റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ എക്കാലത്തെയും രൂക്ഷവിമർശകനും എതിരാളിയും പ്രതിപക്ഷത്തിന്റെ കരുത്തുറ്റ പോരാളിയുമായിരുന്ന അലക്സി നവാൽനിയുടെ മരണവാർത്തയാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. 1125 ദിവസത്തെ തടവുജീവിതത്തിന് ശേഷമാണ് അലക്‌സി നവാൽനി ഒടുവിൽ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ഫെബ്രുവരി 15 വ്യാഴാഴ്ച നടന്ന തൻ്റെ അവസാന കോടതി വിചാരണയിൽ അലക്സി നവാൽനി അതീവ ദുർബലനായാണ് കാണപ്പെട്ടത്. വർഷങ്ങളായി ജയിലിൽ കിടന്ന് പീഡനമേറ്റതിന്റെ സകല ലക്ഷണങ്ങളും അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. മോസ്‌കോയിൽനിന്ന് ഏകദേശം 230 കിലോമീറ്റർ കിഴക്ക് മേഖലയിലെ മെലെഖോവോ പട്ടണത്തിലെ പീനൽ കോളനി നമ്പർ 6 അതീവ സുരക്ഷാ ജയിലിൽ തടവിലായിരുന്ന അലക്സി നവാൽനിയെ ജയിൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് റഷ്യൻ പ്രിസൺസ് സർവീസ് വാർത്താക്കുറിപ്പിൽ പറയുന്നത്.
നീണ്ട ജയിൽ വാസത്തിന്റെയും പീഡനങ്ങൾക്കും നടുവിലായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ മനസ്സ് ആത്മവിശ്വാസത്താൽ നിറഞ്ഞതായിരുന്നു. ഒരു പ്രതിപക്ഷ നേതാവിന്റെ സ്വത സിദ്ധമായ മുഖമുദ്രയായ ആക്ഷേപ ഹാസ്യത്തിന്റെയും നർമ്മത്തിന്റെയും മറപറ്റി അലക്സി മാധ്യമപ്രവർത്തകരോട് തമാശ പറയുകയും അധികാരികളെ ശകാരിക്കുകയും ചെയ്‌തു. വിചാരണ വേളയിൽ നവാൽനി ജഡ്ജിയോട് അദ്ദേഹത്തിന്റെ ശമ്പളത്തിന്റെ വലിയൊരു ഭാഗം തനിക്ക് നൽകാൻ വിരോധാഭാസത്തിന്റെ ചുവയോടെ ആവശ്യപെട്ടിരുന്നു. ഒപ്പം അലക്സി ജഡ്‌ജിന്റെ വിധികൾക്ക് നന്ദിയും പറഞ്ഞിരുന്നു. അദ്ദേഹത്തിനെതിരെയുള്ള തീരുമാനങ്ങൾ മൂലം തന്റെ കയ്യിൽ അവശേഷിച്ചിരുന്നവയെല്ലാം തീർന്നിരിക്കുന്നു എന്ന് തന്റെ മേൽ ചുമത്തിയ പിഴകളെ പരാമർശിച്ചുകൊണ്ട് അലക്സി പറയുകയുണ്ടായി. രാജ്യത്തിന്റെ അതീവ സുരക്ഷാ ജയിലിൽ വച്ച് അലക്സി നവാൽനി മരിച്ചു എന്ന വാർത്ത. റഷ്യൻ അധികൃതർ സ്ഥിതീകരിക്കുന്നതോടെ റഷ്യൻ ഗവൺമെൻ്റിൻ്റെയും പ്രസിഡന്റ് വ്ളാദിമിർ പുടിന്റെയും ഏറ്റവും വലിയ തലവേദനയാണ് ഒഴിഞ്ഞിരിക്കുന്നത്.
ആരാണ് അലക്സി നവാൽനി
വ്ളാദിമിർ പുടിന്റെയും റഷ്യൻ സർക്കാരിന്റേയും അഴിമതിക്കഥകൾ തെളിവ് സഹിതം പുറത്തുകൊണ്ടുവന്ന റഷ്യൻ ബ്ലോഗർ ആയിരുന്നു അലക്‌സി നവാൽനി. പിന്നീട് രാഷ്ട്രീയത്തിലറങ്ങുകയും റഷ്യയിലുടനീളം അദ്ദേഹത്തിന്റെ പ്രാധാന്യം വർധിക്കുകയും ചെയ്തതോടെ റഷ്യൻ സർക്കാരിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു. വ്ളാദിമിർ പുടിനെതിരേ പരസ്യ പ്രക്ഷോഭത്തിന് ഇറങ്ങിയതോടെ നവാൽനിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. ഇത് പുടിന് വലിയ തിരിച്ചടിയായിരുന്നു. 2020-ൽ അലക്സി നവാൽനി വധശ്രമം നേരിടുകയും അത്ഭുതകരമായി അതിനെ അതി ജീവിക്കുകയും ചെയ്തിരുന്നു. സൈബീരിയയിൽ നിന്ന് മോസ്‌ക്കോയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ വെച്ച് അദ്ദേഹം അബോധാവസ്ഥയിലാവുകയായിരുന്നു. അടിയന്തരമായി വിമാനം ഇറക്കി ചികിത്സ നല്കിയതോടെയാണ് ജീവൻ തിരിച്ച് പിടിക്കാനായത്. അടിവസ്ത്രത്തിൽ വിഷം വച്ചാണ് അലക്സിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
എന്നാൽ തൻ്റെ ജീവിതത്തിലെ ആദ്യ വധ ശ്രമത്തിൽ നിന്ന് അലക്സി നവാൽനി രക്ഷപ്പെട്ടെങ്കിലും, വലിയ പീഡനങ്ങളും അടിച്ചമർത്തലുകളുടെയും തുടക്കം മാത്രമായിരുന്നു അത്. ആരോഗ്യം വീണ്ടെടുത്ത് 2021-ൽ നാട്ടിൽ തിരിച്ചെത്തിയ നവാൽനിയെ ഏറെ വൈകാതെ അറസ്റ്റ് ചെയ്ത് ജയിലിടുകയായിരുന്നു. പോരാട്ടങ്ങൾക്കും ഏറ്റുമുട്ടലുകൾക്കുമൊടുവിൽ 2024 ഫെബ്രുവരി 15 വ്യാഴാഴ്ച നടന്ന അപ്രതീക്ഷിത മരണത്തിൽ കലാശിക്കുകയും ചെയ്തു. തീവ്രവാദം ഉൾപ്പടെയുള്ള കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്ന് പറഞ്ഞാണ് നവാൽനിയെ ജയിലിലടച്ചത്. 2022 ആദ്യം മുതൽ 30 വർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് നവാൽനിയും അനുയായികളും ആരോപിച്ചിരുന്നു. പുടിന്റെ ഏകാധിപത്യ ഭരണത്തെ വിമർശിച്ചതിന് തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നായിരുന്നു നവാൽനിയുടെ ആരോപണം. പുടിൻ അധികാരത്തിൽ തുടരുന്നിടത്തോളം കാലം അദ്ദേഹം ജയിലിൽ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.
ജയിലിൽ അടിയന്തര വൈദ്യചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് അലക്സി ജയിലിൽ നിരാഹാര സമരം നടത്തിയിരുന്നു, കൂടാതെ അധികാരികൾ തന്നെ മാനസിക സമ്മർദത്തിനും ഉറക്കക്കുറവിനും വിധേയനാക്കിയെന്നും, ഉറങ്ങാതിരിക്കുന്നതിന് വേണ്ടി ഓരോ മണിക്കൂറിലും തന്നെ ഉണർത്താൻ സഹതടവുകാരന് നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2023 ഏപ്രിലിൽ അലക്സിക്ക് കഠിനമായ വയറുവേദയെന്ന റിപോർട്ടുകൾ പുറത്ത് വന്നതിന്റെ പിന്നാലെ അദ്ദേഹവുമായി ബന്ധപ്പെട്ടവർ ആശങ്ക അറിയിച്ചിരുന്നു. റഷ്യൻ സർക്കാരും വ്ളാദിമിർ പുടിനും അലക്സിക്ക് സ്ലോ പോയസൻ നൽകുന്നത് മൂലമാണ് ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന വാദങ്ങളുമായി രംഗത്തത്തിയിരുന്നു.
2011-ൽ അഴിമതിക്കെതിരേ പോരാടാൻ സന്നദ്ധ സംഘടന സ്ഥാപിച്ചതോടെയാണ് നവൽനി ശ്രദ്ധേയനായത്. പിന്നീട് റഷ്യ കണ്ടത് അഴിമതിക്കെതിരേ നവൽനിക്ക് പിന്നിൽ ആയിരങ്ങൾ അണിനിരന്നുകൊണ്ടുള്ള മഹാറാലികളായിരുന്നു. ഇതോടെ സർക്കാരിനെ മനഃപൂർവം കളങ്കപ്പെടുത്താനുള്ള ശ്രമം നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. പുടിനെതിരായ നവാൽനിയുടെ അഴിമതി ആരോപണങ്ങൾ ക്രംലിൻ തള്ളിക്കളയുകയും യുഎസ് കേന്ദ്ര ഇന്‌റലിജൻസ് ഏജൻസിയുമായുള്ള ബന്ധം ആരോപിച്ച് അദ്ദേഹത്തെ തീവ്രവാദിയായി ചിത്രീകരിക്കുകയും ചെയ്തു. 2014 ഡിസംബറിൽ നവാൽനിയും അദ്ദേഹത്തിന്‌റെ സഹോദരൻ ഒലേഗിനെയും യെവ്‌സ് റോച്ചർ കേസിൽ കുറ്റാക്കാരാണെന്ന് കണ്ടെത്തി. നവാൽനിക്ക് മൂന്നരവർഷത്തെ ജയിൽ ശിക്ഷ വിധിച്ചു.
2016 ഡിസംബറിൽ ലാണ് 2018-നടന്ന റഷ്യൻ പ്രസിഡന്‌റ് മത്സരത്തിലേക്കുള്ള തന്‌റെ സ്ഥാനാർഥിത്വം നവാൽനി പ്രഖ്യാപിക്കുന്നത്. 2017 മാർച്ചിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ദിമിത്രി മെദ്‌ദേവിനെതിരെ അഴിമതി ആരോപിച്ചുകൊണ്ട് പുറത്തിറക്കിയ യുട്യൂബ് ഡോക്യുമെന്‌ററി ഏറെ വിവാദങ്ങൾ സൃഷ്ടിക്കുകയും വലിയ പ്രതിഷേധങ്ങൾക്ക് വഴി വക്കുകയും ചെയ്തിരുന്നു. അനധികൃത പ്രകടനങ്ങൾ നടത്തിയതിന്‌റെ പേരിൽ അലക്സിയെ ജയിലിലടക്കുകയും ചെയ്തു. ആദ്യം കോടതി വിധിച്ചത് പതിനൊന്നര വർഷത്തെ തടവായിരുന്നു. പിന്നാലെ തടവുശിക്ഷ അനുഭവിച്ചുവരുന്നതിനിടെയാണ് തീവ്രവാദസംഘടനകൾക്ക് ധനസഹായം നൽകിയെന്നാരോപിച്ച് 19 വർഷത്തെ അധികതടവിന് ശിക്ഷിച്ചത്. ഭരണകൂടത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ഭീകരവാദം അടക്കമുള്ള തീവ്രമായ കുറ്റങ്ങളായിരുന്നു അലക്സി നവാൽനിക്കെതിരെ ചുമത്തിയത്. ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്ന നവാൽനിക്ക് ആവശ്യമായ ചികിത്സ നൽകാതെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു എന്ന തരത്തിലുളള ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്.