UPDATES

വിദേശം

സ്വര്‍ണ ഖനികളില്ലാത്ത ദുബായ് ലോകത്തിന്റെ ഗോള്‍ഡ് ഹബ്ബ് ആയതെങ്ങനെ?

കേരളത്തിലേക്ക് അടക്കം കള്ളക്കടത്ത് നടത്തുന്ന ഗള്‍ഫ് സ്വര്‍ണം യുഎഇയില്‍ എത്തുന്നതെങ്ങനെ?

                       

മേയ് 28 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഐ എക്‌സ് 714 വിമാനത്തിലെ കാബിന്‍ ക്രൂ ആയിരുന്നു കൊല്‍ക്കൊത്ത സ്വദേശി സുരഭി ഖത്തൂണ്‍. മസ്‌കറ്റില്‍ നിന്നുള്ള വിമാനം നിലം തൊട്ടത്തിനു പിന്നാലെ സുരഭിയെ അറസ്റ്റ് ചെയ്തു. 65 ലക്ഷത്തോളം രൂപ വില വരുന്ന 960 ഗ്രാം സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയതിനാണ് ഡിആര്‍ഐ സുരഭിയെ അറസ്റ്റ് ചെയ്തത്. സുരഭിക്ക് പിന്നാലെ കണ്ണൂര്‍ സ്വദേശിയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലെ സീനിയര്‍ കാബിന്‍ ക്രൂവുമായ സുഹൈലിനെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. സുഹൈലായിരുന്നു സ്വര്‍ണക്കടത്തിലെ മുഖ്യ സൂത്രധാരന്‍. African gold worth tens of billions smuggled to uae each year swissaid report

ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് സ്വര്‍ണക്കടത്തുന്നത് നിത്യസംഭവമാണ്. കേരള സര്‍ക്കാര്‍ ആരോപണ വിധേയമായ വിവാദ നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് മുതല്‍ എത്രയോ കേസുകള്‍. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നിരവധി തവണയാണ് സ്വര്‍ണക്കടത്ത് പിടികൂടിയിരിക്കുന്നത്. വര്‍ഷങ്ങളായി തുടരുന്നതാണിത്. ഇപ്പോഴും തുടരുകയും ചെയ്യുന്നു. അനധികൃത സ്വര്‍ണം ബഹുഭൂരിപക്ഷവും ഗള്‍ഫില്‍ നിന്ന് കടത്തിക്കൊണ്ടു വരുന്നതാണ്. കേരളത്തിലേക്ക് അടക്കം കള്ള സ്വര്‍ണം ഗള്‍ഫില്‍ നിന്നും പോകുന്നതിന്റെ കാരണമെന്താണ്? എണ്ണ ഖനികള്‍ കൂടാതെ സ്വര്‍ണ ഖനികളുടെയും നാടാണോ അത്. ഒരൊറ്റ സ്വര്‍ണഖനിപോലുമില്ലാത്ത യുഎഇയില്‍ നിന്നാണ് ലോകത്ത് ഏറ്റവുമധികം സ്വര്‍ണ കയറ്റുമതി നടക്കു്ന്നത്. സ്വര്‍ണ ഖനികളില്ലാത്ത ദുബായ് എങ്ങനെയാണ് സ്വര്‍ണ വ്യാപാരത്തിന്റെ കേന്ദ്രമായി മാറിയത്?

എവിടെ നിന്നാണീ സ്വര്‍ണം?

അഷ്ടിക്ക് വകയില്ലാതെ മനുഷ്യര്‍ പട്ടിണി കിടക്കേണ്ടി വരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ലോകത്ത് ഏറ്റവും വലിയ തോതില്‍ സ്വര്‍ണക്കള്ളക്കടത്ത് നടക്കുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിനു പുറത്തേക്ക് സഹസ്ര കോടികളുടെ സ്വര്‍ണക്കള്ളക്കടത്താണു നടക്കുന്നത്. ആഫ്രിക്കയില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് വര്‍ഷം തോറും കൂടിവരികയാണെന്നാണ് റിപ്പോര്‍ട്ട്. പുറം രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക്(യുഎഇ) കഴിഞ്ഞ ദശാബ്ദത്തില്‍ പതിനായിരക്കണക്കിന് കോടികള്‍ വിലമതിക്കുന്ന ടണ്‍ കണക്കിന് സ്വര്‍ണമാണ് കടത്തിക്കൊണ്ടു പോയിരിക്കുന്നതെന്നാണ് സ്വിസ്‌സെഡ് വ്യാഴാഴ്ച്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 2022 ല്‍ ചെറുകിട ഖനികളില്‍ നിന്നായി 30 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന 435 ടണ്‍ സ്വര്‍ണം അഫ്രിക്കയില്‍ നിന്നും കടത്തിക്കൊണ്ടു പോയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2012 ല്‍ നിന്നും 2022 ല്‍ എത്തുമ്പോള്‍, പത്തു വര്‍ഷത്തിനിടയില്‍ സ്വര്‍ണക്കടത്ത് ഇരട്ടിയായി ഉയര്‍ന്നിരിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ദുബായ് എന്ന ഗോള്‍ഡ് ഹബ്ബ്‌

ലോകത്തിന്റെ പ്രധാന സ്വര്‍ണ വിപണിയാണ് ദുബായ്. ഇവിടെ ബില്യണ്‍ കണക്കിന് ഡോളറിന്റെ സ്വര്‍ണ വ്യാപാരമാണ് നടക്കുന്നത്. എന്നാല്‍ ഈ കച്ചവടം പൂര്‍ണമായും നിയമാനുസൃതമല്ല, ഇവിടെ നിന്നും കയറ്റിയയക്കപ്പെടുന്നത് നേരായ മാര്‍ഗത്തിലുള്ള സ്വര്‍ണവുമല്ല.

അഫ്രിക്കയില്‍ നിന്നു കടത്തുന്ന സ്വര്‍ണത്തിന്റെ പ്രധാന കമ്പോളം യുഎഇ ആണെന്നാണ് സ്വിസ്‌സെഡ് പറയുന്നത്. 2022 ല്‍ 405 ടണ്‍ സ്വര്‍ണമാണ് ഇവിടെയെത്തിയത്. കഴിഞ്ഞ ദശാബ്ദത്തില്‍ ആഫ്രിക്കയില്‍ നിന്നും 2,500 ടണ്‍ സ്വര്‍ണമാണ് യുഎഇയില്‍ എത്തിയത്. 115 ബില്യണ്‍ യുഎസ് ഡോളര്‍ വരും ഇതിന്റെ മൂല്യം എന്നും പറയുന്നു. ആഫ്രിക്കന്‍ സ്വര്‍ണത്തിന്റെ പ്രധാന ഹബ്ബ് ദുബായ് ആണെന്നാണ് സ്വിസ്‌സെഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിമാന മാര്‍ഗമാണ് സ്വര്‍ണം മുഴുവന്‍ ദുബായില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചിലപ്പോഴവ കൈവശം വയ്ക്കുന്ന ലഗേജുകളിലാക്കി കൊണ്ടു വരും, അല്ലാത്തപക്ഷം ഷെഡ്യൂള്‍ ചെയ്ത വിമാനത്തിലോ സ്വകാര്യ വിമാനങ്ങളിലോ ആയും ദുബായില്‍ എത്തിക്കും.

2019 ല്‍ റോയിട്ടേഴ്‌സ് നടത്തിയ അന്വേഷണത്തിലും വര്‍ഷം തോറും ടണ്‍ കണക്കിന് സ്വര്‍ണം ആഫ്രിക്കയില്‍ നിന്നും പുറത്തേക്ക് ഒഴുകുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. യുഎഇയിലേക്കാണ് സ്വര്‍ണം പ്രധാനമായും കടത്തുന്നത്. ഇവിടെ നിന്നാണ് അമേരിക്കയിലേക്കും യൂറോപ്പിലേക്കും അവ എത്തിക്കുന്നത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ പ്രതികരണം തേടിയപ്പോള്‍ യുഎഇ അധികൃതര്‍ സ്വിസ്‌സെഡിനോടു പറഞ്ഞത്, ഈ വിഷയം ആശങ്കപ്പെടുത്തുന്നതാണെന്നും, സ്വര്‍ണം അടക്കമുള്ള മൂല്യമേറിയ വസ്തുക്കള്‍ കൊണ്ടുവരുന്നതില്‍ പുതിയ നിയമങ്ങള്‍ രാജ്യത്ത് നടപ്പാക്കിയിട്ടുണ്ടെന്നുമാണ്.

കവരുന്നത് പരമ്പരാഗത-ചെറുകിട ഖനികളിലെ സ്വര്‍ണം

സ്വര്‍ണക്കള്ളക്കടത്ത് കാണിക്കുന്ന മറ്റൊരു യാഥാര്‍ത്ഥ്യം, വ്യാവസായികാടിസ്ഥാനത്തിലുള്ള സ്വര്‍ണ ഖനനത്തിന് തുല്യമോ അതിലും വിപുലമായോ ദശലക്ഷകണക്കിന് പേര്‍ ജോലി ചെയ്യുന്ന പരമ്പരാഗത-ചെറുകിട സ്വര്‍ണഖനികള്‍(ആര്‍ട്ടിസനല്‍ ഗോള്‍ഡ് മൈനിംഗ്) ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ വ്യാപകമാകുന്നുണ്ടെന്നാണ്. വ്യാവസായികാടിസ്ഥാനത്തില്‍ അല്ലാതെ, പരമ്പരാഗത രീതികള്‍ ഉപയോഗിച്ച് സ്വര്‍ണം ഖനനം ചെയ്യുന്നതിനെയാണ് ആര്‍ട്ടിസാനല്‍ ഗോള്‍ഡ് മൈനിംഗ് എന്നു പറയുന്നത്. ഇത്തരം ഖനനങ്ങള്‍ നിയമാനുസൃതമായി നടക്കുന്നവയാകില്ല. വ്യക്തികളോ, കുടുംബങ്ങളോ, ചെറു സംഘങ്ങളോ, യന്ത്രസഹായങ്ങളില്ലാതെ, കൈ ഉപകരണങ്ങളും അടിസ്ഥാന സാങ്കേതിക വിദ്യകളും ഉപയോഗിച്ചായിരിക്കും ഖനനം നടത്തുന്നത്. കുറഞ്ഞ സാമ്പത്തിക നിക്ഷേപവും, യന്ത്രോപകരണങ്ങളുടെ പരിമിതമായ ഉപയോഗവുമായിരിക്കും ഇത്തരം ഖനനങ്ങളില്‍ കാണാനാവുക. ശരീരികമായ അദ്ധ്വാനമാണ് കൂടുതലായും ഉപയോഗിക്കുക.

ഉരുക്കിയൊരുക്കുന്ന സമാന്തര സമ്പദ് വ്യവസ്ഥ

സ്വര്‍ണക്കളക്കടത്ത് നികുതി വരുമാനം നഷ്ടപ്പെടുത്തുന്നു എന്നതു മാത്രമല്ല പ്രശ്‌നം. ഇതിലൂടെ സമാന്തരമായൊരു സമ്പദ് വ്യവസ്ഥ കൂടി വളരുകയാണ്. ഇവയിലൂടെ കൈമാറുന്ന പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും, കള്ളപ്പണത്തിനും, ഉപരോധങ്ങള്‍ക്കുമെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് വിദഗ്ധരും സര്‍ക്കാരുകളും നല്‍കുന്ന മുന്നറിയിപ്പ്.

വലിയ അളവിലുള്ള കള്ളക്കടത്ത് സ്വര്‍ണം യു.എ.ഇ വഴി കടത്തുന്നതിന്റെ പിന്നിലെ കാരണമായി സ്വിസ്‌സെഡ് റിപ്പോര്‍ട്ടിന്റെ രചയിതാക്കളില്‍ ഒരാളായ മാര്‍ക് ഉമ്മല്‍ ചൂണ്ടിക്കാണിക്കുന്നത്, വലിയ അളവിലുള്ള കള്ളക്കടത്ത് സ്വര്‍ണം കൈമാറ്റം ചെയ്യപ്പെടുന്നതിന് യുഎഇയിലെ നിയമവഴികളില്‍ നിന്നു കിട്ടുന്ന സംരക്ഷണമാണെന്നാണ്. ഓരോ വര്‍ഷവും 400 ടണ്ണിലധികം അനധികൃത സ്വര്‍ണം യുഎഇയിലേക്ക് കടത്തുന്നുണ്ട്. യുഎഇയില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ കാര്യമായ വീഴ്ച്ച സംഭവിക്കുന്നുണ്ടെന്നതിന്റെ തെളിവാണിതെന്നാണ് മാര്‍ക് ഉമ്മല്‍ പറയുന്നത്.

ഇന്ത്യയിലും സ്വിറ്റ്‌സര്‍ലന്‍ഡിലുമെത്തുന്ന ആഫ്രിക്കന്‍ സ്വര്‍ണം

യുഎഇ കഴിഞ്ഞാല്‍ ആഫ്രിക്കന്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ സ്വറ്റ്‌സര്‍ലന്‍ഡും ഇന്ത്യയുമാണ്. 2020 ല്‍ ആഫ്രിക്കന്‍ സ്വര്‍ണത്തിന്റെ വിദേശ ഇറക്കുമതിയുടെ 21 ശതമാനവും എത്തിയത് സ്വിറ്റ്‌സര്‍ലന്‍ഡിലാണ്. ആഫ്രിക്കയില്‍ നിന്നുള്ള നേരിട്ടുള്ള ഇറക്കുമതി കൂടാതെ ദുബായില്‍ നിന്നും സ്വിറ്റ്‌സര്‍ലാന്‍ഡ് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നുണ്ട്. 2012 നും 2022 നും ഇടയിലായി 1670 ടണ്‍ സ്വര്‍ണം ദുബായില്‍ നിന്നും ഇറക്കുമതി ചെയ്‌തെന്നാണ് കണക്കുകള്‍ പറയുന്നത്.

സ്വര്‍ണം കുമിയുന്ന യുഎഇ

ഇത്രയും സ്വര്‍ണം മറ്റ് രാജ്യങ്ങളിലേക്ക് യുഎഇയില്‍ നിന്നും കയറ്റുമതി ചെയ്യുമ്പോള്‍ ഓര്‍ക്കേണ്ടൊരു കാര്യം, യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ ഒരൊറ്റ സ്വര്‍ണ ഖനി പോലും ഇല്ലായെന്നതാണ്. ആഫ്രിക്കയില്‍ നിന്നുള്‍പ്പെടെ അവിടെ എത്തുന്ന സ്വര്‍ണമാണ് മറ്റിടങ്ങളിലേക്ക് പോകുന്നത്. എന്നാല്‍ വരുന്ന സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തറിയുന്നില്ല. പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്, മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനായി 2012 നും 2022 നും ഇടയില്‍ നിയമാനുസൃതമല്ലാത്ത 2596 ടണ്‍ സ്വര്‍ണം ആഫ്രിക്കയില്‍ നിന്നും യുഎഇയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ്.

റിപ്പോര്‍ട്ടിന്റെ ഭാഗമായി സ്വിസ്‌സെഡ് എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള മൊത്തം സ്വര്‍ണ്ണ കയറ്റുമതിയും ആഫ്രിക്കന്‍ ഇതര രാജ്യങ്ങളിലേക്കുള്ള സ്വര്‍ണ ഇറക്കുമതിയുമായും തമ്മില്‍ താരതമ്യ പഠനം നടത്തി. ഓരോ രാജ്യങ്ങളിലെയും സ്ഥിതിവിവരക്കണക്കുകള്‍ ഉപയോഗിച്ച് യു എന്‍ കോംട്രേഡ് ഡാറ്റയിലെ വ്യത്യാസങ്ങള്‍ കണ്ടെത്തി. ട്രേഡ് അസോസിയേഷനുകള്‍ റിപ്പോര്‍ട്ട് ചെയ്ത കണക്കുകളുമായി ഡാറ്റ താരതമ്യം ചെയ്തും സര്‍ക്കാരുകളുമായും റിഫൈനറികളുമായും ചര്‍ച്ച ചെയ്തും കയറ്റുമതി-ഇറക്കുമതി സ്വര്‍ണത്തിന്റെ കണക്കുകളില്‍ വരുന്ന വ്യത്യാസം കണ്ടെത്തുകയും ചെയ്തു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ 12 രാജ്യങ്ങള്‍ വര്‍ഷം തോറും 20 ടണ്ണോ അതില്‍ കൂടുതലോ സ്വര്‍ണക്കളക്കടത്ത് നടത്തുന്നുണ്ടെന്നാണ് സ്വിസ്‌സെഡ് റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു പ്രധാന കാര്യം.

അനധികൃത ഖനികള്‍ പെരുകുന്നു

2009 മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഇരട്ടിയായതോടെ അനധികൃമായ പരമ്പരാഗത-ചെറുകിട ഖനനത്തിലേക്ക് തിരിയുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നു. ഈ മേഖലകളില്‍ നിന്നുമാത്രം 2022 ല്‍ 443 മുതല്‍ 596 ടണ്‍ വരെ സ്വര്‍ണം കുഴിച്ചെടുത്തുവെന്നാണ് സ്വിസ്‌സെഡ് പറയുന്നത്. മൊത്തം ഉത്പാദിപ്പിച്ചതിന്റെ മുപ്പത് ശതമാനം മാത്രമാണിതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. അതായത് ബാക്കിയുള്ള 70 ശതമാനത്തോളം ഖനനം പുറത്തു വിടാത്ത കണക്കാണ്. വ്യാവസായിക ഖനനത്തിലൂടെ വര്‍ഷം 500 ടണ്‍ സ്വര്‍ണമാണ് ഉത്പാദിപ്പിക്കുന്നത്.

പല ആഫ്രിക്കന്‍ രാജ്യങ്ങളുടെയും പ്രധാന വരുമാന സ്രോതസ്സാണ് സ്വര്‍ണ്ണം. എന്നാല്‍ ഭക്ഷണം, പാര്‍പ്പിടം പോലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം സായുധ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനാണ് പണം ചെലവഴിക്കപ്പെടുന്നത്. സായുധ കലാപങ്ങള്‍ മൂലം ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടക്കുന്നത്. സ്വര്‍ണ ഖനനം സൃഷ്ടിക്കുന്ന മറ്റൊരു പ്രതിസന്ധി പാരിസ്ഥിതിക തകര്‍ച്ചയാണ്.

യുഎഇയിലേക്ക് പോകുന്ന ഭൂരിഭാഗം സ്വര്‍ണവും ഇത്തരം അനധികൃതമായ ചെറുകിട-പരമ്പരാഗത ഖനികളില്‍ ഉത്പാദിപ്പിക്കുന്നതാണെന്നാണ് സ്വിസ്‌സെഡ് പറയുന്നത്. ഇത്തരം ഖനനങ്ങള്‍ ദശലക്ഷക്കണക്കിന് ആഫ്രിക്കക്കാര്‍ക്ക് ഉപജീവനം നല്‍കുന്നുണ്ടെങ്കിലും മറുവശത്ത് പ്രകൃതിക്കും പ്രാദേശിക ജന സമൂഹത്തിനും വലിയ ദോഷമാണ് ഉണ്ടാക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍