1955 ഏപ്രില്‍ 18. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനും പ്രതിഭാശാലിയുമായ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ഈ ലോകത്തോടു വിടപറഞ്ഞു. ആപേക്ഷികതാസിദ്ധാന്തം തുടങ്ങി അസംഖ്യം നവീന ആശയങ്ങളുടേയും, ലോകത്തെ അമ്പരപ്പിച്ച ചിന്തകളുടേയും ഉറവിടമായ ആ മസ്തിഷ്‌കത്തിന്റെ വിളക്കണഞ്ഞു. ഉറക്കത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ മരണം. എങ്കിലും, ആ അന്ത്യത്തിനു പിന്നിലെ സംഭവപരമ്പരയെക്കുറിച്ച് പലര്‍ക്കും അറിയാനിടയില്ല. പറയാം.
1879 മാര്‍ച്ച് 14-ന് ജര്‍മ്മനിയിലെ ഉല്ം എന്ന സ്ഥലത്തെ ഒരു യഹൂദകുടുംബത്തിലാണ് ഐന്‍സ്‌റ്റൈന്‍ ജനിച്ചത്. മതപരമായ രീതികളോടും ആഘോഷങ്ങളോടും താല്പര്യമില്ലാത്തവരായിരുന്നു അവര്‍. പതിനെട്ടു വയസ്സുള്ളപ്പോള്‍ നിര്‍ബന്ധിത സൈനികസേവനം എന്ന ആവശ്യത്തിനോടു മുഖംതിരിക്കുകയും, അതൊഴിവാക്കാനായി സ്വിറ്റ്‌സര്‍ലണ്ടിലേക്കു കുടിയേറുകയും ചെയ്ത ചരിത്രം ഐന്‍സ്‌റ്റൈനുണ്ട്. തുടര്‍ന്ന്, സ്യൂറിക്കില്‍ താമസമാക്കി സ്വിസ്സ് പൗരനായി മാറുകയും ചെയ്തു. ശേഷമായിരുന്നു വിവാഹം. ഊര്‍ജ്ജതന്ത്രപഠനത്തില്‍ സഹപാഠിയായിരുന്ന മിലേവ മാരിച്ച് എന്ന സെര്‍ബിയക്കാരി. പിന്നീട് ബേണിലെ പേറ്റന്റ് കാര്യാലയത്തില്‍ ജോലി നോക്കി. ഒട്ടും ആകര്‍ഷകമായ ഒന്നായിരുന്നില്ല അക്കാലം എന്ന് ഐന്‍സ്‌റ്റൈന്‍ തന്നെ പറഞ്ഞിട്ടുണ്ട്.
എങ്കിലും, അദ്ദേഹത്തിന്റെ 25-ാം വയസ് ഒരത്ഭുതവര്‍ഷം തന്നെയായിരുന്നു. ആ മാര്‍ച്ചിനും ജൂണിനുമിടയിലെ നാലുമാസക്കാലത്തില്‍ ഐസക് ന്യൂട്ടനെപ്പോലും വെല്ലുവിളിച്ചുകൊണ്ടുള്ള നാലു ഊര്‍ജ്ജതന്ത്ര പ്രബന്ധങ്ങളാണ് ആനലെന്‍ ഡെര്‍ ഫിസിക് എന്ന ജേണലില്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചത്. അക്കൂട്ടത്തില്‍ പ്രകാശവൈദ്യുതപ്രതിഭാസത്തെക്കുറിച്ചുള്ള ലോകത്തിലെ ആദ്യത്തെ പ്രബന്ധവും ഉണ്ടായിരുന്നു. ഇതിനാണ് 17 വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തെ തേടി നൊബേല്‍ സമ്മാനമെത്തിയത്. എന്തായാലും അതോടെ ഐന്‍സ്‌റ്റൈന്‍ ലോകപ്രശസ്തനായി. ജര്‍മ്മനി അദ്ദേഹത്തെ തിരിച്ചുവിളിച്ചു. ബെര്‍ലിന്‍ സര്‍വ്വകലാശാലയിലെ ഊര്‍ജ്ജതന്ത്രവിഭാഗം പ്രൊഫസറായായിരുന്നു ആ വരവ്. അതോടെ ഒരിക്കല്‍ക്കൂടി അദ്ദേഹം ജര്‍മ്മന്‍ പൗരനായി. സ്വിസ്സ് പൗരത്വം ഉപേക്ഷിക്കാതെ.
എന്നാല്‍ ജര്‍മ്മനിയില്‍ കാര്യങ്ങള്‍ തകിടംമറിഞ്ഞത് പൊടുന്നനെയായിരുന്നു. ജര്‍മ്മനിയില്‍ നാത്സിസവും യഹൂദവിരോധവും അര്‍ബുദമെന്നോണമാണ് പടര്‍ന്നുപിടിച്ചത്. അതോടെ നല്ലൊരു പങ്ക് ഭിഷഗ്വരന്മാരും ശാസ്ത്രജ്ഞന്മാരും ഗവേഷകരും ബുദ്ധിജീവികളുമെല്ലാം കൂട്ടത്തോടെ വിദേശരാജ്യങ്ങളിലേക്കു പലായനം ചെയ്യാന്‍ തുടങ്ങി. 1932-ല്‍ ഐന്‍സ്‌റ്റൈന്‍ അമേരിക്കന്‍ ഐക്യനാടുകളിലേക്കു കുടിയേറി. അവിടെ ന്യൂജേഴ്‌സിയിലെ പ്രിന്‍സ്ടന്‍ സര്‍വ്വകലാശാലയിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനത്തില്‍ മുഖ്യഗവേഷകനായി സ്ഥാനമേല്ക്കുകയും ചെയ്തു. പിന്നീട്, മരണം വരെ അദ്ദേഹം സ്ഥലം മാറിയതുമില്ല.
ഏതാണ്ടിതേ സമയത്ത് ഐന്‍സ്‌റ്റൈന്റെ ഭാവിജീവിതത്തില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തിയ രണ്ടുപേര്‍കൂടി അമേരിക്കയിലെത്തുകയുണ്ടായി. രണ്ടും ഭിഷഗ്വരന്മാര്‍. ഒന്ന് ഐന്‍സ്‌റ്റൈന്റെ സുഹൃത്തായിരുന്ന ഗുസ്താവ് ബക്കി. പ്രഗത്ഭനായ റേഡിയോളജിസ്റ്റ് ആയിരുന്നു അദ്ദേഹം. എക്‌സ്-റേ എടുക്കാന്‍ ഉപയോഗിക്കുന്ന ബക്കി ഡയഫ്രം, എക്‌സ്-റേ കണങ്ങളെ ഫിലിമില്‍ എത്തുന്നതിനു മുമ്പ് ചിതറിപ്പിക്കുന്ന ബക്കി-പോട്ടര്‍ ഗ്രിഡ് എന്നീ സംഗതികള്‍ അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു. ഐന്‍സ്‌റ്റൈനോടു ചേര്‍ന്ന്, സ്വയം വ്യത്യസങ്ങള്‍ വരുന്ന കാമറയില്‍ ഒരു പേറ്റന്റും അദ്ദേഹം കരസ്ഥമാക്കുകയുണ്ടായി.
റുഡോള്‍ഫ് നിസ്സന്‍
രണ്ടാമത്തേത് ബെര്‍ലിന്‍ ചാരിറ്റി ആസ്പത്രിയിലെ ശസ്ത്രക്രിയാവിദഗ്ദ്ധന്‍ റുഡോള്‍ഫ് നിസ്സന്‍ ആയിരുന്നു. ലോകത്തില്‍ ആദ്യമായി ഒരു ശ്വാസകോശം മുഴുവനായി നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ചെയ്തയാള്‍. എങ്കിലും അദ്ദേഹത്തിന്റെ നാമം ലോകമെങ്ങുമുള്ള വൈദ്യലോകം ഓര്‍ക്കുന്നത് ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്കു ഭക്ഷണാംശങ്ങള്‍ തിരിച്ചുതള്ളപ്പെടുന്ന അവസ്ഥയുടെ ചികിത്സാര്‍ത്ഥമായി അദ്ദേഹം 1956-ല്‍ രൂപപ്പെടുത്തിയ ശസ്ത്രക്രിയയുടെ പേരിലാണ്. നിസ്സന്‍ ഫണ്ടോപ്ലൈക്കേഷന്‍ എന്ന പേരില്‍ അതു ലോകമെങ്ങും പ്രചാരം നേടി.
റുഡോള്‍ഫ് നിസ്സന്‍ ജര്‍മ്മനിയില്‍ നിന്ന് ആദ്യം പോയത് തുര്‍ക്കിയിലേക്കായിരുന്നു. പക്ഷെ, യഹൂദര്‍ക്കെതിരായ വികാരം അവിടേയും ശക്തിപ്പെടുന്നു എന്നു കണ്ടതിനെത്തുടര്‍ന്നാണ് ന്യൂയോര്‍ക്കിലേക്കു കപ്പല്‍ കയറിയത്. ബ്രൂക്ക്‌ലിനിലെ ജ്യൂയിഷ് ആസ്പത്രിയില്‍ സര്‍ജനായി ജോലി തുടങ്ങുകയും ചെയ്തു. താമസിയാതെ ന്യൂയോര്‍ക്കിലെ പ്രശസ്തനായ സര്‍ജനായി അദ്ദേഹം മാറി.
വയസ്സ് അറുപതുകളുടെ അവസാനത്തിലെത്തിയെങ്കിലും ഐന്‍സ്‌റ്റൈനു കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. എങ്കിലും, ഏതിനേയും താറുമാറാക്കാന്‍ പോന്ന പുകവലി അദ്ദേഹത്തിനു ഒഴിവാക്കാനായില്ല. പിന്നെ ഇപ്പോഴത്തെ ആരോഗ്യ സങ്കല്പങ്ങള്‍ വെച്ചു നോക്കിയാലും നല്ലൊരു ജീവിതശൈലി ആയിരുന്നു അദ്ദേഹത്തിനെന്നും പറഞ്ഞുകൂടാ. കാരണം, ഭക്ഷണത്തില്‍ പ്രത്യേകിച്ചൊരു നിയന്ത്രണമോ, കൃത്യമായ വ്യായാമശീലമോ അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നാണറിവ്. പക്ഷെ, അന്നത്തെ കാലത്ത് അതൊന്നും ആരും നിഷ്‌കര്‍ഷയോടെ പാലിച്ചിരുന്നുമില്ല.
പ്രാപഞ്ചികരഹസ്യങ്ങളെക്കുറിച്ച് ഗാഢഗാഢം ചിന്തിച്ച്, സ്വയം മറന്ന്, ഭക്ഷണം പോലും കഴിക്കാതെ, എന്നാല്‍ അതേസമയം തുടര്‍ച്ചയായി പൈപ്പ് വലിച്ചുകൊണ്ട് തന്റെ മുറിയടച്ചകത്തിരിക്കുന്ന സ്വഭാവം അദ്ദേഹത്തിനു വേണ്ടുവോളമുണ്ടായിരുന്നുതാനും.
അറുപത്തിയെട്ടാം വയസ്സില്‍ ഐന്‍സ്‌റ്റൈനെ ഒരു വയറുവേദന അലട്ടിത്തുടങ്ങി. ഇടയ്ക്കിടെ അതു ശക്തമാവുകയും ചെയ്തു. വേദന പുറകിലേക്കും നീണ്ടുപോകാറുണ്ടായിരുന്നു. പലരേയും കാണിച്ചെങ്കിലും വ്യക്തമായൊരു കാരണം ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അന്നു നിലവിലുണ്ടായിരുന്ന വിശദപരിശോധനകളെല്ലാം രോഗനിര്‍ണ്ണയത്തില്‍ നിന്നകന്നു നിന്നു.
ഒടുവില്‍ 1948-ല്‍ ഐന്‍സ്‌റ്റൈന്റെ വയറുവേദന വളരെ ഗുരുതരമായി. അങ്ങനെയാണ്, അദ്ദേഹത്തിന്റെ സുഹൃത്ത് ഗുസ്താവ് ബക്കി അദ്ദേഹത്തോട് ബ്രൂക്ക്‌ലിനിലെ റുഡോള്‍ഫ് നിസ്സനെ കാണിക്കാന്‍ പറയുന്നത്. ഐന്‍സ്‌റ്റൈന്‍ അതനുസരിച്ചു. ലോകപ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നിരുന്ന ശാസ്ത്രപ്രതിഭയെ നിസ്സന്‍ കൂലങ്കുഷമായ പരിശോധനയ്ക്കു വിധേയമാക്കി. പക്ഷെ, കൃത്യമായൊരു ഉത്തരം അദ്ദേഹത്തിനും കിട്ടിയില്ല. എന്തായിരിക്കാം ഇങ്ങനെയൊരു വേദനയ്ക്കു കാരണം? രക്തം, മൂത്രം ഇവ പരിശോധിച്ചതൊന്നും യാതൊരു സൂചനയും തന്നില്ല. എക്‌സ്-റേകളും നിഷ്ഫലം.
ഒടുവില്‍ നിസ്സന്‍ പറഞ്ഞു. ‘അങ്ങേയ്ക്കു അസഹനീയമായ വേദനയുണ്ടെന്നു എനിക്കു മനസ്സിലാവുന്നുണ്ട്. പക്ഷെ, എന്താണതെന്നു എനിക്കു പറയാനാവുന്നില്ല. ഒരു കാര്യം ഉറപ്പാണ്. അതിനു ചികിത്സ നിര്‍ബ്ബന്ധം. പക്ഷെ, കണ്ടുപിടിക്കാതെ എങ്ങനെയതിനു കഴിയും? അതുകൊണ്ട് എന്റെ മുന്നില്‍ ഒരൊറ്റ വഴിയേയുള്ളൂ. ഞാന്‍ അങ്ങയുടെ വയറു തുറന്നു നോക്കാം. നേരിട്ടുള്ളിലേക്കു നോക്കി കാര്യമെന്തെന്നു മനസ്സിലാക്കാന്‍ ശ്രമിക്കാം. എന്നിട്ടതിനു ചികിത്സയും ചെയ്യാം’.
നിസ്സന്‍ ഐന്‍സ്‌റ്റൈന്റെ മുഖത്തേക്കു കണ്ണെടുക്കാതെ നോക്കി. ആ മുഖം വായിച്ചെടുക്കുക എളുപ്പമായിരുന്നില്ല. കുറച്ചു നിമിഷങ്ങള്‍ നീണ്ടുനിന്ന നിശ്ശബ്ദതയ്ക്കുശേഷം ഐന്‍സ്‌റ്റൈന്‍ പറഞ്ഞു. ‘അതായത്, കാരണമറിയില്ലെങ്കിലും പരിശോധനാര്‍ത്ഥം വയറു തുറന്നുള്ള ശസ്ത്രക്രിയ ചെയ്യുക എന്ന് അല്ലേ..’
‘അതെ’ നിസ്സന് സംശയം ഒന്നുമുണ്ടായിരുന്നില്ല.
‘മറ്റൊരു വഴിയും അങ്ങയുടെ മുന്നില്‍ ഇല്ല എന്നുണ്ടെങ്കില്‍ പിന്നെ ഞാനെന്തു പറയാനാണ്’. ഒരു മന്ദസ്മിതത്തോടെ ഐന്‍സ്‌റ്റൈന്‍ തുടര്‍ന്നു. ‘എന്നാലങ്ങനെത്തന്നെയാവട്ടെ’.
അങ്ങനെ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന് രോഗമെന്തെന്ന് തീരുമാനിക്കാനും തുടര്‍ന്നുള്ള കാര്യങ്ങള്‍ ചെയ്യാനുമായുള്ള ശസ്ത്രക്രിയ തീരുമാനിക്കപ്പെട്ടു. വൈദ്യഭാഷയില്‍ ഇതിനെ എക്‌സ്‌പ്ലൊറേറ്ററി ലാപ്പരോട്ടമി എന്നാണ് പറയുക. ഓന്തുകള്‍ക്കും ഡൈനസോറുകള്‍ക്കും മുമ്പെന്നു ഒ.വി വിജയന്‍ പറഞ്ഞതുപോലെ, സ്‌കാനുകള്‍ക്കും എന്‍ഡോസ്‌കൊപ്പികള്‍ക്കും മുമ്പുള്ള ആ പഴയകാലത്ത് രണ്ട് ജീവബിന്ദുക്കള്‍ നിര്‍ണ്ണായകമായ ഒരു ശസ്ത്രക്രിയാ പരീക്ഷണത്തിനൊരുങ്ങി. രോഗിയായി ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനും, സര്‍ജനായി റുഡോള്‍ഫ് നിസ്സനും.
ഐന്‍സ്‌റ്റൈന്റെ വയറുതുറന്നു നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ കരളിനോ, പ്ലീഹയ്‌ക്കോ, ആമാശയത്തിനോ, കുടലിനോ, വൃക്കകള്‍ക്കോ ഒന്നിനുംതന്നെ യാതൊരു കുഴപ്പവും കാണാന്‍ കഴിഞ്ഞില്ല. നിസ്സന്‍ കൂടുതല്‍ ഉള്ളിലേക്കു നോക്കി. ആഗ്‌നേയഗ്രന്ഥിയും ആരോഗ്യത്തോടെ ഇരിക്കുന്നു. പിന്നെയാണ് ഒരു ഞെട്ടലോടെ ഒരു സംഗതി നിസ്സന്റെ കണ്ണില്‍പ്പെട്ടത്.
ഐന്‍സ്‌റ്റൈന്റെ ഹൃദയത്തിലേക്ക് ഉദരത്തിലൂടെ പോകുന്ന മഹാധമനി അഥവാ അബ്ഡമിനല്‍ അയോര്‍ട്ടയില്‍ ഒരു വീര്‍പ്പ്. രക്തം നിറഞ്ഞു വീര്‍ത്ത ഒന്ന്. ഏതാണ്ടൊരു നാലഞ്ചു സെന്റിമീറ്ററോളം വ്യാസമുണ്ടതിന്. അതാകട്ടെ, ഓരോ ഹൃദയതാളത്തിനുമൊപ്പം പിടച്ചുകൊണ്ടുനില്ക്കുന്നു. അതങ്ങനെ വലിഞ്ഞുമുറുകി നില്ക്കുകയാണ് അന്യൂറിസം എന്നു പേരിട്ടുവിളിക്കുന്ന മഹാധമനിയിലെ വീര്‍മ്മത. ഒരു ബലൂണ്‍ പോലെയാണത്. ഏതു നിമിഷവും പൊട്ടാം. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ ആ നിമിഷം അവസാനിക്കും ഈ മഹാശാസ്ത്രജ്ഞന്റെ ജീവിതം. നിസ്സന്‍ ഒരു നിമിഷം സ്തബ്ധനായി നിന്നു. കാരണം, അബ്ഡമിനല്‍ അയോര്‍ട്ടിക്ക് അന്യൂറിസം എന്ന ഈ അവസ്ഥയില്‍ നിന്നു രക്ഷപ്പെടാനുള്ള ഒരു ശസ്ത്രക്രിയ അന്നേവരേയ്ക്കും ആരും കണ്ടുപിടിച്ചിട്ടില്ല. നിസ്സന്‍ വിഷണ്ണനായി ചുറ്റും നോക്കി. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരില്‍ ഓരോരുത്തര്‍ക്കും ആ നിമിഷത്തിന്റെ ഗൗരവവും സങ്കീര്‍ണ്ണതയും പൂര്‍ണ്ണമായി മനസ്സിലായിരുന്നു. ആരും ഒന്നും മിണ്ടിയില്ല.
‘ഇനിയെന്തു ചെയ്യും?’ നിസ്സന്റെ മനസ്സിനുള്ളില്‍ ആ വാക്കുകള്‍ മുഴങ്ങി. അഗാധമായ ഒരു തുരങ്കത്തിനുള്ളിലേക്കു ആരോ അലറിവിളിക്കുന്നതു പോലെയായിരുന്നു അത്.
ഇനിയെനിക്കൊന്നും ചെയ്യാനില്ലെന്നു പറഞ്ഞ്, വയര്‍ തിരിച്ചടച്ചുവെച്ച് കൈകഴുകാന്‍ നിസ്സന്‍ തയ്യാറില്ലായിരുന്നു. അദ്ദേഹം ഒരു തീരുമാനമെടുത്തു. എന്തെങ്കിലും വെച്ച് ഇതു പൊതിഞ്ഞേ തീരൂ. അല്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും അപകടം സംഭവിക്കാം. എന്തുവെച്ചു പൊതിയും എന്നതായിരുന്നു ചോദ്യം. നമ്മള്‍ സാധാരണ ഒട്ടിക്കാനായി ഉപയോഗിക്കുന്ന മഞ്ഞനിറമുള്ള സെല്ലോഫേന്‍ ടേപ്പിലാണ് ഉത്തരം ഉടക്കിനിന്നത്. വീതിയുള്ള ടേപ്പ് കൊണ്ടുവന്ന് അണുവിമുക്തമാക്കി. മഹാധമനിയിലെ അന്യൂറിസത്തെ അതുവെച്ച് പൊതിഞ്ഞു. നീങ്ങിപ്പോകാതിരിക്കാന്‍ ചുറ്റും നിറയെ തുന്നലുമിട്ടു. സെല്ലോഫേന്‍ ഒരു ബഹിര്‍വസ്തുവാണ്. തീര്‍ച്ചയായും ശരീരം അതിനോടു പ്രതികരിക്കും. അതിനു ചുറ്റും വലിയതോതില്‍ ഫൈബ്രോസിസ് എന്നു പറയുന്ന ശാരീരികപ്രതികരണവുമുണ്ടാവും. നമ്മുടെ മുറിവുകള്‍ ഉണങ്ങുമ്പോള്‍ സംഭവിക്കുന്ന കലകള്‍ പോലെയാണത്. ആ ഫൈബ്രോസിസ് അന്യൂറിസത്തെ പൊട്ടാതേയും, വളരാതേയും പിടിച്ചുനിര്‍ത്തും എന്നായിരുന്നു നിസ്സന്റെ പ്രതീക്ഷ.
എന്തായാലും, അത്യപൂര്‍വമായ ആ ശസ്ത്രക്രിയക്കു ശേഷം ഐന്‍സ്‌റ്റൈന്‍ സുഖം പ്രാപിച്ചു. മൂന്നാഴ്ചക്കാലത്തെ ആസ്പത്രിവാസത്തിനു ശേഷം അദ്ദേഹം ഫ്‌ളോറിഡയിലേക്കു വിശ്രമത്തിനു പോയി. അവിചാരിതമായി വീണു കിട്ടിയ ഒഴിവുകാലം ആസ്വദിക്കാന്‍. അത്ഭുതമെന്നു പറയട്ടെ, വയറുവേദന അദ്ദേഹത്തില്‍നിന്നും അകന്നു നിന്നു. 1948 ഡിസംബറിലായിരുന്നു ഈ സംഭവം.
അതുകഴിഞ്ഞ് രണ്ടരക്കൊല്ലത്തിനുശേഷം, 1951 മാര്‍ച്ചിലാണ് ഫ്രാന്‍സിലെ ശസ്ത്രകിയാവിദഗ്ദനായ ഷാള്‍സ് ദുബോസ്ത് ആദ്യമായി ഒരു അയോര്‍ട്ടിക് അന്യൂറിസം ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നത്. അന്യൂറിസത്തെ മുറിച്ചു നീക്കി മരിച്ചുപോയ ഒരാളുടെ ഭാഗമുപയോഗിച്ച് തുന്നിച്ചേര്‍ത്തായിരുന്നു ആ ശസ്ത്രക്രിയ.
തുടര്‍ന്നുള്ള ആറു വര്‍ഷക്കാലം ഐന്‍സ്‌റ്റൈന് കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ഒടുവില്‍ 1955 ഏപ്രില്‍ പന്ത്രണ്ടാം തീയ്യതി അദ്ദേഹത്തിനു കഠിനമായ വയറുവേദനയും മനംപിരട്ടലുമുണ്ടായി. ആസ്പത്രിയില്‍ കൊണ്ടുപോകാനാവുമ്പോഴേക്കും അദ്ദേഹം മോഹാലസ്യപ്പെടുകയായിരുന്നു. വേദനയുടെ ആധിക്യം കൊണ്ടുണ്ടായ താല്ക്കാലിക അബോധാവസ്ഥയായിരുന്നു അത്. വീട്ടില്‍ വന്നു പരിശോധിച്ച ഡോക്ടര്‍ക്ക് കാര്യം മനസ്സിലായി. ഐന്‍സ്‌റ്റൈന്‍ വല്ലാതെ വിളറിവെളുത്തിരിക്കുന്നു. നാഡിമിടിപ്പുണ്ട്. പക്ഷെ, കാലിലേക്കൊന്നും രക്തമെത്താത്തവണ്ണം നീലനിറം വ്യാപിച്ചുകിടന്നു വയറു പരിശോധിച്ചയുടനെ കൈയ്യില്‍ തടഞ്ഞു ഹൃദയത്തിനൊപ്പം മിടിക്കുന്ന ഒരു മുഴ. ഡോക്ടര്‍ക്കു കാര്യം മനസ്സിലായി. ആ പഴയ അന്യൂറിസം പെട്ടെന്നു വളര്‍ന്നിരിക്കുന്നു. മൂന്നു മാസം മുമ്പു പരിശോധിക്കുമ്പോഴും ഇത്രയും ഉണ്ടായിരുന്നില്ല അതിന്റെ വലിപ്പം.
പ്രിന്‍സ്ടന്‍ മെഡിക്കല്‍ സെന്ററിലേക്കു മാറ്റിയ ഐന്‍സ്‌റ്റൈനെ പരിശോധിക്കാനായി ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ആസ്പത്രിയിലെ ശസ്ത്രക്രിയാവിദഗ്ദ്ധന്‍ ഫ്രെഡ് ഗ്ലെന്‍ എത്തി. ഉടനടി ഓപ്പറേഷന്‍ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. പക്ഷെ, ഐന്‍സ്‌റ്റൈന്‍ അതിനു സമ്മതിച്ചതേയില്ല. അദ്ദേഹം പറഞ്ഞു.
‘ഞാനാഗ്രഹിക്കുമ്പോള്‍ എനിക്കിവിടെനിന്നു പോകാനാണിഷ്ടം. തിരക്കാര്‍ന്നതും ആസ്വാദ്യകരവുമായ ഒരു ജീവിതമാണ് ഞാന്‍ ജീവിച്ചു തീര്‍ത്തിരിക്കുന്നത്. കൃത്രിമമായി അതു നീട്ടിക്കൊണ്ടുപോകാന്‍ എനിക്കൊട്ടും ആഗ്രഹമില്ല. അതൊട്ടും ശരിയുമല്ല. എന്റെ ഭാഗം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ പോകാന്‍ സമയമായി. തലയുയര്‍ത്തിപ്പിടിച്ചു തന്നെ ഞാന്‍ പൊയ്‌ക്കോളാം.’
ആരും അദ്ദേഹത്തെ മറിച്ചൊരു തീരുമാനത്തിനുവേണ്ടി നിര്‍ബ്ബന്ധിച്ചില്ല. ഐന്‍സ്‌റ്റൈന് അപ്പോള്‍ 76 വയസ്സായിരുന്നു. ഒരാഴ്ചയ്ക്കകം അതായത് ഏപ്രില്‍ പതിനെട്ടാം തീയതി രാത്രി 1.47-ന് സുഖനിദ്രയ്ക്കിടെ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ എന്ന വിശ്വോത്തരപ്രതിഭ ലോകത്തോടു വിടപറഞ്ഞു.
രാവിലെ എട്ടു മണിക്ക് ഡോ. ടി.എസ്. ഹാര്‍വി എന്ന പത്തോളജിസ്റ്റ് ഐന്‍സ്‌റ്റൈന്റെ ഭൗതികശരീരത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മഹാധമനിയിലെ അന്യൂറിസം പൊട്ടിയതുതന്നെയായിരുന്നു മരണകാരണം. റുഡോള്‍ഫ് നിസ്സന്‍ വെറുമൊരു സെല്ലൊഫേന്‍ ടേപ്പുപയോഗിച്ച് ആ മഹാനുഭാവന്റെ ജീവിതം ഏഴുവര്‍ഷത്തേക്കു നീട്ടിക്കൊടുത്തു എന്നു മാത്രം.
അതിനിടയില്‍ രസകരമായ മറ്റൊരു സംഭവം കൂടിയുണ്ടായി. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ. ഹാര്‍വിയ്ക്ക്, അത്രയും കാലം അപാരമായ ബൗദ്ധികപ്രവര്‍ത്തനങ്ങളും ചിന്തകളും കൊണ്ട് ലോകത്തെ അമ്പരപ്പിച്ച ആ തലച്ചോറ് പഠനാവശ്യങ്ങള്‍ക്കായി എടുത്തുമാറ്റി സൂക്ഷിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ആ അത്ഭുതമസ്തിഷ്‌കത്തിന്റെ ഭാഗങ്ങള്‍ ഇപ്പോഴും പ്രിന്‍സ്ടന്‍ മെഡിക്കല്‍ സെന്ററിലും ഫിലഡെല്‍ഫിയയിലെ മ്യൂട്ടര്‍ മ്യൂസിയത്തിലുമായി സൂക്ഷിച്ചിട്ടുണ്ട്. ഐന്‍സ്‌റ്റൈന്റെ ആഗ്രഹാനുസാരം അദ്ദേഹത്തിന്റെ ശരീരം ചിതയിലേക്കു സമര്‍പ്പിക്കപ്പെട്ടപ്പോള്‍ അതിനു മസ്തിഷ്‌കമില്ലായിരുന്നു. ആ മഹാശാസ്ത്രജ്ഞന്റെ മകന്‍ ഹാന്‍സ് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ആ ചിതാഭസ്മം കടലില്‍ വിതറുകയും ചെയ്തു. Albert Einstein death and reasons
Content Summary; Albert Einstein death and reasons
This post was last modified on May 27, 2025 8:53 am
Leave a Comment