June 04, 2026 |
Share on

മികച്ച നടനുള്ള അവാര്‍ഡ് ഞാന്‍ അര്‍ഹിക്കുന്നില്ലായിരിക്കും; അക്ഷയ് കുമാര്‍

എയര്‍ ലിഫ്റ്റ്, റുസ്തം എന്നിവയിലെ പ്രകടനം ഇത്തവണ അക്ഷയിനെ അവാര്‍ഡിന് അര്‍ഹനാക്കുമെന്നായിരുന്നു പ്രതീക്ഷ

കാല്‍നൂറ്റാണ്ടു കഴിഞ്ഞു അക്ഷയ് കുമാര്‍ ബോളിവുഡ് സിനിമയില്‍ എത്തിയിട്ട്. ആക്ഷന്‍ ഹീറോയിയായി തിളങ്ങി, പിന്നീട്, കോമഡി ചെയ്തു, ക്യാരക്ടര്‍ വേഷങ്ങളും ചെയ്തു. സ്വന്തം ക്രെഡിറ്റില്‍ നിരവധി സൂപ്പര്‍ ഹിറ്റുകള്‍. പലതും നൂറു കോടി ക്ലബില്‍ ഇടം പിടിച്ചവ. നിലവില്‍ ബോളിവുഡില്‍ ഏറ്റവും മാര്‍ക്കറ്റുള്ള നടനും അക്ഷയ് തന്നെ. പക്ഷേ ഇത്രയൊക്കെ മേന്മകള്‍ പറയാനുണ്ടെങ്കിലും ഇന്നു വരെ മികച്ച നടനുള്ള ഒരു ഫിലിം ഫെയര്‍ അവാര്‍ഡ് പോലും അക്ഷയ് കുമാറിനെ തേടിയെത്തിയിട്ടില്ല.

എന്താണതിനു കാരണം എന്നു അക്ഷയ് തന്നെ പറയുന്നുണ്ട്. 25 വര്‍ഷത്തെ കരിയറിനിടയില്‍ ഞാന്‍ ഒരിക്കല്‍ പോലും മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയിട്ടില്ല. ഒരുപക്ഷേ ഞാനത് അര്‍ഹിക്കുന്നില്ലായിരിക്കാം; വാര്‍ത്ത ഏജന്‍സിയായ പിടി ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അക്ഷയ് പറയുന്നു.

ഈ വര്‍ഷം എയര്‍ ലിഫ്റ്റ്, റൂസ്തം എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ അക്ഷയിനു പുരസ്‌കാരം നേടിക്കൊടുക്കും എന്നു കരുതിയത് അദ്ദേഹത്തിന്റെ ആരാധകര്‍ മാത്രമായിരുന്നില്ല. എന്നാല്‍ അക്ഷയ് ഇത്തവണ നോമിനേഷന്‍ പോലും നേടിയില്ല. സുല്‍ത്താനിലൂടെ സല്‍മാന്‍ ഖാന്‍ മികച്ച നടനുള്ള നോമിനേഷന്‍ സ്വന്തമാക്കിയപ്പോള്‍ അക്ഷയിനെ തഴഞ്ഞതു ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. ദംഗലിലെ പ്രകടനത്തിലൂടെ ആമിര്‍ ഖാനായിരുന്നു ഇത്തവണ പുരസ്‌കാരം സ്വന്തമാക്കിയത്.

1995 മുതല്‍ 11 തവണ ഫിലിം ഫെയര്‍ അവാര്‍ഡിനായി അക്ഷയ് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ നാലുതവണ അദ്ദേഹം മികച്ച നടനുള്ള നോമിനേഷന്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. രണ്ടു തവണ അദ്ദേഹം പുരസ്‌കാരം നേടിയിട്ടുമുണ്ട്. 2002 ല്‍ അജ്‌നബീയിലെ പ്രകടനത്തിനു മികച്ച വില്ലനുള്ള പുരസ്‌കാരവും 2006 ല്‍ ഗരം മസാലയിലൂടെ മികച്ച കോമേഡിയനുള്ള പുരസ്‌കാരവും.

വര്‍ഷങ്ങളായി ഞാന്‍ ഈ ഇന്‍ഡസ്ട്രയില്‍ ഉണ്ട്. ഇതുവരെ മികച്ച നടനുള്ള പുരസ്‌കാരം എനിക്കു കിട്ടിയിട്ടില്ല. സാരമില്ല. ഞാനത് അര്‍ഹിക്കുന്നില്ലായിരിക്കാം; അക്ഷയിന്റെ വാക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

×