പറന്നുയർന്നത് 625 അടി; അവസാന സി​ഗ്നൽ ലഭിച്ചത് ടേക്ക് ഓഫ് ചെയ്ത് സെക്കന്റുകൾക്കുള്ളിൽ

രക്ഷാപ്രവർത്തം തുടരുകയാണ്

അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പോകുകയായിരുന്ന വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് തകർന്ന് വീണത്. ജനങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശത്തിന് സമീപമാണ് വിമാനം തകർന്ന് വീണതെന്ന് പൊലീസ് പറഞ്ഞതായി ഡെവോൺ ലൈവ് റിപ്പോർട്ട് ചെയ്തു. കുറഞ്ഞത് 242 പേരെങ്കിലും വിമാനത്തിലുണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം.  1.08 നാണ് വിമാനം ടേക്ക് ഓഫ് ചെയ്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

വിമാനം 625 അടി ഉയരത്തിൽ എത്തിയിരുന്നുവെന്നും വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് ഒരു മിനിറ്റിനുള്ളിൽ വിമാനത്തിൽ നിന്ന് അവസാന സിഗ്നൽ ലഭിച്ചിരുന്നതായും അധികൃതർ അറിയിച്ചു.

താൻ നേരിട്ടെത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും എല്ലാ വ്യോമയാന, അടിയന്തര പ്രതികരണ ഏജൻസികളോടും വേഗത്തിലും ഏകോപിതമായും നടപടിയെടുക്കാൻ നിർദ്ദേശം നൽകിയെന്നും കേന്ദ്ര വ്യോമയാനമന്ത്രി മന്ത്രി രാം മോഹൻ നായിഡു പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. രക്ഷാപ്രവർത്തകരെ സജ്ജമാക്കിയിട്ടുണ്ട്, വൈദ്യസഹായവും ദുരിതാശ്വാസ സഹായവും സ്ഥലത്തേക്ക് എത്തിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരോടും അവരുടെ കുടുംബങ്ങളോടും ഒപ്പമാണ് സർക്കാർ, രാം മോഹൻ നായിഡു പറഞ്ഞു.

ബോയിംഗ് 787 വിമാനം പറന്നുയർന്ന് അഞ്ച് മിനിറ്റിനുള്ളിൽ മേഘാനി നഗർ എന്ന ജനവാസ മേഖലയിലേക്ക് ഇടിച്ചിറങ്ങിയതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ഫൈസ് അഹമ്മദ് കിദ്വായ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

മേഘാനി നഗരിൽ വച്ച് വിമാനത്തിൽ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ടതായി ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. മുന്നൂറ് യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള വിമാനത്തിൽ അപകട സമയത്ത് 290 യാത്രക്കാരുണ്ടായിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

Content Summary: ahmedabad plane crash; report says plane had reached 625 feet

This post was last modified on June 12, 2025 6:18 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment