് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു. അപ്പോഴേക്കും ഒന്നിനു പുറകെ ഒന്നായി രണ്ടു വെടിയുണ്ടകളുടെ ശബ്ദം കൂടി അന്തരീക്ഷത്തെ ഞെട്ടിച്ചു. പിന്നാലെ പ്രസിഡന്റ് താഴേക്ക് പതിച്ചു. അരമണിക്കൂര്‍ നേരത്തെ വിഫലമായ എല്ലാ പരിശ്രമങ്ങള്‍ക്കുമൊടുവില്‍ പാര്‍ക്ക്ലാന്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ ജോണ്‍ എഫ് കെന്നഡിയുടെ സംഭവബഹുലമായ ജീവിതത്തിന് അന്ത്യമായി.
ആ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ മനുഷ്യവികാരങ്ങളെ ഒതുക്കി നിര്‍ത്താന്‍ പരിശീലനം നേടിയ ഉദ്യോഗസ്ഥനായിരുന്നിട്ടും ലാന്‍ഡിസ് പരാജയപ്പെട്ടു. ഒരു കോളേജ് കായിക പരിശീലകന്റെ മകനായിരുന്ന ആ ഒഹിയോ സ്വദേശി മാനസിക പീഢയില്‍ വലഞ്ഞു. അഞ്ചടി എട്ടിഞ്ചു മാത്രം ഉയരമുണ്ടായിരുന്ന, കുറിയവനെന്ന് സ്വയം കരുതിയിരുന്ന, ഒരു സീക്രട്ട് സര്‍വീസ് ഏജന്റാകാന്‍ ആഗ്രഹിക്കാതിരുന്ന പോള്‍ ലാന്‍ഡിസ് എല്ലാത്തില്‍ നിന്നുമുള്ള രക്ഷതേടലെന്നപോലെ സീക്രട്ട് സര്‍വീസ് ഉദ്യോഗവും വാഷിംഗ്ടണും ഉപേക്ഷിച്ച് പോയി. എന്നിട്ടും ഓരോ രാത്രികളിലും ലാന്‍ഡിസിന്റെ ഉറക്കം അലോസരപ്പെടുത്തിക്കൊണ്ട് ആ അരമണിക്കൂര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
കാലങ്ങള്‍ക്കിപ്പറം അയാള്‍ എല്ലാ പേടി സ്വപ്നങ്ങളില്‍ നിന്നും വിമുക്തി നേടി. ആ ദിവസത്തെക്കുറിച്ച് വീണ്ടും ഓര്‍ക്കുകയും മുന്നില്‍ കിട്ടിയതൊക്കെയും വായിക്കാനും ശ്രമിച്ചു. വായിച്ചറിഞ്ഞത് പക്ഷേ, താന്‍ ഓര്‍ക്കുന്നതുമായി പൊരുത്തപ്പെടുന്നതല്ലെന്നയാള്‍ക്ക് തോന്നി. ലാന്‍ഡിസിന്റെ ഓര്‍മകളാണ് ശരിയെങ്കില്‍, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘ ആ മാന്ത്രിക ബുള്ളറ്റ്, അത്ര മാന്ത്രികമായിരുന്നില്ല’.
കാലങ്ങളായി പല തര്‍ക്കങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും കാരണമാകുന്ന, കെന്നഡി വധവുമായി ബന്ധപ്പെട്ട വാറന്‍ കമ്മീഷന്റെ കണ്ടെത്തലുകളില്‍ പലതിനെയും വെല്ലുവിളിക്കുന്നതാണ് പോള്‍ ലാന്‍ഡിസിന്റെ ഓര്‍മകള്‍. പ്രസിഡന്റിന്റെ ലിമോസിനിലേക്ക് പാഞ്ഞ വെടിയുണ്ടകളില്‍ ഒന്ന് കെന്നഡിയെക്കൂടാതെ ടെക്സാസ് ഗവര്‍ണറായിരുന്ന ജോണ്‍ ബി കോനലി ജൂനിയറിനെയും മുറിവേല്‍പ്പിച്ചിരുന്നു.
വാറന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്, ചെമ്പ് ആവരണത്തില്‍ പൊതിഞ്ഞിരുന്ന 6.5 മില്ലിമീറ്റര്‍ വെടിയുണ്ടകളില്‍ ഒന്ന്, പ്രസിഡന്റിന്റെ പിന്നിലൂടെ തുളഞ്ഞു കയറി തൊണ്ടയിലൂടെ പുറത്തേക്ക് പാഞ്ഞ് ഗവര്‍ണര്‍ കോനലിയെയും മുറിവേല്‍പ്പിച്ചു എന്നാണ്. കോനലിയുടെ മുതുക്, നെഞ്ച്, കൈത്തണ്ട, തുട എന്നിവിടങ്ങളിലും മുറിവേറ്റിരുന്നു. ഒരൊറ്റ വെടിയുണ്ടയാണ് ഇതെല്ലാം ചെയ്തതെന്നത് അവിശ്വസനീയം. അതിനാലായിരുന്നു ആ വെടിയുണ്ടയ്ക്കുമേല്‍ ഒരു മാന്ത്രിക സിദ്ധാന്തം പൊതിഞ്ഞത്. പാര്‍ക്ക്ലാന്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോനലിയെ കിടത്തിയിരുന്ന സ്ട്രെച്ചറില്‍ നിന്നാണ് ഈ വെടിയുണ്ട കണ്ടെത്തിയതെന്നാണ് പറയുന്നത്.
എന്നാല്‍ ലാന്‍ഡിസ് പറയുന്നത് അങ്ങനെയല്ല കാര്യങ്ങള്‍ എന്നാണ്. പ്രധാന ദൃക്സാക്ഷിയായിരുന്നുവെങ്കിലും പോള്‍ ലാന്‍ഡിസിനെ വാറന്‍ കമ്മിഷന്‍ ഒരിക്കല്‍ പോലും വിസ്തരിച്ചിരുന്നില്ല.
ലാന്‍ഡിസ് പറയുന്നത്, ആ വെടിയുണ്ട കണ്ടെത്തിയത് താനായിരുന്നുവെന്നാണ്. അതൊരിക്കലും ആശുപത്രിയില്‍ നിന്നോ കോനലിയുടെ അടുത്ത് നിന്നോ ആയിരുന്നില്ല. പ്രസിഡന്റിന്റെ വാഹനമായിരുന്ന ലിമോസിനിന്റെ പിന്നിലെ സീറ്റില്‍ നിന്നായിരുന്നു. അവിടെയായിരുന്നു കെന്നഡി ഇരുന്നിരുന്നത്. വാഹനം ആശുപത്രിയില്‍ എത്തിയ സമയത്തായിരുന്നു വെടിയുണ്ട താന്‍ കണ്ടെടുക്കുന്നതെന്നും ലാന്‍ഡിസ് പറയുന്നു. അതേസമയം, ഓര്‍മകളിലെ അവ്യക്തതയോടെ ലാന്‍ഡിസ് ഇപ്പോള്‍ ഊഹിച്ചു പറയുന്നത്, അന്ന് ആശുപത്രിയില്‍ താനായിരുന്നു കെന്നഡിയെ കിടത്തിയിരുന്ന സെട്രച്ചറിന് ഒപ്പമുണ്ടായിരുന്നത്. ഡോക്ടര്‍മാരോട് നടന്ന കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും കെന്നഡിയുടെയും കോനലിയുടെും സ്ട്രെച്ചറുകള്‍ ഒരുമിച്ചു തള്ളുകയുമൊക്കെ ചെയ്തിരുന്നു. ആ സമയത്ത് വെടിയുണ്ട മറ്റുള്ളതിന്റെ കൂടെ വീണുപോയിരുന്നിരിക്കാം എന്നാണ്. തെളിവുകള്‍ കണ്ടെത്തുന്നതിലായിരുന്നില്ല സീക്രട്ട് സര്‍വീസ് ഏജന്റുമാരുടെ ശ്രദ്ധ, എല്ലാവരും തന്നെ പ്രസിഡന്റിന്റെ കാര്യത്തിലായിരുന്നു ആശങ്കപ്പെട്ടിരുന്നത്. മാത്രമല്ല, വലിയ ആള്‍ക്കൂട്ടവും. എല്ലാം നടന്നത് വളരെ വേഗത്തിലായിരുന്നു. ഞാനും പരിഭ്രാന്തനായിരുന്നു. ആ വെടിയുണ്ട വലിയൊരു തെളിവാണെന്ന് ഞാന്‍ മനസിലാക്കി. അത് നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചില്ല. സ്വയമൊരു തീരുമാനം എടുക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഞാനത് കൈയിലെടുത്തത്.
പോള്‍ ലാന്‍ഡിസിന്റെ സിദ്ധാന്തപ്രകാരം, പുറകിലേറ്റ വെടിയുണ്ട കെന്നഡിയുടെ ശരീരത്തിലേക്ക് ആഴത്തില്‍ തുളഞ്ഞു കയറിയിരുന്നില്ല. അതുകൊണ്ടാണ് പ്രസിഡന്റിന്റെ ശരീരം കാറില്‍ നിന്നും മാറ്റുന്ന സമയത്ത് അത് ലിമോസിനിന്റെ പിന്‍സീറ്റിലേക്ക് വീണതെന്നാണ്.
ലീ ഹാര്‍വി ഒസ്വാള്‍ഡ് മാത്രമായിരുന്നു കെന്നഡിയെ ലക്ഷ്യം വച്ചു നിന്ന കൊലപാതകി എന്ന് ഇക്കാലമത്രയും കരുതിയിരുന്ന തനിപ്പോള്‍, ആ വിശ്വാസത്തെ സംശയിക്കുന്നുവെന്നാണ് ലാന്‍ഡിസ് പറയുന്നത്. അതെക്കുറിച്ചോര്‍ത്ത് ഇപ്പോള്‍ അത്ഭുതപ്പെടുന്നുവെന്നായിരുന്നു അഭിമുഖത്തില്‍ പറഞ്ഞത്.
പോള്‍ ലാന്‍ഡിസ് പറയുന്നതുപോലെ കെന്നഡിയുടെ ശരീരം തുളച്ചു വെടിയുണ്ട പോയിട്ടില്ലെങ്കില്‍, വാറന്‍ കമ്മീഷന്റെ ‘ ഒറ്റ വെടിയുണ്ട സിദ്ധാന്തം’ തെറ്റാണ്. അങ്ങനെയെങ്കില്‍ ഗവര്‍ണര്‍ കോനലിയെ പരിക്കേല്‍പ്പിച്ചത് മറ്റൊരു വെടിയുണ്ടായായിരിക്കും. അതൊരിക്കലും ഒസ്വാള്‍ഡില്‍ നിന്നായിരിക്കില്ല. അത്ര വേഗത്തില്‍ തോക്കില്‍ വെടിയുണ്ട നിറയ്ക്കാന്‍ അയാള്‍ക്ക് കഴിയില്ല. ഞാനും വിശ്വസിക്കുന്നതുപോലെ രണ്ടാമത്തെ ഷൂട്ടറെ കുറിച്ചുള്ള ചോദ്യം വീണ്ടും സജീവമാകും; ക്ലെവ്ലാന്‍ഡ് അഭിഭാഷകനും നിരവധി ചരിത്ര പുസ്തകങ്ങളുടെ രചയിതാവും കെന്നഡി വധത്തെക്കുറിച്ച് ആഴത്തില്‍ ഗവേഷണം നടത്തുകയും ചെയ്തിട്ടുള്ള ജെയിംസ് റോബെനല്‍ട്ട് പറയുന്നു. റോബെനല്‍ട്ടാണ് ഓര്‍മക്കുറിപ്പുകള്‍ പുസ്തകരൂപത്തിലാക്കാന്‍ ലാന്‍ഡിസിനെ പ്രചോദിപ്പിച്ചതും. സീക്രട്ട് സര്‍വീസ് വിഭാഗം മുന്‍ ഡയറക്ടര്‍ ലൂയിസ് സി മെര്‍ലെട്ടിയോടും ലാന്‍ഡിസ് പലതും പങ്കുവച്ചിരുന്നു. ഒരു അഭിമുഖത്തില്‍ മെര്‍ലെട്ടി പറയുന്നത്, ലാന്‍ഡിസ് പറയുന്നത് ശരിയാണോ തെറ്റാണോ എന്നു തനിക്കറിയില്ലെന്നാണ്. എന്നാല്‍ ആ ഏജന്റ് അന്ന് സംഭവസ്ഥലത്തുണ്ടായിരുന്നു. അന്ന് നടന്ന സംഭവം അവരെ വര്‍ഷങ്ങളോളം വേട്ടയാടുകയും ചെയ്തു എന്നും മെര്‍ലെട്ടി കൂട്ടിച്ചേര്‍ക്കുന്നു.
പോള്‍ ലാന്‍ഡിസിന് പറയാനുള്ളതിനെ കുറിച്ച് രണ്ട് അഭിപ്രായങ്ങളുമുണ്ടാകും. നിഗൂഢത മാറാത്ത ആ കൊലപാതകം കഴിഞ്ഞ അറു പതിറ്റാണ്ടായി നിലനിര്‍ത്തുന്ന ഊഹാപോഹങ്ങളും തര്‍ക്കങ്ങളും വീണ്ടു സജീവമാക്കുകയാണ് അന്തിമ സാക്ഷിയെന്ന നിലയില്‍ നിന്നുകൊണ്ട് ലാന്‍ഡിസിന്റെ ഓര്‍മകള്‍.