വംശഹത്യയിലും വർണ്ണവിവേചനത്തിലും പങ്കാളികളായ ഇസ്രായേലി സിനിമാ സ്ഥാപനങ്ങളുമായി ഇനി സഹകരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്ത് നൂറുകണക്കിന് അഭിനേതാക്കളും സംവിധായകരും. ഒലിവിയ കോൾമാൻ, മാർക്ക് റഫല്ലോ, ജാവിയർ ബാർഡെം, ടിൽഡ സ്വിന്റൺ, റസ് അഹമ്മദ്, ആവാ ഡുവെർനേ തുടങ്ങിയ പ്രമുഖ താരങ്ങളും സംവിധായകരും ഈ പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.
ഗാസയിലെ നിലവിലെ സാഹചര്യത്തിൽ, ഇസ്രയേലിന്റെ സൈനിക നടപടികളെ സിനിമാ മേഖലയിലുള്ളവർക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. ഗാസയിലെ കൂട്ടക്കൊലയ്ക്ക് പല ഗവൺമെന്റുകളും കൂട്ടുനിൽക്കുന്ന ഈ നിർണായക സമയത്ത്, ആ ഭീകരതയിലെ പങ്കാളിത്തം ഇല്ലാതാക്കാൻ നമുക്ക് കഴിയുന്നതെല്ലാം ചെയ്യണം എന്ന് പ്രതിജ്ഞയിൽ വ്യക്തമാക്കുന്നു. ഫിലിം വർക്കേഴ്സ് ഫോർ പാലസ്തീൻ (Film Workers for Palestine) എന്ന സംഘടനയാണ് ഈ പ്രസ്താവന പുറത്തുവിട്ടത്. 1200 പേരാണ് ഇതിനകം പ്രസ്താവനയിൽ ഒപ്പുവച്ചത്.
വംശഹത്യയിലും വർണ്ണവിവേചനത്തിലും പങ്കാളികളായ ഇസ്രായേലി സിനിമാ സ്ഥാപനങ്ങളുടെ സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല, അവർ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കില്ല, വംശഹത്യയെയും വർണ്ണവിവേചനത്തെയും വെള്ളപൂശുകയോ ന്യായീകരിക്കുകയോ ചെയ്യുന്ന സർക്കാരുമായി സഹകരിക്കില്ലെന്നും പ്രസ്താവനയിൽ പറയുന്നു. ഫിലിം ഫെസ്റ്റിവലുകൾ, സിനിമാശാലകൾ, പ്രക്ഷേപണ സ്ഥാപനങ്ങൾ, പ്രൊഡക്ഷൻ കമ്പനികൾ എന്നിവയെല്ലാം ഇതിൽപ്പെടും. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരായ സാംസ്കാരിക ബഹിഷ്കരണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ നീക്കം. ഇസ്രയേലിന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് കൂട്ടുനിൽക്കുന്ന സിനിമാ സ്ഥാപനങ്ങളുമായി സഹകരിക്കില്ലെന്നാണ് ഇവർ പ്രധാനമായും പ്രതിജ്ഞ ചെയ്യുന്നത്.
ഇസ്രയേലിനെതിരെ പ്രഖ്യാപിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക ബഹിഷ്കരണ ശ്രമങ്ങളിലൊന്നായ ബിഡിഎസിന്റെ സമാന സ്വഭാവമാണ് ഈ പ്രതിഷേധത്തിനും. ഒരു വർഷം മുൻപ് 1,000ത്തിലധികം എഴുത്തുകാർ സമാനമായ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ സിനിമാ രംഗത്തുള്ളവരുടെ ഈ നീക്കം. 1987-ൽ ജോനാഥൻ ഡെമ്മെ, മാർട്ടിൻ സ്കോർസെസി തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവർത്തകർ ചേർന്ന് സ്ഥാപിച്ച ‘ഫിലിംമേക്കേഴ്സ് യുണൈറ്റഡ് എഗെയ്ൻസ്റ്റ് അപാർത്തൈഡ്’ (Filmmakers United Against Apartheid) എന്ന കൂട്ടായ്മയെ അനുസ്മരിപ്പിക്കുന്ന പ്രവർത്തനങ്ങളാണിത്. വർണ്ണവിവേചന കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്കയിൽ തങ്ങളുടെ സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് അന്ന് അവർ പ്രഖ്യാപിച്ചിരുന്നു.
ഗാസയിലെ ഇസ്രയേൽ യുദ്ധത്തിനെതിരെ പ്രതിഷേധിക്കാൻ വിനോദ വ്യവസായ മേഖലയിൽ കൂടുതൽ കൂട്ടായ്മകൾ രൂപം കൊള്ളുന്നതിനിടെയാണ് ഈ പുതിയ പ്രചാരണം വരുന്നത്. ഗാസയിലെ ഇസ്രയേലിന്റെ സൈനിക നടപടികളോടുള്ള സിനിമാ വ്യവസായത്തിന്റെ നിശ്ശബ്ദതയെ അപലപിച്ചു കൊണ്ട് ജോക്വിൻ ഫീനിക്സ്, പെഡ്രോ പാസ്കൽ, റാൽഫ് ഫൈൻസ്, സംവിധായകൻ ഗില്ലെർമോ ഡെൽ ടോറോ എന്നിവരുൾപ്പെടെ നൂറുകണക്കിന് അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തകരും മുമ്പ് ഒരു തുറന്ന കത്തിൽ ഒപ്പുവച്ചിരുന്നു. പുതിയ കരാറിൽ ഒപ്പിട്ട പലരും കഴിഞ്ഞ വർഷം സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അംഗങ്ങളായിരുന്നു. പലസ്തീനെക്കുറിച്ചുള്ള തങ്ങളുടെ നിലപാടുകൾ കാരണം അംഗങ്ങൾ കരിമ്പട്ടികയിൽ പെടുന്നത് തടയാൻ യൂണിയൻ നേതൃത്വത്തോട് അന്ന് അവർ ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ, നോർവീജിയൻ ആക്ടേഴ്സ് ഇക്വിറ്റി അസോസിയേഷൻ ചില ഇസ്രായേലി സാംസ്കാരിക സ്ഥാപനങ്ങളുമായി സഹകരിക്കരുതെന്ന് തങ്ങളുടെ അംഗങ്ങളോട് ശുപാർശ ചെയ്തിരുന്നു.
അതേസമയം, ഈ നീക്കം തെറ്റിദ്ധാരണാജനകമാണെന്നും തങ്ങളെപ്പോലുള്ള കലാകാരന്മാരെ ഇത് നിശബ്ദരാക്കുമെന്നും ഇസ്രായേലി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതികരിച്ചു. ഈ ബഹിഷ്കരണം വ്യക്തികൾക്കെതിരെയല്ല, മറിച്ച് സ്ഥാപനപരമായ പങ്കാളിത്തത്തിനെതിരെയുള്ളതാണെന്നും പ്രസ്താവന വ്യക്തമാക്കുന്നുണ്ട്.
content summary: Actors and directors vow to cut ties with Israeli film organizations accused of involvement in genocide