പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ മൂലം മരിച്ച ഏഴ് വയസുകാരി നിയാ ഫൈസലിനെ കേരളക്കര മറന്നിട്ടുണ്ടാകില്ല. സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ചിട്ടും എറണാകുളം ജില്ലയിലെ വന്ധ്യംകരണത്തിനായുള്ള (എബിസി) നാല് സെന്ററുകളില്‍ ഒന്ന് മാത്രമാണ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുള്ളൂ. നായപിടുത്തക്കാരുടെ കുറവാണ് എബിസി സെന്ററുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുന്നതെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടന്‍ അഴിമുഖത്തോട് പറഞ്ഞു.
ജില്ലയില്‍ ബ്രഹ്‌മപുരം, വടവുകോട്, മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് വന്ധ്യംകരണ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ബ്രഹ്‌മപുരത്തെ സെന്റര്‍ മാത്രമാണ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്. കൊച്ചി കോര്‍പറേഷന് കീഴിലാണ് ഈ സെന്ററിന്റെ പ്രവര്‍ത്തനം. ബാക്കിയുള്ള മൂന്ന് സെന്ററുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലാണ്.
‘നായയെ പിടിക്കുന്ന ആളുകള്‍ക്ക് കാശ് കൂടുതല്‍ കൊടുക്കണമെന്ന ആവശ്യമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വണ്ടിക്കൂലിയും പണിക്കാശും ഉള്‍പ്പെടെ ദിവസം 500 രൂപയാണ് നായപിടുത്തക്കാര്‍ക്ക് കൊടുക്കുന്നത്. എന്നാലിത് 700 രൂപയാക്കി കൂട്ടിത്തരണമെന്നാണ് അവരുടെ ആവശ്യം. നായ്ക്കളെ പിടിക്കാനും കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരാനും തിരികെ കൊണ്ടുപോകാനും അവര്‍ ജില്ലയില്‍ ഉടനീളം സഞ്ചരിക്കേണ്ടതുണ്ട്. വേതനം പരിഷ്‌കരിക്കാന്‍ മൃഗസംരക്ഷണ വകുപ്പിനും തദ്ദേശസ്വയംഭരണ ഡയറക്ടറേറ്റിനും കത്തെഴുതിയിട്ടുണ്ട്’ മനോജ് മൂത്തേടന്‍ വ്യക്തമാക്കി.
ബ്രഹ്‌മപുരത്തെ സെന്റര്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. വടവുകോട്, മുളന്തുരുത്തി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഓരോ സെന്ററിലും ഒരു വെന്റിനറി ഡോക്ടറും ഒരു തിയേറ്റര്‍ അസിസ്റ്റന്റ് മൂന്ന് ജീവനക്കാരുമാണ് ഉള്ളത്.
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എബിസി സെന്ററിലെ നായപിടുത്തക്കാരുടെ കരാര്‍ കാലാവധി ഒരു വര്‍ഷമായിരുന്നു. അവരുടെ കാലാവധി നീട്ടിക്കൊടുക്കാതെ പുതിയ ആളുകളെ വിളിച്ചതും പ്രസിസന്ധിക്ക് കാരണമായി.
‘അതാത് പഞ്ചായത്തുകളിലെ നായകളെ മാത്രമാണ് പിടിക്കുന്നതെങ്കില്‍ നായപിടുത്തക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ മറ്റ് പഞ്ചായത്തുകള്‍ക്ക് കീഴിലെ പട്ടികളെ കൂടി പിടിക്കാന്‍ പോകുമ്പോഴാണ് ഇവര്‍ക്ക് 500 രൂപ തികയാതെ വരുന്നത്. അവര്‍ നിര്‍ത്തിപ്പോയതോടെയാണ് മുളന്തുരുത്തിയിലെ സെന്ററിന്റെ പ്രവര്‍ത്തനവും നിലച്ചത്’ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവന്‍ അഴിമുഖത്തോട് പറഞ്ഞു.
‘2023 ലാണ് മുളന്തുരുത്തിയിലെ എബിസി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഏകദേശം ഒരു വര്‍ഷം മാത്രമാണ് ഇത് കാര്യക്ഷമമായി പ്രവര്‍ത്തിച്ചത്. പിന്നീട് നായപിടുത്തക്കാരുടെ പ്രശ്‌നങ്ങളില്‍ പെട്ട് പ്രവര്‍ത്തനം നിലച്ചു. സംസ്ഥാന സര്‍ക്കാര്‍ എബിസി സെന്ററുകള്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ടിട്ട് ചുമതലയെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കി. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ഉള്‍പ്പെടെ വിവിധ ബ്ലോക്കുകളില്‍ നിന്നൊക്കെ ശേഖരിച്ചാണ് വിനിയോഗിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് യാതൊരു ഫണ്ടും ഇതിനായി നല്‍കിയിട്ടില്ല’ ഷാജി പറയുന്നു.
തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിക്ക് കീഴില്‍ അടുത്തിടെ ഉദ്ഘാടനം പൂര്‍ത്തിയാക്കിയ സെന്ററിന്റെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടില്ല. ‘കേന്ദ്ര മൃഗക്ഷേ ബോര്‍ഡിന്റെ അനുമതിക്കായി കാത്ത് നില്‍ക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും. ദിവസം അഞ്ച് നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കാന്‍ കഴിയുമെന്ന്’ നഗരസഭാ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ് അഴിമുഖത്തോട് പറഞ്ഞു.
ഒരുദിവസം ആറ് ആണ്‍ പട്ടികളെ വന്ധ്യംകരണത്തിന് വിധേയമാക്കാന്‍ കഴിയുമെങ്കില്‍ പെണ്‍പട്ടികളില്‍ നാലെണ്ണത്തിന് മാത്രമേ ചെയ്യാന്‍ കഴിയൂ. വന്ധ്യംകരണത്തിനിടെ ഏതെങ്കിലുമൊരു നായ മരണപ്പെട്ടാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ഹാജരാക്കേണ്ടിവരും. abc program stalled halfway, stray dog menace worsens in the district
Content Summary: abc program stalled halfway, stray dog menace worsens in the district