അദാനി ഗ്രൂപ്പിനെതിരായ കോടിക്കണക്കിന് ഡോളറിന്റെ കൈക്കൂലി-തട്ടിപ്പ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ഗൗതം അദാനിക്കും സാഗര്‍ അദാനിക്കും എതിരായ സമന്‍സ് ഔദ്യോഗിക ഇമെയില്‍ വഴിയോ അവരുടെ യുഎസ് അഭിഭാഷകര്‍ വഴിയോ കൈമാറാന്‍ അനുവദിക്കണമെന്ന് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ (എസ്ഇസി) ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ നിയമമന്ത്രാലയം സഹകരിക്കാത്ത പശ്ചാത്തലത്തിലാണ് 14 മാസമായി തുടരുന്ന നയതന്ത്ര ശ്രമങ്ങള്‍ ഉപേക്ഷിക്കാന്‍ ഏജന്‍സി തീരുമാനിച്ചത്.
ഹേഗ് കണ്‍വെന്‍ഷന്‍ പ്രകാരം സമന്‍സ് കൈമാറാനുള്ള എസ്ഇസിയുടെ അധികാരത്തെ തന്നെ ചോദ്യം ചെയ്താണ് ഇന്ത്യന്‍ നിയമ മന്ത്രാലയം രംഗത്തെത്തിയത്. എസ്ഇസിയുടെ ആഭ്യന്തര ചട്ടമായ ‘റൂള്‍ 5(ബി)’ പ്രകാരം ഈ കേസില്‍ അന്വേഷണം നടത്താനോ സമന്‍സ് അയക്കാനോ അവര്‍ക്ക് അധികാരമില്ലെന്ന് ഇന്ത്യ വാദിക്കുന്നു. എന്നാല്‍, ഇന്ത്യയുടെ ഈ നിലപാട് അന്താരാഷ്ട്ര നിയമങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണ കൊണ്ടാണെന്നും തങ്ങളുടെ അടിസ്ഥാന അധികാരത്തെ ചോദ്യം ചെയ്യാന്‍ ഈ ചട്ടങ്ങള്‍ക്ക് കഴിയില്ലെന്നും എസ്ഇസി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
750 മില്യണ്‍ ഡോളറിന്റെ ബോണ്ട് വിതരണത്തിലൂടെ യുഎസ് നിക്ഷേപകരില്‍ നിന്ന് 175 മില്യണ്‍ ഡോളര്‍ സമാഹരിച്ചതുമായി ബന്ധപ്പെട്ടാണ് അദാനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ കേസിലെ വിവരങ്ങള്‍ ഗൗതം അദാനിയെയും സാഗര്‍ അദാനിയെയും ഔദ്യോഗികമായി അറിയിക്കാന്‍ കഴിഞ്ഞ 14 മാസമായി യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ നടത്തിവന്ന ശ്രമങ്ങള്‍ വലിയൊരു പ്രതിസന്ധിയില്‍ എത്തിയിരിക്കുകയാണ്.
ഹേഗ് കണ്‍വെന്‍ഷന്‍ വഴി സമന്‍സ് കൈമാറാനുള്ള ശ്രമം തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും ഇന്ത്യന്‍ മന്ത്രാലയം സ്വീകരിച്ച നിലപാട് പരിശോധിക്കുമ്പോള്‍, ഈ മാര്‍ഗ്ഗം ഇനി വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് എസ്ഇസി കോടതിയെ ബോധിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങളോ ഇന്ത്യന്‍ നിയമങ്ങളോ പാലിച്ച് പ്രതികള്‍ക്ക് സമന്‍സ് എത്തിക്കാന്‍ നിലവില്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്നും ഏജന്‍സി തങ്ങളുടെ മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കി.
2025 ഡിസംബര്‍ 14-ന് ഇന്ത്യന്‍ നിയമ-നീതിന്യായ മന്ത്രാലയത്തില്‍ നിന്ന് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് കത്തുകള്‍ ലഭിച്ചു. നവംബര്‍ 4 ന് അയച്ച ഈ കത്തുകളില്‍, കേസ് നടപടികളുമായി ബന്ധപ്പെട്ട് ഇന്ത്യ പുതിയതും അപ്രതീക്ഷിതവുമായ എതിര്‍പ്പുകള്‍ ഉന്നയിച്ചിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക ഹര്‍ജിക്കൊപ്പം ഈ കത്തുകളുടെ പകര്‍പ്പുകളും എസ്ഇസി തെളിവായി ഹാജരാക്കിയിട്ടുണ്ട്.
അദാനി കേസില്‍ യുഎസ് ഏജന്‍സിയായ എസ്ഇസിയുടെ അധികാരത്തെ ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ മന്ത്രാലയം ആയുധമാക്കിയത് എസ്ഇസിയുടെ തന്നെ ആഭ്യന്തര ചട്ടമായ ‘റൂള്‍ 5(ബി)’ ആണ്. അന്വേഷണങ്ങള്‍ തുടങ്ങുന്നതും മറ്റ് ഏജന്‍സികള്‍ക്ക് കേസുകള്‍ കൈമാറുന്നതും സംബന്ധിച്ച നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്ന ചട്ടമാണിത്. ലഭ്യമായ രേഖകള്‍ പ്രകാരം, ഈ ചട്ടത്തിന്റെ പരിധിയില്‍ അദാനിക്കെതിരായ സമന്‍സ് ഉള്‍പ്പെടുന്നില്ലെന്ന് ഇന്ത്യന്‍ മന്ത്രാലയം പ്രസ്താവിച്ചു. ഈ സാങ്കേതിക കാരണം മുന്‍നിര്‍ത്തി, അദാനിക്ക് സമന്‍സ് അയയ്ക്കാന്‍ എസ്ഇസിക്ക് നിയമപരമായ അധികാരമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യന്‍ മന്ത്രാലയത്തിന്റെ എതിര്‍പ്പുകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ജനുവരി 21-ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എസ്ഇസി വ്യക്തമാക്കി.
ഇന്ത്യ ഉന്നയിച്ച എതിര്‍പ്പുകള്‍ അന്താരാഷ്ട്ര ഉടമ്പടിയായ ഹേഗ് കണ്‍വെന്‍ഷന്റെ പരിധിയില്‍ വരുന്നതല്ലെന്ന് യുഎസ് ഏജന്‍സിയായ എസ്ഇസി കോടതിയില്‍ വ്യക്തമാക്കി. സമന്‍സ് കൈമാറാനുള്ള ഒരു സാങ്കേതിക മാര്‍ഗ്ഗം മാത്രമാണ് ഹേഗ് കണ്‍വെന്‍ഷന്‍; അല്ലാതെ കേസ് നടത്താനുള്ള തങ്ങളുടെ അധികാരത്തെ നിയന്ത്രിക്കാനുള്ള ഒന്നല്ല അത്. എസ്ഇസിയുടെ ആഭ്യന്തര ചട്ടങ്ങളും ഹേഗ് കണ്‍വെന്‍ഷനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി. തങ്ങള്‍ക്ക് സമന്‍സ് അയക്കാനോ നിയമനടപടികള്‍ സ്വീകരിക്കാനോ അധികാരമില്ലെന്ന തെറ്റായ ധാരണയാണ് ഇന്ത്യന്‍ മന്ത്രാലയത്തിന്റെ നിലപാട് വ്യക്തമാക്കുന്നതെന്നും എസ്ഇസി കോടതിയില്‍ സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ ആരോപിച്ചു.
അദാനി കേസില്‍ നിര്‍ണ്ണായക രേഖകള്‍ കൈമാറാന്‍ ഇന്ത്യന്‍ നിയമ മന്ത്രാലയം വിസമ്മതിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2025 ഏപ്രിലില്‍, സമന്‍സില്‍ ആവശ്യമായ സീലുകളും ഒപ്പുകളും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയം ആദ്യം തടസ്സവാദങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ ഹേഗ് കണ്‍വെന്‍ഷന്‍ ഉടമ്പടി പ്രകാരം ഇത്തരം സാങ്കേതിക മുദ്രകളുടെ ആവശ്യമില്ലെന്ന് യുഎസ് ഏജന്‍സിയായ എസ്ഇസി വാദിക്കുന്നു.
നിലവിലെ പ്രതിസന്ധി മറികടക്കാന്‍, ഫെഡറല്‍ റൂള്‍സ് ഓഫ് സിവില്‍ പ്രൊസീജിയറിലെ റൂള്‍ (Rule 4(f)(3)) പ്രകാരം പ്രത്യേക അനുമതി തേടി ഏജന്‍സി കോടതിയെ സമീപിച്ചു. അദാനിയുടെ യുഎസിലുള്ള അഭിഭാഷകര്‍ വഴിയോ അല്ലെങ്കില്‍ ബിസിനസ് ഇമെയില്‍ വിലാസങ്ങള്‍ വഴിയോ നേരിട്ട് സമന്‍സ് കൈമാറാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. കേസിനെക്കുറിച്ച് നിലവില്‍ പൂര്‍ണ്ണമായ അറിവുള്ള പ്രതികള്‍ക്ക് ഔദ്യോഗികമായി വിവരം കൈമാറാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം ഇതാണെന്ന് എസ്ഇസി കോടതിയില്‍ ബോധിപ്പിച്ചു.
2024 നവംബര്‍ 20-നാണ് അദാനി ഗ്രൂപ്പിനെ പ്രതിക്കൂട്ടിലാക്കിയ നിര്‍ണ്ണായക നിയമനടപടികള്‍ യുഎസില്‍ ആരംഭിച്ചത്. ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് ഡോളര്‍ കൈക്കൂലി നല്‍കാന്‍ ഗൂഢാലോചന നടത്തി എന്നാരോപിച്ച് അദാനി ഗ്രീന്‍ എനര്‍ജി ചെയര്‍മാന്‍ ഗൗതം അദാനി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാഗര്‍ അദാനി എന്നിവര്‍ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ സിവില്‍ പരാതി ഫയല്‍ ചെയ്തു.
2021 സെപ്റ്റംബറില്‍ അദാനി ഗ്രീന്‍ നടത്തിയ ബോണ്ട് വിതരണത്തിലൂടെ യുഎസ് നിക്ഷേപകരില്‍ നിന്ന് 175 മില്യണ്‍ ഡോളറിലധികം സമാഹരിച്ചിരുന്നു. ഈ സമയത്ത് കമ്പനിയുടെ അഴിമതി വിരുദ്ധ നയങ്ങളെക്കുറിച്ച് നിക്ഷേപകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ വ്യാജമാണെന്നാണ് എസ്ഇസിയുടെ കണ്ടെത്തല്‍. അദാനിമാരുടെ യഥാര്‍ത്ഥ ഇടപെടലുകള്‍ പരിശോധിക്കുമ്പോള്‍, നിക്ഷേപകര്‍ക്ക് നല്‍കിയ രേഖകളിലെ അഴിമതി വിരുദ്ധ പ്രസ്താവനകള്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഏജന്‍സി കോടതിയില്‍ വാദിക്കുന്നു.
സിവില്‍ പരാതിക്ക് പുറമെ, ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് യുഎസ് അറ്റോര്‍ണി ഓഫീസ് പ്രതികള്‍ക്കെതിരെ സമാന്തരമായി ക്രിമിനല്‍ കേസുകളും ഫയല്‍ ചെയ്തിട്ടുണ്ട്. സെക്യൂരിറ്റീസ് തട്ടിപ്പ്, വയര്‍ തട്ടിപ്പ് എന്നിവയ്ക്കുള്ള ഗൂഢാലോചനയുള്‍പ്പെടെയുള്ള അതീവ ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
യുഎസ് ഏജന്‍സി ഉന്നയിച്ച ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് 2024 നവംബര്‍ 21-ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അദാനി ഗ്രൂപ്പ് പ്രതികരിച്ചു. തങ്ങള്‍ക്കെതിരെയുള്ള കുറ്റാരോപണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും, നിയമപോരാട്ടത്തിനായി ലഭ്യമായ എല്ലാ മാര്‍ഗങ്ങളും തേടുമെന്നും ഗ്രൂപ്പ് വ്യക്തമാക്കി
ഹേഗ് കണ്‍വെന്‍ഷന്‍ ഉടമ്പടി പ്രകാരം അദാനിമാര്‍ക്ക് സമന്‍സ് അയക്കാനുള്ള നടപടികള്‍ 2025 ഫെബ്രുവരി 17-നാണ് എസ്ഇസി ആരംഭിച്ചത്. ഇതിനായി ഉടമ്പടി പ്രകാരമുള്ള ഇന്ത്യയിലെ കേന്ദ്ര അതോറിറ്റിയായ നിയമ-നീതിന്യായ മന്ത്രാലയത്തിന് അവര്‍ ഔദ്യോഗികമായി അപേക്ഷ നല്‍കി. ഫെബ്രുവരി 25-ന് ഈ അപേക്ഷ സ്വീകരിച്ച മന്ത്രാലയം, സമന്‍സ് പ്രതികള്‍ക്ക് കൈമാറുന്നതിനായി അഹമ്മദാബാദിലെ ജില്ലാ-സെഷന്‍സ് കോടതിയെ സമീപിച്ചു. സമന്‍സ് കൈമാറിയ ശേഷം അതിന്റെ റിപ്പോര്‍ട്ട് തിരികെ നല്‍കാനും മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം, ഏപ്രില്‍ 16-ന് മന്ത്രാലയം ഈ അപേക്ഷകള്‍ തിരിച്ചയച്ചു. സമന്‍സ് രേഖകളില്‍ ഔദ്യോഗിക സീലുകളും ഒപ്പുകളും പതിപ്പിച്ചിട്ടില്ലെന്ന സാങ്കേതിക കാരണമാണ് മന്ത്രാലയം ഇതിനായി ചൂണ്ടിക്കാട്ടിയത്. ഹേഗ് കണ്‍വെന്‍ഷന്‍ ചട്ടപ്രകാരം ഇത്തരം രേഖകളില്‍ കവര്‍ ലെറ്ററോ സീലോ നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കി മെയ് 27-ന് എസ്ഇസി വീണ്ടും അപേക്ഷ സമര്‍പ്പിച്ചു. 2024 ഡിസംബര്‍ വരെ ഇതേ മാതൃകയില്‍ അയച്ച പല അപേക്ഷകളും ഇന്ത്യ അംഗീകരിച്ചിട്ടുണ്ടെന്നും, മറ്റ് രാജ്യങ്ങള്‍ ഇത്തരം ഡിജിറ്റല്‍ രേഖകള്‍ സ്വീകരിക്കുന്നുണ്ടെന്നും എസ്ഇസി കത്തില്‍ ചൂണ്ടിക്കാട്ടി. 2025 ഏപ്രില്‍ 3-നും സെപ്റ്റംബര്‍ 12-നും കേസിന്റെ പുരോഗതി അറിയാന്‍ എസ്ഇസി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഇന്ത്യന്‍ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും ഉണ്ടായില്ല.
Content Summary: Adani case: US agency moves court to serve summons via email after 14 month delay