കോഴിക്കോട് മുക്കത്ത് പീഡനശ്രമം തടുക്കുന്നതിനിടയിൽ പെൺകുട്ടി മുകളിൽ നിന്ന് ചാടിയ സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ. കേസിലെ ഒന്നാം പ്രതി ഹോട്ടൽ ഉടമ ദേവദാസനെയാണ് പൊലീസ് പിടികൂടിയത്. ഹൈക്കോടതിയെ സമീപിക്കാൻ പോകുന്നതിനിടെ കുന്നംകുളത്ത് വച്ചാണ് മുക്കം പൊലീസ് പ്രതിയെ പിടികൂടുന്നത്. കോഴിക്കോട് സ്വന്തം വാഹനം ഉപേക്ഷിച്ച ശേഷം കൊച്ചിയിലേക്ക് പ്രതി യാത്ര ചെയ്യുകയായിരുന്നു. പ്രതിയെ മുക്കം പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മറ്റു രണ്ട് പ്രതികൾക്കായി അന്വേഷണം തുടരുന്നുണ്ട്. ഒന്നാം പ്രതിയെ പിടികൂടിയതിൽ സന്തോഷമെന്ന് പെൺകുട്ടികളുടെ കുടുംബാംഗങ്ങൾ പ്രതികരിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണത്തിൽ തൃപ്തരാണെന്നും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ അറിയിച്ചു. കേസിൽ യുവതിയുടെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തിയിരുന്നു.
ലോഡ്ജ് ഉടമയും മറ്റ് രണ്ട് പേരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും അതിൽ നിന്ന് രക്ഷപ്പെടാനാണ് മുകളിൽ നിന്ന് ചാടിയതെന്നുമായിരുന്നു പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങൾ കുടുംബം പുറത്തുവിട്ടിരുന്നു. പെൺകുട്ടി താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് ചാടുന്നതിന് തൊട്ടു മുൻപുള്ള ദൃശ്യങ്ങളാണിത്. പീഡനശ്രമം ചെറുത്ത പെൺകുട്ടി അലറി കരയുന്നതും ഈ ദൃശ്യങ്ങളിൽ ഉണ്ട്. പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് മുക്കത്ത് സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയായ യുവതി, പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയത്. ലോഡ്ജ് ഉടമ ദേവദാസ്, ജീവനക്കാരായ മുനീർ, സുരേഷ് എന്നിവർ മുറിയിലേക്ക് അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ കോഴിക്കോട് റൂറൽ എസ് പിക്ക് വനിതാ കമ്മീഷൻ നിർദ്ദേശം നൽകി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു.
മൂന്ന് മാസമായി യുവതി മുക്കത്തെ ഹോട്ടലിൽ ജോലിയ്ക്ക് കയറിയിട്ട്. പെൺകുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടൽ ഉടമ പ്രലോഭനത്തിന് ശ്രമിച്ചിരുന്നു എന്ന് കുടുബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടന്നും കുടുംബം അവകാശപ്പെട്ടു. വനിതാ സഹപ്രവർത്തകർ അവധിയിൽ പോയ തക്കം നോക്കി വീട്ടിൽ അതിക്രമിച്ച് കയറിതടക്കം ഗുരുതര കുറ്റം ചെയ്തിട്ടും, പ്രതികൾ ആരെന്ന് കൃത്യമായി തിരിച്ചറിഞ്ഞിട്ടും നടപടികൾ വൈകുന്നതിൽ കുടുംബം ആശങ്ക അറിയിച്ചിരുന്നു. നട്ടെല്ലിനും ഇടുപ്പിനും പരിക്കേറ്റ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
content summary: Hotel owner arrested in connection with Mukkam sexual assault case search underway for accomplices.