കാബൂളിലെ ആശുപത്രിയില്‍ സ്‌ഫോടനം, 400 മരണം; പിന്നില്‍ പാകിസ്ഥാനെന്ന് ആരോപണം

പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ സംഘര്‍ഷം ഇതോടെ വീണ്ടും രൂക്ഷമായിരിക്കുകയാണ്

Kabul Hospital attack

അഫ്ഗാനിസ്ഥാനിലെ ഒരു ആശുപത്രിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ നൂറു കണക്കിന് പേര്‍ കൊല്ലപ്പെട്ടു. കാബൂളിലെ ലഹരി വിമുക്തി കേന്ദ്രത്തിന് നേരെ വ്യോമാക്രമണമാണ് നടന്നത്. ആശുപത്രിക്കുനേരെ നടന്ന ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ സൈന്യമാണെന്നാണ് അഫ്ഗാനിസ്ഥാന്‍ ആരോപിക്കുന്നത്. തിങ്കളാഴ്ച നടന്ന ഈ ആക്രമണത്തില്‍ മരണസംഖ്യ 400 കവിഞ്ഞതായും 250 ഓളം പേര്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ സര്‍ക്കാരിന്റെ ഡെപ്യൂട്ടി വക്താവ് ഹംദുള്ള ഫിത്രത്ത് അറിയിച്ചു. എന്നാല്‍ പാകിസ്ഥാന്‍ ഈ ആരോപണം തള്ളിക്കളഞ്ഞു. സിവിലിയന്‍ കേന്ദ്രങ്ങളെയൊന്നും തങ്ങള്‍ ലക്ഷ്യം വെച്ചിട്ടില്ലെന്നാണ് പാകിസ്ഥാന്‍ പറയുന്നത്.

ആശുപത്രി കെട്ടിടം പൂര്‍ണമായും തകര്‍ന്നതായാണ് വിവരം. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ അഗ്‌നിശമന സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തകരും കിണഞ്ഞു പരിശ്രമിക്കുന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രി വാര്‍ഡുകള്‍ക്കുള്ളില്‍ സ്‌ഫോടനം നടന്നപ്പോള്‍ രോഗികള്‍ കട്ടിലുകളില്‍ നിന്ന് തെറിച്ചുവീണതായും പുകയും തീയും നിറഞ്ഞ പരിഭ്രാന്തമായ അന്തരീക്ഷമായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ വിവരിച്ചു. തകര്‍ന്നടിഞ്ഞ കെട്ടിടത്തിനുള്ളില്‍ നിന്ന് നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇറ്റാലിയന്‍ സന്നദ്ധ സംഘടനയായ ‘എമര്‍ജന്‍സി’യുടെ അഫ്ഗാന്‍ ഡയറക്ടര്‍ ദേജന്‍ പാനിക് മൂന്ന് മൃതദേഹങ്ങള്‍ ലഭിച്ചതായും 27 പേരെ ചികിത്സിക്കുന്നതായും സ്ഥിരീകരിച്ചു.

അതേസമയം, പാകിസ്ഥാന്‍ ഈ ആരോപണങ്ങളെ പാടെ നിഷേധിച്ചു. തങ്ങള്‍ കാബൂളിലും നംഗര്‍ഹാര്‍ പ്രവിശ്യയിലും അഫ്ഗാന്‍ താലിബാന്റെയും പാകിസ്ഥാന്‍ വിരുദ്ധ തീവ്രവാദികളുടെയും സൈനിക കേന്ദ്രങ്ങളും ആയുധ സംഭരണശാലകളും മാത്രമാണ് ലക്ഷ്യം വെച്ചതെന്നാണ് പാകിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രാലയം എക്‌സില്‍ കുറിച്ചത്. സിവിലിയന്‍മാര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ അതീവ ജാഗ്രതയോടെയാണ് ആക്രമണം നടത്തിയതെന്നും അഫ്ഗാന്‍ വക്താവ് സബീഹുള്ള മുജാഹിദിന്റെ പ്രസ്താവനകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പാകിസ്ഥാന്‍ കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിവെപ്പ് രൂക്ഷമായതിന് പിന്നാലെയാണ് ഈ വ്യോമാക്രമണം ഉണ്ടായത്. കഴിഞ്ഞ മൂന്ന് ആഴ്ചയായി തുടരുന്ന ഈ സംഘര്‍ഷം വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും മാരകമായ പോരാട്ടമായി മാറിയിരിക്കുകയാണ്. പാകിസ്ഥാന്‍ തൊടുത്തുവിട്ട മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഖോസ്റ്റ് പ്രവിശ്യയിലെ വീടുകള്‍ തകര്‍ത്തതായും ഇതില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടതായും അഫ്ഗാന്‍ അധികൃതര്‍ പറഞ്ഞു. മറുഭാഗത്ത്, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ആക്രമണത്തില്‍ അതിര്‍ത്തി ജില്ലയായ ബജൗറില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാനും ആരോപിച്ചു.

അഫ്ഗാനിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ താലിബാന്‍, ബലോച്ച് വിഘടനവാദികള്‍ എന്നിവര്‍ക്ക് അഫ്ഗാന്‍ സര്‍ക്കാര്‍ അഭയം നല്‍കുന്നുവെന്നാണ് പാകിസ്ഥാന്റെ പ്രധാന ആരോപണം. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ ഇത് നിഷേധിക്കുന്നു. അതിര്‍ത്തിയിലെ സാഹചര്യം ഒരു ‘തുറന്ന യുദ്ധത്തിന്’ സമാനമാണെന്ന് ഇസ്ലാമാബാദ് വിശേഷിപ്പിച്ചു. ഫെബ്രുവരി അവസാന വാരം തുടങ്ങിയ ഈ പോരാട്ടം ഒക്ടോബറില്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിനെ അപ്രസക്തമാക്കിയിരിക്കുകയാണ്. ആശുപത്രികള്‍ പോലുള്ള സിവിലിയന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുന്നത് അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഉള്‍പ്പെടെയുള്ള സംഘടനകള്‍ സംഭവത്തില്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ടു.

Content Summary: Afghanistan blamed on Pakistan’s military over deadly strike on Kabul hospital, death toll has reached 400 people so far.

This post was last modified on March 17, 2026 7:35 am

അഴിമുഖം ഡെസ്‌ക്:
Leave a Comment