July 12, 2025 |
Share on

‘പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടാണോ വികസനം വേണ്ടത്’; പാരിസ്ഥിതിക ലംഘനങ്ങൾക്ക് പൊതുമാപ്പ് നൽകൽ നിയമവിരുദ്ധമെന്ന് സുപ്രീം കോടതി

2017 ലെ വിജ്ഞാപനത്തെ കോടതി രൂക്ഷമായാണ് വിമർശിച്ചത്

2017 ൽ ഹരിത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പൊതുമാപ്പ് പദ്ധതിയും അത് വിപുലീകരിക്കാൻ ലക്ഷ്യമിട്ടുള്ള 2021ലെ ഓഫീസ് മെമ്മോറാണ്ടവും സുപ്രീം കോടതി റദ്ദാക്കി. കഴിഞ്ഞ ദിവസമാണ് വിജ്ഞാപനം റദ്ദാക്കി കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി വന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

2017 ലെ പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പൊതുമാപ്പ് പദ്ധതിയും ഓഫീസ് മെമ്മോറാണ്ടവും ജനുവരിയിൽ സുപ്രീം കോടതി തടഞ്ഞിരുന്നു. അതേസമയം, 2017 ലെ യഥാർത്ഥ വിജ്ഞാപനം കോടതി ചോദ്യം ചെയ്യുകയോ അസാധുവാക്കുകയോ ചെയ്തിരുന്നില്ല.

ഇവയെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ സർക്കുലറുകളും, ഉത്തരവുകളും, വിജ്ഞാപനങ്ങളും അസാധുവാക്കിയത്. ഒരു പ്രോജക്റ്റ് ആരംഭിച്ചതിനുശേഷം പരിസ്ഥിതി ക്ലിയറൻസ് നൽകുന്ന രീതിയാണ് സുപ്രീം കോടതിയുടെ വിധിയിലൂടെ അവസാനിപ്പിച്ചിരിക്കുന്നത്. മുൻകൂർ അനുമതിയില്ലാതെ ആരംഭിച്ചതോ അംഗീകരിച്ച പരിധിയേക്കാൾ കൂടുതലുള്ളതോ ആയ പദ്ധതികൾ ഇത്തരം അനുമതികളിലൂടെ നിയമവിധേയമാക്കാൻ കഴിയില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

പരിസ്ഥിതി മന്ത്രാലയത്തിന് ഒരു പുനപരിശോധനാ ഹർജി ഫയൽ ചെയ്യാമെങ്കിലും വിധിയിൽ മാറ്റം വരാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2017 ലെ വിജ്ഞാപനം ഒറ്റത്തവണ പൊതുമാപ്പ് നൽകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. തുടക്കത്തിൽ 2017 ലെ വിജ്ഞാപനം ഒറ്റത്തവണ പൊതുമാപ്പ് നൽകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്, എന്നാൽ പിന്നീട് 2021 ജൂലൈയിൽ അത്തരം നിയമലംഘന കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (SOP) പുറപ്പെടുവിച്ചുകൊണ്ട് മന്ത്രാലയം ഇത് ഒരു പതിവ് രീതിയാക്കി .

നിയമങ്ങൾ ലംഘിച്ച പദ്ധതികൾ കൈകാര്യം ചെയ്യുന്നതിന് ഒരു മാർഗം ആവശ്യമാണെന്നും ഡെവലപ്പർമാരെ അവരുടെ നിർമാണങ്ങൾ പൊളിക്കാൻ നിർബന്ധിക്കുന്നത് പരിസ്ഥിതിക്ക് ദോഷം വരുത്തുമെന്നും മന്ത്രാലയം വാദിച്ചു.

വെള്ളിയാഴ്ചത്തെ വിധിയിൽ 2017 ലെ വിജ്ഞാപനത്തെ കോടതി രൂക്ഷമായി വിമർശിച്ചു. പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്ന വ്യവസായങ്ങളെ സംരക്ഷിക്കുക എന്നതാണ് വിജ്ഞാപനത്തിന്റെ ഉദ്ദേശമെന്നും കോടതി പറഞ്ഞു. 2021 ലെ ഓഫീസ് മെമ്മോറാണ്ടത്തെയം കോടതി വിമർശിച്ചു. പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടാണോ വികസനം വേണ്ടതെന്ന് കോടതി ചോദിച്ചു.

വിധി വരുന്നതിന് മുമ്പ് 100ലധികം പദ്ധതികൾക്ക് അനുമതി ലഭിച്ചിരുന്നു. കൽക്കരി, ഇരുമ്പ്, ബോക്സൈറ്റ് ഖനികൾ, ഗ്രീൻഫീൽഡ് വിമാനത്താവളം, ഡിസ്റ്റിലറികൾ, സിമൻറ് പ്ലാന്റുകൾ, സ്റ്റീൽ ഫാക്ടറികൾ, കെമിക്കൽ യൂണിറ്റുകൾ, വ്യാവസായിക എസ്റ്റേറ്റുകളും നിർമ്മാണ സ്ഥലങ്ങളും തുടങ്ങിയവയ്ക്ക് അനുമതി ലഭിച്ചിരുന്നു.

സിംഗരേണി കോളിയറീസ് , മഹാനദി കോൾഫീൽഡ്‌സ് , ജെയ്‌പീ സിമൻ്റ് , അൾട്രാടെക് സിമൻ്റ് , രാംകോ സിമൻ്റ്‌സ്, ഭൂഷൺ സ്റ്റീൽ (ടാറ്റ സ്റ്റീൽ) , സെയിൽ , ഗോദ്‌റെജ് അഗ്രോവെറ്റ് , ഹിന്ദുസ്ഥാൻ കോപ്പർ, ലോയ്ഡ്സ് മെറ്റൽസ് , ഹിന്ദുസ്ഥാൻ മാർബിൾ , ഹോട്ടൽ ലീല വെഞ്ച്വർ, ആർട്ടെമിസ് ആശുപത്രി , പുഷ്പവതി സിംഘാനിയ ആശുപത്രി , സ്പേസ് ടവേഴ്സ് , സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് തുടങ്ങിയവയാണ് അനുമതി ലഭിച്ച പ്രധാന കമ്പനികൾ.

Content Summary: Amnesty for environmental violations is illegal, says Supreme Court

Leave a Reply

Your email address will not be published. Required fields are marked *

×