June 26, 2026 |
Share on

ഉപരോധം തത്കാലം മറക്കണം, ഈ ജനങ്ങളെ സഹായിക്കണം; അഫ്ഗാന് വേണ്ടി ലോകത്തോട് അഭ്യര്‍ത്ഥന

ഏതാണ്ട് മൂന്ന് ഗ്രാമങ്ങള്‍ മൊത്തത്തില്‍ തകര്‍ന്നു, 1,400 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനെ പാടെ പിടിച്ചു കുലുക്കിയിരിക്കുകയാണ് 1,400 ല്‍ അധികം പേരുടെ ജീവനെടുത്ത ഭൂമികുലുക്കം. ഏകദേശം ആയിരത്തിന് മുകളില്‍ മനുഷ്യര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ അന്താരാഷ്ട്ര സഹായത്തിന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് താലിബാന്‍ ഭരണകൂടം.

രാജ്യത്തെ രക്ഷാപ്രവര്‍ത്തന, ദുരിതാശ്വാസ സംഘടനകള്‍ പ്രവര്‍ത്തനക്ഷമമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ അന്താരാഷ്ട്ര സമൂഹം അഫ്ഗാനു വേണ്ടി ഇടപെടണമെന്നും അവിടുത്തെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും അവര്‍ അഭ്യര്‍ത്ഥിക്കുന്നു. യുഎസും മറ്റ് രാജ്യങ്ങളും അഫ്ഗാനിസ്ഥില്‍ താലിബാന്‍ ഭരണം പിടിച്ചതിനു പിന്നാലെ സഹായങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്. ഈയവസരത്തില്‍ മരവിപ്പിക്കല്‍ പിന്‍വലിച്ച് ഫണ്ടുകള്‍ അഫ്ഗാനിസ്ഥാനില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അന്താരാഷ്ട്ര സംഘടനകള്‍ക്ക് നല്‍കണണമെന്നാണ് അന്താരാഷ്ട്ര നിയമത്തില്‍ വിദഗ്ദ്ധനായ ഒസാമ മാലിക് ആവശ്യപ്പെടുന്നത്.

തിങ്കളാഴ്ച, ബ്രിട്ടന്‍, അഫ്ഗാനിലെ ഭൂകമ്പങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി അടിയന്തര ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സഹായം താലിബാന്‍ ഭരണകൂടത്തിന് ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ പങ്കാളികള്‍ വഴി അഫ്ഗാന്‍ ജനങ്ങള്‍ക്ക് സഹായം എത്തിക്കുമെന്നാണ് ബ്രിട്ടന്‍ പറയുന്നത്. തിങ്കളാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എക്സില്‍ പങ്കുവച്ച് പോസ്റ്റില്‍ ഭൂകമ്പത്തില്‍ ജീവഹാനി സംഭവിച്ച അഫ്ഗാന്‍ ജനങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയിരുന്നുവെങ്കിലും, അഫ്ഗാന് എന്തെങ്കിലും സഹായം നല്‍കുമോ എന്ന ചോദ്യത്തോട് യുഎസ് പ്രതികരിച്ചിട്ടില്ല.

പാകിസ്താന്‍ അതിര്‍ത്തിയിലുള്ള കിഴക്കന്‍ കുനാര്‍ പ്രവിശ്യയിലാണ് ഞായറാഴ്ച്ച 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഈ പ്രവിശ്യയിലെ മുഴുവന്‍ ഗ്രാമങ്ങളും നശിച്ചുവെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ചെങ്കുത്തായ താഴ്‌വരയാണ് ഇവിടം. മണ്ണും കല്ലും കൊണ്ട് നിര്‍മിച്ച വീടുകളാണിവിടെയുള്ളത്. ഭൂമികുലുക്കത്തില്‍ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പലരും കുടുങ്ങിക്കിടക്കുകയാണ്. വിദൂരമായ ഈ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ പര്‍വതപ്രദേശങ്ങളും പ്രതികൂല കാലാവസ്ഥയും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് വെറും ആറ് മൈല്‍ താഴെയാണ് ആഴം കുറഞ്ഞ ഭൂകമ്പം ഉണ്ടായിരിക്കുന്നത്. ഇത്തരം ഭൂകമ്പങ്ങള്‍ വിനാശകരമായ ആഘാതം ഉണ്ടാക്കുന്നവയാണ്.

ചൊവ്വാഴ്ച, റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂകമ്പവും ഉണ്ടായി. ആറ് മൈല്‍ ആഴത്തിലാണ് ഇത് രേഖപ്പെടുത്തിയത്. രണ്ടാമത്തെ ഭൂകമ്പം തെക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലായിരുന്നു. ഇത് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കും നാശത്തിനും കാരണമായി. ആദ്യത്തെ ഭൂകമ്പത്തില്‍ മരണസംഖ്യ 1,411 കടന്നിരുന്നുവെന്നാണ് താലിബാന്‍ സര്‍ക്കാര്‍ വക്താവ് സബിഹുള്ള മുജാഹിദ് ചൊവ്വാഴ്ച അറിയിച്ചത്. 3,000 ത്തിലധികം പേര്‍ക്ക് പരിക്കേറ്റതായും വക്താവ് പറഞ്ഞു. ഞായറാഴ്ച്ചത്തെ ആദ്യ ഭൂകമ്പം ഉണ്ടായ ചില പ്രദേശങ്ങളില്‍ ഇനിയും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല. അവിടങ്ങളിലെ മനുഷ്യനാശം കൂടി കണക്കിലെടുത്താല്‍ ദുരന്തം കൂടുതല്‍ വലുതാകുമെന്നാണ് ആശങ്ക.

ഞായറാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ കുനാറിലെ മൂന്ന് ഗ്രാമങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. മറ്റു പല ഗ്രാമങ്ങളിലും സാരമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായും അധികൃതര്‍ പറയുന്നു. കുനാറില്‍ 610 പേരും നംഗര്‍ഹറില്‍ 12 പേരും മരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ദുരന്തബാധിത മേഖലകളില്‍ മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ വിച്ഛേദിക്കപ്പെട്ടതും രക്ഷാപ്രവര്‍ത്തകര്‍ക്ക് തടസമായി. നഗരങ്ങളില്‍ നിന്നും ഏറെ അകലെയാണ് അപകടമുണ്ടായ പര്‍വത പ്രദേശങ്ങള്‍ എന്നത് വേഗത്തില്‍ എത്തുകയെന്നതിനും ബുദ്ധിമുട്ടുണ്ടാക്കി. ഇതിനൊപ്പമാണ് കനത്ത മഴയും വഴിമുടക്കിയത്. മഴ മണ്ണിടിച്ചിലിന് കാരണമായതോടെ നിരവധി റോഡുകള്‍ ഗതാഗതയോഗ്യമല്ലാതായതും തിരിച്ചടിയായി. സൈനികരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്.  Afghanistan earthquake:  Appeals for International aid as rescue

Content Summary; Afghanistan earthquake:  Appeals for International aid as rescue

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×