ഉള്ളൊഴുക്കില്‍ ഏറ്റവും വേദനിപ്പിക്കുന്ന കഥാപാത്രം ഏതെന്നു ചോദിച്ചാല്‍, അത് തോമസ്‌കുട്ടിയാണ്. തോമസ്‌കുട്ടിയെ സ്‌ക്രീനില്‍ കാണുമ്പോഴെല്ലാം മരണത്തിന്റെ തണുപ്പ് പ്രേക്ഷകരിലും കൂടി അരിച്ചിറങ്ങുകയാണ്. അത്രയ്ക്ക് ഉള്‍തൊട്ടാണ് പ്രശാന്ത് മുരളി തോമസ്‌കുട്ടിയെ പ്രേക്ഷകനു മുന്നില്‍ നിര്‍ത്തിയിരിക്കുന്നത്. ഉള്ളൊഴുക്ക് പ്രശാന്ത് മുരളിയെന്ന നടന്‍ തരുന്നൊരു ഉറപ്പ് കൂടിയാണ്; പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന ഉറപ്പ്. ഉള്ളൊഴുക്കിന്റെ പശ്ചാത്തലത്തില്‍ പ്രശാന്ത് മുരളി അഴിമുഖവുമായി നടത്തിയ ഹ്രസ്വ സംഭാഷണം.
ഒഴുക്കിനൊപ്പംചേരുന്നത്
തോമസ് കുട്ടിയുടെ കഥാപാത്രം ചെയ്യാനായി പലരെയും നോക്കിയിരുന്നു. ചെന്നൈയിലുള്ള ഒരു കാസ്റ്റിംഗ് ഏജന്‍സിയാണ് എന്നെ വിളിക്കുന്നത്. സൗത്ത് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രിയിലുള്ള നിരവധി പേരെ ആ കഥാപാത്രത്തിനു പാകമാകുമോയെന്ന അന്വേഷണത്തിന് ശേഷമാണ് എനിക്ക് വിളി വരുന്നത്. കാസ്റ്റിംഗ് ഏജന്‍സിയാണ് തോമസ് കുട്ടിയെ ഞാന്‍ ചെയ്താല്‍ ശരിയാകുമെന്ന് പറഞ്ഞത്.
തെരഞ്ഞെടുത്തെങ്കിലും ഷൂട്ടിംഗ് കുറച്ചു നാള്‍ കഴിഞ്ഞേ ഉണ്ടാകുമുള്ളൂവെന്നാണ് അറിയിച്ചത്. ഏകദേശം ഒരു വര്‍ഷം കഴിഞ്ഞാണ് ഷൂട്ടിംഗ് തുടങ്ങുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞാണ് റിലീസ് ആയിരിക്കുന്നത്.
സിനിമ കണ്ടപ്പോള്‍ തോന്നിയത്
സംവിധായകന്‍ ക്രിസ്‌റ്റോ ടോമിയെ കുറിച്ച് അറിയാമായിരുന്നു. സ്‌ക്രിപ്റ്റിന് അവാര്‍ഡ് കിട്ടിയിരുന്ന കാര്യവും കേട്ടിരുന്നു. എങ്കിലും അതെത്രമാത്രം വിലപ്പെട്ടതാണെന്നതിനെക്കുറിച്ച് ധാരണ കിട്ടിയിരുന്നില്ല. എന്ത് അവാര്‍ഡാണ് എന്ന് കൃത്യമായി മനസിലായില്ലായിരുന്നു. ഉള്ളൊഴുക്കിനെക്കാള്‍ മുമ്പ് ലാപത്ത ലേഡീസ് ഇറങ്ങിയല്ലോ, അത് കണ്ടു കഴിഞ്ഞപ്പോഴാണ് അതിനെക്കാളും മികച്ചതാണല്ലോ നമ്മുടെ സിനിമയുടെ സ്‌ക്രിപ്റ്റ് എന്ന് ചിന്തിക്കുന്നത്. അപ്പോഴാണ് ഈ സിനിമയില്‍ എന്തൊക്കെയോ ഉണ്ടാകുമെന്ന് തോന്നലുണ്ടാകുന്നത്. സിനിമയുടെ ഔട്ട് അതുവരെ ഞാന്‍ കണ്ടിട്ടില്ലായിരുന്നു. റിലീസിനു രണ്ടു ദിവസം മുമ്പാണ് പ്രിവ്യൂ കാണുന്നത്. കണ്ടു കഴിഞ്ഞപ്പോള്‍ മനസിലായി ഇതൊരു പെര്‍ഫെക്റ്റ് സിനിമയാണ്. സ്‌ക്രിപ്റ്റില്‍ എന്താണോ അതു തന്നെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ചെറിയ ഡയലോഗിലൊക്കെ ആര്‍ട്ടിസ്റ്റുകള്‍ ഇംപ്രവൈസ് ചെയ്തതിന്റെ വ്യത്യാസം മാത്രമെയുള്ളൂ.
ഈ കഥാപാത്രം ഇത്രത്തോളം പ്രേക്ഷകരില്‍ വൈകാരികമായ ബന്ധം സ്ഥാപിക്കുമെന്നൊന്നും അറിയില്ലായിരുന്നു. എങ്കിലും തോമസുകുട്ടിയായി അഭിനയിക്കുമ്പോള്‍ ആ കഥാപാത്രത്തിന്റെ മനോവിചാരങ്ങളും വേദനകളും ഉള്ളില്‍ അനുഭവിക്കുന്നുണ്ടായിരുന്നു. അയാളില്‍ പലതരം വിചാരങ്ങള്‍ കടന്നു പോകുന്നുണ്ട്. കല്യാണം കഴിക്കുന്ന സമയത്ത് അയാള്‍ക്ക് ഭയങ്കര കുറ്റബോധമൊക്കെയുണ്ട്. കൈ പിടിക്കുമ്പോള്‍, എന്താ പറയണ്ടേ, എന്താ ചെയ്യണ്ടേ… എന്നൊന്നും അറിയില്ല. ഒരുപക്ഷേ അയാളുടെ ജീവിതത്തില്‍ അതിനു മുമ്പ് ഒരിക്കലും അമ്മയല്ലാതെ മറ്റൊരു സ്ത്രീയുമായി അടുത്തിടപഴകിയിട്ടില്ലായിരിക്കും. പ്രേക്ഷകന് തോമസുകുട്ടിയുടെ അവസ്ഥ മനസിലാകുന്നതുകൊണ്ടാണ്, ആ കഥാപാത്രത്തോട് വൈകാരികമായൊരു അടുപ്പം തോന്നുന്നത്.
ഇനിയിങ്ങനെയൊരു ഭാഗ്യം ഉണ്ടാകണമെന്നില്ല
എന്റെ ജീവിതത്തില്‍ ഇനിയങ്ങോട്ട് കിട്ടാന്‍ പോകുന്നില്ലാത്ത അനുഭവമാണ് ഉള്ളൊഴുക്ക് തന്നത്. കല്‍പ്പന ചേച്ചിയോടൊപ്പം അഭിനയിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നൊരാളാണ് ഞാന്‍. സാധാരണ ഒരു ആര്‍ട്ടിസ്റ്റിന്റെ മരണവും എന്നെയധികം ബാധിക്കാറില്ല. ഞാന്‍ മരിച്ചാല്‍ പോലും എനിക്കിത്ര സങ്കടം തോന്നില്ല(ചിരിക്കുന്നു). പക്ഷേ, കല്‍പ്പന ചേച്ചി മരിച്ചുവെന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് വേദനിച്ചു. എനിക്കെന്തോ മിസ് ആയതുപോലെ. പക്ഷേ, ദൈവാനുഗ്രഹം പോലെ ഉര്‍വശി അമ്മയുടെ കൂടെ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞു. അതും മകനായിട്ട്. അതൊരു അവിശ്വസനീയമായ കാര്യം പോലെയാണ് ഇപ്പോഴും തോന്നുന്നത്. ഞങ്ങളെ കണ്ടാല്‍ അമ്മയും മകനുമല്ലെന്ന് ആരും ഒരിക്കലും പറയില്ല. വലിയൊരു അനുഗ്രഹമായിട്ടാണ് ഞാനിത് കാണുന്നത്.
പാര്‍വതിയോട് അതുപോലെ നന്ദി പറയണം. എത്രമാത്രം സഹകരിച്ചാണ് കൂടെ നിന്നത്. പുതിയ ആളാണെന്നതൊന്നും അവര്‍ കാര്യമാക്കിയതേയില്ല. ആദ്യത്തെ സീനികളുടെയൊക്കെ ട്രയല്‍ എടുക്കുമ്പോള്‍, ഞാന്‍ അറച്ചു നിന്നപ്പോഴും പാര്‍വതിയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഞാനപ്പോഴൊക്കെ പറഞ്ഞത് ടേക്കില്‍ ചെയ്യാമെന്നാണ്. അവര്‍ക്കൊക്കെ സംശയമുണ്ടായിരുന്നു, ഇവന്‍ ഇപ്പോള്‍ ഇങ്ങനെ നിന്നിട്ട് ടേക്കില്‍ എന്തു കാണിക്കാമെന്നോര്‍ത്ത്. എല്ലാം വര്‍ക്കായി. എല്ലാവരും നല്ല രീതിയില്‍ സഹകരിച്ചതുകൊണ്ടാണത്. എന്റെ ജീവിതത്തില്‍ ഇനി ഇതുപോലൊരു ഭാഗ്യം കിട്ടണമെന്നില്ല.
മരണത്തിന്റെ തണുപ്പുള്ള ഫ്രീസര്‍
അത് ഒറിജിനല്‍ ഫ്രീസര്‍ തന്നെയായിരുന്നു. മൃതദേഹങ്ങള്‍ വയ്ക്കാന്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. നന്നായി ക്ലീന്‍ ചെയ്താണെന്നൊക്കെ പറഞ്ഞാണ് തന്നത്. എന്നാലും ചെറിയൊരു പേടിയുണ്ടായിരുന്നു. എന്തെങ്കിലും അസുഖം പിടിക്കുമോയെന്ന് അറിയില്ലല്ലോ.
നമ്മളെ കിടത്തുന്നതിന് മുമ്പ് അവരിത് വര്‍ക്ക് ചെയ്യിപ്പിക്കും. തണുപ്പ് ഉണ്ടാകും. മിസ്റ്റ് ഫീല്‍ ചില്ലില്‍ വരാന്‍ വേണ്ടിയിട്ട്. ആ തണുപ്പ് ഫ്രീസറില്‍ ഉണ്ടായിരിക്കും. അതിനകത്ത് കയറി ഞാന്‍ കിടന്നു കഴിഞ്ഞാല്‍ അവര്‍ ഫുള്‍ ക്ലോസ് ചെയ്യും പിന്നെ അതിനകത്ത് ഓക്‌സിജന്‍ ഉണ്ടാകത്തില്ല. എയര്‍ ടൈറ്റ് ആണ്. ഓരോ ഷോട്ട് എടുത്തു കഴിയുമ്പോഴും അവരത് തുറക്കും, അപ്പോഴാണ് ശ്വാസം എടുക്കാന്‍ പറ്റുന്നത്.
ഇങ്ങനെ റിസ്‌ക് എടുത്തു വര്‍ക്ക് ചെയ്യുന്നത് എനിക്കിഷ്ടമാണ്. വെല്ലുവിളിയോടെ അഭിനയിക്കുന്നതും അതിന് ഫലം ഉണ്ടാകുന്നതുമൊക്കെ വലിയ സന്തോഷമുള്ള കാര്യമാണ്.
ആ അവസ്ഥ എന്താണെന്ന് എനിക്കൊന്നുമറിയില്ലായിരുന്നു
തോമസ്‌കുട്ടിയുടെ അവസ്ഥ എങ്ങനെയായിരിക്കുമെന്നറിയാന്‍ റഫറന്‍സ് ചോദിച്ചിട്ട് ആര്‍ക്കും ഇതിനെക്കുറിച്ച് കൃത്യമായിട്ട് അറിയില്ലായിരുന്നു. ഇങ്ങനെയൊക്കെ വന്നാല്‍ എന്തു സംഭവിക്കുമെന്നതില്‍ എനിക്ക് ഒട്ടും ഐഡിയ ഇല്ലായിരുന്നു. ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌തൊക്കെയാണ് ശരീരമൊക്കെ എങ്ങനെയാകുമെന്ന ഏകദേശ ധാരാണ ഉണ്ടാക്കിയത്. ഓരോ ഘട്ടങ്ങളിലും ഏതു രീതിയിലായിരിക്കും യഥാര്‍ത്ഥ സാഹചര്യത്തില്‍ പ്രതികരിക്കേണ്ടി വരികയെന്നൊക്കെ അതുമായി ബന്ധപ്പെട്ട വിദഗ്ധരോട് തിരക്കിയിരുന്നു. അവര്‍ക്കും കൃത്യമായൊരു ഉത്തരം തരാന്‍ കഴിയില്ലായിരുന്നു. അവര്‍ പറഞ്ഞത് ഏത് രീതിയില്‍ വേണമെങ്കിലും ആകാം എന്നാണ്. ആ ക്യാരക്ടറിനും സിനിമയ്ക്കും ചേരുന്നൊരു രീതിയിലാണ് ഞാനത് ചെയ്‌തേക്കുന്നത്.
അതെന്തായാലും പ്രേക്ഷകര്‍ക്ക് ഇഷ്ടമായി എന്നാണ് മനസിലാകുന്നത്. ഒരുപാട് ആളുകള്‍ വിളിക്കുന്നുണ്ട്. എന്റെ മറ്റു സിനിമകളൊന്നും കണ്ടിട്ട് ഇതുപോലെ ആരും വിളിച്ചിട്ടില്ല. നിങ്ങള്‍ നല്ലതെന്ന് പറഞ്ഞു കേള്‍ക്കുമ്പോഴാണ് എനിക്ക് സന്തോഷം. അതാണെന്റെ വിശ്വാസവും. actor prashanth murali ullozhukku movie interview
Content Summary; actor prashanth murali ullozhukku movie interview