കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ ജില്ല കളക്ടര്‍ ആദ്യം അന്വേഷിക്കുന്നത് പ്രവേശനം നിരോധിച്ചിരുന്ന ശുചിമുറിയില്‍ ആളുകള്‍ എങ്ങനെ കയറി എന്നതിനെക്കുറിച്ചാണ്. എന്നാല്‍ അഴിമുഖം സംസാരിച്ചവരില്‍ രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരിലെ ഒരു വിഭാഗവും ഉറപ്പിച്ച് പറയുന്നത്, അവിടേക്ക് പ്രവേശം നിരോധിച്ചിരുന്നില്ല എന്നാണ്. പ്രവേശനം അനുവദിച്ചിരുന്നില്ല എന്ന വാദത്തില്‍ നില്‍ക്കുന്ന ജീവനക്കാരോടും സംസാരിച്ചു. എന്നാല്‍ ഒരു ചോദ്യത്തിന് അവര്‍ക്ക് മറുപടിയില്ലായിരുന്നു. പ്രസ്തുത ശുചിമുറിയില്‍ പ്രവേശനം നിരോധിച്ചിരുന്നുവെങ്കില്‍ ബദല്‍ മാര്‍ഗം സജ്ജീകരിച്ചിരുന്നോ? ഈ ചോദ്യത്തിനാണ് ഉത്തരമില്ലാത്തത്.
‘ഇതെപ്പോഴാണ് ഇടിഞ്ഞു വീഴുന്നത്?’ അപകടം ഭയന്നു കഴിഞ്ഞ 14, 15 വാര്‍ഡുകള്‍
നിരവധിപ്പേരാണ് 11, 14 വാര്‍ഡുകളിലായി, രോഗിയായും കൂട്ടിരിപ്പുകാരായും ഉള്ളത്. സ്ത്രീകളാണ് ഭൂരിഭാഗവും. അവര്‍ക്ക് കുളിക്കാനും ദേഹശുദ്ധി വരുത്താനും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനും മതിയായ സൗകര്യം ഇല്ല എന്നത് എല്ലാവരും സമ്മതിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രവേശനം നിരോധിച്ചു എന്നു പറയുന്ന ശുചി മുറി പലരും ഉപയോഗിക്കുന്നുണ്ട്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനും കുളിക്കാനുമല്ലെങ്കിലും മുഖം കഴുകാനോ മറ്റുമൊക്കൊയായി ഇവിടേയ്ക്ക് തന്നെയാണ് എല്ലാവരും പോയിരുന്നത്. ബിന്ദുവും അക്കൂട്ടത്തില്‍ ഒരാളായിരുന്നു. തന്റെ ജീവന്‍ നഷ്ടമാകുന്ന തരത്തില്‍ അപകടമായിരുന്നു അവിടെ പതിയിരുന്നതെന്ന് ആ സ്ത്രീ ഒരിക്കലും ഓര്‍ത്തു കാണില്ലല്ലോ!
പ്രവേശനം വിലക്കിയിരുന്നോ?
പ്രവേശനം വിലക്കിയിരുന്നു എന്ന ആശുപത്രിയധികൃതരുടെ വാദത്തെ ന്യായീകരിക്കുന്ന പ്രതികരണങ്ങളാണ് ജീവനക്കാരില്‍ പലരും നല്‍കിയത്. പത്തു കൊല്ലത്തില്‍ ഏറെയായി ജോലി നോക്കുന്ന ഒരു ജീവനക്കാരി അഴിമുഖത്തോട് പറഞ്ഞത്, ഏറെ നാളുകളായി ആ ശുചിമുറിയിലേക്ക് രോഗികള്‍ക്കോ കൂട്ടിരുപ്പുകാര്‍ക്കോ പ്രവേശനം നല്‍കിയിരുന്നില്ലെന്നാണ്. എന്നാല്‍ അതിന് ബദലായി മറ്റു മാര്‍ഗങ്ങള്‍ നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് ജീവനക്കാരി മറുപടി നല്‍കിയില്ല.
പ്രവേശനം നിരോധിച്ചിരുന്നു എന്ന വാദം തെറ്റാണെന്നാണ് കൂട്ടിരിപ്പുകാരില്‍ ഒരാളായ സുമേഷ് അഴിമുഖത്തോട് പറഞ്ഞത്. അപകടം നടക്കുന്ന സമയത്ത് സുമേഷ് 15 ആം വാര്‍ഡിലുണ്ട്. കോട്ടയം സ്വദേശിയായ സുമേഷിന് അപകടത്തിന്റെ ഭയം ഇപ്പോഴും വിട്ടുമാറിയിട്ടില്ല.
രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് സുമേഷിന്റെ ഭാര്യയെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കുന്നത്. അപകടത്തില്‍ തകര്‍ന്ന് വീണ കെട്ടിടത്തിന്റെ നേരെ എതിരെ കാണുന്ന 15ാം വാര്‍ഡിലായിരുന്നു സുമേഷിന്റെ ഭാര്യയെ പ്രവേശിപ്പിച്ചത്. ഇടിഞ്ഞു വീണ 11ാം വാര്‍ഡിരിക്കുന്ന അതേ കെട്ടിടത്തില്‍ തന്നെയാണ് 15ാം വാര്‍ഡും ഉണ്ടായിരുന്നത്. രണ്ട് വാര്‍ഡുകള്‍ക്കും പ്രത്യേകം ശുചിമുറികളും അനുവദിച്ചിരുന്നതിനാല്‍ ഞങ്ങളുടെ വാര്‍ഡിലുള്ളവര്‍ക്ക് ഇടിഞ്ഞു വീണ കെട്ടിടത്തിലെ ശുചിമുറികള്‍ ഉപയോഗിക്കേണ്ടി വന്നിരുന്നില്ലെന്നാണ് സുമേഷ് പറഞ്ഞത്. വാര്‍ഡുകള്‍ക്കുള്ളിലെ സൗകര്യങ്ങളക്കെ വളരെ പരിമിതമാണ്. ഏറെ നേരം കാത്തു നിന്നാല്‍ മാത്രമാണ് ശുചിമുറികള്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നതെന്ന് സുമേഷ് പറയുന്നു.
‘എന്റെ ഭാര്യയെ അഡ്മിറ്റ് ചെയ്തിരുന്ന വാര്‍ഡിന്റേയും വളരെ ശോചനീയ അവസ്ഥയാണ്. തൂണുകള്‍ക്കെല്ലാം വിള്ളലുണ്ട്. അപകട വിവരം അറിഞ്ഞപ്പോള്‍ മുതല്‍ ആശങ്കയാണെന്നും സുമേഷ് പറയുന്നു. നമുക്ക് വേറെ വഴിയില്ലാത്തത് കൊണ്ടാവുമല്ലോ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത്. എന്നാല്‍ അവിടെയും സുരക്ഷിതരല്ലെങ്കില്‍ സാധാരണക്കാര്‍ എന്ത് ചെയ്യുമെന്നാണ് സുമേഷ് ചോദിക്കുന്നത്.
അപകടമുണ്ടായ ശുചി മുറിയിലേക്ക് പ്രവര്‍ത്തനം വിലക്കിയിരുന്നു എന്ന വാദത്തെ പൂര്‍ണ്ണമായി തള്ളിക്കളയുന്നവരില്‍ ഒരാളാണ് സുമേഷ്.
‘ആര് പറഞ്ഞു അവിടെ അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന്’?
മെഡിക്കല്‍ കോളേജിലെ 57 വര്‍ഷം പഴക്കമുള്ള സര്‍ജിക്കല്‍ ബ്ലോക്കിന്റെ ശുചിമുറി ഭാഗം തകര്‍ന്നുവീഴുമ്പോള്‍ 194.29 കോടി രൂപ ചെലവില്‍ അത്യാധുനിക സര്‍ജിക്കല്‍ ബ്ലോക്ക് ഉദ്ഘാടനം കാത്തുകിടക്കുകയായിരുന്നു. അപകടം നടന്ന് ഒരു ദിവസം പിന്നിടുമ്പോഴാണ് 8 നിലകളിലായി 14 ഓപ്പറേഷന്‍ തിയറ്ററുകള്‍, 22 കിടക്കകള്‍ വീതമുള്ള 2 ഐസിയു, 58 കിടക്കകളുള്ള വാര്‍ഡുകള്‍ എല്ലാം ആശുപത്രി അധികൃതര്‍ സജ്ജമാക്കുന്നത്.
നിലവില്‍ പണി കഴിച്ച പുതിയ കെട്ടിടത്തിലേക്ക് തിരക്ക് പിടിച്ച് വാര്‍ഡുകള്‍ ഷിഫ്റ്റ് ചെയ്യുകയാണ് ആശുപത്രി അധികൃതര്‍. ഇക്കാര്യം നേരത്തെ ചെയ്തിരുന്നെങ്കില്‍ ഒരു അപകടവും മരണവും ഒഴിവാക്കാമായിരുന്നു. ആ കെട്ടിടത്തിനകത്ത് ഈ രണ്ട് ദിവസവും കഴിഞ്ഞിരുന്നത് ഭീതിയോടെയാണ് അപകട വാര്‍ത്ത കേട്ടപ്പോള്‍ ഭീതി ഇരട്ടിയായി. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ എന്ത് ചെയ്യുമെന്ന് പോലും ധാരണയില്ലാത്ത അത്രയും സാധാരണക്കാരാണ് ഇവിടെ ചികിത്സയ്ക്ക് വന്നിരിക്കുന്നവര്‍. അവരുടെ സുരക്ഷ ആരാണ് ഉറപ്പാക്കുക. കോട്ടയം മെഡിക്കല്‍ കോളേജിലെ പല വാര്‍ഡുകളിലെയും അവസ്ഥ ഇത് തന്നെയാണെന്നാണ് രോഗികളില്‍ പലരും ആവര്‍ത്തിക്കുന്നത്. കാത്തിരിപ്പുകാര്‍ക്ക് ആവശ്യമായ സംവിധാനങ്ങളും ആശുപത്രി ഒരുക്കിയിട്ടില്ല. വളരെ പഴക്കം ചെന്ന പല കെട്ടിടങ്ങളും ഇപ്പോഴും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൂര്‍ണമായി പണി കഴിപ്പിച്ച പുതിയ വാര്‍ഡുകള്‍ രോഗികള്‍ക്ക് തുറന്ന് നല്‍കാന്‍ തയ്യാറാവാതിരുന്നതിനെതിരേ ഇപ്പോള്‍ പ്രതിഷേധം ശക്തമാവുകയാണ്. Patients and bystanders are raising questions over the Kottayam Medical College building collapse inquiry
Content Summary; Patients and bystanders are raising questions over the Kottayam Medical College building collapse inquiry
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.