April 20, 2025 |

സർക്കാർ നടപടി സ്വീകരിക്കാൻ മടിക്കുമ്പോൾ പൊലീസ് സ്വമേധയ കേസ് എടുക്കുന്നത് എങ്ങനെ?

ഹേമ കമ്മിറ്റി റിപ്പോർട്ട്‌

മലയാള സിനിമാ വ്യവസായത്തിൽ ലൈം​ഗിക ചൂഷണവും വിവേചനവും ശക്തമാണെന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്കും, തുറന്നു പറച്ചിലുകൾക്കും വഴി വച്ചിരിക്കുകയാണ്. അതേ സമയം വളരെയധികം കാലമായി റിപ്പോർട്ട് കൈവശമുണ്ടായിരുന്ന സർക്കാർ ഇത്രയധികം സ്ത്രീകൾ നേരിട്ട ലൈം​ഗിക അധിക്ഷേപത്തിന് യാതൊരു വിധത്തിലുള്ള നിയമ നടപടിയും സ്വീകരിക്കാൻ തയ്യാറായില്ലെന്ന വാദം ഉയരുന്നുണ്ട്. എന്നാൽ രഹസ്യമായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന രേഖയാണ് പൊലീസിന് ലഭിച്ചതെന്നായിരുന്നു റിപ്പോ‌‍ർട്ടിൽ കേസെടുക്കുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം.Hema Committee report

കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപെട്ടിട്ടില്ല, പക്ഷെ മൊഴി നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കണമെന്നും പറഞ്ഞിട്ടുണ്ട്. കമ്മിറ്റിക്ക് മൊഴി നൽകിയ ഏത് സ്ത്രീ പരാതിയുമായി വന്നാലും ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ആരും പരാതിയുമായി മുന്നോട്ട് വരാത്ത പക്ഷം പൊലീസിന് സ്വമേധയായ കേസ് എടുക്കാൻ കഴിയുമെന്ന വാദമാണ് മറുപുറത്ത് ഉന്നയിക്കപ്പെടുന്നത്. ലളിത കുമാരി കേസ് അടക്കം ചൂണ്ടിക്കാണിച്ചാണ് ആളുകൾ ഈ വാദം സമർത്ഥിക്കുന്നത്‌. എന്താണ് ഈ വാദത്തിലെ നിയമവശം ? എന്തുകൊണ്ടാണ് പോലീസ് കേസ് എടുക്കാൻ തയ്യാറാകാത്തത് ? ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് മുൻ ഡിവൈഎസ്പി സുബാഷ് ബാബു.

ഇത്തരം സാഹചര്യങ്ങളിൽ ബാധിക്കപെട്ടവർ മുതൽ പൊതുജനങ്ങൾക്ക് വരെ കേസുമായി പോലീസിനെ സമീപിക്കാവുന്നതാണ്. പോലീസ് മാനുവലിലെ 305,306 പ്രകാരം ഏതെങ്കിലും പരാതി ലഭിക്കുകയാണെങ്കിൽ പൊലീസിന് കേസ് എടുക്കാവുന്നതാണ്. പരാതി ഫോൺ കോളിലൂടെയോ, അനോണിമസ് സന്ദേശമായോ, നോട്ടീസ്- പോസ്റ്റർ തുടങ്ങി പല രീതിയിൽ നൽകാവുന്നതാണ്. പരാതി ലഭിച്ചാൽ പോലീസ് സ്റ്റേഷന്റെ ചാർജുള്ള ഉദ്യോഗസ്ഥൻ ജനറൽ ബുക്കിൽ ഇത് രേഖപ്പെടുത്തി ഒരന്വേഷണം നടത്തണം. പരാതിയിൽ പറയുന്ന കുറ്റം നടന്നെന്ന് ബോധ്യപ്പെട്ടാൽ കേസ് എടുക്കാം.

മറ്റൊരു സാഹചര്യം നിലവിൽ ഉയർന്ന് കേൾക്കുന്ന ലളിത കുമാരി കേസുമായി ബന്ധപ്പെട്ടതാണ്. 2013-ലെ ലളിതാ കുമാരി വേഴ്സസ് ഉത്തർപ്രദേശ് ഗവൺമെൻ്റ് കേസിൽ,  പ്രാഥമിക അന്വേഷണവുമില്ലാതെ, ഒരു കോഗ്നിസബിൾ കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ തന്നെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. കേസ് പ്രകാരം നാല് കാര്യങ്ങൾക്ക് പൊലീസിന് കേസ് എടുക്കാം. ഒന്ന് ഡോക്ടർക്കെതിരെ, രണ്ടാമതായി മെഡിക്കൽ അശ്രദ്ധക്കെതിരെ, മൂന്നാമതായി സാമ്പത്തിക തട്ടിപ്പിനെതിരെ നാലാമതായി ഒരു പാട് കാലം നിയമനടപടികൾ സ്വീകരിക്കതിരുന്ന ഒരു കുറ്റകൃത്യത്തിന് എതിരെ. വിവരം ലഭിക്കുന്നതനുസരിച്ച് പോലീസ് കുറ്റം നടന്നോ എന്ന് അന്വേഷിക്കാൻ തയ്യാറാവേണ്ടതുണ്ട്. പരമാവധി ഒരു ആഴ്ചക്കകം കുറ്റം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തണം. നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തിൽ പരാതി നൽകാനായി ആരും തയ്യാറായില്ലെങ്കിൽ പോലീസ് കേസ് എടുക്കണം.

നാഗരികസുരക്ഷ സംഹിത അതായത് പഴയ സിആർപിസിയിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 173-ാമത് വകുപ്പിലെ ഉപവകുപ്പ് 3 അനുസരിച്ച് പോലീസ് കേസ് അന്വേഷിക്കണം. സ്വകാര്യത പുറത്തുവിടാതിരിക്കാനും വകുപ്പിലെ നിയമം അനുവദിക്കുന്നുണ്ട്. ഡിവൈഎസ്പി റാങ്കിലുള്ള അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് അനുമതി വാങ്ങിയതിന് ശേഷം പ്രഥമ പ്രഥമ ദൃഷ്ടിയാൽ അന്വേഷണം നടത്താം. ചില സാഹചര്യങ്ങളിൽ കേസ് ക്ലോസ് ചെയ്യാനും കഴിയും. ഇതിനു പുറമെ കേസ് നൽകാനായി കോടതിയെ തന്നെ സമീപിക്കാവുന്നതാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പോലീസ് സ്വയം കേസ് എടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.  ബാധിക്കപെട്ടവർക്ക് മാത്രമല്ല കേസ് നൽകാൻ കഴിയുകയുള്ളു, മാധ്യമപ്രവർത്തകർ, രാഷ്ട്രീയക്കാർ തുടങ്ങി ആർക്ക് വേണമെങ്കിലും കേസുമായി മുന്നോട്ട് വരാവുന്നതാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിക്കുന്ന പ്രമുഖ ചിലച്ചിത്ര സംവിധായകനെതിരെ പോലും ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കേസുമായി മുന്നോട്ടുപോകാൻ സർക്കാർ തന്നെ മടിക്കുന്നു. സിനിമാ രംഗത്തെ പലരും രാഷ്ട്രീയം തുടങ്ങി പല മേഖലകളിലുമായി വിന്യസിച്ചു കിടക്കുന്നവരാണ്. അതിലുപരി ഇവരെ ആരാധനയോടെയാണ് ആളുകൾ കാണുന്നത്. നടപടികൾ സ്വീകരിക്കാൻ സർക്കാർ തന്നെ മുന്നോട്ട് വരാത്ത സാഹചര്യമാണ് നിലവിൽ. Hema Committee report

Content summary; According to the Hema Committee report, can the police take up a case voluntarily?

Leave a Reply

Your email address will not be published. Required fields are marked *

×