February 19, 2025 |
Share on

റഷ്യന്‍ ഫുട്‌ബോളിന്റെ ഭാവിയായി കരുതിയവന് യുദ്ധ ഭൂമിയില്‍ അവസാനം

അലക്‌സി ബുഗേവിന്റെ ജീവിതവും റഷ്യയുടെ യുദ്ധാവേശവും

സാക്ഷാല്‍ ലൂയിസ് ഫിഗോയ്ക്കും ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്കും എതിരേ പന്തു തട്ടിയവന്‍, റഷ്യന്‍ ഫുട്‌ബോള്‍ കണ്ട ഏറ്റവും മികച്ച ഡിഫന്‍ഡര്‍ ആയി മാറും എന്നു വാഴ്ത്തപ്പെട്ടവന്‍. 2004 ലെ യൂറോ കപ്പില്‍ റഷ്യക്കായി ആദ്യ ഇലവനില്‍ തന്നെ ഉള്‍പ്പെട്ട് രണ്ട് മത്സരങ്ങളില്‍ കളിച്ചവന്‍; അലക്‌സി ബുഗേവ് പുല്‍മൈതാനത്തിലെ റഷ്യന്‍ ഭാവി വാഗ്ദാനമായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച്ച സ്ഥിരീകരിച്ച വാര്‍ത്തയനുസരിച്ച്, റഷ്യ-യുക്രെയ്ന്‍ യുദ്ധ ഭൂമിയില്‍ എവിടെയോ വച്ച് കൊല്ലപ്പെട്ടു. അയാളുടെ ശവശരീരം ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല, അതിന് കഴിയുമെന്നും ഉറപ്പില്ല. രാജ്യത്തെ കാല്‍പന്ത് കളിയില്‍ നയിക്കുമെന്ന് കരുതപ്പെട്ടവന്‍, എങ്ങനെ യുദ്ധത്തിന്റെ ഇരയായി? അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ബുഗേവിന്റെ ജീവിതം, രണ്ട്, റഷ്യന്‍ ഭരണകൂടം.

യുക്രയെനെതിരേ തുടരുന്ന യുദ്ധത്തില്‍ റഷ്യ പട്ടാളക്കാരുടെ കുറവ് നേരിടുകയാണ്. അത് നികത്താന്‍ അവര്‍ പല വഴികളും നോക്കുന്നുണ്ട്. മലയാളികളെ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നു ജോലി തേടി മോസ്‌കോയില്‍ എത്തുന്നവരെ ചതിയില്‍പ്പെടുത്തി ‘റഷ്യന്‍ പട്ടാളക്കാരാക്കി’ യുദ്ധത്തിന് അയക്കുന്ന വാര്‍ത്തകള്‍ പലവുരു കേട്ടതാണ്. ഉത്തര കൊറിയയില്‍ നിന്നു വരെ കൂലിക്ക് ആളെയിറക്കി യുദ്ധത്തിനു വിടുന്നുണ്ട് പുടിനും സംഘവും. ഇതിന്റെ മറ്റൊരു വശമാണ്, രാജ്യത്തെ ക്രിമിനലുകളെ പട്ടാള വേഷം ധരിപ്പിക്കുന്നത്.

കൊടിയ ക്രിമിനലുകള്‍ക്ക് വരെ നല്‍കുന്ന ഓഫര്‍ ആണ്, മോചനം വേണോ, യുദ്ധം ചെയ്യൂ. യുക്രെയ്ന്‍ യുദ്ധത്തില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്യുന്നവര്‍ക്ക് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ മാപ്പ് നല്‍കും. അതോടെ അവര്‍ ജയില്‍ മോചിതരാകും. കൊലപാതകികള്‍ക്കും ബലാത്സംഗ കേസ് പ്രതികള്‍ക്കുമെല്ലാം, ദേശീയ നായകന്മാര്‍’ ആകാന്‍ ഭരണകൂടം നല്‍കുന്ന അവസരമായാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. തടവുകാരെല്ലാം ഇതൊരു അവസരമാക്കിയിട്ടുണ്ട്. ചെറിയ ചെറിയ കുറ്റങ്ങള്‍ ചെയ്തവര്‍ പോലും തടവറകളില്‍ നിന്ന് മോചനം കിട്ടാന്‍, യുദ്ധത്തിന് തയ്യാറാവുകയാണ്. പക്ഷേ, യുദ്ധത്തിന് പോകുന്നവരുടെ ജീവന് യാതൊരു ഉറപ്പുമില്ല. സര്‍ക്കാരിന്റെ ഓഫര്‍ പ്രയോജനപ്പെടുത്തിയ പതിനായിരക്കണക്കിന് പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ആരൊക്കെ ഇതുപോലെ കൊല്ലപ്പെട്ടുവെന്നൊന്നും നാട്ടുകാര്‍ അറിയാറില്ല. പക്ഷേ, കഴിഞ്ഞാഴ്ച്ച, ഇതേ രീതിയില്‍ കൊല്ലപ്പെട്ടൊരാളുടെ വാര്‍ത്ത ജനം അറിഞ്ഞു, അതെക്കുറിച്ചു സംസാരിച്ചു. അത് അലക്‌സി ബുഗേവ് ആയിരുന്നു.

Aleksey Bugaev

”സെന്റര്‍ ബാക്കിലും ലെഫ്റ്റ് ബാക്കിലും ഒരുപോലെ മികവ് പുലര്‍ത്തിയിരുന്നവന്‍. പാസ് നല്‍കുന്നതില്‍ അവന് അസാമാന്യ മിടുക്കുണ്ടായിരുന്നു. സെര്‍ജി ഇഗ്നാഷെവിച്ചിനെക്കാള്‍(റഷ്യന്‍ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള അവരുടെ മഹനായ ഫുട്‌ബോളര്‍) കഴിവുണ്ടായിരുന്നു അവന്” അലക്‌സിയെക്കുറിച്ച് കോച്ച് വിറ്റാലി ഷെവ്‌ചെങ്കോയുടെ സാക്ഷ്യമാണ്. വിറ്റാലിയാണ് 2001 ല്‍ ടോര്‍പിഡോ മോസ്‌കോയില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ അലക്‌സിയുടെ പരിശീലകന്‍.

എന്നാല്‍, തന്റെ കഴിവും അവസരങ്ങളും മുതലാക്കാന്‍ അലക്‌സിക്ക് ആയില്ല. ആകെ ഏഴ് മത്സരങ്ങള്‍ മാത്രമാണ് ദേശീയ ടീമിനായി അയാള്‍ക്ക് കളിക്കാന്‍ സാധിച്ചത്. 29 മത്തെ വയസില്‍ അവന്‍ വിരമിച്ചു. ഒരു ദേശീയ ഹീറോയായി അവന് ഉയരാനാകാതെ പോയത്, അവന്റെ കുഴപ്പം കൊണ്ടു തന്നെയായിരുന്നു. വഴിവിട്ട ജീവിത രീതിയും കടുത്ത മദ്യപാനവുമാണ് അവനെ തകര്‍ത്തത്. ലഹരി കൈമാറ്റത്തിന് അറസ്റ്റിലായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒമ്പതര വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.

മദ്യപാനം അലക്‌സിയെ വലിയ ബാധ്യതക്കാരനാക്കി. കടം മൂടിയതോടെ അവന്‍ ക്രിമിനല്‍ പ്രവര്‍ത്തികളിലേക്ക് തിരിഞ്ഞു. 2023 ല്‍ സിന്തറ്റിക് ഡ്രഗ് ആയ മെഫഡ്രോണുമായി അറസ്റ്റിലായി. ഈ കേസില്‍ കുറ്റക്കാരനായി തെളിഞ്ഞതോടെയാണ് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ അലക്‌സിയെ തടവിന് വിധിച്ചത്.

എന്നാല്‍, അലക്‌സി ബുഗേവ് ജയിലിലേക്ക് പോയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജയില്‍ ഒഴിവാക്കാനുള്ള വഴി ഭരണകൂടം തന്നെ തുറന്നിട്ടിരുന്നല്ലോ. തന്റെ വിധി വരുന്നതിന് മുന്നേ തന്നെ ബന്ധുക്കളോട് അലക്‌സി പറഞ്ഞിരുന്നത്, താന്‍ ജയിലിലേക്കാകില്ല, പോകുന്നത് യുദ്ധത്തിനായിരിക്കുമെന്നാണ്.

തടവറ ഒഴിവാക്കാന്‍ അയാള്‍ക്ക് സാധിച്ചെങ്കിലും, എതിരാളികളെ മറികടന്ന് ലക്ഷ്യത്തിലെത്താന്‍ ഫുട്‌ബോള്‍ മൈതാനം പോലെയല്ല, യുദ്ധ ഭൂമിയെന്ന കാര്യം അലക്‌സി ബുഗേവ് മറന്നു പോയിരിക്കാം.  Aleksey Bugaev, former Russian footballer killed in Ukraine war field 

Content Summary; Aleksey Bugaev, former Russian footballer killed in Ukraine war field

×