ഒന്നിന് പുറകെ ഒന്നായി റോഡുകളില്‍ ജീവന്‍ പൊലിയുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. ഒരു വേദനയുടെ തീവ്രത മാറും മുമ്പേയാണ് ഉള്ളുലച്ച് കൊണ്ട് സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. തൃശൂര്‍ നാട്ടികയില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് നേരെ ലോറി പാഞ്ഞുകയറിയത് നവംബര്‍ 26 നായിരുന്നു. ഇതിന് പിന്നാലെ പിന്നെയും അപകടങ്ങള്‍ ആവര്‍ത്തിച്ചു. ഡിസംബര്‍ രണ്ടിന് ആലപ്പുഴ കളര്‍കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് ആറുപേരാണ് തീരാനോവായി മാറിയത്. ഇപ്പോഴിതാ പാലക്കാട് പനയമ്പാടത്ത് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനികളായ നാല്‌പേരുടെ ജീവനും കവര്‍ന്ന് ലോറി ഇരച്ചുപാഞ്ഞു. accident in panayambadam
പാലക്കാട് കരിമ്പ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ നിദ, റിദ, ഇര്‍ഫാന, ആയിഷ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുപ്പനാട് ജുമാ മസ്ജിദിലാണ് നാല് പേരുടെയും കബറടക്കം. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു പനയംപാടത്ത് വച്ച് ലോറി അപകടം ഉണ്ടായത്. ക്രിസ്മസ് പരീക്ഷയിലെ ചോദ്യപേപ്പര്‍ ഒത്തുനോക്കി വീട്ടിലേക്ക് മടങ്ങവേയായിരുന്നു ദുരന്തം. കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച കുഞ്ഞുങ്ങളെ കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്.
അപകടത്തെ തുടര്‍ന്ന് ലോറി ഡ്രൈവറായ മലപ്പുറം സ്വദേശി പ്രജീഷ് ജോണിനെ കല്ലടിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. പ്രജീഷ് ഓടിച്ച മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറി അമിതവേഗത്തില്‍ എത്തി എതിരെ വന്ന സിമന്റ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സിമന്റ് ലോറി വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് മറിഞ്ഞു. അഞ്ച് കുട്ടികളില്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സമീപത്തെ കുഴിയിലേക്ക് വീണതാണ് കുട്ടിക്ക് തുണയായത്.
കോഴിക്കോട്- പാലക്കാട് ദേശീയപാതയില്‍ പനയമ്പാടം സ്ഥിരം അപകടമേഖലയാണ്. മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടകേന്ദ്രമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൂടാതെ റോഡിന്റെ ഇറക്കവും വളവും അപകടത്തിന് കാരണമാകുമെന്നും അപകടം പതിവായതോടെ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടത്തിന് കുറവൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് നാട്ടുകാരുടെ പ്രതികരണം. ഇക്കാര്യം പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയൊന്നും ഉണ്ടായിരുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ കടുത്ത പ്രതിഷേധമാണ് അരങ്ങേറിയത്.
റോഡപകടങ്ങള്‍ വര്‍ധിക്കുന്നതിന്റെ മുഖ്യകാരണം റോഡ് നിയമങ്ങള്‍ പാലിക്കാനുള്ള വിമുഖ തന്നെയാണ്. ഇതില്‍ പൊലിയുന്നതോ നിരവധി കുടുംബങ്ങളുടെ ആശ്രയവും പ്രതീക്ഷയുമാണ്. ലോകത്ത് ഡ്രൈവിങ് ലൈസന്‍സ് വളരെ എളുപ്പത്തില്‍ ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇതേ ഇന്ത്യയില്‍ തന്നെയാണ് റോഡപകടങ്ങളും കൂടുതലായി നടക്കുന്നത്. ലൈസന്‍സ് എടുത്തതുകൊണ്ട് മാത്രം തീരുന്നതല്ല റോഡിലെ നിയമങ്ങള്‍. പാലിക്കപ്പെടേണ്ട ചില മര്യാദകള്‍ കൂടി വാഹനമോടിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ടതുണ്ട്.
കൂടാതെ റോഡുകളുടെ അശാസ്ത്രീയ നിര്‍മാണവും മറ്റും സമയബന്ധിതമായി പരിഹരിക്കാന്‍ ഭരണാധികാരികളും വേണ്ട ശ്രദ്ധ പുലര്‍ത്തേണ്ടിയിരിക്കുന്നു. ദുരന്തങ്ങളുണ്ടാകുമ്പോള്‍ മാത്രം പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞ് തടിതപ്പുകയല്ല വേണ്ടത്. അപകടമുണ്ടായ പനയമ്പാടത്ത് ആറ് വര്‍ഷത്തിനിടെ 35 അപകട മരണങ്ങളാണ് ഉണ്ടായത്. എന്നിട്ടും ഗതാഗത വകുപ്പോ, ദേശീയപാത അധികൃതരോ തിരിഞ്ഞുനോക്കുക പോലും ഉണ്ടായിട്ടില്ല. പിന്നെ എന്തിനാണ് നമ്മള്‍ റോഡ് ടാക്‌സ് കൊടുക്കുന്നത് എന്ന ചോദ്യവും ഇവിടെ ബാക്കിയാവുകയാണ്.
ഈ റോഡപകടങ്ങളെല്ലാം നമുക്ക് ഓരോരുത്തര്‍ക്കുമുള്ള ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. റോഡിലേക്ക് ഇറങ്ങിയാല്‍ തിരികെ ജീവനോടെ വീട്ടിലേക്ക് എത്തുമെന്നതില്‍ യാതൊരു പ്രതീക്ഷയും നമുക്ക് ഇല്ലെന്നതാണ് ഈ അപകടങ്ങള്‍ പറഞ്ഞുവയ്ക്കുന്നത്. accident in panayambadam
Content Summary: accident in panayambadam
panayambadam accident road accident students death students road accident latest news kerala news