കേരളത്തിൽ അഞ്ചേക്കർ ഭൂമി വാങ്ങിയതിന്റെ പേരിൽ ഒരു വ്യക്തിക്ക് നിയമപോരാട്ടം നടത്തേണ്ടി വന്നത് 23 വർഷമാണ്. ഭാഷയറിയാത്ത നാട്ടിലെത്തി ഇത്രയും വർഷം കൊൽക്കത്ത സ്വദേശി സഞ്ജയ് മിത്ര പൊരുതിയതും സ്വന്തം ഭൂമിയിൽ തന്റെ അവകാശം സ്ഥാപിച്ചെടുക്കാനായിരുന്നു. വ്യാജരേഖകൾ ചമച്ച് ഭൂമി തട്ടിയെടുത്ത ഭൂമാഫിയയായിരുന്നു സഞ്ജയ് മിത്രയുടെ എതിരാളി. ഭൂമാഫിയക്ക് സഹായികളായി നിന്നത് സർക്കാർ ഉദ്യോഗസ്ഥരും. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ സ്വകാര്യ വ്യക്തികൾ കൈയ്യേറി റിസോർട്ടുകളും ഹോം സ്റ്റേയും നിർമ്മിച്ച വാഗമൺ കുരിശുമല ആശ്രമത്തിനു സമീപമുള്ള ഭൂമി സഞ്ജയ് മിത്രയുടെ പേരിലേക്ക് പോക്കുവരവ് ചെയ്തു നൽകാൻ പാലാ ആർ.ഡി.ഒയാണു ഉത്തരവിട്ടു.
വിവരാവകാശ പ്രവർത്തകനും ആക്ടിവിസ്റ്റുമായ മഹേഷ് വിജയന്റെ വർഷങ്ങളുടെ ശ്രമഫലമായാണ് സഞ്ജയ് മിത്രക്ക് തന്റെ ഭൂമിയിൽ അവകാശം തെളിയിക്കാൻ സാധിച്ചത്. ഭൂമിയുടെ പേരിൽ കഷ്ടപ്പെടുന്ന ഒരു വൃദ്ധനെ സഹായിക്കാതിരിക്കാൻ ഏത് അറ്റം വരെയും പോകുമായിരുന്നുവെന്നും എന്തുവന്നാലും അയാൾക്ക് നീതി വാങ്ങിക്കൊടുക്കുമെന്ന് ഉറപ്പിച്ചിരുന്നുവെന്നും മഹേഷ് വിജയൻ അഴിമുഖത്തോട് പ്രതികരിച്ചു.
‘2015 ലാണ് ഞാൻ എൻ്റെ ജോലി രാജിവെച്ച് ലീഗൽ ഫീൽഡിലേക്ക് വരുന്നത്. ഒരു ആർടിഐ ആക്ടിവിസ്റ്റ് എന്ന നിലയിലാണ് തുടങ്ങിയതെങ്കിലും പിന്നീട് സിവിൽ കേസുകൾ ഏറ്റെടുക്കുകയായിരുന്നു. 2021 ലാണ് കൽക്കത്ത സ്വദേശിയായ സഞ്ജയ് മിത്രയുടെ കേസ് എന്റെ ശ്രദ്ധയിൽ പെടുന്നത്. എന്റെയൊരു സുഹൃത്ത് വഴിയാണ് സഞ്ജയ് മിത്രയും അഞ്ചേക്കർ വസ്തുവും എന്റെയടുത്ത് എത്തുന്നത്.
വാഗമൺ കുരിശുമല ആശ്രമത്തിന് സമീപമുള്ള അഞ്ചേക്കർ വസ്തു വ്യാജ രേഖകൾ ചമച്ച് ഭൂമാഫിയ സഞ്ജയ് മിത്രയുടെ കൈയ്യിൽ നിന്നും തട്ടിയെടുത്തുവെന്ന് സുഹൃത്ത് എന്നോട് പറഞ്ഞു. തുടർന്ന് ഞാൻ അതിന്റെ ഡോക്യുമെൻ്റ്സ് ആവശ്യപ്പെടുകയായിരുന്നു. ശേഷം ഞാൻ ഡോക്യുമെൻ്റുകളെല്ലാം പഠിച്ചു. ഹൈക്കോടതിയിൽ കേസ് പെൻഡിങ്ങ് ആണെന്നാണ് അറിയിച്ചിരുന്നത്.
കേസ് പഠിച്ചപ്പോഴാണ് ഇത് ഇത്രയും ഗൗരവമായ വിഷയമാണെന്ന് ഞാൻ മനസിലാക്കുന്നത്. ഇന്ന് എനിക്കവരെ സംശയം കൂടാതെ ഭൂമാഫിയ എന്ന് വിളിക്കാൻ കഴിയും. അന്ന് അതിനെക്കുറിച്ച് എനിക്ക് അറിവില്ലായിരുന്നു. ഒരു മാഫിയ സംഘത്തിന്റെ ലക്ഷണങ്ങൾ കേസ് പഠിച്ച് തുടങ്ങുമ്പോൾ തന്നെ തോന്നിയിരുന്നു.
സഞ്ജയ് മിത്രയും ഭാര്യ സുമിത്ര മിത്രയും കൽക്കട്ടയിലാണ് താമസിച്ചിരുന്നത്. ഇവർക്ക് മക്കളോ അടുത്ത ബന്ധുക്കളോ ആരും തന്നെ ഉണ്ടായിരുന്നില്ല. കൽക്കട്ടയിൽ ജോലി ചെയ്യുന്ന സമയത്താണ് സഞ്ജയ് മിത്ര അജിത് മുരിക്കനെന്ന മലയാളിലെ പരിചയപ്പെടുന്നത്. അജിത് മുരിക്കനാണ് വാഗമണ്ണിലെ സ്ഥലത്തിന്റെ കാര്യം സഞ്ജയ് മിത്രയോട് പറയുന്നത്. വാഗമൺ കുരിശുമല ആശ്രമത്തിന് സമീപമുള്ള ഈ വസ്തു ശരിക്കും കോട്ടയം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. തുടർന്ന് അജിത് മുരിക്കനും സഞ്ജയ് മിത്രയും ഒരുമിച്ച് വാഗമണിൽ വരികയും ലാറി ബേക്കറിന്റെ ഭാര്യ ഡോ എലിസബത്ത് ബേക്കറുടെ കയ്യിൽ നിന്ന് സ്ഥലങ്ങൾ വാങ്ങുകയും ചെയ്തത്. 1989ലാണ് ഇവർ ഭൂമി വാങ്ങിയത്. തന്റെ അമ്മയുടെ സ്വർണം വിറ്റാണ് സഞ്ജയ് മിത്ര ഭൂമി വാങ്ങുന്നത്. അജിത് മുരിക്കന് പിന്നീട് യാതൊരു ബുദ്ധിമുട്ടും സംഭവിച്ചില്ല. തുടക്കത്തിൽ സഞ്ജയ് മിത്രയുടെ സ്ഥലമെല്ലാം നോക്കിനടത്തിയിരുന്നത് അജിത് മുരിക്കനായിരുന്നു. കൽക്കത്തയിൽ നിന്നും ഇടയ്ക്കിടെ മാത്രമാണ് വാഗമണിലേക്ക് എത്തിയിരുന്നത്.
ഭൂമാഫിയ കയ്യേറി പണിത റിസോർട്ട്
സഞ്ജയ് മിത്ര സ്ഥലം വാങ്ങിയെങ്കിലും നിർഭാഗവശാൽ അദ്ദേഹം പോക്കുവരവ് ചെയ്തിരുന്നില്ല. പോക്കുവരവ് ചെയ്യാനായി അജിത് മുരിക്കനെ ഏൽപ്പിച്ചിരുന്നെങ്കിലും നടന്നില്ല. അജിത് മുരിക്കൻ പിന്നീട് മരണപ്പെടുകയായിരുന്നു. എലിസബത്ത് ബേക്കറുടെ കൈയ്യിൽ നിന്നും വാങ്ങിയ ഭൂമി മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തിരുന്നു.
1995 ൽ റീസർവ്വേ നിലവിൽ വന്നതിന്റെ മറവിൽ, വ്യാജ ആധാരങ്ങൾ ചമച്ച് സഞ്ജയ് മിത്രയുടെ വസ്തു റവന്യൂ−രജിസ്ട്രേഷൻ അധികൃതരുടെ സഹായത്തോടെ ആരൊക്കെയോ ചേർന്ന് പോക്കുവരവ് ചെയ്ത് തട്ടിയെടുത്തത്. റീസർവ്വേ വന്നതോടെ പഴയ രേഖകളെല്ലാം താലൂക്ക് ഓഫീസുകളിൽ നിന്നും അപ്രത്യക്ഷമായി. സർവ്വേ വകുപ്പ് റീസർവ്വേ നടത്തിയ ശേഷം, റീസർവ്വേ നടത്തിയത് പ്രകാരമുള്ള രേഖകൾ റവന്യൂവിന് കൈമാറി. കോ റിലേഷൻ സ്റ്റേറ്റ്മെൻ്റാണ് അവരുടെ കൈയിലുണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖ. ഇത് തന്നെയാണ് ക്രമക്കേടുകൾ ആരംഭിക്കാനിടയാക്കിയതും.
സർക്കാർ ഭൂമികളേതൊക്കെ ആളുകൾ വന്നുപോകാതെ കിടക്കുന്ന ഭൂമികളേതൊക്കെയൊന്ന് റവന്യൂ വകുപ്പിന് കൃത്യമായ അറിവുണ്ട്. അങ്ങനെ 1995ൽ വ്യാജ ആധാരങ്ങളും ചമക്കപ്പെട്ടു. 2002 ലാണ് സഞ്ജയ് മിത്രയുടെ ഭൂമി കൈയ്യേറാനുള്ള ശ്രമങ്ങൾ നടക്കുന്നത്. തന്റെ ഭൂമി ക്രമക്കേടിലൂടെ മറ്റ് പലരുടേയും പേരിലാക്കി കരം അടയ്ക്കുന്ന കാര്യം സഞ്ജയ് മിത്ര അറിഞ്ഞത് പിന്നേയും ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ്. തുടർന്ന് ഭൂമി തട്ടിയെടുത്തവർക്ക് എതിരെ സഞ്ജയ് മിത്ര ഈരാറ്റുപേട്ട മുൻസിഫ് കോടതിയിൽ 2002 ൽ സിവിൽ കേസ് ഫയൽ ചെയ്തു. വ്യാജ ആധാരത്തിന്റെ മറവിൽ ഉടമസ്ഥാവകാശം ഉന്നയിച്ച് ഭൂമാഫിയയും സഞ്ജയ് മിത്രയ്ക്ക് എതിരെ സിവിൽ കേസ് ഫയൽ ചെയ്തു. ഇതിനിടെ സഞ്ജയ് മിത്രയുടെ വസ്തുവിന്റെ ഒരു ഭാഗം കയ്യേറി അനധികൃതമായി കെട്ടിടം പണിത് ഹോംസ്റ്റേ നടത്തുക വഴി, മാഫിയ സംഘം വൻതോതിൽ സാമ്പത്തിക നേട്ടവും ഉണ്ടാക്കിക്കൊണ്ടിരുന്നു.
കേസിൽ പിടിക്കപ്പെടുമെന്നായപ്പോൾ ഭൂമാഫിയ ജെർസൺ ആന്റണി, ജോൺസൺ മാത്യു, ഷബ്ജി തോമസ്, ജോർജ് വർക്കി എന്നിവരുടെ പേരിലേക്ക് ഭൂമി കൈമാറ്റം നടത്തി. തുടർന്ന് സ്ഥലത്തിന്റെ കൃത്യമായ ഏരിയ മാറ്റിയെഴുതി. 2003ലാണ് ഇവർ ആധാരം മാറ്റിയെഴുതിയത്. സഞ്ജയ് മിത്ര തങ്ങളുടെ ഭൂമിയിൽ അതിക്രമിച്ച് കയറുകയാണെന്ന് പറഞ്ഞുകൊണ്ട് മുൻസിഫ് കോടതിയിൽ സഞ്ജയ് മിത്രയ്ക്കെതിരെ ഒരു ഇൻചക്ഷൻ ആവശ്യപ്പെടുകയായിരുന്നു. 2004 ൽ സഞ്ജയ് മിത്ര നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്നത്തെ പാലാ ആർ. ഡി. ഒ, വ്യാജ പോക്കുവരവ് റദ്ദാക്കി. എന്നാൽ, സിവിൽ കേസുകൾ നിലവിലുണ്ട് എന്ന കാരണത്താൽ വസ്തു യഥാർഥ ഉടമയുടെ പേരിൽ പോക്കുവരവ് ചെയ്ത് നല്കിയില്ല. 2007 ൽ കോടതി വിധി വന്നു. സ്ഥലം കൃത്യമായി കണ്ടുപിടിക്കാൻ സാധിക്കുന്നില്ലായെന്നാണ് അന്ന് കോടതി പറഞ്ഞത്. സർക്കാരാണ് വിഷയത്തിൽ തീരുമാനം എടുക്കേണ്ടതെന്ന് പറഞ്ഞ് ഈരാറ്റുപേട്ട മുൻസിഫ് കോടതി 2007 ൽ രണ്ട് ഇൻജംക്ഷൻ ഹർജികളും തള്ളുകയായിരുന്നു. ഇത്രയും നാളും സഞ്ജയ് മിത്രയ്ക്ക് സഹായം നൽകിയിരുന്ന വക്കീൽ വേണ്ട വിധത്തിൽ കാര്യങ്ങൾ ചെയ്തിരുന്നില്ല.
സഞ്ജയ് മിത്രയുടെ അഭിഭാഷകനും അയാൾ ഭൂമി നോക്കാൻ ഏൽപ്പിച്ച അജിത് മുരിക്കനും അയാളോട് നീതികാണിച്ചില്ല. മലയാളം അറിയാത്തത് കൊണ്ടുതന്നെ തന്റെ പേരിലല്ല കരമടയ്ക്കുന്നതെന്ന് അയാൾ അറിഞ്ഞിരുന്നില്ല.
സഞ്ജയ് മിത്രയുടെ രണ്ടാമത്തെ അഭിഭാഷകൻ പാലാ സബ് കോടതിയിൽ കേസിൽ അപ്പീൽ ഫയൽ ചെയ്തു. സ്ഥലം സഞ്ജയ് മിത്രയുടേതാണെന്ന് തെളിഞ്ഞിരുന്നെങ്കിൽ കയ്യേറ്റം നടന്നുകഴിഞ്ഞതിനാൽ, കയ്യേറിയവരെ ഒഴിപ്പിക്കണമെന്നുള്ള ആവശ്യം പെറ്റീഷനിൽ ഉണ്ടായിരുന്നില്ല. ഇതിൽ അമെൻഡ്മെൻ്റ് വേണമെന്ന് കോടതി ആവശ്യപ്പെട്ടു. തുടർന്ന് ഭൂമി കൈമാറ്റം ചെയ്ത് വാങ്ങിയവർ കേസുമായി ഹൈക്കോടതിയിൽ പോവുകയായിരുന്നു. തുടർന്ന് അവർക്ക് അനുകൂലമായി വിധി വരുകയും സഞ്ജയ് മിത്രയുടെ അപ്പീൽ സ്റ്റേ ചെയ്യുകയും ചെയ്തു. അപ്പോഴേക്കും സഞ്ജയ് മിത്രയുടെ ആരോഗ്യം വഷളായിക്കൊണ്ടിരുന്നു. കേസ് നടത്താനും മറ്റുമുള്ള സാമ്പത്തിക സഹായം നൽകാനായി ചെന്നൈ സ്വദേശിയായ സത്യ സഞ്ജയ് മിത്രയുടെയൊപ്പമെത്തി.
ഇത്രയും സംഭവവികാസങ്ങൾക്ക് ശേഷമാണ് കേസ് എന്റെയടുത്ത് വരുന്നത്. സത്യയും ഭൂമാഫിയയും തമ്മിൽ എറണാകുളത്ത് വെച്ച് ഒരു ഒത്തുതീർപ്പ് ചർച്ച നടത്തിയിരുന്നു. 25 ലക്ഷം രൂപ സ്വീകരിച്ച് സഞ്ജയ് മിത്ര വസ്തു വിട്ട് കൊടുക്കണം എന്നതായിരുന്നു മുന്നോട്ട് വെച്ച ആവശ്യം. അന്ന് ഉദ്ദേശം ഏഴെട്ട് കോടി രൂപ വിലമതിക്കുന്ന വസ്തുവിനു അവരിട്ട വിലയാണ് 25 ലക്ഷം. ഞാനതിനെ ശക്തിയായി എതിർത്തു.
ഭാഷയറിയാതെ നമ്മുടെ നാട്ടിൽ വന്ന് ഭൂമിയുടെ പേരിൽ കഷ്ടപ്പെടുന്ന ഒരു വൃദ്ധനെ സഹായിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്തുവന്നാലും അയാൾക്ക് നീതി വാങ്ങിക്കൊടുക്കുമെന്ന് തന്നെ ഞാൻ ഉറപ്പിച്ചിരുന്നു.
സർക്കാരാണ് തീരുമാനം എടുക്കേണ്ടത് എന്ന മുൻസിഫ് കോടതിയുടെ തീരുമാനം ശരിവെച്ച് കൊണ്ട് 2022 മാർച്ചിൽ പാലാ അഡീഷണൽ ജില്ലാക്കോടതി ഒന്നാം അപ്പീലിൽ വിധി പുറപ്പെടുവിച്ചു. സഞ്ജയ് മിത്രയാണ് യഥാർഥ ഉടമയെന്ന് വ്യക്തമാക്കിയ കോടതി, എതിർകക്ഷികളുടേത് വ്യാജ ആധാരമാണ് എന്നും കണ്ടെത്തി. അതിനെതിരെ എതിർകക്ഷികൾ വീണ്ടും ഹൈക്കോടതിയെ സമീപിച്ചെങ്കിലും രണ്ടാം അപ്പീൽ അഡ്മിറ്റ് ചെയ്യുന്നതിനാവശ്യമായ സബ്സ്റ്റാൻഷ്യൽ ക്വസ്റ്റ്യൻ ഓഫ് ലോ ഫോം ചെയ്യാനാവാത്തതിനാൽ അപ്പീൽ പെൻഡിംഗ് ആയി. തുടർനടപടികൾക്കായി ഞാൻ 2022−ൽ മീനച്ചിൽ തഹസീൽദാരെ സമീപിച്ചു. വിവരാവകാശ നിയമപ്രകാരവും അല്ലാതെയും ശേഖരിച്ച നിരവധി തെളിവുകൾ അടക്കമാണ് അപേക്ഷ നല്കിയത് . രണ്ടാം അപ്പീൽ പെൻഡിംഗ് ആണ് എന്ന കാര്യം പറഞ്ഞ് റവന്യൂ വകുപ്പിന്റെ നടപടികൾ തടസ്സപ്പെടുത്താനായി ഭൂമാഫിയയുടെ അടുത്ത ശ്രമം. എന്തായാലും പോക്കുവരവ് നടപടികൾ ഹൈക്കോടതിയിൽ പെൻഡിംഗായ രണ്ടാം അപ്പീലിലെ തീരുമാനത്തിന് വിധേയമായിരിക്കും എന്ന് ഒരു ഉത്തരവ് ഹൈക്കോടതിയിൽ നിന്നും വാങ്ങാൻ അവർക്ക് സാധിച്ചു. സഞ്ജയ് മിത്രയുടെ മുന്നാധാരത്തിന്റെ മുന്നാധാരത്തിന്റെ മുന്നാധാരത്തിൽ പറയുന്ന, പൂഞ്ഞാർ മഹാരാജാവ് നൽകിയ ഒരു പട്ടയത്തിന്റെ പകർപ്പ് കൊടുത്താൽ മാത്രമേ വസ്തു പോക്കുവരവ് ചെയ്ത് തരികയുള്ളൂ എന്ന വിചിത്രമായ ന്യായം പറഞ്ഞ് മീനച്ചിൽ തഹസീൽദാർ 2023 നവംബറിൽ പോക്കുവരവ് അപേക്ഷ തള്ളി. അതിനെ തുടർന്നാണ് പാലാ ആർ. ഡി. ഒ മുൻപാകെ അപ്പീൽ നൽകിയത്. വസ്തുവിൽ സർക്കാർ മിച്ചഭൂമി ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി മാത്രം ഒരു വർഷമെടുത്തു. തുടർന്ന് എന്റേയും തഹസീൽദാരുടേയും വാദങ്ങൾ കേട്ടശേഷമാണ് സഞ്ജയ് മിത്രയുടെ ആധാരപ്രകാരമുള്ള വസ്തു അദ്ദേഹത്തിന് പോക്കുവരവ് ചെയ്ത് കൊടുക്കുവാൻ ആർ.ഡി.ഒ ശ്രീമതി ദീപ കെ. പി ഉത്തരവിട്ടത്.
തീക്കോയി പഞ്ചായത്തിൻ്റെ വാർഡിൽ കയ്യേറ്റം നല്ലത് പോലെ നടക്കുന്നുണ്ടെന്നും ലാറി ബേക്കറിൻ്റെ കേരളത്തിലെ ആദ്യ നിർമിതിയായ മിത്രനികേതൻ, അദ്ദേഹത്തിൻ്റെ വീടായിരുന്ന ആശസധൻ, കുരിശുമല ആശ്രമം എന്നിവയൊക്കെ സ്ഥലം അവിടുത്തെ ഭൂമാഫിയ തട്ടിയെടുക്കാൻ നോക്കിയതും കേസുകളുള്ളതാണ്,’ മഹേഷ് വിജയൻ അഴിമുഖത്തോട് പ്രതികരിച്ചു.
Content Summary: After 23-year battle, Kolkata’s Sanjay Mitra reclaims 5 acres in Vagamon from land mafia
Leave a Comment