July 09, 2025 |
Share on

അദാനിയുടെ ഇറാൻ എൽപിജി ബന്ധം; അദാനി ​ഗ്രൂപ്പിനെതിരെ യുഎസ് അന്വേഷണമെന്ന് റിപ്പോർട്ട്

റിപ്പോർട്ട് അടിസ്ഥാനരഹിതമെന്ന് കമ്പനി

ഇറാനെതിരായ യുഎസ് ഉപരോധം ലംഘിച്ച് അദാനിയുടെ കമ്പനികൾ ​ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി ഇറാനിയൻ പെട്രോകെമിക്കൽ ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തോയെന്ന് അന്വേഷിക്കാൻ ഉത്തരവിട്ട് യുഎസ് നീതിന്യായ വകുപ്പ്. അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേർണലിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൈക്കൂലി ഉൾപ്പെടെയുള്ള വൈറ്റ് കോളാർ കുറ്റകൃത്യങ്ങളുടെ ശിക്ഷ ലഘൂകരിക്കാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതിനിടെയാണ് അദാനിക്കെതിരെയുള്ള അന്വേഷണം.

അദാനി പോർട്ട്സിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്തിനും പേർഷ്യൻ ഉൾക്കടലിനുമിടയിൽ ഉപരോധം ലംഘിച്ച് ചരക്കുകപ്പലുകൾ സഞ്ചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് വാൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ടിൽ പറയുന്നു. അദാനി എന്റർപ്രൈസസിലേക്ക് ചരക്കുകൾ കയറ്റി അയയ്ക്കാൻ ഉപയോഗിക്കുന്ന നിരവധി എൽപിജി ടാങ്കറുകളുടെ പ്രവർത്തനങ്ങൾ യുഎസ് നീതിന്യായ വകുപ്പ് അവലോകനം ചെയ്യുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ചിലസമയത്ത് ട്രാക്ക് ചെയ്യാനാകാത്തവിധം കപ്പലുകളുടെ സിഗ്നലുകൾ നഷ്ടപ്പെട്ടു. സമുദ്രത്തിൽവെച്ച് കപ്പലുകളിൽനിന്ന് കപ്പലുകളിലേക്ക് ചരക്കുകൾ കൈമാറി. അനധികൃതമായ വ്യാപാരം നടക്കുന്ന അവസരങ്ങളിലാണ് ഇത്തരം തന്ത്രങ്ങൾ പയറ്റാറുള്ളതെന്നും യുഎസ് ഉപരോധമുള്ള ഇറാനുമായി നടത്തുന്ന വ്യാപാരത്തിലാണ് അത് കൂടുതലായി കാണാറുള്ളതെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം, റിപ്പോർട്ട് അടിസ്ഥാനഹിതമാണെന്ന് അദാനി ​ഗ്രൂപ്പ് ഒരു പ്രസ്താവനയിൽ അറിയിച്ചു. ഇനാനിയൻ എൽപിജിയുമായി ബന്ധപ്പെട്ട ഒന്നിലും അദാനി ​ഗ്രൂപ്പ് ഉൾപ്പെടുന്നില്ലെന്നും യുഎസ് നീതിന്യായ വകുപ്പ് ഇത്തരത്തിലുള്ള അന്വേഷണം നടത്തുന്നുണ്ടോയെന്ന കാര്യം അറിഞ്ഞിട്ടില്ലെന്നും അദാനി ​ഗ്രൂപ്പ് അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

വാൾസ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് അനുമാനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമുള്ളതാണ്. ഇറാനു മേലുള്ള യുഎസ് ഉപരോധങ്ങൾ അദാനി ഗ്രൂപ്പ് സ്ഥാപനങ്ങൾ അറിഞ്ഞുകൊണ്ട് ലംഘിച്ചുവെന്നത് അദാനി ​ഗ്രൂപ്പ് പൂർണമായും നിഷേധിക്കുന്നു. അദാനി ​ഗ്രൂപ്പിന്റെ പ്രശസ്തിക്ക് കളങ്കം വരുത്താൻ മനപൂർവ്വം കെട്ടിച്ചമച്ചതാണ് നിലവിൽ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്, അദാനി ​എന്റർപ്രൈസസിന്റെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

ഇറാനിൽ നിന്ന് ഏതെങ്കിലും രാജ്യമോ വ്യക്തിയോ എണ്ണയോ പെട്രോകെമിക്കൽ ഉത്പന്നങ്ങളോ വാങ്ങിയാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസുമായി വ്യാപാരം നടത്തുന്നത് തടയുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇറാനിൽ നിന്ന് പെട്രോകെമിക്കൽ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നവരുമായി യുഎസ്

ഒരു തരത്തിലുള്ള ബിസിനസിലും ഏർപ്പെടാൻ അനുവദിക്കില്ലെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ അറിയിച്ചിരുന്നു. ഇറാന്റെ എണ്ണ കയറ്റുമതി പൂർണ്ണമായും നിർത്തലാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ഉപരോധം ഏർപ്പെടുത്തിയത്. തീവ്രവാദ ഗ്രൂപ്പുകൾക്ക് ഇറാൻ ധനസഹായം നൽകുന്നുണ്ടെന്നും രാജ്യം ആണവ ബോംബ് വികസിപ്പിക്കുന്നത് തടയേണ്ടത് അനിവാര്യമാണെന്നും ട്രംപ് ആവർത്തിച്ചിരുന്നു.

സൗരോർജപദ്ധതിക്കുള്ള കരാർ കിട്ടുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 25 കോടി ഡോളർ കൈക്കൂലി നൽകിയെന്നും ഇക്കാര്യം യുഎസ് നിക്ഷേപകരിൽനിന്നു മറച്ചുവെച്ചെന്നുമുള്ള കേസിൽ 2024 നവംബറിൽ ഗൗതം അദാനിക്കെതിരേ യുഎസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

Content Summary: Adani faces US scrutiny over alleged Iranian LPG shipments, group denies the allegations

Leave a Reply

Your email address will not be published. Required fields are marked *

×