ഗൗതം അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കും എതിരെയുള്ള നിയമപരമായ സമന്‍സുകള്‍ ഔദ്യോഗികമായി കൈമാറാന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ (എസ്ഇസി) നല്‍കിയ അപേക്ഷ കേന്ദ്ര നിയമമന്ത്രാലയം നിരസിച്ചു. കയ്യൊപ്പില്ലാത്ത കത്ത്, ഔദ്യോഗിക മുദ്രയുടെ അഭാവം, സമന്‍സ് അയക്കുന്നതിലെ സാങ്കേതികമായ എതിര്‍പ്പുകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വര്‍ഷം രണ്ട് തവണ മന്ത്രാലയം ഈ അപേക്ഷ തള്ളിയത്. ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
2025 മെയ് മാസത്തിലും പിന്നീട് ഡിസംബറിലും മന്ത്രാലയം അപേക്ഷ നിരസിച്ചതോടെ, സാധാരണ അന്താരാഷ്ട്ര നടപടിക്രമങ്ങള്‍ ഒഴിവാക്കി ഇമെയില്‍ വഴി സമന്‍സ് അയക്കാന്‍ അനുമതി തേടി യുഎസ് റെഗുലേറ്റര്‍ ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ വാര്‍ത്ത പുറത്തുവന്നതോടെ വെള്ളിയാഴ്ച അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യത്തില്‍ 3.3% മുതല്‍ 14.6% വരെ ഇടിവുണ്ടായി. ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂല്യമാണ് അന്ന് നഷ്ടമായത്.
2024 നവംബറില്‍ എസ്ഇസി നല്‍കിയ പരാതി പ്രകാരം, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡുമായി ബന്ധപ്പെട്ട 2021-ലെ കടപ്പത്ര വിതരണത്തില്‍ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കി അഴിമതി വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചു എന്നാണ് ആരോപണം. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് തങ്ങളുടെ 600 മില്യണ്‍ ഡോളറിന്റെ ബോണ്ട് ഓഫറിംഗ് പിന്‍വലിച്ചിരുന്നു. ക്രിമിനല്‍ കേസിന് പുറമെ, സെക്യൂരിറ്റീസ് നിയമങ്ങള്‍ ലംഘിച്ചതിനെതിരെയുള്ള സിവില്‍ കേസും എസ്ഇസി നടത്തുന്നുണ്ട്.
ഹേഗ് കണ്‍വെന്‍ഷന്‍ പ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍, എസ്ഇസിയുടെ കവറിംഗ് ലെറ്ററില്‍ കയ്യൊപ്പില്ലെന്നും ഫോമുകളില്‍ മുദ്ര പതിപ്പിച്ചിട്ടില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അതിനാല്‍ രേഖകളുടെ ആധികാരികത സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് മന്ത്രാലയം അവ തിരിച്ചയച്ചു.
തുടര്‍ന്ന് ഡിസംബറില്‍ രണ്ടാമതും അപേക്ഷ നല്‍കിയപ്പോള്‍, യുഎസ് നിയമത്തിലെ ‘റൂള്‍ 5(ബി)’ അനുസരിച്ച് ‘സമന്‍സ്’ അയക്കുന്നത് എസ്ഇസിയുടെ എന്‍ഫോഴ്‌സ്മെന്റ് നടപടികളില്‍ ഉള്‍പ്പെടുന്നില്ല എന്ന സാങ്കേതിക വാദമാണ് മന്ത്രാലയം ഉന്നയിച്ചത്. എന്നാല്‍, ഈ എതിര്‍പ്പിന് ഹേഗ് കണ്‍വെന്‍ഷനില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും സമന്‍സ് അയക്കാനുള്ള തങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്യാന്‍ മന്ത്രാലയത്തിന് കഴിയില്ലെന്നും എസ്ഇസി കോടതിയെ അറിയിച്ചു.
എസ്ഇസിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് ആവര്‍ത്തിച്ചു. എല്ലാ നിയമപരമായ പ്രതിരോധങ്ങളും സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. കമ്പനി ഈ നിയമനടപടികളില്‍ ഒരു കക്ഷിയല്ലെന്നാണ് വെള്ളിയാഴ്ച സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നല്‍കിയ വിശദീകരണത്തില്‍ അദാനി ഗ്രീന്‍ എനര്‍ജി പറഞ്ഞത്. തങ്ങള്‍ക്കെതിരെ അഴിമതിയുമായോ കൈക്കൂലിയുമായോ ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തിയിട്ടില്ലെന്നും എസ്ഇസിയുടെ നടപടികള്‍ സിവില്‍ സ്വഭാവമുള്ളവ മാത്രമാണെന്നും അദാനി ഗ്രൂപ്പ് വിശദീകരിച്ചു.
Content Summary; No ink signature, no official seal, India’s Law Ministry refused to deliver US SEC summons to Adani
This post was last modified on January 25, 2026 10:01 am
Leave a Comment