യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയെ വിളിച്ചു വരുത്തി അപമാനിച്ചു വിട്ട സംഭവം ഓര്‍മയില്‍ വച്ചാകണം ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ അമേരിക്കയില്‍ വിമാനം ഇറങ്ങിയത്. സിറില്‍ കരുതിയതുപോലെ തന്നെയാണ് ഓവല്‍ ഓഫിസില്‍ നടന്നതും. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിനെയും പ്രകോപിപ്പിക്കാനുള്ള വെടിമരുന്നുമായിട്ടായിരുന്നു ട്രംപ് കാത്തിരുന്നത്. ഒരു വ്യാജ വീഡിയോയായിരുന്നു ഇത്തവണ പ്രയോഗിച്ചത്. പണ്ട് ദക്ഷിണാഫ്രിക്കയില്‍ നടന്ന വര്‍ണവിവേചനത്തിന് പ്രതികാരമായി അവിടെയുള്ള വെള്ളക്കാരെ ഇപ്പോള്‍ വംശഹത്യ നടത്തുകയാണെന്ന തരത്തില്‍ പ്രചരിക്കുന്നൊരു വ്യാജ വീഡിയോ ഓവല്‍ ഓഫിസില്‍ റാമഫോസയുടെ അടുത്തിരുന്ന് ട്രംപ് കാണിച്ചു കൊടുത്തു. ആ വീഡിയോയില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് വീഴുമെന്നായിരുന്നു ട്രംപിന്റെ കണക്കു കൂട്ടില്‍. പക്ഷേ, സിറില്‍ റാമഫോസ അക്ഷോഭ്യനായിരുന്നു.
വാഷിംഗ്ടണിലേക്ക് വിമാനം കയറും മുമ്പേ റാമഫോസ തന്റെ നയം വ്യക്തമാക്കിയിരുന്നു. താന്‍ പോണത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഗമമാക്കാന്‍ വേണ്ടിയാണെന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് പറഞ്ഞത്. അതുകൊണ്ട് തന്നെ ട്രംപ് ഇട്ട ചൂണ്ടയില്‍ റാമഫോസ കൊത്തിയില്ല. പ്രകോപിതനാകാതെ, ഇക്കാര്യങ്ങളൊക്കെ നമുക്ക് ശാന്തമായി സംസാരിക്കാമെന്നാണ് ട്രംപിനെ ഉപദേശിച്ചതും.
ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാര്‍ പീഡിപ്പിക്കപ്പെടുകയാണെന്നത് വളരെക്കാലമായി ട്രംപ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു നടക്കുന്ന ആരോപണമാണ്. പതിറ്റാണ്ടുകളോളം ദക്ഷിണാഫ്രിക്ക ഭരിച്ചിരുന്ന ഡച്ചുകാരുടെ പിന്‍ഗാമികളായവര്‍ ഉള്‍പ്പെടെ ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ പീഡിപ്പിക്കപ്പെടുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ഭരണകൂടം ഈ ആരോപണം പാടെ തള്ളിക്കളയുകയാണ്. രാജ്യത്ത് കൊല്ലപ്പെടുന്നവരില്‍ കൂടുതലും തദ്ദേശിയരായ കറുത്ത വര്‍ഗക്കാരാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത്തരം ആരോപണ-പ്രത്യാരോപണങ്ങളുടെ നടുവിലായിരുന്നു രണ്ട് രാജ്യങ്ങളുടെയും പ്രസിഡന്റുമാര്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്.
യു എസ് പ്രസിഡന്റിന്റെ ഓഫിസില്‍ വളരെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലായിരുന്നു സംസാരം തുടങ്ങിയത്. ഗോള്‍ഫുമായി ബന്ധപ്പെട്ട തമാശകളൊക്കെയായി തുടങ്ങിയ ചര്‍ച്ച വഴിമാറുന്നത്, ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാര്‍ക്കെതിരേ അക്രമങ്ങളൊന്നും നടക്കുന്നില്ലെന്ന റാമഫോസ പറയുന്നതോടെയാണ്.
അതോടെ ട്രംപിന്റെ ഭാവം മാറി. അത്തരം കാര്യങ്ങളുമായി(വെള്ളക്കാര്‍ക്കെതിരായ അക്രമം)ബന്ധപ്പെട് ആയിരക്കണക്കിന് കഥ ഞങ്ങള്‍ പറയാനുണ്ടെന്നായിരുന്നു റാമഫോസയോട് ട്രംപ് പറഞ്ഞത്. പിന്നീട് യു എസ് പ്രസിഡന്റ് തന്റെ സേവകരോട് മുറിയിലെ ലൈറ്റുകളെല്ലാം അണച്ചിട്ട് ടിവി ഓണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.
മുറിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഫയര്‍പ്ലേസിന് അടുത്തായുള്ള ഇരിപ്പിടത്തിലായിരുന്നു ട്രംപും റാമഫോസയും. അതേ മുറിയില്‍ തന്നെ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, ഇലോണ്‍ മസ്‌ക്(മസ്‌ക് ജന്മം കൊണ്ട് ദക്ഷിണാഫ്രിക്കക്കാരനാണ്), പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് എന്നിവരും, കൂടാതെ രണ്ട് രാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരുമൊക്കെ ഉണ്ടായിരുന്നു.
ഒരു വീഡിയോ റാമഫോസയ്ക്ക് വേണ്ടി ട്രംപ് പ്ലേ ചെയ്തു. ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമയും പ്രതിപക്ഷ രാഷ്ട്രീയക്കാരനായ ജൂലിയസ് മലേമയും വര്‍ണ്ണവിവേചന കാലഘട്ടത്തിലെ സമര ഗാനമായ കില്‍ ദി ബോയര്‍(വെള്ളക്കാരായ കര്‍ഷകരെ ഉദ്ദേശിച്ചുള്ളത്) ആലപിക്കുമ്പോള്‍, അതിനെ പിന്തുണയ്ക്കുന്നവര്‍ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ടായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടവും അവിടുത്തെ രാഷ്ട്രീയ നേതൃത്വങ്ങളും വെള്ളക്കാര്‍ക്കെതിരായ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് തെളിക്കാനായിരുന്നു ട്രംപിന്റെ ശ്രമം. എന്നാല്‍ റാമഫോസ അതിന്റെ മനസ്ഥൈര്യത്തോടെ നേരിട്ടു. വീഡിയോയില്‍ കാണുന്നതല്ല സര്‍ക്കാര്‍ നയമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പക്ഷേ വളരെ ശാന്തനുമായിരുന്നു.
പിന്നീട് വീഡിയോയില്‍ കണ്ടത് വെളുത്ത കുരിശുകള്‍ സ്ഥാപിച്ച ആയിരത്തിലധികം കുഴിമാടങ്ങളായിരുന്നു. വെള്ളക്കാരായ കര്‍ഷകരുടെ ശവക്കുഴികളാണവയെന്നായിരുന്നു ട്രംപ് അവകാശപ്പെട്ടത്. റാമഫോസ ആ ദൃശ്യങ്ങള്‍ ഭാവഭേദമില്ലാതെ ഇരുന്നു കാണുകയാണുണ്ടായത്. താന്‍ മുമ്പ് ഇങ്ങനെയൊരു സ്ഥലം കണ്ടിട്ടില്ലെന്നും, ഇതെവിടെയാണെന്നു കണ്ടെത്താന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് ട്രംപിന്റെ തന്ത്രത്തെ ഫലപ്രദമായി നേരിടുകയും ചെയ്തു.
അടുത്തതായി ട്രംപ് പ്രദര്‍ശിപ്പിച്ചത് കുറെ പത്രക്കുറിപ്പുകളായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദക്ഷിണാഫ്രിക്കയില്‍ നടന്ന കൊലപാതകങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണെന്നായിരുന്നു ട്രംപ് പറഞ്ഞത്. ചില തലക്കെട്ടുകള്‍ വായിച്ചശേഷം, റാമഫോസ കേള്‍ക്കാനായെന്നോണം ആത്മഗതം ചെയ്തത്, ‘മരണം, മരണം, മരണം, ഭയാനകമായ മരണം’ എന്നായിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും നടക്കുന്നുണ്ട്, റാമഫോസ സമ്മതിച്ചു. പക്ഷേ അതില്‍ അധികവും ഇരകളാകുന്നത് കറുത്ത വര്‍ഗക്കാരാണ് എന്ന കാര്യം കൂടി പ്രസിഡന്റ് ഉന്നയിച്ചു. ഉടനെ റാമഫോസയുടെ വാക്കുകള്‍ മുറിച്ചുകൊണ്ട് ട്രംപ് ആരോപിച്ചത്, അവിടുത്തെ കര്‍ഷകര്‍ കറുത്ത വര്‍ഗക്കാരല്ല എന്നായിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാരുടെ വംശഹത്യ നടക്കുന്നു എന്ന പ്രചാരണം കഴിഞ്ഞ കുറച്ചു നാളുകളായി വലതുപക്ഷ തീവ്രദേശീയ വാദികള്‍ ചൂടുപിടിപ്പിക്കുന്നുണ്ട്. ട്രംപിന്റെ മനസാക്ഷി സൂക്ഷിപ്പുക്കാരനായി മാറിയിരിക്കുന്ന ഇലോണ്‍ മസ്‌ക്, ഫോക്‌സ് ന്യൂസ് മുന്‍ അവതാരകനായ ടക്കര്‍ കാള്‍സണ്‍ തുടങ്ങിയവരാണ് ഈ ഗൂഡാലോചന സിദ്ധാന്തത്തിനു നേതൃത്വം നല്‍കുന്നത്.
വര്‍ണവിവേചനം ക്രൂരമായിരുന്നു. അത് ഞാന്‍ എപ്പോഴും പറയുന്നതാണ്. എന്നാല്‍ അതിന് പ്രതികാരമെന്നോണം ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ആരും തന്നെ പറയുന്നില്ല, അതാരും അറിയുന്നുമില്ല. ആകെ അറിയാവുന്നത്, ദക്ഷിണാഫ്രിക്കയില്‍ നിന്നും വരുന്ന വെള്ളക്കാരായ കര്‍ഷകരെ കൊണ്ട് അമേരിക്ക നിറയുന്നുവെന്നു മാത്രമാണ്, ട്രംപ് പറഞ്ഞ കാര്യങ്ങളാണിത്.
അവര്‍ വെള്ളക്കാരായ കര്‍ഷകരാണ്, അവര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് പലായനം ചെയ്യുകയാണ്, വളരെ സങ്കടകരമായ കാര്യമാണ്. അവരങ്ങനെ നാടുവിട്ടു പോകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകില്ല, ഇതിനെക്കുറിച്ചെല്ലാം ഞങ്ങള്‍ക്ക് ഒരു വിശദീകരണം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നു കൂടി റാമഫോസയെ ഉന്നം വച്ച് ട്രംപ് പറഞ്ഞിരുന്നു.
എന്നാല്‍ റാമഫോസ ഒരിക്കലും പ്രകോപിതനായില്ല. അദ്ദേഹം ശാന്തത വിടാതെ തന്നെ തങ്ങളുടെ ഭാഗ്യം അവതരിപ്പിച്ചുകൊണ്ടിരുന്നു. കാര്യങ്ങള്‍ വഷളാക്കാനല്ല, പരിഹരിക്കാനാണ് താനിവിടെ വന്നിരിക്കുന്നതെന്നായിരുന്നു ഓരോ മറുപടി കൊണ്ടും ദക്ഷിണാഫ്രിക്കന്‍ നേതാവ് വ്യക്തമാക്കിയത്. ‘പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ആളുകള്‍ മേശയ്ക്കു ചുറ്റും ഇരുന്ന് അതിനെക്കുറിച്ച് സംസാരിക്കണമെന്ന് നെല്‍സണ്‍ മണ്ടേല ഞങ്ങളെ പഠിപ്പിച്ചു. ഞങ്ങള്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നതും ഇതേക്കുറിച്ചാണ്.’ റാമഫോസയുടെ വാക്കുകളാണിത്.
ദക്ഷിണാഫ്രിക്കയില്‍ നിന്നും വെള്ളക്കാരായ 50 കുടിയേറ്റക്കാര്‍ അമേരിക്കയില്‍ എത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് രണ്ട് രാജ്യങ്ങളുടെയും തലവന്മാര്‍ പരസ്പരം സംസാരിക്കാന്‍ ഇരുന്നത്. ലോകത്ത് നിന്നുള്ള മറ്റ് അഭയാര്‍ത്ഥികളുടെ മുന്നില്‍ അമേരിക്കയുടെ വാതില്‍ കൊട്ടിയടച്ച ട്രംപ്, ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വെളുത്ത അഭയാര്‍ത്ഥികളെ ഏതു സമയവും സ്വീകരിക്കാമെന്ന നിലപാടില്‍ നില്‍ക്കുകയാണ്. Cyril Ramaphosa-Donald Trump Oval office discussion
Content Summary; Cyril Ramaphosa-Donald Trump Oval office discussion
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.