January 18, 2025 |

അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

”പുഷ്‌പ 2: ദ റൂൾ” എന്ന സിനിമയുടെ പ്രമോഷണൽ ഇവന്റിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിലാണ് നടപടി.

തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ നമ്പള്ളി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു ”പുഷ്‌പ 2: ദ റൂൾ” എന്ന സിനിമയുടെ പ്രമോഷണൽ ഇവന്റിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിലാണ് നടപടി. ജുബിലി ഹിൽസിലെ വസതിയിൽ വെച്ചാണ് ഹൈദരാബാദ് പോലീസ് നടനെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് അദ്ദേഹത്തെ ബന്ജാര ഹിൽസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വെള്ളിയാഴ്ച്‌ച ഉച്ചയോടെയാണ് അല്ലു അർജുനെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. ശേഷം ചിക്ട‌പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അല്ലു അർജുന്റെ സഹോദരൻ അല്ലു സിരിഷും അച്ഛൻ അല്ലു അരവിന്ദും സ്റ്റേഷനിലെത്തിയിരുന്നു. നിർമാതാവ് ദിൽ രാജുവും സ്‌റ്റേഷനിലെത്തി.

ഡിസംബർ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ ‘പുഷ്പ 2’ സിനിമയുടെ പ്രദർശനത്തിനിടെ ഉണ്ടായ തിരക്കിൽ ഒരു യുവതിയുടെ മരണം റിപ്പോർട്ട് ചെയ്തു. തിക്കിലും തിരക്കിലും 38-കാരിയായ രേവതിയാണ് മരണപ്പെട്ടത്. യുവതിയുടെ മകനും അപകടത്തിൽ പരിക്കേറ്റിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, തെലങ്കാന പോലീസ് തിയേറ്റർ ജീവനക്കാരെയും, സിനിമയുടെ പ്രചരണത്തിൽ പങ്കാളിയായ മറ്റ് ചിലരെയും ചോദ്യം ചെയ്തു. നടൻ അല്ലു അർജുൻ തിയേറ്റർ സന്ദർശിച്ചതിനെ ബന്ധപ്പെട്ടുവന്ന ചില പരാതികൾ ഉയർന്ന സാഹചര്യത്തിൽ അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുകയും കേസ് അന്വേഷണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തുകയും ചെയ്തു.

യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമനടപടികൾ പുരോഗമിക്കുന്നത്. അല്ലു അർജുൻ മരിച്ച യുവതിയുടെ കുടുംബത്തിന് ധനസഹായം വാഗ്ദാനം ചെയ്തുവെന്നും കേസിന്റെ കൂടുതൽ വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ വ്യക്തമാക്കപ്പെടുമെന്നുമാണ് പോലീസ് അറിയിച്ചത്.

”ആക്രമണകാരിയായില്ല, അല്ലു അർജുൻ തന്റെ സന്ദർശനം പോലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നു,” എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കുന്നത്. സന്ദർശനത്തിന് സുരക്ഷ ഉറപ്പാക്കുക പോലീസിന്റെ ഉത്തരവാദിത്തമായിരുന്നുവെന്നും” അല്ലു അർജുന്റെ അഭിഭാഷകൻ പറഞ്ഞിരുന്നു.

നടൻ അല്ലു അർജുനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 105,118(1) വകുപ്പുകൾ ആണ് ചുമത്തിയത്. 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

Content summary; Allu Arjun sent to 14-day judicial custody

×