” പ്രേമിച്ച് കല്യാണം കഴിച്ചവര്‍, ലോണെടുത്ത് കല്യാണം കഴിച്ചവര്‍, ഒളിച്ചോടി കല്യാണം കഴിച്ചവര്‍, തട്ടി കൊണ്ടു പോയി കല്യാണം കഴിച്ചവര്‍ അങ്ങനെ ഒത്തിരി കല്യാണങ്ങള്‍ നമുക്കറിയാം. എന്നാല്‍ സ്‌പോണ്‍സര്‍ ചെയ്ത് നടന്ന കല്യാണം കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ആ അപൂര്‍വ്വ വിവാഹം ഇതാ.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 2004 ലെ കേരള പിറവി ദിനത്തില്‍ കേരളീയ രീതിയില്‍ ചടങ്ങുകള്‍ നടത്തി, കേരളീയ ഭക്ഷണം വിളമ്പി, നടത്തിയ ഒരു (സ്‌പോണ്‍സേഡ്) അപൂര്‍വ വിവാഹത്തിന്റെ കഥ.
നവംബര്‍ 1, കേരള പിറവി ദിനം.
ഇതൊരു കേരളപ്പിറവിയില്‍ നടന്ന വിവാഹാഘോഷത്തിന്റെ കഥയാണ്. 19 വര്‍ഷം മുന്‍പ് നടന്ന ഒരു അസാധാരണ വിവാഹ ആഘോഷത്തിന്റെ കഥ. ഐക്യകേരളത്തില്‍ ആദ്യമായി സ്‌പോണ്‍സര്‍ഷിപ്പില്‍, കേരളപ്പിറവി ദിനത്തില്‍ ഒരു ചെറുപ്പക്കാരന്‍ വിവാഹം ചെയ്ത കഥ.
വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്നല്ലേ? എന്നാല്‍ സ്‌പോണ്‍സര്‍ ചെയ്തും നടക്കും എന്ന് നാട്ടുകാരറിഞ്ഞ ഒരു വിവാഹമായിരുന്നു അത്. ”ഈ വിവാഹം സ്‌പോണ്‍സര്‍ ചെയ്യുന്നത് ”എന്ന് ചാനല്‍ ഭാഷയില്‍ വിവാഹ ക്ഷണക്കത്തില്‍ അച്ചടിച്ച കല്യാണമായിരുന്നു അത്. ക്രിക്കറ്റ്, ഫുട്‌ബോള്‍, ഗാനമേള കലാ സാംസ്‌കാരിക മേളകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് സാധാരണം. എന്നാല്‍ കുറെ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍, കേരളപ്പിറവിദിനത്തില്‍ കേരളീയ ശൈലിയില്‍ നടന്ന ഈ വിവാഹം പലതു കൊണ്ടും അസാധാരണമായിരുന്നു. എന്നാല്‍ 20 വര്‍ഷം മുന്‍പ് സജിയെന്ന 34 കാരന്റെ വിവാഹം നടത്തിയത് ഒന്നും രണ്ടുമല്ല, 25 കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പിലാണ്. കമ്പനികള്‍ എന്ന് പറഞ്ഞാല്‍ ചില്ലറക്കാരല്ല വമ്പന്മാര്‍ തന്നെ, ഖത്തര്‍ പെട്രോളിയമുണ്ട്, ദുബായിലെ ജോണ്‍സണ്‍ കമ്പനിയുണ്ട്, എറണാകുളത്തെ പ്രൊസസ് കളര്‍ സ്റ്റുഡിയോയുണ്ട്, ഐഡിയ മൊബൈലും, ബിഎസ്എന്‍എല്ലും ഉണ്ട്. വമ്പന്മാരായ സ്റ്റാര്‍ ഹോംസും ഒരു സ്‌പോണ്‍സറാണ്. പോരെ!
ഈ വമ്പന്‍ കമ്പനികള്‍ കാശ് മുടക്കി കല്ല്യാണം സ്‌പോണ്‍സര്‍ ചെയ്യാന്‍ എന്താണ് ഈ വിവാഹത്തിനും വരനും പ്രത്യേകത? അതിന് വരന്റെ പോര്‍ട്ട് ഫോളിയോ അറിയണം.
കോട്ടയം, കുമാരനെല്ലൂര്‍ ഉമ്പുക്കാട്ട് ഗോപാലന്റെയും സാവിത്രിയുടേയും മകന്‍, വരനായ, മുപ്പത്തിനാലുകാരന്‍ സജിയുടെ ജീവിതം പ്രത്യേകതകളുടേതാണ്. പഠനം പ്രീഡിഗ്രിയില്‍ അവസാനിപ്പിച്ച് തൊഴിലന്വേഷിയായി. കുറെ ജോലികള്‍ ചെയ്തു. സജിക്ക് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. അയാള്‍ എവിടെ പോയാലും എന്തിനെയും കാണുകയല്ല, നിരീക്ഷിക്കുകയായിരുന്നു. വിഖ്യാതനായ ഷെര്‍ലക് ഹോംസിപ്പോലെ. നിരീക്ഷിക്കുന്നവ അപ്പോള്‍ തന്നെ മനസ്സില്‍ കുറിക്കും. അതിന്റെ സാധ്യതകള്‍ ആലോചിക്കും. അങ്ങിനെയാണ് പരസ്യത്തിന് പശ്ചാത്തലമൊരുക്കുന്ന വസ്തുക്കള്‍ കമ്പനികള്‍ക്ക് നല്‍കാന്‍ തുടങ്ങിയത്. പുരാതവസ്തു മുതല്‍ പുതിയ ഫാഷന്‍ ഐറ്റം വരെ.
ഒരിക്കല്‍ സജി കൊടുങ്ങല്ലൂര്‍ ഭരണിക്ക് പോയി. അവിടെ ഒരു വൃദ്ധനായ വെളിച്ചപ്പാടിനെ കണ്ടു. ചുവന്ന ചേലചുറ്റി, പള്ളി വാളും കാല്‍ ചിലമ്പുമായി ഒന്നാന്തരം കോമരം. ഉടനെ സജിയുടെ ബള്‍ബ് കത്തി. വെളിച്ചപ്പാടിന്റെ ആ ഒന്നാന്തരം മോഡലിനെ. ഉടനെ തന്നെ തന്റെ ക്യാമറയിലാക്കി. വിലാസവും കുറിച്ചെടുത്തു.
അപ്പോഴാണ് ഒരു പരസ്യക്കമ്പനിക്കാര്‍ ഒരു മലയാള ദിനപത്രത്തിന്റെ പ്രചാരത്തിന്റെ പരസ്യം ചെയ്യുന്നു. അവര്‍ സജിയോടാവശ്യപ്പെട്ടു പരസ്യമോഡലായി ഒരു പരമ്പരാഗത രൂപം വേണം. ഉടനെ സജി ഈ വെളിച്ചപ്പാടിന്റെ പടം കാണിച്ചു. പരസ്യക്കാര്‍ ഡബിള്‍ ഒ.കെ. അങ്ങനെ ആ ദിനപത്രത്തിന്റെ കോര്‍പ്പറേറ്റ് പരസ്യത്തില്‍ പള്ളിവാളും പിടിച്ച് ധ്യാന്യത്തില്‍ ചുവന്ന ചേല ധരിച്ച വെളിച്ചപ്പാടിന്റെ ചിത്രം അടിച്ച് വന്നു. അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട പരസ്യമായി പിന്നീട് അത് മാറി.
‘ജീവിതം കോഞ്ഞാട്ടയായി’ എന്ന നാടന്‍ ചൊല്ല് അത്ര ശരിയല്ലെന്ന് ഒരിക്കല്‍ തെളിയിച്ചതാണ് സജി. തെങ്ങിന്റെ ഓല മുളച്ചുവരുമ്പോള്‍ ഉള്ള സംരക്ഷണ കവചമാണ് കോഞ്ഞാട്ട. ആര്‍ക്കും വേണ്ടാത്ത, തീപിടിപ്പിക്കാന്‍ മാത്രം ഉപയോഗിക്കുന്ന, കല്‍പ്പവൃക്ഷമായ തെങ്ങിന്റെ ഏറ്റവും ഉപയോഗം കുറവുള്ള ഭാഗം. ജീവിതം കോഞ്ഞാട്ടയായി എന്ന നാടന്‍ ചൊല്ല് ആവിര്‍ഭവിച്ചത് ഇതു കൊണ്ടാകാം. ജര്‍മ്മനിയിലെ ബര്‍ലിന്‍ മേളക്ക് പ്രകൃതിദത്തമായ ഫോട്ടോ ഫെയിം വേണമെന്ന് ഒരു സായിപ്പ് ആവശ്യപ്പെട്ടപ്പോള്‍ ആര്‍ക്കും വേണ്ടാത്ത തെങ്ങിന്റെ കോഞ്ഞാട്ടകൊണ്ട് ഫോട്ടോ ഫ്രെയ്മുകള്‍ ഉണ്ടാക്കി സായിപ്പിന് കൊടുത്ത്, 7000 രൂപ വാങ്ങി തന്റെ ജീവിതം കോഞ്ഞാട്ടയല്ലെന്ന് തെളിയിച്ചു.
അച്ചടി നിന്ന് പോയ മാസിക വേണോ? ആലുവ പാലസില്‍ രാജാവ് ഇരുന്ന സിംഹാസനം ചിത്രീകരിക്കാന്‍ വേണോ? വിദ്യാരംഭത്തിന് അക്ഷരം കുറിക്കുമ്പോള്‍ ഓലയും പഞ്ചാര മണലും വേണോ? പറഞ്ഞാല്‍ മതി. സജി റെഡി. ഈ പറഞ്ഞതൊക്കെ സജി ഒരിക്കലെങ്കിലും ആവശ്യക്കാര്‍ക്ക് എത്തിച്ചതാണ്. ആവശ്യം സൃഷ്ടിയുടെ മാതാവാണെങ്കില്‍ സജി ആവശ്യം നിറവേറ്റുന്ന പിതാവായി മാറി.
അങ്ങനെ പരസ്യക്കമ്പനിക്കാരുടെ സെര്‍ച്ച് എഞ്ചിന്‍ ആയി കഴിയുമ്പോഴാണ് വ്യത്യസ്തതകള്‍ തിരയുന്ന യാത്രയില്‍ ഇനി ഒരു ജീവിത പങ്കാളി വേണമെന്ന് സജി തീരുമാനിച്ചത്. വധു നാടന്‍ മതി. എസ്എസ്എല്‍സിക്കാരി മതി. ഇനിയുള്ള കാലത്ത് പത്ത് വരെ പഠിച്ച ഒരു പെണ്‍കുട്ടി പുരാവസ്തുവാകാന്‍ സാധ്യതയുണ്ട് എന്നായിരുന്നു സജിയുടെ നിരീക്ഷണം.
ഒത്തിരി കല്യാണക്കുറികള്‍ സപ്ലെ ചെയ്ത സജി തന്റെ കല്യാണക്കുറി ലളിതമായി മലയാളത്തില്‍ അച്ചടിച്ചു. അത് ഇങ്ങനെ:
‘ഞാന്‍ സജി, പ്രീഡിഗ്രി- ഡും ഡും
പെണ്ണ്, എസ്. എല്‍.സി ക്കാരി’
(പേരില്‍ വ്യത്യസ്ത വേണ്ട, സമാനത മതി എന്ന് സജി നിരീക്ഷണം).
കല്ലാണക്കുറിയുടെ ഒരു പേജില്‍ തന്നെ സമ്മൂലം ഇങ്ങനെ രേഖപെടുത്തിയിട്ടുണ്ട്.
‘A Sponsored Program ‘..
നാലാമത്തെ പേജില്‍ 25 സ്‌പോണ്‍സര്‍മാരുടെ പേരും ലോഗോ സഹിതം കൊടുത്തിരിക്കുന്നു.
കല്യാണ ദിനത്തില്‍ ഒരുക്കാനുള്ള പൂക്കള്‍, ചെറുക്കന്റെ A to Z കല്യാണ വസ്ത്രം, സ്റ്റേജ് ഒരുക്കം, ഭക്ഷണം, കലാപരിപാടിയായ പുല്ലാങ്കുഴല്‍ കച്ചേരി, വരെ എല്ലാം കമ്പനികള്‍ വക സ്‌പോണ്‍സേഡ്. ഇവരുടെ പരസ്യങ്ങളിലെ ഒരു ഐറ്റമെങ്കിലും സജി സപ്ലൈ ചെയ്തിട്ടുണ്ട്. ഊട്ടിക്കുള്ള ഹണിമൂണ്‍ പിന്നെ പറയേണ്ടല്ലോ, വമ്പന്‍ ട്രാവല്‍സ് തന്നെ സ്‌പോണ്‍സര്‍.
കോട്ടയത്ത് വെച്ച് നടന്ന വിവാഹ വിരുന്നിന്റെ വിവാഹക്ഷണപത്രികയില്‍ മലയാളത്തനിമയില്‍ തന്നെ ഹൃദ്യമായി ക്ഷണിച്ചത് ഇങ്ങനെ:
‘നവംബര്‍ ഒന്ന് കേരളപ്പിറവി ദിനം. അന്ന് വൈകുന്നേരം നമുക്ക് സ്‌നേഹ സൗഹൃദം പങ്കിടാം. ഒപ്പം പെങ്കൊച്ചിനേയും പരിചയപ്പെടുത്താം. വരൂ നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ആറ്റുതീരത്തേക്ക്’. കട്ടന്‍ കാപ്പിയും പുട്ടും കടലേം അടിക്കാം. വൈകുന്നേരം 6.30 മുതല്‍.
NB: സമ്മാനങ്ങള്‍ ഒഴിവാക്കാതിരിക്കുക.
27 രൂപയുടെ കര്‍ട്ടന്‍ തുണിയുടെ കല്ലാണ ഷര്‍ട്ടാണ് വരന്റെത്. കര്‍ട്ടന്‍ തുണിക്ക് വില അന്ന് അത്രയേ ഉള്ളൂ.
മെനു കേരള പിറവിയില്‍ തനി കേരള വിഭവങ്ങള്‍. കാച്ചിലും, കപ്പയും പുഴുങ്ങിയതും, മുളക് പൊട്ടിച്ചതും, അട, ചിരട്ടപ്പൂട്ടും കടലയും, ഒപ്പം ചെറുപയര്‍ തോരന്‍, പപ്പടവും. തൈര്, ഉപ്പിലിട്ട മാങ്ങ, പായസം.
വരുന്നവര്‍ക്ക് ഉരിഞ്ഞ് കഴിക്കാന്‍ പാകത്തിന് തൂക്കിയിട്ട പല തരം പഴക്കുലകള്‍, പൂവന്‍ തൊട്ട് മൈസൂര്‍ പഴം വരെ. ചെറിയ പരിപ്പു വട, ഉഴുന്നുവട, സുഖിയന്‍, ചക്കര കാപ്പി, ചുക്കു വെള്ളം.
പെണ്ണിനെയും ചെറുക്കനെയും, ഓലക്കുട ചൂടിയാണ് കേരളീയ രീതിയില്‍ വേദിയിലേക്ക് ആനയിച്ചത്. ഓട്ടം തുള്ളലുകാരന്റെ മംഗള വാക്യങ്ങള്‍ അകമ്പടിയായി ഉണ്ടായിരുന്നു. വിരുന്നിനെത്തിയവര്‍ക്ക് പല തരം മത്സരങ്ങളും നാഗമ്പടം ആറ്റു തീരത്ത് ഒരുക്കിയിട്ടുണ്ടായിരുന്നു. ബോട്ടോടിക്കല്‍ മത്സരം, കസേര കളി, ബലൂണ്‍ വീര്‍പ്പിക്കല്‍ അങ്ങനെ എല്ലാ പ്രായക്കാര്‍ക്കും വേണ്ടി വിനോദം. കൂടാതെ പുല്ലാങ്കുഴല്‍ കച്ചേരിയും.
രണ്ടായിരം പേര്‍ നാഗമ്പടത്തെ ആറ്റു തീരത്ത് ഈ സ്‌പോണ്‍സേഡ് കല്യാണം കൂടാന്‍ എത്തി വരനേയും വധുവിനെയും കണ്ടനുഗ്രഹിച്ചു.
അന്നത്തെ കല്യാണ വിരുന്നെത്തിയവര്‍ക്ക് തിരികെ പോകുമ്പോള്‍ സജി ഒരോത്തര്‍ക്കും ഓരോ എഴുത്തോല സമ്മാനിച്ചിരുന്നു. അതില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ടായിരുന്നു.
”ദാമ്പത്യ ജീവിതം വന്‍ വിജയമാക്കാന്‍ പരസ്പരം തോറ്റു തോറ്റു ജീവിക്കുക’
സ്‌പോണ്‍സേഡ് കല്യാണത്തിന്റെ ഓര്‍മ്മകളുമായി 19ാം വിവാഹ വാര്‍ഷികം ഇന്ന്, കേരള പിറവിയില്‍ ആഘോഷിക്കുന്ന സജി-സജിത ദമ്പതികള്‍ രണ്ട് പെണ്‍മക്കളുമായി ഇപ്പോള്‍ എറണാകുളത്ത് ഏരൂരില്‍ താമസിക്കുന്നു.
സാഹസിക സപ്ലെകളെല്ലാം അവസാനിപ്പിച്ച് ഭാര്യയുടെ രണ്ട് ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുമായി, അല്‍പ്പം ബിസിയായി കഴിയുന്നു. അനുഭവമാണ് ഗുരു എന്ന സ്‌പോണ്‍സര്‍ ഇല്ലാത്ത, ചിന്തകളുമായി. A sponsored marriage story, kerala piravi november 1
Content Summary; A sponsored marriage story, kerala piravi november 1