April 22, 2025 |

ഗുസ്തി താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം

ഹരിയാനയുടെ രാഷ്ട്രീയ ഭാവി എന്താകും!

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കഴിഞ്ഞ ദിവസം കോൺഗ്രസ് പാർട്ടിയിൽ ചേർന്നിരുന്നു. ഒക്‌ടോബർ 5 ന് വരാനിരിക്കുന്ന പ്രധാന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് നീക്കം. ഈ വർഷമാദ്യം നടന്ന ഗുസ്തിക്കാരുടെ പ്രതിഷേധത്തിൽ രണ്ട് കായികതാരങ്ങളും കേന്ദ്ര ബിന്ദുക്കളായിരുന്നു. ഇവരെ കളത്തിലിറക്കുന്നതിലൂടെ ഹരിയാനയുടെ രാഷ്ട്രീയ ഭൂപടത്തിൽ പ്രകടമായ മാറ്റങ്ങൾ സംഭവിക്കുമെന്നാണ് വിലയിരുത്തുന്നത്. ബുധനാഴ്ച, രണ്ട് ഒളിമ്പ്യൻമാരും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും നോർത്തേൺ റെയിൽവേയിലെ തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് നേരത്തെ രാജിവച്ചിരുന്നു.

രണ്ട് ഗുസ്തിക്കാരും ജാട്ട് സമുദായത്തിൽ നിന്നുള്ളവരാണ്. ഹരിയാനയിലെ കർഷകരിൽ ഗണ്യമായ എണ്ണം ജാട്ടുകളാണ്, മിനിമം താങ്ങുവിലയുടെ (എംഎസ്പി) നിയമപരമായ ഗ്യാരൻ്റി എന്ന ആവശ്യത്തെച്ചൊല്ലി ജാട്ട് സമുദായം ബിജെപിക്കെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. ഫോഗട്ടിനെയും പുനിയയെയും ബോർഡിൽ കൊണ്ടുവരിക വഴി, ജാട്ട് വോട്ടുകൾ ഏകീകരിക്കുന്നതിനു പുറമെ സ്ത്രീകൾ, കായികതാരങ്ങൾ, യുവാക്കൾ എന്നിവരിൽ തങ്ങളുടെ പിന്തുണാ അടിത്തറ വിപുലപ്പെടുത്താനാണ് പാർട്ടി ശ്രമിക്കുന്നത്.

ജാട്ട് ജനസംഖ്യ കൂടുതലുള്ള ജുലാന, ബദ്‌ലി സീറ്റുകളാണ് വിനേഷ് ഫോഗട്ടിനായി കോൺഗ്രസ് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ, കോൺഗ്രസിൽ നിന്നുള്ള കുൽദീപ് വത്‌സ് ബാദ്‌ലിയാണ് പ്രതിനിധീകരിക്കുന്നത്. ജനനായക് ജനതാ പാർട്ടിയുടെ (ജെജെപി) അമർജീത് ദണ്ഡയാണ് ജുലാനയുടെ ജനപ്രതിനിധി. കോൺഗ്രസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഫോഗട്ട് ജുലാനയിലോ ദാദ്രിയിലോ മത്സരിച്ചേക്കാം, അതേസമയം പുനിയയെ ബാദ്‌ലിയിൽ മത്സരിപ്പിച്ചേക്കും. വരും ദിവസങ്ങളിൽ ചിത്രം കുറച്ചു കൂടി വ്യക്തമാകുമെന്നാണ് കരുതുന്നത്.

ആഗസ്റ്റ് 19-ന് പാരീസ് ഒളിമ്പിക്സിൽ നിന്ന് ഫോഗട്ട് തിരിച്ചെത്തുന്നത്. ഇന്ത്യയിലും മറ്റും വലിയ ചർച്ചകൾക്കാണ് സംഭവം വഴി വച്ചത്. പരോക്ഷമായി സംഭവത്തിന്റെ ഉത്തരവാദികൾ ബിജെപി സർക്കാർ ആണെന്ന വാദവും സജീവമായിരുന്നു. അന്ന് മുതൽ കോൺഗ്രസ് നേതാക്കൾ സജീവമായ പിന്തുണ നൽകിയിരുന്നു. ഡൽഹി വിമാനത്താവളത്തിൽ കോൺഗ്രസ് എംപി ദീപേന്ദർ ഹൂഡ അവർക്ക് ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു. അതേ സമയം ഹരിയാന നിയമസഭാ ലോക്‌സഭാംഗം ഭൂപീന്ദർ സിംഗ് ഹൂഡ അവരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുമെന്ന് പറഞ്ഞു. ബിജെപിയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ ഒരു സംഭവവികാസങ്ങളാണ് വരാനിരിക്കുന്നത്. ഹരിയാന-പഞ്ചാബ് അതിർത്തിയിലെ ശംഭുവിലും ഖനൗരിയിലും പ്രതിഷേധിക്കുന്ന കർഷകർക്ക് ഗുസ്തിക്കാർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫോഗട്ടിനെ തങ്ങളുടെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നതിലൂടെ ബിജെപിയെ സമ്മർദ്ദത്തിലാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. മുൻ ബിജെപി എംപിയും മുൻ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ഗുസ്തിക്കാരുടെ പ്രതിഷേധത്തിന്റെ മുഖമായിരുന്നു ഫോഗട്ട്. മുൻ എംപിക്കെതിരെ നടപടിയെടുക്കാത്ത ബിജെപിയെ വിമർശിക്കാൻ കോൺഗ്രസ് ഇത് ഉപയോഗിക്കാനാണ് സാധ്യത.

ഹരിയാനയിൽ കായിക താരങ്ങൾക്ക് രാഷ്ട്രീയത്തിൽ ശോഭിക്കാൻ കഴിഞ്ഞിട്ടില്ല. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളായി മത്സരിച്ച ഗുസ്തി താരങ്ങളായ യോഗേശ്വർ ദത്തും ബബിത ഫോഗട്ടും ബറോഡ, ചാർഖി ദാദ്രി എന്നിവർ മത്സരിച്ചെങ്കിലും പരാജയെപ്പെട്ടു. ഗൊഹാന സീറ്റിൽ മത്സരിക്കാൻ ദത്തിന് താൽപര്യമുണ്ടെന്നാണ് റിപ്പോർട്ട്. കായികതാരങ്ങളിൽ മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ സന്ദീപ് സിംഗ് മാത്രമാണ് പെഹോവയിൽ നിന്ന് വിജയം രുചിച്ചത്.

തുടർന്ന് മനോഹർ ലാൽ ഖട്ടർ കാബിനറ്റിൽ കായിക മന്ത്രിയായി അദ്ദേഹത്തെ ഉൾപ്പെടുത്തിയെങ്കിലും അദ്ദേഹത്തിനെതിരെ ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് മുഖ്യമന്ത്രി നയാബ് സിംഗ് സൈനി  ഒഴിവാക്കി. ആരോപണം ഉന്നയിച്ച മുൻ പരിശീലകൻ പെഹോവ സീറ്റിൽ സിങ്ങിനെ മത്സരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിലും മുൻ ഹോക്കി താരം പുറത്താകാൻ സാധ്യതയില്ല. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് മൂന്നാം സ്ഥാനത്തെത്തിയ അന്താരാഷ്ട്ര ബോക്‌സർ വിജേന്ദർ സിംഗ് പിന്നീട് ബിജെപിയിൽ ചേർന്നു. ഭിവാനി ജില്ലയിലെ കലുവാസ് ഗ്രാമത്തിൽ വേരുകളുള്ളതിനാൽ ഹരിയാന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇപ്പോൾ അദ്ദേഹത്തിന് താൽപ്പര്യമുണ്ട്.

ഹരിയാനയെ പ്രതിനിധീകരിച്ച ജനപ്രതിനിധികൾ ആരൊക്കെയെന്ന് പരിശോധിക്കാം

യോഗേശ്വർ ദത്ത്

ഹരിയാനയിൽ നിന്നുള്ള പ്രമുഖ ഇന്ത്യൻ ഗുസ്തിക്കാരനാണ് യോഗേശ്വർ ദത്ത്, ഫ്രീസ്റ്റൈൽ ഗുസ്തി ശൈലിയിൽ പേരുകേട്ട ദത്ത് 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡലും, കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും ഒന്നിലധികം സ്വർണവും നേടിയിട്ടുണ്ട്. ഈ നേട്ടങ്ങൾക്ക് പുറമെ പത്മശ്രീ, രാജീവ് ഗാന്ധി ഖേൽരത്‌ന തുടങ്ങിയ അഭിമാനകരമായ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2019 ലാണ്, യോഗേശ്വര് ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) യിൽ എത്തുന്നത്. ബിജെപി രാഷ്ട്രീയത്തിലൂടെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബറോഡ മണ്ഡലത്തിൽ മത്സരിച്ചിരുന്നു. കോൺഗ്രസ്സ്സ്ഥാനാർത്ഥി കൃഷ്ണ ഹൂഡയോട് ഏകദേശം 4,840 വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയം രുചിച്ചു. എന്നാൽ ഹരിയാനിയുടെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ വ്യക്തമായ സ്വാധീനം അദ്ദേഹത്തിനുണ്ട്. കായികവും സാമൂഹികവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം സജീവമാണ്.

ബബിത ഫോഗട്ട്

സ്ത്രീകളുടെ ഫ്രീസ്റ്റൈൽ ഗുസ്തിയിലെ പ്രമുഖ ഇന്ത്യൻ ഗുസ്തി താരമാണ് ബബിത ഫോഗട്ട്. 1989 നവംബർ 20 ന് ഹരിയാനയിലെ ഭിവാനിയിൽ ജനിച്ച ബബിത ഫോഗട്ട് പ്രശസ്ത ഫോഗട്ട് ഗുസ്തി കുടുംബത്തിലെ അംഗമാണ്. പിതാവ് മഹാവീർ സിംഗ് ഫോഗട്ട് പ്രശസ്ത ഗുസ്തി പരിശീലകനാണ്. 2014ൽ ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും 2018ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും കരസ്ഥമാക്കിയിരുന്നു. ഇന്ത്യയിലെ വനിതാ ഗുസ്തിയിക്ക് ലഭിച്ച സ്വീകാര്യതക്ക് വഴി വച്ചതും ബബിതയടക്കമുള്ള താരങ്ങൾ നേടിയ നേട്ടത്തിലൂടെയാണ്. 2019 ൽ, ബിജെപിയിലൂടെ രാഷ്ട്രീയ പ്രവേശനം ചെയ്ത ബബിത ഫോഗട്ട് രിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ചാർഖി ദാദ്രി മണ്ഡലത്തിൽ നിന്ന് മത്സരിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി രത്‌ന സിംഗ്യോട് ഏകദേശം 11,000 വോട്ടുകളുടെ വ്യത്യാസത്തിൽ അവർ പരാജയപ്പെട്ടു.

സന്ദീപ് സിംഗ്

മുൻ ഇന്ത്യൻ ഹോക്കി താരമാണ് ഹരിയാനയിൽ നിന്നുള്ള സന്ദീപ് സിംഗ്. 1986 ഫെബ്രുവരി 27 ന് ഹരിയാനയിലെ ഷഹാബാദ് മാർക്കണ്ടയിൽ ജനിച്ച അദ്ദേഹം ഇന്ത്യൻ ദേശീയ ഹോക്കി ടീമിലെ ഡ്രാഗ്-ഫ്ലിക്ക് സ്പെഷ്യലിസ്റ്റ് എന്ന നിലയിൽ പ്രശസ്തനാണ്. 2009 ലെ സുൽത്താൻ അസ്ലൻ ഷാ കപ്പിലെ ടീമിൻ്റെ വിജയത്തിലെ പ്രധാനിയായിരുന്നു സന്ദീപ്. കൂടാതെ 2012 ലണ്ടൻ ഒളിമ്പിക്സിലും 2010 കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യയ്ക്ക് വേണ്ടി വിജയം നേടിയിട്ടുണ്ട്. കായികരംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് ബിജെപിയിലൂടെയായാണ്. 2019 ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ പെഹോവ മണ്ഡലത്തിൽ നിന്ന് വ്യക്തമായ വിജയം നേടിയ അദ്ദേഹം ഹരിയാനയിലെ കായിക യുവജനകാര്യ മന്ത്രിയായി ചുമതലയേറ്റു.

രാജേഷ് വർമ്മ

ഹരിയാനയിൽ നിന്നുള്ള മുൻ ഗുസ്തിതാരം ജിന്ദ് ജില്ലയിലെ ഖർഖാരി ഗ്രാമത്തിലാണ് ജനിച്ചത്. രാജേഷ് വർമ ​​2014-ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) സ്ഥാനാർത്ഥിയായി ഉച്ചന കലൻ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. അന്നത്തെ കോൺഗ്രസ് (INC) സ്ഥാനാർത്ഥി കരൺ സിംഗ് ദലാൽ ആണ് വിജയിച്ചത്.

Content summary; Acquiring Vinesh Phogat and Bajrang Punia is a major achievement for the Congress.

Leave a Reply

Your email address will not be published. Required fields are marked *

×