December 10, 2024 |

ആശുപത്രിയിലെ രാമായണവും അയോധ്യയിലെ കര്‍സേവയും

മാധ്യമ-രാഷ്ട്രീയ മേഖലകളില്‍ ഒരുപോലെ വിജവീഥിയില്‍ സഞ്ചരിക്കുന്ന ജോണ്‍ ബ്രിട്ടാസിനെ കുറിച്ച്…

വടക്കന്‍ കേരളത്തില്‍ എണ്‍പതുകള്‍ എസ്എഫ്‌ഐയും കെഎസ്‌യുവും തമ്മില്‍ ശക്തമായ വിദ്യാര്‍ത്ഥി രാഷ്ട്രീയ പോരിന്റെ സമയമായിരുന്നു. കോളേജുകളില്‍ മിക്കവാറും തീപാറുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. പ്രീഡിഗ്രി ബോര്‍ഡും പോളിടെക്‌നിക്ക് സമരവും അക്കാലത്തായതുകൊണ്ട് ക്യാമ്പസില്‍ ഒരു സംഘര്‍ഷം ഉണ്ടാകാനും സമയമൊന്നും വേണ്ട. ക്യാമ്പസ് സംഘര്‍ഷങ്ങള്‍ക്ക് കാരണം പോസ്റ്റര്‍ കീറിയതും, തുറിച്ച് നോക്കിയതും, ബാനറിന്റെ കെട്ടഴിഞ്ഞതും മറ്റുമാകും. കോളേജ് വരാന്തയിലൂടെ മുദ്രാവാക്യങ്ങള്‍ വിളിച്ച് രണ്ട് പാര്‍ട്ടികളുടെ ജാഥ പോയാല്‍ സംഘര്‍ഷം ഉറപ്പ്. അങ്ങിനെ ഒരു സംഘര്‍ഷത്തില്‍ പയ്യന്നൂര്‍ കോളേജിലെ എംഎസ് സിക്കാരനായ കെഎസ്‌യു നേതാവും ഡിഗ്രി വിദ്യാര്‍ത്ഥിയും തളിപ്പറമ്പ് എസ്എസ് കോളേജില്‍ നിന്ന് പ്രീഡിഗ്രി കഴിഞ്ഞ് വന്ന എസ്എഫ്‌ഐ അനുഭാവിയുമായ മറ്റൊരു വിദ്യാര്‍ത്ഥിയും തമ്മില്‍ അടിപിടിയുണ്ടായി. അതിലൊരാള്‍ പില്‍കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖനായി. സംസ്ഥാന-കേന്ദ്രമന്ത്രിയായി, കോണ്‍ഗ്രിന്റെ ദേശീയ നേതാവുമായി. അത് കെ സി വേണുഗോപാലാണ്. മറ്റെയാള്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായി, അവിടെ നിന്നും രാഷ്ട്രീയത്തിലെത്തി രാജ്യസഭ അംഗവുമായി. ജോണ്‍ ബ്രിട്ടാസ്. രണ്ട് ചേരിയിലാണെങ്കിലും, അന്നത്തെ വഴക്കൊന്നും ഇവരുടെ മനസില്‍ ഇപ്പോഴില്ല, രണ്ടു പേരും ഇന്ന് വലിയ സുഹൃത്തുക്കളാണ്.

k c venugopal with rajiv gandhi

അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കൊപ്പം കെ സി വേണുഗോപാല്‍, ഫയല്‍ ചിത്രം

ഡിഗ്രി പൂര്‍ത്തിയാക്കിയ ആറോളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാഷ്ട്രീയമീമാംസാ വിഷയത്തില്‍ ഉപരിപഠനത്തിന് എത്തിയത് ത്യശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍. ആറുപേരില്‍ കുര്യന്‍ തോമസ് കോളേജ് യൂണിയന്‍ ചെയര്‍മാനും, ജോജു സിറിയക്കും ജോണ്‍ ബ്രിട്ടാസും യൂണിവേഴ്‌സിറ്റി കൗണ്‍സിലര്‍മാരുമായി. ഒരു ദിവസം ഹോസ്റ്റല്‍ മുറിയില്‍ ഉച്ച ഉറക്കത്തിലായിരുന്ന ബ്രിട്ടാസിന്റെ മുറിയിലേയ്ക്ക് കുര്യന്‍ തോമസും എം എം തോമസും കൂട്ടരും എത്തി. ദേശാഭിമാനി സബ് എഡിറ്റര്‍ പോസ്റ്റിലേയ്ക്ക് അപേക്ഷിക്കുവാന്‍ എത്തിയ അവര്‍ ഭാവിയിലെ മാധ്യമപ്രവര്‍ത്തനം ചര്‍ച്ച ചെയ്ത് ചരിക്കുകയും സംസാരിക്കുകയും ചെയ്തു. റൂമിന് പുറത്ത് പോകണമെന്നും ഉറങ്ങണമെന്നും ബ്രിട്ടാസ്. പോകില്ലെന്ന് മറു പക്ഷം. എന്നാല്‍ എന്റെ അപേക്ഷ കൂടി എഴുതി ഒപ്പിട്ട് കൊടുത്തോളാന്‍ ബ്രിട്ടാസ് പറഞ്ഞു. മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ വെച്ച് നടന്ന എഴുത്ത് പരീക്ഷയില്‍ അപേക്ഷ സ്വന്തമായി എഴുതാതെ, ഒപ്പിടാതെ എത്തിയ ബ്രിട്ടാസ് ജയിച്ചു. മറ്റുള്ളവര്‍ക്ക് കടമ്പ കടക്കാന്‍ പറ്റിയില്ല. ഡിഗ്രിക്കും പിജിക്കും രാഷ്ട്രീയ മീമാംസയില്‍ ഒന്നാം റാങ്ക് നേടി ജയിച്ച ബ്രിട്ടാസ് 22ാം വയസില്‍ അങ്ങിനെ ദേശാഭിമാനിയുടെ കണ്ണൂര്‍ ലേഖകനായി.

ദൂരദര്‍ശന്റെ വസന്തകാലം. മറ്റ് ചാനലുകളൊന്നും അന്നില്ല. രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന ഒരു മണിക്കൂര്‍ രാമായണം സീരിയല്‍ കാണാന്‍ ജനം ടി വി സെറ്റിന് മുന്നില്‍ തടിച്ചു കൂടുന്ന കാലം. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും മറ്റ് ജീവനക്കാരും കൂടി ഒരു ടി വി വാങ്ങി ആശുപത്രിയിലെ ഒരു മുറിയില്‍ സ്ഥാപിച്ച് രാമായണം ഒന്നിച്ചിരുന്ന് കാണുന്ന പതിവ് തുടങ്ങി. ജോലി സമയത്താണ് ഇതൊക്കെ. ദേശാഭിമാനിയില്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ഫോട്ടോഗ്രാഫറുമായി ബ്രിട്ടാസ് എത്തി. ആശുപത്രി ജീവനക്കാര്‍ ഇരുവരേയും കണക്കിന് മര്‍ദ്ദിച്ച് മുറിയില്‍ പൂട്ടിയിട്ടു. മാധ്യമ പ്രവര്‍ത്തകര്‍ എത്തിയാണ് ഇരുവരേയും മോചിപ്പിച്ചത്. നിയമസഭയില്‍ വിഷയമെത്തി. അതൊരു വലിയ ചര്‍ച്ചയായ സമയത്താണ് ഡല്‍ഹി ബ്യൂറോയിലേയ്ക്ക് ബ്രിട്ടാസിനെ മാറ്റുന്നത്. 1988ല്‍ തണുപ്പുള്ള ഡിസംബര്‍ മാസം ആദ്യവാരമാണ് ഡല്‍ഹിയില്‍ ബ്രിട്ടാസ് എത്തുന്നത്. ഡല്‍ഹി ബ്യൂറോയില്‍ ജോലയില്‍ പ്രവേശിച്ച രണ്ടാം നാള്‍ അന്നത്തെ കേരളാ മുഖ്യമന്ത്രി ഇ കെ നായനാരോടൊപ്പം യാത്ര ചെയ്ത് പഞ്ചാബ് സിപിഎം പാര്‍ട്ടി സംസ്ഥാന സമ്മേളനം സങ്ക്രൂരില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിയോഗിക്കപ്പെട്ടു. തണുപ്പിനെ ചെറുക്കാന്‍ മുന്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന എം വിജയകുമാര്‍ ഉപയോഗിച്ചതും, പിന്നീട് ടെലിപ്രിന്റര്‍ ഓപ്പറേറ്റര്‍ ഉണ്ണികൃഷ്ണന്‍ ഉപയോഗിച്ചു കൊണ്ടിരുന്നതുമായ കോട്ടിട്ടാണ് ബ്രിട്ടാസ് പോയത്. ഖാലിസ്ഥാന്‍ ഉഗ്രവാദികള്‍ താണ്ഡവമാടിയിരുന്ന കാലത്തായത് കൊണ്ട് വന്‍ സുരക്ഷയാണ് നായനാര്‍ക്ക് യാത്രയില്‍ ഉണ്ടായിരുന്നത്. പഞ്ചാബിലെ പരന്ന് കിടക്കുന്ന ഗോതബ് വയലിന് നടുവില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നടുവില്‍ സഖാവ് മൂത്രം ഒഴിക്കേണ്ടി വന്ന കാഴ്ച്ചയോര്‍ത്ത് ബ്രിട്ടാസ് ഇപ്പോഴും ചിരിക്കാറുണ്ടെത്ര.

അക്കാലത്ത് മാധ്യമപ്രവര്‍ത്തകരുടെ ഐഡന്റിറ്റി എന്നത് റൈറ്റിങ്ങ് പാഡാണ്. സര്‍ക്കാര്‍ ഓഫീസിലും മറ്റ് സര്‍ക്കാര്‍ പരിപാടികള്‍ക്കും കയറാന്‍ പിഐബി അക്രഡിറ്റേഷന്‍ വേണം. സെക്യൂരിറ്റി ഇന്നത്തെ പോലെ അത്ര കണിശമല്ലാതിരുന്ന കാലത്ത് അക്രഡിറ്റേഷനില്ലാത്ത ജൂനിയര്‍ പത്രപ്രവര്‍ത്തകനായ ബ്രിട്ടാസ് കൈയ്യിലെ റൈറ്റിങ്ങ് പാഡ് ഉയര്‍ത്തി പോലീസുകാരെ പറ്റിച്ച് പത്രസമ്മേളനങ്ങളിലും പാര്‍ലമെറ്റിലും കയറിയത് പഴയ ചരിത്രം. ഡിഡിഎന്‍ 6815 എന്ന രജിസ്ട്രഷന്‍ നമ്പറുള്ള സ്‌കൂട്ടര്‍ പത്രസ്ഥാപനത്തിന്റെതായി അന്നത്തെ എംപി ക്വാട്ടയില്‍ വാങ്ങിയിരുന്നു. അക്കാലത്ത് വാഹനങ്ങള്‍ അത്ര ഇല്ലായിരുന്നു. ബ്യൂറോ ചീഫായ പ്രഭാ വര്‍മയ്ക്ക് വണ്ടി ഓടിക്കാന്‍ പേടിയായത് കൊണ്ട് സ്‌കൂട്ടര്‍ ബ്രിട്ടാസിന്റെ കസ്റ്റഡിയിലായി. 1989 ജനുവരി മാസം സീരീഫോര്‍ട്ട് ആഡിറ്റോറിയത്തില്‍ നിന്ന് അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിന്റെ പാസുകള്‍ വാങ്ങി സുഹൃത്തും നാട്ടുകാരനും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന അജിത്ത് കുമാറുമായി ചാറ്റല്‍ മഴയത്ത് ഓഫീസിലേയ്ക്ക് മടങ്ങുകയായിരുന്നു. സൗത്ത് എക്സ്റ്റന്‍ഷന്‍ എത്തിയപ്പോള്‍ റോഡ് മുറിച്ച് കടന്ന സ്ത്രീയെ വേഗതയിലെത്തിയ സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ചു. മൂവരും മൂന്ന് ദിശയിലേയ്ക്ക് തെറിച്ചു വീണു. സ്ത്രീയുടെ വായില്‍ നിന്ന് ചോര, വണ്ടി ഓടിച്ച ബ്രിട്ടാസിന്റെ കൈകളില്‍ നിന്നും ചോര, അജിത്തിന് മാത്രം ഒന്നും പറ്റിയില്ല. സ്‌കൂട്ടര്‍ എങ്ങിനെയോ സ്റ്റാര്‍ട്ടാക്കി അജിത്തിനോട് സ്ത്രീയെ ആശുപത്രിയിലാക്കി മുങ്ങാന്‍ പറഞ്ഞ് ബ്രിട്ടാസ് സ്ഥലം വിട്ടു. ഓടി കൂടിയ ജനം സ്‌കൂട്ടറിന്റെ നമ്പര്‍ ഓട്ടായില്‍ സ്ത്രീയുമായി കയറിയ അജിത്തിന്റെ കൈയില്‍ എഴുതി കൊടുത്തു. പോക്കറ്റിലുണ്ടായ നാല്‍പത് രൂപ തമിഴ്‌നാട്ടുകാരിയായ സ്ത്രീയെ ഏല്‍പ്പിച്ച് അജിത്തും മുങ്ങി. ആദ്യത്തെ അപകട കഥ ഇന്ന് ഇരുവരുടേയും വീരകഥകളാണ്.

john brittas old picture

1989ല്‍ അയോധ്യയില്‍ ശിലാന്യാസ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഒറ്റയ്ക്ക് പോയതും, 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് സാക്ഷ്യം വഹിക്കേണ്ടി വന്നതും, ബാഗ്ദാദ് യുദ്ധം, ഭുജ്ജിലെ ഭൂമി കുലുക്കം., ഗുജറാത്ത് കലാപം ഇങ്ങനെ എണ്ണമറ്റ റിപ്പോട്ടിംഗുകള്‍ ബ്രിട്ടാസിന്റെ മനസില്‍ മായാതെ ഉണ്ട്.

ബാബറി മസ്ജിദ് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമക്യഷ്ണന്റെ നേതൃത്വത്തിലായിരുന്നു ഡല്‍ഹിയിലെ മാധ്രമപ്രവര്‍ത്തകരില്‍ ചിലര്‍ പോയത്. അയോധ്യയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള ഫയ്‌സാബാദിലെ തിരുപ്പതി ഹോട്ടലിലായിരുന്നു താമസം. രാവിലെ അഞ്ചിന് കുളിച്ച് അയോധ്യയിലേയ്ക്ക് ഇറങ്ങി. ബാബറി മസ്ജിദിന്റെ മകുടം കാണുന്ന തരത്തില്‍ കര്‍സേവ റിപ്പോര്‍ട്ട് ചെയ്യാന്‍ തൊട്ടടുത്ത മാനസ് ഭവന്റെ ടെറസില്‍ മാധ്യമപ്രവര്‍ത്തകര്‍ ഒത്തുകൂടി. മനോരമയുടെ പ്രസന്നനും ഫോട്ടോഗ്രാഫര്‍ മുസ്തഫയും, മാത്യഭൂമിയുടെ അജിത്ത് കുമാര്‍, പി ആര്‍ രമേശ്, തുടങ്ങിയവരൊക്കെ കൂട്ടത്തിലുണ്ട്. ഒരു മണിക്കൂര്‍ കൊണ്ട് മസ്ജിദിന്റെ താഴികക്കുടം പിക്കാസും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് കര്‍സേവകര്‍ തകര്‍ത്തു. പിന്നീട് ആക്രമണമായിരുന്നു കര്‍സേവകരുടെ വക നടന്നത്. മാധ്യമപ്രവര്‍ത്തകരും മുസ്ലീം സഹോദരങ്ങളും ആക്രമിക്കപ്പെട്ടു. മുസ്തഫ ക്യാമറ ഒരു കടയില്‍ ഉപേക്ഷിച്ച വിവരം അറിയിച്ച് വിമാനമാര്‍ഗ്ഗം ഡല്‍ഹിയില്‍ എത്തി. മറ്റുള്ളവര്‍ ബ്രിട്ടാസ് പത്ത് രൂപയ്ക്ക് വാങ്ങിയ ജയ് ശ്രീറാം എന്ന് എഴുതിയ തുണി തലയില്‍ കെട്ടി ജയ് ശ്രീറാം ഇന്ന് ഉറക്കെ വിളിച്ച് കര്‍സേവകരുടെ കൂടെ കൂടി രക്ഷപ്പെട്ടു. പിറ്റേന്ന് വെങ്കിടേഷും ഡ്രൈവര്‍ ബില്ലുവും ബ്രിട്ടാസും മസ്ജിദ് പരിസരത്ത് എത്തി മുസ്തഫ വെച്ചു പോയ ക്യാമറ കരസ്ഥമാക്കി. വിലകൂടിയ ക്യാമറ ഡല്‍ഹി ഓഫീസില്‍ എത്തിച്ച ബ്രിട്ടാസിനെ അഭിനന്ദിച്ചും നന്ദി രേഖപ്പെടുത്തിയും മനോരമ ചീഫ് എഡിറ്റര്‍ കെ എം മാത്യു എഴുതിയ കത്ത് ഇന്നും ബ്രിട്ടാസ് സൂക്ഷിക്കുന്നു.

john brittas

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തന കാലത്ത് രാവിലെ സ്ഥിരമായി ഷട്ടില്‍ കളിക്കാനും വ്യായാമത്തിനും വിളിച്ചു കൊണ്ടു പോയിരുന്നത് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ വി കെ മാധവന്‍കുട്ടി ആയിരുന്നു. യുഎന്‍ഐ ഓഫീസിന് പിന്നിലെ ഷട്ടില്‍ കോര്‍ട്ടിലെ ചര്‍ച്ചകളില്‍ നിന്നാണ് മലയാളത്തിലെ രണ്ട് പ്രമുഖ ചാനലുകളായ ഏഷ്യാനെറ്റും കൈരളിയും പിറക്കുന്നത്. ഏഷ്യാനെറ്റ് ശശികുമാറില്‍ നിന്ന് റെജി മേനോന്‍ ഏറ്റെടുത്തതിന്റെ സ്പാര്‍ക്കില്‍ നിന്നാണ് കൈരളി ചാനല്‍ രൂപം കൊള്ളുന്നത്. ആദ്യകാലങ്ങളില്‍ ഏഷ്യാനെറ്റിന് വേണ്ടി ഡല്‍ഹിയില്‍ നിന്ന് റിപ്പോട്ടുകള്‍ രഹസ്യമായി നല്‍കിയിരുന്നത് ബ്രിട്ടാസ് തന്നെ. വര്‍ത്തമാന കാലത്ത് രണ്ട് ചാനലിലും ജോലി ചെയ്ത ബ്രിട്ടാസിന് രണ്ട് ചാനലിന്റെയും ആദ്യകാല പ്രവര്‍ത്തകന്‍ അല്ലെങ്കില്‍ റിപ്പോര്‍ട്ടര്‍ എന്ന് അവകാശപ്പെടാം. ഇന്ന് കൈരളി ചാനലിന്റെ കപ്പിത്താനാണ് ജോണ്‍ ബ്രിട്ടാസ്. ഏഷ്യാനെറ്റിനെ കുറച്ച് കാലം നയിച്ചു എന്നത് മറ്റൊരു കാര്യം. ഇപ്പോള്‍ സി.പിഎമ്മിന്റെ രാജ്യസഭാ പ്രതിനിധി. About  john brittas mp’s journalistic experiences

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Content Summary; About  john brittas mp’s journalistic experiences

×