രാഷ്ട്രീയ ഗോദയിലേക്കുള്ള പ്രവേശനം കരുത്തുറ്റതാക്കി വിനേഷ് ഫോഗട്ട്. തെരഞ്ഞെടുപ്പ് അരങ്ങേറ്റത്തില്‍ ഹരിയാനയിലെ ജുലാന നിയമസഭ സീറ്റില്‍ വിനേഷ് ഫോഗട്ട് നിര്‍ണായക വിജയം നേടിയിരിക്കുകയാണ്. ബിജെപിയുടെ ക്യാപ്റ്റന്‍ യോഗേഷ് ബൈറാഗിയെയും ആം ആദ്മി പാര്‍ട്ടിയുടെ ഗുസ്തി താരം കൂടിയായ സ്ഥാനാര്‍ത്ഥി കവിത ദലാലിനെയും പരാജയപ്പെടുത്തി 6000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിനേഷിന്റെ വിജയം.
കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് പ്രവചിച്ച എക്‌സിറ്റ് പോളുകളെ തള്ളി തുടര്‍ച്ചയായി മൂന്നാം തവണയും ഹരിയാനയില്‍ അധികാരത്തിലേക്ക് അടുക്കുകയാണ് ബിജെപി. 50 സീറ്റുകളില്‍ ഭരണകക്ഷി മുന്നിട്ട് നില്‍ക്കുക്കുമ്പോള്‍ 35 സീറ്റുകളിലാണ് കോണ്‍ഗ്രസിന് ലീഡ് ഉള്ളത്. കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ തകരുമ്പോഴും, അതിനിടയില്‍ വിനേഷ് ഫോഗട്ടിന്റെ വിജയം വേറിട്ട് നില്‍ക്കുകയാണ്.
പാരിസ് ഒളിമ്പിക്‌സില്‍ ഉണ്ടായ ഹൃദയഭേദകമായ തിരിച്ചടിക്ക് ശേഷം സെപ്തംബര്‍ ആറിനാണ് വിനേഷ് കോണ്‍ഗ്രസില്‍ ചേരുന്നത്. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിലും ഗുസ്തി ചാമ്പ്യന്‍ ഇടം പിടിച്ചു. ‘ ഞാന്‍ ഒരു പുതിയ ഇന്നിംഗ്‌സ് തുടങ്ങുകയാണ്, ഞങ്ങള്‍ നേരിട്ടതുപോലുള്ള പ്രയാസങ്ങള്‍ ഇനിയൊരു കായിക താരവും സഹിക്കേണ്ടി വരില്ലെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”. തന്റെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നിലെ ചേതോവികാരം വെളിപ്പെടുത്തിക്കൊണ്ട് വിനേഷ് പറഞ്ഞ വാക്കുകളാണിത്.
ഗുസ്തി കായിക മേഖലയോടുള്ള തന്റെ ഉത്തരവാദിത്തം പ്രകടിപ്പിച്ചു കൊണ്ട് ബിജെപി എംപിയായിരുന്ന ബ്രിജ്ഭൂഷണെതിരായി കഴിഞ്ഞ വര്‍ഷം നടന്ന ദീര്‍ഘകാല പ്രക്ഷോഭത്തിലെ സുപ്രധാന ശബ്ദമായിരുന്നു വിനേഷ് ഫോഗട്ട്. തന്റെ രാഷ്ട്രീയ യാത്രയില്‍ അവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നന്ദി രേഖപ്പെടുത്തുന്നുണ്ട്. ‘നിങ്ങള്‍ക്കൊപ്പം ആരാണ് യഥാര്‍ത്ഥത്തില്‍ നില്‍ക്കുന്നതെന്ന് നിങ്ങള്‍ കണ്ടെത്തുന്നത് ദുഷ്‌കരമായ സമയങ്ങളില്‍ മാത്രമാണ്. ഞങ്ങള്‍ പ്രതികൂല സാഹചര്യങ്ങള്‍ നേരിട്ടപ്പോള്‍, ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ഞങ്ങളെ പിന്തുണക്കുകയും ഞങ്ങളുടെ വേദനയില്‍ സഹതപിക്കുകയും ചെയ്തു’ എന്നാണ് വിനേഷ് പറഞ്ഞത്.
ഇന്ത്യയുടെ ഏറ്റവും മികച്ച ഗുസ്തി താരങ്ങളില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന വിനേഷ് ഫോഗട്ടിന്, തന്റെ നേട്ടങ്ങളില്‍ ഉയര്‍ത്തി പിടിക്കാന്‍ മഹത്തായൊരു പാരമ്പര്യമുണ്ട്. മൂന്നു ഒളിമ്പിക്‌സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച വിനേഷ്, മൂന്നു കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡലുകളും, ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ രണ്ട് വെങ്കല മെഡലുകളും, ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലുമായി ഓരോ സ്വര്‍ണ മെഡലുകളും മാതൃരാജ്യത്തിനായി സ്വന്തമാക്കിയിട്ടുണ്ട്. വിനേഷിനെയും ഇന്ത്യയെയും ഒരുപോലെ തകര്‍ത്ത നിമിഷമായിരുന്നു 2024 പാരിസ് ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡലിന് ഒരു മത്സരം മാത്രം ബാക്കി നില്‍ക്കെ, ഫൈനല്‍ ദിവസം രാവിലെ നടന്ന ഭാര പരിശോധനയില്‍, വെറും 100 ഗ്രാം ഭാരക്കൂടുതലിന്റെ പേരില്‍ അയോഗ്യത കല്‍പ്പിക്കപ്പെട്ടത്.
പ്രസിദ്ധമായൊരു ഗുസ്തി കുടുംബത്തിലാണ് 1994 ഓഗസ്റ്റ് 25 ന് വിനേഷ് ഫോഗട്ട് ജനിക്കുന്നത്. തന്റെ അമ്മാവന്‍ മഹാവീര്‍ സിംഗ് ഫോഗട്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ബന്ധുക്കളായ ഗീത ഫോഗട്ടിന്റെയും ബബിത കുമാരിയുടെയും പാത തന്നെയാണ് വിനേഷും പിന്തുടര്‍ന്നത്. ഒമ്പതാം വയസില്‍ പിതാവിനെ നഷ്ടപ്പെട്ട് ജീവിത ദുരിതത്തിലേക്ക് തള്ളിയിടപ്പെട്ട വിനേഷിനെ മഹാവീര്‍ ഫോഗട്ടാണ് ചെറുപ്പത്തില്‍ തന്നെ കായികരംഗത്തേക്ക് കൊണ്ടുവരുന്നത്.
ഗീത ഗുസ്തിയില്‍ വലിയ തോതില്‍ അംഗീകാരം നേടിയിട്ടും, വിനേഷിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. അവള്‍ക്ക് സാമൂഹിക പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. ഗുസ്തി പുരുഷ ആധിപത്യ കായിക വിനോദമായി കണക്കാക്കുന്ന ഗ്രാമീണര്‍ സ്ത്രീകള്‍ പരമ്പരാഗത വേഷങ്ങളില്‍ ഒതുങ്ങിനില്‍ക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നവരായിരുന്നു. അത്തരക്കാരോടായിരുന്നു വിനേഷിന് ആദ്യം പോരാടേണ്ടി വന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നടന്ന നിര്‍ണായക പോരാട്ടമാണ് ഹരിയാന തെരഞ്ഞെടുപ്പ് അടയാളപ്പെടുത്തുന്നത്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനാണ് ഇരുകൂട്ടരും ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിജയിക്കുന്ന പാര്‍ട്ടിക്ക് അനുകൂലമായ ആഖ്യാനങ്ങള്‍ രൂപപ്പെടുത്തുമെന്നതില്‍ സംശയമില്ല. a powerful entry into the political arena, olympion vinesh phogat won haryana election
Content Summary; a powerful entry into the political arena, olympion vinesh phogat won haryana election