June 13, 2026 |
Share on

സർഫരോഷ്, പാക് ഭീകരതയ്ക്കെതിരെ ശബ്ദമുയർത്തിയ ആദ്യ ചിത്രം

ദേശസ്നേ​ഹത്തെ ചോദ്യം ചെയ്തവർക്ക് മറുപടിയുമായി ആമീർ ഖാൻ

പഗൽഹാം ഭീകരാക്രമണത്തിന് ശേഷം ആമീർ ഖാൻ നടത്തിയ പ്രതികരണം ഏറെ വിവാദങ്ങൾ വഴിവച്ചിരിക്കയാണ്. തന്റെ പുതിയ ചിത്രമായ സീതാരേ സമീൻ പറിന്റെ ട്രെയിലർ പുറത്തിറങ്ങുന്നതിന് 12 മണിക്കൂർ മുമ്പായിരുന്നു ആമിർ ഖാന്റെ ഔദ്യോഗിക പ്രസ്താവന പുറത്തു വന്നത്. ഇപ്പോളിതാ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പങ്കെടുത്ത ആപ് കി അദാലത്ത് എന്ന പരിപാടിയിൽ തന്റെ ദേശസ്നേഹത്തെ ന്യായീകരിച്ചാണ് ആമീർ ഖാൻ രംഗത്തുവന്നിരിക്കുന്നത്.

1999ൽ പുറത്തിറങ്ങിയ താൻ അഭിനയിച്ച സർഫറോഷ് ആയിരുന്നു ഭീകരത പ്രചരിപ്പിക്കുന്ന പാകിസ്ഥാന്റെയും ഐഎസ്ഐയുടെയും പേരുകൾ പരാമർശിച്ച ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ആദ്യ ചിത്രമെന്ന് ആമീർ ഖാൻ അവതാരകനോട് വ്യക്തമാക്കുന്നുണ്ട്. ഭീകരതയെക്കുറിച്ച് പരാമർശിക്കുമ്പോൾ മറ്റു പേരുകൾ ഉപയോഗിക്കാതെ പാകിസ്ഥാന്റെയും ഐഎസ്ഐയുടെയും പേരുകൾ വ്യക്തമായി ഉച്ചരിച്ച ആദ്യ ഇന്ത്യൻ സിനിമയെന്ന നേട്ടം സർഫറോഷിനാണെന്ന് ആമീർ ഖാൻ വ്യക്തമാക്കി. ഇന്ത്യയുടെ സിനിമാ ചരിത്രം പരിശോധിച്ചാൽ മനസിലാവും പാകിസ്ഥാനെന്ന പേര് പോലും ഉപയോ​ഗിക്കാൻ അനുമതിയില്ലായിരുന്നു. പാകിസ്ഥാൻ എന്നതിന് പകരം അയൽരാജ്യമെന്ന് അർത്ഥം വരുന്ന പ​ദോസി മുൽക്ക് എന്ന പേരാണ് സിനിമകളിൽ ഉപയോ​ഗിച്ചിരുന്നത്. എന്നാൽ എന്റെ സിനിമയായ സർഫറോഷിൽ പാകിസ്ഥാന്റെയും ഐഎസ്ഐയിടെയും പേരുകൾ ഉപയോ​ഗിച്ചിരിക്കുന്നത് കാണാം. സെൻസർ ബോർഡ് ഈ പേര് പരി​ഗണിക്കില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ ജോൺ മുന്നറിയിപ്പ് നൽകിയിരുന്നു. എന്തു കാരണത്താലാണ് പരി​ഗണിക്കാതിരിക്കുന്നത്. ഈ പേര് തിരഞ്ഞെടുത്തതിന് പിന്നിലെ ഉദ്ദേശം എന്താണെന്ന് ഞാൻ തന്നെ ബോർഡ് അം​ഗങ്ങളോട് വിശദമാക്കാമെന്നും ഞാൻ ജോണിന് ഉറപ്പ് നൽകിയിരുന്നു. എൽ കെ അദ്വാനി അവരുടെ പേര് യാതൊരു മറയുമില്ലാതെ പാർലമെന്റിൽ ഉച്ചരിക്കുമ്പോൾ നമുക്ക് എന്ത് കൊണ്ട് അതിന് കഴിയുന്നില്ല എന്ന് താൻ ചോദിച്ചിരുന്നുവെന്ന് രജത് ശർമ്മയോട് ആമീർ ഖാൻ പറഞ്ഞു.

ആ ഒരു സംഭാഷണത്തിന് ശേഷമാണ് ഞങ്ങൾക്ക് ചിത്രത്തിൽ പാകിസ്ഥാന്റെ പേര് ഉപയോ​ഗിക്കാനുള്ള അനുമതി ലഭിക്കുന്നത്. അതിന് ശേഷം ഇറങ്ങിയ നിരവധി സിനിമകൾ പാകിസ്ഥാന്റെ പേര് ഉപയോ​ഗിച്ചിട്ടുണ്ട്.  പാകിസ്ഥാനെതിരെ ശബ്ദിക്കുന്നില്ലെന്ന ആരോപണം എനിക്ക് മേലുണ്ട്. എന്നാൽ സർഫറോഷിന് ശേഷം പാകിസ്ഥാനെക്കുറിച്ച് പരാമർശിച്ചതിന് പല തരത്തിൽ ആക്രമിക്കപ്പെട്ട വ്യക്തിയാണ് ‍ഞാനെന്നും ആമീർ ഖാൻ വ്യക്തമാക്കി. പഹൽ​ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള തന്റെ ഔദ്യോ​ഗിക പ്രസ്താവനയ്ക്ക് 12 മണിക്കൂറുകൾക്ക് ശേഷം സീതാരേ സമീൻ പറിന്റെ ട്രെയിലർ പുറത്തുവന്നത്  യാദൃശ്ചികമാണെന്നും ആമീർ ഖാൻ വാദിച്ചു. ട്രെയിലർ റിലീസ് മുന്നേ തീരുമാനിച്ചിരുന്നതാണ് എന്നാൽ നമ്മുടെ രാജ്യം പഹൽ​ഗാം ഭീകരാക്രമണത്തിന്റെ ഭീകരതയെ നേരിട്ടിരുന്ന സമയമായതിനാൽ ഞാൻ ഇടപെട്ടാണ് റിലീസ് മാറ്റി വച്ചത്. 1994ൽ പുറത്തിറങ്ങിയ ആന്ദാസ് അപ്ന അപ്നയുടെ റീ റിലീസും മാറ്റി വച്ചിരുന്നു. ഒരു മതവും നിരപരാധികളെ കൊല്ലാൻ ആവശ്യപ്പെടുന്നില്ല. നിരപരാധികളായ ഒരു മനുഷ്യനെയും കൊല്ലാൻ പാടില്ല, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കരുതെന്ന് ഇസ്ലാം മതം നിർദേശിക്കുന്നുണ്ട്. അതുകൊണ്ട് ഈ ഭീകരരെ ഞാൻ മുസ്ലീങ്ങളായി കണക്കാക്കുന്നില്ലെന്ന് ഭീകരാക്രമണത്തെ പിന്തുണക്കുന്നില്ലെന്ന് വാദിച്ചു കൊണ്ട് ആമീർ ഖാൻ പറ‍ഞ്ഞു.

content summary: Aamir Khan Responds to Patriotism Doubts: “My Film Sarfarosh Was the First to Call Out Pakistan for Terrorism”

Leave a Reply

Your email address will not be published. Required fields are marked *

×