June 26, 2026 |
Share on

നവംബര്‍ മുതല്‍ മണിപ്പൂര്‍ ശാന്തമാണോ?

അമിത് ഷാ പറഞ്ഞതും യാഥാര്‍ത്ഥ്യവും

കഴിഞ്ഞ നവംബര്‍ മുതല്‍ മണിപ്പൂര്‍ ശാന്തമാണെന്നായിരുന്നു ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയുടെ അവകാശവാദം. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ചുമത്തിയതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 4 ന് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. നവംബര്‍ മുതല്‍ യാതൊരു കലാപവും മണിപ്പൂരില്‍ ഉണ്ടായിട്ടില്ലെന്നാണ് ഷാ സഭയില്‍ പറഞ്ഞത്.

ഇന്ത്യയുടെ ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞതല്ല, മണിപ്പൂരിലെ യാഥാര്‍ത്ഥ്യം. 2024 നവംബറിനും 2025 ഡിസംബറിനും ഇടയിലായി മണിപ്പൂരില്‍ 34 മരണങ്ങള്‍ കലാപത്തിന്റെ ഭാഗമായി സംഭവിച്ചിട്ടുണ്ടെന്നാണ് ദി വയ്ര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 21 പേര്‍ കലാപത്തിന്റെ നേരിട്ടുള്ള ഇരകളാണ്. ബാക്കി 13 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരായിരുന്നു. കലാപത്തില്‍ അഭയാര്‍ത്ഥികളാക്കപ്പെട്ട് ക്യാമ്പുകളില്‍ കഴിയേണ്ടി വരുന്ന മനുഷ്യര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാകാതെ വന്നതിന്റെ ഫലമാണ് 13 മരണങ്ങളെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മരിച്ചവരില്‍ കുട്ടികള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍, ഗ്രാമീണരായ സന്നദ്ധ പ്രവര്‍ത്തകര്‍, അതുപോലെ പ്രക്ഷോഭകാരികള്‍ എന്നിവരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്.

കണക്കുകള്‍ പറയുന്നത്, ഈ വര്‍ഷം ഫെബ്രുവരിയില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനുശേഷവും മനുഷ്യജീവിതം സുരക്ഷിതമായിട്ടില്ലെന്നാണ്. അമിത് ഷായുടെ വാക്കും, മണിപ്പൂരിലെ യാഥാര്‍ത്ഥ്യവും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് തെളിയിക്കുന്ന ചില സംഭവങ്ങള്‍ പറയാം;

2024 നവംബര്‍ 11, മാസങ്ങള്‍ക്കിടയില്‍ മണിപ്പൂര്‍ സാക്ഷ്യം വഹിച്ച ഏറ്റവും മോശമായൊരു ദിവസമായിരുന്നു. ജിരിബാം ജില്ലയില്‍, ബോറോബെക്ര ദുരിതാശ്വാസ ക്യാമ്പിന് സമീപമുള്ള മെയ്തി വീടുകള്‍ കുക്കി വിമതര്‍ ആക്രമിച്ചു. ഇതിനു പിന്നാലെ രണ്ട് വയസ്സുള്ള ഒരു കുട്ടി ഉള്‍പ്പെടെ ഒരു മെയ്തി കുടുംബത്തിലെ ആറ് പേരെയാണ് കാണാതായത്. ഇവരെ പിന്നീട് കണ്ടെത്തി, അസമിലെ ബരാക് നദിക്കരിയില്‍, കത്തിക്കരിഞ്ഞും അഴുകിയതുമായ മൃതദേഹങ്ങളായി.

നവംബര്‍ 11 ഉച്ച കഴിഞ്ഞാണ്, സായുധ സംഘം സിആര്‍പിഎഫ് ക്യാമ്പ് ആക്രമിക്കുന്നത്. സൈന്യം തിരിച്ചടിച്ചു. കുക്കി സായുധസംഘാംഗങ്ങളെന്നു കരുതുന്ന 11 പേരാണ് സിആര്‍പിഎഫ് നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവര്‍ കലാപകാരികള്‍ എന്നായിരുന്നു സര്‍ക്കാര്‍ ആരോപിച്ചിരുന്നത്. എന്നാല്‍ കുക്കി-സോ കൗണ്‍സില്‍ അവകാശപ്പെടുന്നത്, അവര്‍ ഗ്രമ പ്രതിരോധ പ്രവര്‍ത്തകരായിരുന്നുവെന്നാണ്. ഇവരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ കുന്നിന്‍ മേഖലയിലെ എല്ലാ ജില്ലകളിലും 13 മണിക്കര്‍ ബന്ദ് നടത്തിയിരുന്നു.

കുറച്ച് ദിവസങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ ഒരു 20 കാരന്റെ കൊലപാതത്തിന് കൂടി മണിപ്പൂര്‍ സാക്ഷ്യം വഹിച്ചു. ജിരബാമിലായിരുന്നു സംഘര്‍ഷത്തിന്റെ ഭാഗമായി നിന്നിരുന്ന കെ അതൗബ എന്ന ചെറുപ്പക്കാരന്‍ സുരക്ഷ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഡിസംബറില്‍ മണിപ്പൂരിന്റെ മണ്ണില്‍ വീണത്, ജീവിക്കാന്‍ വഴിതേടിയെത്തിയ രണ്ട് ബിഹാറികളുടെ ചോരയായിരുന്നു. ഗോപാല്‍ഗഞ്ജ് സ്വദേശികളായ സുനലാല്‍ കുമാറും, ദശരഥ് കുമാറും- ഒരാള്‍ക്ക് പ്രായം 18, മറ്റേയാള്‍ക്ക് 17- അന്നത്തെ പണി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. കാക്ചിംഗ് ജില്ലയിലെ കെയ്‌റാക്കില്‍ വച്ച് ഇരുവരും ആക്രമിക്കപ്പെടുകയും അവിടെയവരുടെ ജീവിതം അവസാനിക്കുകയും ചെയ്തു. ആരാണവരെ അക്രമിച്ചത്, എന്തിനാണവരെ കൊന്നത്? ഒരുത്തരവും ഇതുവരെ കണ്ടെത്തിയിട്ടില്ല.

അതേ മാസം തന്നെയാണ് മുഖ്യമന്ത്രിയായിരുന്ന എന്‍. ബിരേന്‍ സിംഗ് ഒരു പൊതുമാപ്പ് എഴുതിയത്. സംസ്ഥാനത്തിന്റെ സമാധാനം സംരക്ഷിക്കാന്‍ കഴിയാതെ പോയതിന്റെ ഏറ്റു പറച്ചിലായിരുന്നു അത്.

ബിരേന്‍ സിംഗിന്റെ രാജിക്ക് പിന്നാലെ പകരമൊരാളെ കണ്ടെത്താന്‍ ബിജെപിക്ക് കഴിയാതെ വന്നതോടെയാണ്, 2025 ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണത്തിന് നിര്‍ദേശം നല്‍കുന്നത്. ഒരാണ്ടും പിന്നിട്ട് തുടരുന്ന കലാപത്തിന് ആശ്വാസം കണ്ടെത്താന്‍ ഉപകാരപ്പെടുമെന്ന് കുറച്ചു പേരെങ്കിലും വിശ്വസിച്ച നീക്കം. പക്ഷേ, ഒന്നിനും മാറ്റം വന്നില്ല, കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലായിട്ടും കലാപവും കൊലപാതകങ്ങളും മണിപ്പൂരില്‍ തുടര്‍ന്നു.

മാര്‍ച്ച് 8, ആ ദിവസത്തിനൊരു പ്രത്യേകതയുണ്ടായിരുന്നു. മെയ്ത്തികള്‍ക്കും കുക്കികള്‍ക്കും ആധിപത്യമുള്ള താഴ്‌വരകള്‍ക്കും കുന്നിന്‍ മേഖലകള്‍ക്കുമിടയില്‍ ചുമത്തിയിരുന്ന നിയന്ത്രണങ്ങള്‍ മാറ്റി സ്വതന്ത്ര സഞ്ചാരത്തിനുള്ള അനുവാദം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിക്കുന്നത് അന്നായിരുന്നു. അതേ ദിവസം തന്നെയാണ് ഒരു കുക്കി വിഭാഗക്കാരന്‍ കൊല്ലപ്പെടുന്നത്, 48 കുക്കികള്‍ക്ക് പരിക്കേല്‍ക്കുന്നത്. സുരക്ഷ സേനയിലെ 27 പേര്‍ക്ക് പരിക്കേറ്റുവെന്നും പൊലീസും അവകാശപ്പെട്ടു.

സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ മറ്റൊരു പ്രതിസന്ധി, ദുരിതാശ്വാസ ക്യാമ്പുകളിലെ അതിജീവനമാണ്. കുക്കി ഖാന്‍ഗ്ലായി ലാമ്പി(കെകെഎല്‍) എന്ന സംഘടന പറയുന്നത്, കുക്കി-സോ വിഭാഗത്തില്‍പ്പെട്ട, ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 13 പേരെങ്കിലും കഴിഞ്ഞ നവംബര്‍ മുതല്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ്. ആവശ്യമായ ചികിത്സ ലഭ്യമാകാത്തതാണ് കാരണമെന്നും കെകെഎല്‍ കുറ്റപ്പെടുത്തുന്നു.

ഈ കണക്കുകളും വിവരങ്ങളും വ്യക്തമാക്കുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്; കേന്ദ്ര സര്‍ക്കാര്‍ ആവകാശപ്പെടുന്നതുപോലെ മണിപ്പൂര്‍ ശാന്തമായിട്ടില്ല. അവിടെ ഇപ്പോഴും തീ കത്തിക്കൊണ്ടിരിക്കുകയാണ്. 2023 മേയ് മുതല്‍ തുടങ്ങിയ ഇപ്പോഴത്തെ കലാപത്തില്‍ 250 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. 60,000 ലേറെ മനുഷ്യര്‍ സ്വന്തം നാട്ടില്‍ തന്നെ അഭയാര്‍ത്ഥികളായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.  Amit Shah’s claim that Manipur has been peaceful since last November is disputed

Content Summary; Amit Shah’s claim that Manipur has been peaceful since last November is disputed

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×