കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ചേറ്റൂര്‍ ശങ്കരന്‍ നായരെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതിന് പിന്നാലെ സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വിആര്‍ കൃഷ്ണന്‍ എഴുത്തച്ഛനേയും ലക്ഷ്യമിട്ടിരിക്കുകയാണ് ബിജെപി. വിആര്‍ കൃഷ്ണന്‍ എഴുത്തച്ഛന്റെ 21-ാം ചരമവാര്‍ഷികം കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയും ആചരിച്ചിരിക്കുകയാണ്. ബിജെപി മുന്‍കാലങ്ങളില്‍ തള്ളിപ്പറഞ്ഞവരെ ഇപ്പോള്‍ അനുസ്മരിക്കുന്നത് പ്രായശ്ചിത്തപ്രകടനത്തിന്റെ ഭാഗമായാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ അഴിമുഖത്തോട് പറഞ്ഞു.
‘ബിജെപിയുടേത് വില കുറഞ്ഞ രാഷ്ട്രീയമാണ്. ബിജെപി ഇപ്പോള്‍ നടത്തിയ അനുസ്മരണം ഒരു തെറ്റ് തിരുത്തല്‍ പ്രക്രിയയായാണ് എനിക്ക് തോന്നുന്നത്. കാരണം സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തിട്ടില്ലാത്ത ബിജെപിക്ക്, അവരുടെ മുന്‍ഗാമിയായിട്ടുള്ള ആര്‍എസ്എസും ഹിന്ദുമഹാസഭയും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെ പോലും തള്ളിക്കളഞ്ഞ് അക്കാലത്ത് ബ്രിട്ടീഷുകാരെ സപ്പോര്‍ട്ട് ചെയ്തവരാണ്. സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട് ഒന്നും അവകാശപ്പെടാനില്ലാത്ത ബിജെപി പഴയകാല തെറ്റുകള്‍ തിരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ഈ അനുസ്മരണം നടത്തിയതെന്നും’ സുധീരന്‍ വ്യക്തമാക്കി.
‘കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം ആജീവനാന്തകാലം കോണ്‍ഗ്രസുകാരന്‍ തന്നെയായിരുന്നു. കോണ്‍ഗ്രസ് ചരിത്രത്തിന്റെ ഭാഗം കൂടിയായിരുന്നു അദ്ദേഹം. സ്വാതന്ത്രസമര നായകനും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ജീവിതത്തിലുടനീളം പുലര്‍ത്തി മുന്നോട്ടുപോയ ആളുമായിരുന്നു. കഴിഞ്ഞ 21 വര്‍ഷമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൃഷ്ണന്‍ എഴുത്തച്ഛന്‍ അനുസ്മരണം നടത്തി വരുന്നതാണ്. അന്നൊന്നും മറ്റൊരു പാര്‍ട്ടിക്കാരും അവിടെ വരാറില്ലായിരുന്നു. കോണ്‍ഗ്രസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ അനുസ്മരണം നടത്തിവന്നത്. അന്ന് കോണ്‍ഗ്രസ്, കെപിസിസി നേതാക്കളും പരിപാടിയില്‍ പങ്കെടുക്കാറുണ്ട്. കഴിഞ്ഞവര്‍ഷം പരിപാടി ഉദ്ഘാടനം ചെയ്തത് കെ മുരളീധരനായിരുന്നു’ വിഎം സുധീരന്‍ അഴിമുഖത്തോട് പറഞ്ഞു.
വിആര്‍ കൃഷ്ണന്‍ എഴുത്തച്ഛന്റെ അനുസ്മരണദിനമായ ഇന്ന് ഇരുവിഭാഗവും അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തിലാണ് പുഷ്പാര്‍ച്ചന നടത്തിയത്. കോണ്‍ഗ്രസിന്റെ അനുസ്മരണ യോഗം വിഎം സുധീരനാണ് ഉദ്ഘാടനം ചെയ്തത്. അതേസമയം, ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ് പുഷ്പാര്‍ച്ചന നടത്തിയത്.
ബിജെപി ഇതാദ്യമായാണ് വിആര്‍ കൃഷ്ണന്‍ എഴുത്തച്ഛന്റെ പേരില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. സ്വാതന്ത്രസമര സേനാനി എന്ന വിശേഷണത്തോടെയായിരുന്നു പരിപാടി. എന്നാല്‍ സ്വാതന്ത്ര്യസമര സേനാനി എന്ന നിലയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുമ്പും പുഷ്പാര്‍ച്ചന നടത്തിയിരുന്നുവെന്നാണ് ബിജെപിയുടെ അവകാശവാദം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് സുരേഷ്‌ഗോപി കൃഷ്ണന്‍ എഴുത്തച്ഛന്റെ വീട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയിരുന്നു.
വി.ആര്‍. കൃഷ്ണന്‍ എഴുത്തച്ഛന്റെ മകന്‍ വി.കെ. ജയഗോവിന്ദനും കുടുംബവും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് ചേര്‍പ്പില്‍നിന്ന് മത്സരിക്കുകയും ചെയ്തിട്ടുണ്ട്.
സ്വാതന്ത്ര സമര സേനാനിയായ വി.ആര്‍. കൃഷ്ണന്‍ എഴുത്തച്ഛന്‍ കെ.പി.സി.സി. സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. ലീഡര്‍ കെ. കരുണാകാരന്റെ രാഷ്ട്രീയ ഗുരു കൂടിയായിരുന്ന അദ്ദേഹം തിരുക്കൊച്ചി നിയമസഭാ അംഗവുമായിരുന്നു. സംസ്ഥാനത്ത് ഖാദി പ്രസ്ഥാനത്തിന് രൂപം നല്‍കിയവരില്‍ ഒരാളുമാണ്. കൂടാതെ അവിണിശേരി പഞ്ചായത്തിന്റെ സ്ഥാപക നേതാവ് കൂടിയാണ്. after Chettur, BJP also targets Krishnan Ezhuthachan
Content Summary: after Chettur, BJP also targets Krishnan Ezhuthachan