മൂന്നു വയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞു കൊന്ന കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി എന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. കുട്ടിയെ ഉപദ്രവിച്ചുവെന്നു കരുതുന്ന ഒരാളെ പുത്തന്‍കുരിശ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവിനെയാണ് പിടികൂടിയിരിക്കുന്നത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പുത്തന്‍കുരിശ് പൊലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച്ച പകലായിരുന്നു കുട്ടിയുടെ പോസ്റ്റ്മാര്‍ട്ടം നടന്നത്. പോസ്റ്റ്മാര്‍ട്ടത്തില്‍ സംശയകരമായ രീതിയില്‍ ചില മുറിവുകളും പാടുകളും കുട്ടിയുടെ ശരീത്തില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടി പീഡനത്തിന് ഇരയായിട്ടുള്ളതായി ഡോക്ടര്‍മാര്‍ പൊലീസിനോട് സംശയം പ്രകടിപ്പിക്കുന്നത്. മുറിവുകളെയും പാടുകളെയും കുറിച്ച് അന്വേഷിക്കണമെന്നും ഡോക്ടര്‍മാര്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
കേസില്‍ കൂടുതല്‍ വിവരങ്ങള്‍ തേടാന്‍ കുട്ടിയുടെ അമ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഉദ്ദേശിക്കുന്നുണ്ട്. കൊലക്കുറ്റം ചുമത്തപ്പെട്ട അമ്മ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ ഭര്‍തൃവീട്ടില്‍ നടന്ന സംഭവങ്ങളില്‍ കൂടുതല്‍ വ്യക്തത കിട്ടും. തനിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ശാരീരക-മാനസിക പീഡനം നേരിടേണ്ടി വന്നിരുന്നുവെന്ന അമ്മ പൊലീസിനോട് പറഞ്ഞിരുന്നു. ചെങ്ങമനാട് പൊലീസ് ആയിരിക്കും അമ്മയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡി അപേക്ഷ നല്‍കുക.
മൂഴിക്കുളം പാലത്തില്‍ നിന്നാണ് ചാലക്കുടി പുഴയിലേക്ക് കുട്ടിയെ അമ്മ എറിഞ്ഞത്. ഇക്കാര്യം അമ്മ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തിരുവാങ്കുളത്തുള്ള ഭര്‍തൃവീട്ടില്‍ നിന്നാണ് അമ്മ അങ്കണവാടിയില്‍ ചെന്ന് കുട്ടിയെ കൂട്ടി കൊണ്ടു പോയത്. ആലുവായിലുള്ള സ്വന്തം വീട്ടില്‍ അമ്മ എത്തുന്നത് കുട്ടിയില്ലാതെയാണ്. വീട്ടിലുള്ളവര്‍ തിരക്കിയപ്പോള്‍ കുട്ടിയെ കാണാനില്ലെന്നായിരുന്നു പറഞ്ഞത്. പറയുന്ന കാര്യങ്ങള്‍ പരസ്പര വിരുദ്ധമായതോടെ സംശയം തോന്നിയ വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ബസില്‍ വച്ച് കുട്ടിയെ കാണാതായി എന്നായിരുന്നു പൊലീസിനോ ആദ്യം പറഞ്ഞത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കുട്ടി അമ്മയ്‌ക്കൊപ്പം മൂഴിക്കുളം എത്തുന്നതുവരെ കൂടെയുണ്ടായിരുന്നുവെന്ന് മനസിലായി. പിന്നീടാണ്, പാലത്തിനടുത്ത് കുട്ടിയെ ഉപേക്ഷിച്ചെന്ന് അമ്മ പറയുന്നത്. ഇതേ തുടര്‍ന്ന് പാലത്തിന് പരിസരത്തും താഴെ പുഴയിലും തിരച്ചില്‍ നടത്തി. സ്‌കൂബ സംഘത്തെ നിയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെ ചാലക്കുടി പുഴയില്‍ നിന്നും കുട്ടിയുടെ മൃതശരീരം കണ്ടെടുക്കുന്നത്.
കുട്ടിയുടെ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന തരത്തിലായിരുന്നു ആദ്യം മുതല്‍ വാര്‍ത്തകള്‍ വന്നത്. ഭര്‍തൃവീട്ടുകാരും ഇത്തരത്തില്‍ പറയുകയുണ്ടായിരുന്നു. ഇതിനു മുമ്പും കുട്ടിയെ കൊലപ്പെടുത്താനും ഉപദ്രവിക്കാനും അമ്മ ശ്രമിച്ചിട്ടുണ്ടെന്ന് ഭര്‍തൃവീട്ടുകാരെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഭര്‍ത്താവിനോടും അയാളുടെ വീട്ടുകാരോടും പ്രതികാരം ചെയ്യാന്‍ വേണ്ടിയാണ് അമ്മ കുട്ടിയെ കൊലപ്പെടുത്തിയതെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളും നിറഞ്ഞിരുന്നു. അമ്മയ്ക്ക് ചില മാനസികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന സൂചന നിലനില്‍ക്കുമ്പോള്‍ തന്നെ അതിനു കാരണം ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ഭാഗത്ത് നിന്നുണ്ടായ മാനസിക-ശാരീരക പീഡനങ്ങളും തന്റെ കുഞ്ഞിന് നേരിടേണ്ടി വന്ന ഉപദ്രവങ്ങള്‍ അറിഞ്ഞതിലുള്ള മാനസിക വിഷമങ്ങളുമാണോയെന്ന് സംശയിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍, ഇപ്പോള്‍ അമ്മയെ കുറിച്ച് നിറയുന്ന ഊഹപ്രചാരണങ്ങളെ തള്ളിക്കളയുന്നതാണ്. കുട്ടിയെ കൊലപ്പെടുത്തിയത് അമ്മ തന്നെയാണെന്ന് സമ്മതിക്കുമ്പോഴും അവരെ അത്തരമൊരു മാനസികാവാസ്ഥയിലേക്ക് നയിച്ചത് മറ്റ് പലരുടെയും ക്രൂരതകളാണോ എന്നകാര്യമാണ് ഇനി പൊലീസ് അന്വേഷിക്കുന്നത്. കുട്ടി അടുത്ത ബന്ധുവിനാല്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം കുട്ടിയുടെ അച്ഛനും വീട്ടുകാരും അറിഞ്ഞുകൊണ്ടായിരുന്നോ എന്നതൊക്കെ അന്വേഷണത്തില്‍ പുറത്തു വരേണ്ടതുണ്ട്. Aluva three year old girl murder case, postmortem report reveals sexual assault
Content Summary; Aluva three year old girl murder case, postmortem report reveals sexual assault
This post was last modified on May 22, 2025 10:22 am
Leave a Comment