സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ,1974ന് ശേഷമുള്ള എല്ലാ പ്രധാന പ്രക്ഷോഭങ്ങളെക്കുറിച്ചും വിശദമായ പഠനം നടത്താൻ ബ്യൂറോ ഓഫ് പോലീസ് റിസർച്ച് & ഡെവലപ്‌മെന്റിനോട് നിർദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഭാവിയിലുണ്ടാക്കാൻ സാധ്യതയുള്ള പ്രതിഷേധങ്ങൾ തടയുന്നതിനായി ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ തയ്യാറാക്കുകയാണ് ഉദ്ദേശം. പ്രതിഷേധങ്ങളുടെ കാരണങ്ങൾ, സാമ്പത്തിക വശങ്ങൾ അന്തിമ ഫലങ്ങൾ, എന്നിവയെല്ലാം പഠനവിധേയമാക്കും.
കഴിഞ്ഞ ജൂലൈയിൽ ന്യൂഡൽഹിയിൽ ഇന്റലിജൻസ് ബ്യൂറോ സംഘടിപ്പിച്ച രണ്ട് ദിവസത്തെ ദേശീയ സുരക്ഷാ സമ്മേളനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയത്. സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 800 പോലീസ്, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു.
ഭീകരവാദത്തിനും മയക്കുമരുന്ന് കടത്തിനുമെതിരെയുള്ള നടപടികൾ, സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തൽ, വിദേശ ഏജൻസികളുമായുള്ള ബന്ധങ്ങൾ എന്നിവയെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. രാജ്യത്തിന്റെ വളർച്ച ഭാവിയിൽ കൂടുതൽ സുരക്ഷാ വെല്ലുവിളികൾക്ക് കാരണമാകുമെന്നും, അവയെ നേരിടാൻ കേന്ദ്ര-സംസ്ഥാന ഏജൻസികൾ തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ബിപിആർ&ഡിയോട് പ്രതിഷേധങ്ങളുടെ കാരണങ്ങൾ, രീതികൾ, ഫലങ്ങൾ എന്നിവ പഠിക്കാൻ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിലുണ്ടാവാൻ സാധ്യതയുളള ബഹുജന പ്രക്ഷോഭങ്ങൾ തടയുന്നതിനായി പഠനത്തിന്റെ അടിസ്ഥാനത്തിൽ ഒരു എസ്ഒപി (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ) രൂപീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളതായി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
അമിത് ഷായുടെ നിർദ്ദേശ പ്രകാരം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബിപിആർ&ഡി ഒരു പ്രത്യേക സംഘത്തെ രൂപീകരിക്കുന്ന പ്രക്രിയയിലാണ്. പഴയ കേസ് ഫയലുകൾ, ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് റിപ്പോർട്ടുകൾ എന്നിവ ശേഖരിക്കുന്നതിനായി ഈ സംഘം സംസ്ഥാന പോലീസ് വകുപ്പുകളുമായി ഏകോപിച്ച് പ്രവർത്തിക്കും. ഒരു ഉദ്യോഗസ്ഥന്റെ വാക്കുകൾ അനുസരിച്ച്, ഇത്തരം പ്രക്ഷോഭങ്ങളുടെ സാമ്പത്തിക വശങ്ങൾ പരിശോധിക്കാൻ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്, ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ്-ഇന്ത്യ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് തുടങ്ങിയ സാമ്പത്തിക അന്വേഷണ ഏജൻസികളെയും സഹകരിപ്പിക്കാൻ ഷാ ബിപിആർ&ഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭീകരവാദത്തിനായുള്ള സാമ്പത്തിക സഹായം തടയുന്നതിനായി അറിയപ്പെടാത്ത ഭീകരവാദ ശൃംഖലകളെയും അവരുടെ ബന്ധങ്ങളെയും പ്രവർത്തനങ്ങളെയും സാമ്പത്തിക ക്രമക്കേടുകൾ വിശകലനം ചെയ്ത് കണ്ടെത്താൻ ഒരു എസ്ഒപി വികസിപ്പിക്കാൻ ഇഡി, എഫ്ഐയു-ഐഎൻഡി , സിബിഡിടി തുടങ്ങിയ ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനസാന്ദ്രത കൂടിയ ഇന്ത്യയിലെ മതപരമായ കൂടിച്ചേരലുകൾ അപകടസാധ്യതകൾക്ക് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച്, അപ്രതീക്ഷിതമായി ഉണ്ടാകുന്ന തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെടുന്നത് വളരെ സാധാരണമാണ്. ഈ ദുരന്തങ്ങളെ നേരിടാനും അത്തരം സമ്മേളനങ്ങൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഒരു എസ്ഒപി തയ്യാറാക്കാനും ബ്യൂറോ ഓഫ് പോലീസ് റിസർച്ച് & ഡെവലപ്‌മെന്റിനോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.
ഖലിസ്ഥാൻ ഭീകരവാദത്തെയും പഞ്ചാബിലെ ക്രിമിനൽ പ്രവർത്തനങ്ങളെയും നേരിടാൻ പ്രത്യേക രീതിശാസ്ത്രങ്ങൾ രൂപീകരിക്കാൻ ദേശീയ അന്വേഷണ ഏജൻസി, അതിർത്തി രക്ഷാ സേന, നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ എന്നിവയോട് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നല്ല അറിവുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു പ്രത്യേക സംഘം രൂപീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ജയിലുകളിൽ നിന്ന് പോലും തങ്ങളുടെ ശൃംഖലകൾ നിയന്ത്രിക്കുന്ന കുറ്റവാളികളെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ ജയിലുകളിലേക്ക് മാറ്റണമെന്നും അമിത് ഷാ ആവശ്യപ്പെടുന്നു.
content summary: To curb future unrest driven by ‘vested interests’, Amit Shah commissions a study of protests dating back to 1974
This post was last modified on September 15, 2025 2:47 pm
Leave a Comment