November 07, 2024 |
Share on

പൂരം കലക്കല്‍ ആസൂത്രിതം, എഡിജിപിക്കെതിരേ അന്വേഷണം; കാര്യങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രി

അജിത് കുമാറിനെ സംബന്ധിച്ച നിലപാടിന് റിപ്പോര്‍ട്ട് വരും വരെ കാത്തിരിക്കണമെന്നും മുഖ്യമന്ത്രി

തൃശൂര്‍ പൂരം കലക്കല്‍ ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാഴാഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമനടപടികളിലേക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൂരം കലക്കാന്‍ അട്ടിമറി നീക്കം നടന്നു. തുടക്കത്തിലെ തന്നെ പ്രശ്‌നം ഉണ്ടായി. തറവാടക സംബന്ധിച്ചും ആനകളെ സംബന്ധിച്ചും പ്രശ്‌നം ഉണ്ടായി എന്നും മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിന്റെ സാമൂഹികാന്തരീക്ഷം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ആസൂത്രിതമായ നീക്കം ഉണ്ടായി. നിയമപരമായി സാധിക്കാത്ത ആവശ്യങ്ങള്‍ തന്നെ ബോധപൂര്‍വം ഉന്നയിക്കുക, അതിന്മേല്‍ പ്രശ്‌നമുണ്ടാക്കുക തുടങ്ങിയ കാര്യങ്ങള്‍ നടന്നുവെന്നു റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ച് കണ്ടുപിടിച്ച് ഭാവിയില്‍ തൃശൂര്‍പൂരം ഭംഗിയായി നടത്തേണ്ടത് അനിവാര്യമാണ്.

എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയിട്ടില്ലെങ്കിലും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാട് തനിക്കോ സര്‍ക്കാരിനോ ഇല്ലെന്ന സൂചനയാണ് മുഖ്യമന്ത്രി ഇന്ന് നല്‍കിയത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി നല്‍കിയ റിപ്പോര്‍ട്ട് സമഗ്രമല്ലെന്നു വ്യക്തിമാക്കിക്കൊണ്ട് ആ റിപ്പോര്‍ട്ട് തള്ളിയിരിക്കുകയാണ്. എഡിജിപിയുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായിട്ടുണ്ടെന്നു മുഖ്യമന്ത്രി സമ്മതിക്കുന്നുണ്ട്. എഡിജിപിയുടെ ഭാഗത്ത് ഉണ്ടായ വീഴ്ച്ച അന്വേഷിക്കാന്‍ ഡിജിപിയെ തന്നെ നിയോഗിച്ചതിലൂടെ സര്‍ക്കാര്‍ അജിത് കുമാറിനോട് പ്രത്യേക താത്പര്യം കാണിക്കുന്നില്ലെന്ന സന്ദേശം നല്‍കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ മാറ്റാതെയുള്ള അന്വേഷണം നിഷ്പക്ഷമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി, അജിത് കുമാറിന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുമ്പോഴാണ് നിഷ്പക്ഷമല്ലാത്ത അന്വേഷണമെന്ന് പറയേണ്ടതെന്നും ഇവിടെ മേലുദ്യോഗസ്ഥനായ ഡിജിപി തന്നെയാണ് അന്വേഷണം നടത്തുന്നതെന്നും അതുകൊണ്ട് നിഷപ്ക്ഷമായ അന്വേഷണം തന്നെയായിരിക്കും നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.

അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാട് തനിക്കില്ലെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. ഒരു ആരോപണം വന്നതുകൊണ്ട് മാത്രം ഒരു ഉദ്യോഗസ്ഥനെ ബന്ധപ്പെട്ട സ്ഥാനത്ത് നിന്നു മാറ്റുന്നത് ശരിയല്ലെന്നും, അന്വേഷണം നടത്തി റിപ്പോര്‍ട്ട് വരട്ടെയെന്നും അതിനുശേഷം നടപടി സ്വീകരിക്കാമെന്നുമാണ് പിണറായി വ്യക്തമാക്കിയത്. ആര്‍എസ്എസ് നേതാവിനെ കണ്ടതുകൊണ്ട് മാത്രം മാറ്റില്ലെന്നും അന്വേഷണം നടക്കട്ടെയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അന്വേഷിച്ച് റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് നടപടി സ്വീകരിക്കും. ഈ നിലപാട് തന്നെയാണ് തനിക്ക് ആദ്യം മുതലുള്ളതെന്നും, അതില്‍ തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ രാഷ്ട്രീയ അഭിപ്രായം എന്താണെന്ന ചോദ്യത്തിന് ധൃതിപിടിച്ച നിലപാട് പറയലല്ല വേണ്ടതെന്നും റിപ്പോര്‍ട്ട് വരട്ടെയെന്നുമായിരുന്നു മറുപടി.

തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് മൂന്നു തലത്തിലുള്ള തുടരന്വേഷണത്തിനാണ് മന്ത്രിസഭ യോഗം അനുമതി നല്‍കിയിരിക്കുന്നത്. അജിത് കുമാറിന് പൂരം കലക്കലുമായി ബന്ധപ്പെട്ട് വീഴ്ച്ചകളുണ്ടായിട്ടുണ്ടോയെന്ന കാര്യം ഡിജിപി ദര്‍വേഷ് സാഹിബ് അന്വേഷിക്കും. പൂരം കലക്കലിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യം ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് ആയായിരിക്കും അന്വേഷിക്കുക. വിവിധ വകുപ്പുകളുടെ വീഴ്ച്ച ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. ഉദ്യോഗസ്ഥരുടെ വീഴ്ച്ച ഇന്റലിജന്‍സ് മേധാവി എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ മൂന്നാമതൊരു അന്വേഷണവും നടക്കും.

ഏറെ ആരോപണങ്ങള്‍ ഏറ്റുവാങ്ങി നില്‍ക്കുന്ന അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുന്ന തീരുമാനം ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ ഉണ്ടാകുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ അജിത് കുമാറിനെ സംബന്ധിച്ച് കാബിനറ്റ് യോഗത്തില്‍ ചര്‍ച്ച ഉണ്ടായില്ലെന്നാണ് വിവരം.

അജിത് കുമാറിനെ മാറ്റുന്ന കാര്യം മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം. നേരത്തെ പൂരം കലക്കലുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അജിത് കുമാര്‍ തന്നെ നല്‍കിയ റിപ്പോര്‍ട്ട് ഡിജിപിയും ആഭ്യന്തര വകുപ്പും തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് പുതിയ അന്വേഷണങ്ങള്‍ നടത്താന്‍ തീരുമാനമായത്.

പ്രതിപക്ഷം ഒന്നടങ്കം എഡിജിപിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനേക്കാള്‍ ഗൗരവത്തോടെ ഇക്കാര്യം ആവശ്യപ്പെട്ടത് സിപി ഐയായിരുന്നു. തങ്ങളുടെ സ്ഥാനാര്‍ത്ഥി തൃശൂരില്‍ തോല്‍ക്കാന്‍ പ്രധാന കാരണമായത് പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളാണെന്നാണ് സിപി ഐ ആരോപിക്കുന്നത്.  adgp ajith kumar and thrissur pooram controversy, cm pinarayi vijayan responds

Content Summary; ADGP Ajith Kumar and thrissur pooram controversy, cm Pinarayi Vijayan responds

Advertisement