‘3 ഇഡിയറ്റ്സ്’ സോനം വാങ്ചുകിന്റെ ജീവിതമല്ല, ചതുറിന് തെറ്റി; ആമിർ ഖാൻ

സിനിമ ചെയ്യുമ്പോൾ സോനം വാങ്ചുകിനെക്കുറിച്ച് അറിയില്ലായിരുന്നു'; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ആമിർ ഖാൻ

ബോളിവുഡ് സിനിമാചരിത്രത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘3 ഇഡിയറ്റ്‌സ്’ എന്ന ചിത്രം എഞ്ചിനീയറും വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവുമായ സോനം വാങ്ചുകിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണെന്ന വര്‍ഷങ്ങളായുള്ള പ്രചാരണം തള്ളി നടന്‍ ആമിര്‍ ഖാന്‍. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ റാന്‍ചോയെ (ഫുന്‍സുഖ് വാങ്ഡു) സൃഷ്ടിക്കുമ്പോള്‍ തനിക്കോ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കോ സോനം വാങ്ചുകിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ആമിര്‍ വ്യക്തമാക്കി.

ലണ്ടന്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിന്റെ (LIFF) സമാപന ചടങ്ങില്‍ വെച്ചാണ് ആമിര്‍ ഖാന്‍ വര്‍ഷങ്ങളായുള്ള ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടത്. പരീക്ഷാ പരിഷ്‌കരണങ്ങള്‍ ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സോനം വാങ്ചുക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തെക്കുറിച്ച് സദസ്സില്‍ നിന്ന് ഉയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

3 ഇഡിയറ്റ്‌സ് സിനിമയില്‍ ‘ചതുര്‍ രാമലിംഗം’ എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഓമി വൈദ്യ കഴിഞ്ഞ ദിവസം സോനം വാങ്ചുകിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചിരുന്നു. സിനിമയിലെ റാന്‍ചോയുടെ കഥാപാത്രം സോനം വാങ്ചുകിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്നും റാന്‍ചോ മരിച്ചുപോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഓമി വൈദ്യ വീഡിയോയില്‍ പറഞ്ഞിരുന്നു.
‘ചതുറിന് തെറ്റുപറ്റി ചിത്രം ചെയ്യുന്ന സമയത്ത് സോനം വാങ്ചുകിനെക്കുറിച്ച് എനിക്കോ, ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ രാജ്കുമാര്‍ ഹിറാനിക്കും അഭിജാത് ജോഷിക്കും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ഇതൊരു തെറ്റായ ധാരണയാണ്,’ ആമിര്‍ ഖാന്‍ വ്യക്തമാക്കി.

സിനിമയുമായി ബന്ധമില്ലെങ്കിലും സോനം വാങ്ചുക് സമൂഹത്തിന് വേണ്ടി ചെയ്യുന്ന മികച്ച പ്രവര്‍ത്തനങ്ങളെ ആമിര്‍ ഖാന്‍ പ്രശംസിച്ചു. ‘അദ്ദേഹത്തെ ആദരിക്കാനോ ബഹുമാനിക്കാനോ 3 ഇഡിയറ്റ്‌സിലെ കഥാപാത്രത്തിന്റെ പിന്‍ബലം ആവശ്യമില്ല. വലിയ കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. റാന്‍ചോയുമായി തന്റെ ജീവിതത്തിന് ബന്ധമില്ലെന്ന് സോനം വാങ്ചുക് തന്നെ മുന്‍പ് വ്യക്തമാക്കിയിട്ടുള്ളതുമാണെന്നും,’ ആമിര്‍ പറഞ്ഞു.

നിരാഹാര സമരം മൂലം സോനം വാങ്ചുകിന്റെ ആരോഗ്യം നാള്‍ക്കുനാള്‍ മോശമാകുന്നതില്‍ തനിക്കുള്ള ആശങ്കയും ആമിര്‍ ഖാന്‍ പങ്കുവെച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സോനം വാങ്ചുക് സിനിമയുമായുള്ള ബന്ധം നിഷേധിച്ചിരുന്നു. കഥാപാത്രവുമായി തന്റെ ജീവിതവും പ്രവര്‍ത്തനങ്ങളുമായി സാമ്യം തോന്നിയതിനെ തുടര്‍ന്ന് സംസാരവിഷയമായപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്.

നീറ്റ് ഉള്‍പ്പെടെയുള്ള ദേശീയ പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സോനം വാങ്ചുകിന്റെ ആരോഗ്യനില ഇപ്പോള്‍ അതീവ ഗുരുതരമായ ഘട്ടത്തിലാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. സമരം ഇങ്ങനെ നീണ്ടുപോയാല്‍ അദ്ദേഹത്തിന്റെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ അത് സാരമായി ബാധിക്കുമെന്നാണ് മെഡിക്കല്‍ സംഘം പറയുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യം ദിവസവും നിരീക്ഷിക്കാനും ആവശ്യമായ വൈദ്യസഹായം നല്‍കാനും ഡല്‍ഹി ഹൈക്കോടതി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഈ സമരത്തിന് രാഷ്ട്രീയ മേഖലയില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ജന്തര്‍ മന്തറിലെത്തി സോനം വാങ്ചുകിനെ കണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എല്ലാ വര്‍ഷവും ചോദ്യപേപ്പര്‍ ചോരുമ്പോള്‍ യുവാക്കളുടെ ഭാവി തകരുകയാണെന്നും വിദ്യാഭ്യാസ മന്ത്രി രാജി വെച്ച് സോനം വാങ്ചുകിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ജൂലൈ 20-ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ കൂടുതല്‍ ആളുകള്‍ പങ്കുചേരണമെന്ന് വാങ്ചുക് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Aamir Khan denies 3 Idiots’ Rancho was inspired by Sonam Wangchuk: ‘Chatur was wrong

https://www.instagram.com/nabanitasircar/?utm_source=ig_embed&ig_rid=AJ2YJ6Sd93r_W7kp1i2wLl

This post was last modified on July 17, 2026 3:12 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment