December 13, 2024 |

പാലക്കാട് ജയിക്കണം മൂന്ന് പേര്‍ക്കും

മൂന്ന് ഉപതെരഞ്ഞെടുപ്പുകളില്‍ ചേലക്കരയും വയനാടും കഴിഞ്ഞാണ് ഇനിയിപ്പോള്‍ പാലക്കാട്

മൂന്ന് ഉപതെരഞ്ഞെടുപ്പുകളില്‍ ചേലക്കരയും വയനാടും കഴിഞ്ഞാണ് ഇനിയിപ്പോള്‍ പാലക്കാട്. 13 ല്‍ നിന്ന് 20ലേക്ക് മാറ്റിയതിന്റെ അധിക അധ്വാനത്തെ കഴിയുന്നത്ര പ്രയോജനപ്പെടുത്താനാണ് മൂന്ന് മുന്നണികളുടെയും ശ്രമം. ശക്തമായ ഈ ത്രികോണ മത്സരത്തിന്റെ ഫലത്തിന് കേരള രാഷ്ട്രീയത്തിലുള്ളത് അതിനിര്‍ണായക പ്രാധാന്യമാണ്. മൂന്നു തവണയായി ജയിക്കുന്ന കോണ്‍ഗ്രസിനെ മൂന്നുവട്ടവും ജയിപ്പിച്ച ഷാഫി പറമ്പിലിനെതിരെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരേയും രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിവിട്ട് ഡോ. പി സരിന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായത് മുതല്‍ യുഡിഎഫിന് തലവേദനയാണ്. സരിന്‍ കല്യാണവീട്ടില്‍ വച്ച് നല്‍കിയ കൈ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും നിരസിച്ചതുവരെ നീളുന്നു അത്. ഇതിനുപുറമെ സന്ദീപ് വാര്യരുടെ പിണക്കങ്ങളും പരിഭവങ്ങളും രാഷ്ട്രീയമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഈ വിഷയങ്ങള്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വിജയപ്രതീക്ഷകള്‍ക്കാണ് മങ്ങല്‍ വരുത്തിയിരിക്കുന്നത്. All three want to win palakkad by election

കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലെ ഒന്നാം സ്ഥാനക്കാരെയും രണ്ടാം സ്ഥാനക്കാരെയും ഇപ്പോഴത്തെ നില അമ്പരപ്പിക്കുന്നുണ്ട്. അതേസമയം, എല്‍ഡിഎഫിന് തിരിച്ചടിക്കുള്ള കളമൊരുങ്ങുന്നത് മണ്ഡലത്തിന് പുറത്തുനിന്നാണ്; അതും കണ്ണൂരില്‍ നിന്ന്. മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയെ സംരക്ഷിക്കുകയും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് എന്ന് പറയുകയും ചെയത് സിപിഎം വലിയ കുഴപ്പത്തിലേക്കാണ് നീങ്ങിയത്. ദിവ്യയുടെ അറസ്റ്റ് നാടകമാണ് എന്നും വന്നു. എങ്കിലും ദിവ്യ ജയിലിലാണ്; പ്രോസിക്യൂഷന്‍ നിലപാട് അവര്‍ക്കെതിരുമാണ്. അത് പറഞ്ഞ് നില്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മുന്‍ എംപി എന്‍ എന്‍ കൃഷ്ണദാസാണ് സരിന്റെ പ്രചരണത്തിന് വലിയ സംഭാവന നല്‍കുന്ന പാലക്കാട്ടെ പ്രമുഖ സിപിഎം നേതാവ്. പക്ഷേ, തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക ഇതൊക്കെയാണോ അതോ സര്‍ക്കാരിന്റെ ഭരണവും സരിന്റെ വ്യക്തിപ്രഭാവവും ശോഭാ സുരേന്ദ്രനെ ബിജെപി മാറ്റിനിര്‍ത്തിയതും കെ മുരളീധരന് വേണ്ടിയുള്ള ഡിസിസിയുടെ കത്ത് പൂഴ്ത്തിയതുമാണോ ചര്‍ച്ചയാവുക എന്നതില്‍ മുന്നണികള്‍ക്ക് വേവലാതിയുണ്ട്. കോണ്‍ഗ്രസിന് പാലക്കാട് ജയിച്ചേ പറ്റൂ, ബിജെപിക്ക് ജയിച്ചാല്‍ അത് ലോട്ടറിയും. ഇടതുമുന്നണിക്ക് മൂന്നാം സ്ഥാനത്ത് നിന്ന് രണ്ടാമത് എങ്കിലും എത്തിയാല്‍പ്പോലും പറഞ്ഞുനില്‍ക്കാം. ജയിച്ചാല്‍പ്പിന്നെ പിടിച്ചാല്‍ കിട്ടുകയുമില്ല. ഭരണമികവിന്റെ ഗാഥകളുകും പിന്നാലെ വരിക.

സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പാര്‍ട്ടിക്കകത്ത് അസ്വാരസ്യങ്ങള്‍ പൊട്ടിപ്പുറപ്പെട്ട കോണ്‍ഗ്രസിന് നിലനില്‍ക്കണമെങ്കില്‍ പാലക്കാട് പിടിച്ചേ മതിയാകൂ. അല്ലാത്തപക്ഷം അത് കോണ്‍ഗ്രസിനും യുഡിഎഫിനും ഉണ്ടാക്കുന്ന ആഘാതം ചെറുതാകില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് നിലയില്‍ ബിജെപിയോട് ചെറിയ വ്യത്യാസം മാത്രം ഉണ്ടായിരുന്ന പാലക്കാട് നിന്നും ലോക്സഭ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിനെ വടകരയിലേക്ക് മാറ്റിയതും അണികള്‍ക്കിടയില്‍ കല്ലുകടിക്ക് ഇടയാക്കിയിരുന്നു. അതുകൊണ്ടുതന്നെ പാലക്കാട് നിലനിര്‍ത്തിയില്ലെങ്കില്‍ അത് പ്രതിപക്ഷ നേതാവ് വിഡി സതീശനും ഷാഫി പറമ്പിലിനും കനത്ത തിരിച്ചടിയാകും നല്‍കുക. സരിന്റെ ഇടതുപക്ഷത്തേക്കുള്ള കൂടുമാറ്റം യുഡിഎഫില്‍ നിന്നുള്ള വോട്ടുചോര്‍ച്ചയ്ക്ക് കാരണമാകില്ലെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വമുള്ളത്.

ആശങ്കകളും അസ്വാരസ്യങ്ങളും തുടരവെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍ എം.പിയും പൊതു വേദിയില്‍ വച്ച് ഇടത് സ്ഥാനാര്‍ത്ഥി പി സരിനെ കണ്ടപ്പോള്‍ കൈ കൊടുക്കാതെ പോയത് വലിയ ചര്‍ച്ചാവിഷയമാക്കി മാധ്യമങ്ങളും ഇടതുപക്ഷ സഹയാത്രികരും ഏറ്റെടുത്തിരിക്കുന്നത്.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവലം 3,840 വോട്ടുകള്‍ക്കാണ് ഷാഫി പറമ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഇ ശ്രീധരനെ പരാജയപ്പെടുത്തിയിരുന്നത്. വോട്ടുകളുടെ ഈ നിസാര അകലമാണ് പാലക്കാട് ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് കാരണം. എന്നാല്‍ വിജയപ്രതീക്ഷകളോടെ മുന്നോട്ട് പോയ ബിജെപിയെ പ്രതിരോധത്തിലാക്കുന്നതാണ് കൊടകര കുഴല്‍പ്പണ കേസിലെ ആരോപണങ്ങള്‍. ശോഭാ സുരേന്ദ്രന്റെ അറിവോടെയാണ് കുഴല്‍പ്പണക്കേസിലെ വിവരങ്ങള്‍ താന്‍ പുറത്തുവിട്ടതെന്നാണ് മുന്‍ ബി.ജെ.പി ഓഫീസ് സെക്രട്ടറിയായ തിരൂര്‍ സതീശ് പറയുന്നത്.

കോടതിയില്‍ താന്‍ കൃത്യമായ കാര്യങ്ങള്‍ പറയുമെന്ന് ശോഭാ സുരേന്ദ്രനോട് സൂചിപ്പിച്ചപ്പോള്‍ അറിയാവുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ പറഞ്ഞതായാണ് തിരൂര്‍ സതീശ് പറയുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇക്കാര്യം പുറത്തുവിട്ടാല്‍ തനിക്ക് സംസ്ഥാന പ്രസിഡന്റാകാന്‍ വഴിയൊരുങ്ങുമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞതായും സതീശ് ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം തള്ളിക്കളഞ്ഞ ശോഭാ സുരേന്ദ്രന്‍ വിവാദത്തിന് പിന്നില്‍ പ്രമുഖ ചാനല്‍ ഉടമയാണെന്നാണ് ആരോപിച്ചിരിക്കുന്നത്. തിരൂര്‍ സതീശന്റെ വീട്ടില്‍ പോയിട്ടില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദം പൊളിക്കാന്‍ ശോഭ സുരേന്ദ്രന്‍ സതീശന്റെ കുടുംബാംഗങ്ങളുമായി നില്‍ക്കുന്ന ഫോട്ടോയും തിരൂര്‍ സതീശ് പുറത്ത് വിട്ടിട്ടുണ്ട്. എന്നാല്‍ ഈ ഫോട്ടോ തന്റെ സഹോദരിയുടെ വീട്ടില്‍ വച്ചെടുത്ത പഴയ ഫോട്ടോ ആണെന്നാണ് ശോഭ സുരേന്ദന്‍ പറയുന്നത്.

ഇതിനൊക്കെ പിന്നാലെയാണിപ്പോള്‍ സന്ദീപ് വാര്യര്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യ ആരോപണവുമായി വന്ന് ബിജെപിക്ക് അകത്തെ ഭിന്നിപ്പ് രൂക്ഷമാക്കിയിരിക്കുന്നത്. പാലക്കാട് പ്രചരണത്തിന് പോകില്ലെന്നും അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ലെന്നുമാണ് സന്ദീപ് വാര്യര്‍ തുറന്നടിച്ചിരിക്കുന്നത്. തന്റെ അമ്മ മരിച്ചപ്പോള്‍ പോലും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ വീട്ടില്‍ വന്നിട്ടില്ല. ഫോണില്‍ പോലും വിളിച്ചിട്ടില്ലെന്നും, സന്ദീപ് വാര്യരുമായി യുവമോര്‍ച്ചകാലം മുതല്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു എന്ന കൃഷ്ണകുമാറിന്റെ വാദങ്ങളും തള്ളിക്കളഞ്ഞിട്ടുണ്ട്.

പാലക്കാട് ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി പരിഗണിക്കപ്പെട്ടവരില്‍ ശോഭാ സുരേന്ദ്രനൊപ്പം സന്ദീപ് വാര്യരും ഉണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ നറുക്ക് വീണത് സി.കൃഷ്ണകുമാറിനാണ്. ബി.ജെ.പിയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ഉണ്ടായിരുന്നത് പരിഹരിച്ച് മുന്നോട്ട് പോകുകയാണെന്ന് ബി.ജെ.പി നേതൃത്വം തന്നെ തുറന്നുപറഞ്ഞ ഘട്ടത്തിലാണ് പുതിയ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.

2021-ല്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട പാലക്കാട് പിടിച്ചെടുക്കാന്‍ ഇത്തവണ ബി.ജെ.പി പഠിച്ച പണി പതിനെട്ടും നോക്കുന്നതിനിടെയാണ് ശോഭാ സുരേന്ദ്രന്റെയും സന്ദീപ് വാര്യരുടെയും ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ രണ്ടാമതെത്തിയ ബിജെപിക്ക് ഇക്കുറി വിജയത്തില്‍ കുറഞ്ഞൊരു ലക്ഷ്യമില്ല. കേരളത്തില്‍ ബിജെപിയുടെ പ്രിസ്റ്റീജ് ഇഷ്യൂ കൂടിയായ പാലക്കാട് മണ്ഡലത്തില്‍ നിലമെച്ചപ്പെടുത്താനെങ്കിലും കഴിഞ്ഞില്ലെങ്കില്‍ അത് ബാധിക്കുക ബിജെപിക്കകത്തെ സംഘടനാ പ്രവര്‍ത്തനങ്ങളെ കൂടിയാകും. ഇത് ബിജെപിക്കുള്ളില്‍ വലിയൊരു പിളര്‍പ്പിനും പൊട്ടിത്തെറിക്കും കാരണമാകുമെന്നതില്‍ സംശയമില്ല.

തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ സിപിഎമ്മും ബിജെപിയും ഒത്താശ ചെയ്തെന്ന ശക്തമായ ആരോപണം പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് ഇതിനോടകം പ്രചരണായുധമാക്കിയിട്ടുണ്ട്. പൂരം കലക്കിയാണ് ബിജെപി തൃശൂര്‍ പിടിച്ചതെന്ന ആരോപണത്തിനിടെ നടക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പ് ബിജെപിയുടെ മുഖം രക്ഷിക്കാനുള്ള അങ്കം കൂടിയാണ്. വിജയപ്രതീക്ഷ ഏറെയുള്ള പാലക്കാട്, ബി.ജെ.പിക്ക് തിരിച്ചടി ലഭിച്ചാല്‍ അത് സംഘടനാ തലത്തില്‍ വലിയ പൊട്ടിത്തെറിക്ക് തന്നെ കാരണമാകും.

ശബരിമല വിഷയത്തിന് ശേഷം പാലക്കാട് നിന്ന് ധാരാളം ഇടതുപക്ഷ വോട്ടുകള്‍ ബി.ജെ.പി പാളയത്തിലേക്ക് ഒഴുകിയിരുന്നു. ഈ വോട്ടുകള്‍ ഇത്തവണ സിപിഎമ്മിലേക്ക് തന്നെ തിരികെ പോയാല്‍ അത് പാലക്കാട്ടെ ബി.ജെ.പിയുടെ കണക്കുകൂട്ടലുകളെ പാടെ തകര്‍ക്കും. പരമാവധി വോട്ടുകള്‍ ശേഖരിച്ച് വിജയിക്കുക അതല്ലെങ്കില്‍ രണ്ടാം സ്ഥാനമെങ്കിലും പിടിക്കുക എന്നതാണ് പാലക്കാട്ടെ ഇടതുപക്ഷത്തിന്റെ സ്ട്രാറ്റജി. കോണ്‍ഗ്രസ്സിലും ബി.ജെ.പിയിലും വന്നിരിക്കുന്ന പടലപ്പിണക്കങ്ങള്‍ വോട്ടെടുപ്പിലും പ്രതിഫലിച്ചാല്‍ അതിലൂടെ വലിയൊരു രാഷ്ട്രീയ അട്ടിമറിയാണ് പാലക്കാട് സംഭവിക്കുക.

കോണ്‍ഗ്രസും ബിജെപിയുമായുള്ള ഡീലിനേക്കുറിച്ചു പറഞ്ഞുകൊണ്ടാണ് പി സരിന്‍ പാര്‍ട്ടി വിട്ടത്. പാലക്കാട്ടെ മുന്‍ എംഎല്‍എ ഷാഫി പറമ്പിലോ സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലോ അതിന് നേരിട്ടു മറുപടി പറയുന്നില്ല. ‘ഞങ്ങള്‍ക്ക് ഡീല്‍ ഉണ്ട്, അത് പാലക്കാട്ടെ ജനങ്ങളുമായാണ്” എന്നാണ് ഷാഫി പറമ്പില്‍ ആവര്‍ത്തിക്കുന്നത്. ഫലം വരുമ്പോള്‍ അത് വ്യക്തമാകും എന്നും പറയുന്നു. യഥാര്‍ത്ഥത്തില്‍ പാലക്കാട് നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ച് കൊടുക്കാം എന്നൊരു ‘ഡീല്‍’ ഒന്നും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇല്ല എന്നതാണ് വസ്തുത. അങ്ങനെ മറ്റൊരു മുന്നണിയുടെയും പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചു കൊടുക്കാമെന്ന് നേതൃതലത്തില്‍ ധാരണയുണ്ടാക്കി താഴേത്തട്ടില്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസിനെന്നല്ല ആര്‍ക്കും എളുപ്പമല്ല താനും.

1957ലും ’60ലും ’65ലും കോണ്‍ഗ്രസാണ് നിയമസഭയില്‍ പാലക്കാടിനെ പ്രതിനിധീകരിച്ചത്. 1967ലും ’70ലും സിപിഐ എം. 1977, ’80, ’82, ’87 പ്രജാ സോഷ്യലിസ്റ്റു പാര്‍ട്ടി (പിഎസ്പി). ആ നാലു തവണയും പിഎസ്പിയെ പ്രതിനിധീകരിച്ച സിഎം സുന്ദരം 1981 ഡിസംബര്‍-’82 മാര്‍ച്ച് കാലയളവില്‍ രണ്ടര മാസവും അതു കഴിഞ്ഞ് ’82- ’87 ലെ കെ കരുണാകരന്‍ സര്‍ക്കാരില്‍ അഞ്ചു വര്‍ഷവും തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു. പിന്നീട് കോണ്‍ഗ്രസായി,യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി 1991ലും മല്‍സരിച്ചു ജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സിപിഐഎമ്മിലെ ടി കെ നൗഷാദിനായിരുന്നു 1996ല്‍ ജയം. 2001ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ എ കെ ആന്റണി സര്‍ക്കാരില്‍ ധനമന്ത്രിയായി. 2006ലും 2011ലും സിപിഐഎം നേതാവ് കെ കെ ദിവാകരനായിരുന്നു ജയം. 2011 ഷാഫി പറമ്പിലിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ് സീറ്റ് തിരിച്ചുപിടിച്ചു. പിന്നീട് വിട്ടുകൊടുത്തിട്ടുമില്ല. ഇതിനിടയിലാണ് യുഡിഎഫും എല്‍ഡിഎഫും എന്ന നിലയില്‍ നിന്ന് കാര്യങ്ങള്‍ മാറിത്തുടങ്ങിയത്.

2011ല്‍ ആദ്യമായി ഷാഫി പറമ്പില്‍ 47,641 വോട്ടുകള്‍ ( 42.41%) നേടി ജയിക്കുമ്പോള്‍ രണ്ടാം സ്ഥാനത്ത് വന്നത് കെ കെ ദിവാകരനാണ്. അദ്ദേഹത്തിന് 40,238 വോട്ടുകള്‍ ( 35.82%) കിട്ടി. അന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി ഉദയഭാസ്‌കറിന് കിട്ടിയത് 19.86% വോട്ടുകളാണ് (22317). പക്ഷേ, 2016ല്‍ ശോഭാ സുരേന്ദ്രന്‍ ഇത് 29.08% (40,076) ആയി വര്‍ധിപ്പിച്ച് രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസും സിപിഎമ്മും അല്ലാത്ത ഒരാള്‍ പാലക്കാട് രണ്ടാമതെത്തിയത് അന്നാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പ്രമുഖ സിപിഐ എം നേതാവ് എന്‍ എന്‍ കൃഷ്ണദാസ് 38,675 വോട്ടുകളുമായി (28.07%) മൂുന്നാം സ്ഥാനത്ത്. ശോഭാ സുരേന്ദ്രനും കൃഷ്ണദാസും തമ്മിലുള്ള ഈ 1,401 വോട്ടുകളുടെ വ്യത്യാസം തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍, അതായത് മെട്രോമാന്‍ ഇ ശ്രീധരന്‍ മല്‍സരിച്ച 2021ല്‍ 13,787 ആയി ഉയര്‍ന്നു. ഇ ശ്രീധരന് കിട്ടിയത് 50,220 (35.34%), സിപിഐ എമ്മിലെ സി പി പ്രമോദിന് കിട്ടിയത് 36,433 (25.64%). ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന വസ്തുത കൂടിയുണ്ട്: ഷാഫി പറമ്പിലും സി ഉദയഭാസ്‌കറും തമ്മിലുള്ള വോട്ടു വ്യത്യാസം 25,324 ആയിരുന്നെങ്കില്‍ ശോഭാ സുരേന്ദ്രനും ഷാഫിയുമായുള്ള വ്യത്യാസം 17,483 ആയും ഇ ശ്രീധരനുമായുള്ള വ്യത്യാസം 38,59 ആയും കുറഞ്ഞു വന്നു. അതായത് യുഡിഎഫിന്റെ ഭൂരിപക്ഷം കുത്തനേ താഴേയ്ക്കാണ്; ബിജെപിക്കു കിട്ടുന്ന വോട്ടുകളുടെ എണ്ണവും ശതമാനവും മുകളിലേക്കും. ഷാഫി പറമ്പിലിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 54,079 (38.06%) വോട്ടുകള്‍ കിട്ടിയപ്പോള്‍ ഇ ശ്രീധരന് 50,220 (35.34%) വോട്ടുകള്‍ കിട്ടി. ഇഞ്ചോടിഞ്ച് മല്‍സരമാണ് ശ്രീധരനും ഷാഫിയും തമ്മിലുണ്ടായത്.

ഇത്തവണ മല്‍സരിക്കുന്നത് ശ്രീധരനല്ലെങ്കില്‍പ്പോലും, രണ്ടുവര്‍ഷം മാത്രം കഴിഞ്ഞ് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് യുഡിഎഫിനെ മറികടക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം കിട്ടുന്നത് ആ മല്‍സരത്തിന്റെ അനുഭവത്തില്‍ നിന്നാണ്. അതുകൊണ്ടുതന്നെയാണ് സി കൃഷ്ണകുമാര്‍ പാലക്കാട് സീറ്റിനു വേണ്ടി ഇത്തവണ ആഞ്ഞുപിടിച്ചതും നേടിയെടുത്തതും. ആദ്യമായി ബിജെപിയെ രണ്ടാമതെത്തിച്ച ശോഭാ സുരേന്ദ്രന് തൊട്ടടുത്ത് നടന്ന 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ ഈ നിയമസഭാ സീറ്റുള്‍പ്പെടുന്ന പാലക്കാട് ലോക്സഭാ സീറ്റ് നല്‍കിയിരുന്നില്ല; തൊട്ടുമുമ്പ് 2014ല്‍ അവിടെ മല്‍സരിച്ചത് ശോഭയായിട്ടുപോലും. അന്നും പകരം സീറ്റു പിടിച്ചത് സി കൃഷ്ണകുമാറാണ്. അദ്ദേഹം അന്ന് 2,18,556 വോട്ടുകള്‍ നേടി. എങ്കിലും ആകെ പോള്‍ ചെയ്തതില്‍ ബിജെപിക്ക് കിട്ടിയ വോട്ടുകളുടെ ശതമാനക്കണക്ക് നോക്കിയാല്‍ 2014ല്‍ ശോഭാ സുരേന്ദ്രന് കിട്ടിയതുമായി ചെറിയ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. 2014ല്‍ 6.29 % (1,36,587), 2019ല്‍ 6.44%.

പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലുള്ള വ്യത്യാസം 2016 ലെ 1,401 ല്‍ നിന്ന് 4,123 ആയി ഉയര്‍ന്നു. യുഡിഎഫും ബിജെപിയും തമ്മിലുള്ള വ്യത്യാസം 17,483ല്‍ നിന്ന് 8,462 ആയി കുറയുകയാണ് ചെയ്തത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ തന്നെയായിരുന്നു. സിറ്റിംഗ് എംപി വി കെ ശ്രീകണ്ഠന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി, എല്‍ഡിഎഫില്‍ നിന്ന് സിപിഎം പിബി അംഗം എ വിജയരാഘവന്‍. ബിജെപി 2019ല്‍ നിന്ന് 2.87 ശതമാനവും യുഡിഎഫ് 1.49 ശതമാനവും വോട്ട് വര്‍ധിപ്പിച്ചപ്പോള്‍ എല്‍ഡിഎഫിന് 4.64 ശതമാനം കുറഞ്ഞു. പക്ഷേ, കിട്ടിയ വോട്ടുകളുടെ എണ്ണത്തില്‍ എല്‍ഡിഎഫ് രണ്ടാമതെത്തി; സി കൃഷ്ണകുമാര്‍ മൂന്നാമതും. നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി രണ്ടാമതെത്തിയത് പാലക്കാട് മാത്രമാണ് എന്നതാണ് പ്രധാനം. യുഡിഎഫ് 52,779, എല്‍ഡിഎഫ് 34,640, എന്‍ഡിഎ 43,072. അതുവച്ചു നോക്കുമ്പോള്‍ നിലവില്‍ യുഡിഎഫ് ബിജെപിയേക്കാള്‍ 9,707 വോട്ടുകള്‍ക്ക് മുന്നിലാണ്; എല്‍ഡിഎഫ് ബിജെപിയേക്കാള്‍ 8,432 വോട്ടുകള്‍ക്ക് പിന്നിലും. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പാലക്കാട് ആരെന്ന ചോദ്യത്തിന് കേരളം നവംബര്‍ 23 ന് കാത്തിരിക്കുകയാണ്. All three want to win palakkad by election

 

content summary; All three want to win palakkad by election

×