31കാരന്‍, കുപ്രസിദ്ധന്‍, തെരഞ്ഞെടുപ്പിനൊരുങ്ങുന്ന അമൃത്പാല്‍ സിങ് ആരാണ്?

ഭിന്ദ്രന്‍വാലയുടെ വേഷം ആണ് അന്നു മുതല്‍ ധരിച്ചിരുന്നത്. അംഗരക്ഷകരായി ആയുധധാരികളെ നിര്‍ത്തിയിരുന്നു

വയസ് 31, കുപ്രസിദ്ധന്‍, സ്വന്തം പേരിലുള്ളത് 12 കേസുകള്‍, ഇപ്പോഴുള്ളത് അസമിലെ ദിബ്രുഗഡിലുള്ള അതിസുരക്ഷാ ജയിലില്‍, ആസ്തിയാവട്ടെ 1000 കോടി…ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് തടവറയില്‍ കിടക്കുന്ന ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിങിനെ ഏറ്റവും ചുരുക്കത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. പഞ്ചാബില്‍ നിന്ന് മല്‍സരിക്കാന്‍ ഒരുങ്ങുകയാണ് അമൃത്പാലിപ്പോള്‍. ഖാദൂര്‍ സാഹിബ് മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാന്‍ നാമനിര്‍ദേശപത്രിക നല്‍കിയതോടെയാണ് അമൃത്പാല്‍ സിങ് ചര്‍ച്ചകളില്‍ നിറയുന്നത്. ജൂണ്‍ ഒന്നിനാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്.

ഖലിസ്ഥാന്‍ വാദവും വാരിസ് പഞ്ചാബ് ദേയും

പ്രത്യേക സിഖ് രാജ്യമെന്ന വാദം രാജ്യത്ത് ശക്തമായത് 1980കളിലാണ്. അക്കാലത്ത് ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാല എന്ന സിഖ് മതനേതാവാണ് ഖലിസ്ഥാന്‍ ആശയത്തിന് വ്യാപക പ്രചാരണം നല്‍കിയത്. അക്കാലത്തെ വിഘടനവാദ നേതാക്കളില്‍ പ്രധാനിയായാണ് ഇദ്ദേഹം അറിയപ്പെടുന്നതും. പിന്നാലെ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചു. ഒടുവില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും പഞ്ചാബ് മുഖ്യമന്ത്രിയുടേയും അടക്കം നിരവധി ജീവനുകളെടുത്തുകൊണ്ടാണ് ഖലിസ്ഥാന്‍ പ്രക്ഷോഭം കെട്ടടങ്ങിയതും. ഇതിന് വിരാമമിട്ടത് 1984ലെ ഓപ്പറേഷന്‍ ബ്ല്യു സ്റ്റാറും ഓപ്പറേഷന്‍ ബ്ലാക് തണ്ടറുമായിരുന്നു. ഓപ്പറേഷന്‍ ബ്ല്യു സ്റ്റാറിലാണ് സുവര്‍ണ ക്ഷേത്രത്തില്‍ കയറിയ ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയെ ഇന്ത്യന്‍ സൈന്യം വധിക്കുന്നത്. പില്‍ക്കാലത്ത് സിഖുക്കാര്‍ കാനഡയും യുകെയും അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി. അപ്പോഴും യുവാക്കള്‍ ഖലിസ്ഥാന്‍ വാദം പിന്തുടര്‍ന്നിരുന്നു. അതിന്റെ പുതിയ പതിപ്പായി അവതരിപ്പിക്കപ്പെട്ട സംഘടനയാണ് വാരിസ് പഞ്ചാബ് ദേ.
2021ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് പഞ്ചാബിലെ യുവതയെ സിഖ് മത തത്ത്വങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന് നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധു വാരിസ് പഞ്ചാബ് ദേ-യ്ക്ക് തുടക്കമിടുന്നത്. പഞ്ചാബിന്റെ അവകാശികള്‍ എന്നാണ് വാരിസ് പഞ്ചാബ് ദേ-യുടെ അര്‍ത്ഥം. എന്നാല്‍ ഇതിന് മുന്‍പ് തന്നെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കര്‍ഷക ബില്ലുകളിലൂടെ സിദ്ധു വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കര്‍ഷക മാര്‍ച്ചിനിടെ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയതോടെയായിരുന്നു അത്. പിന്നാലെയാണ് വാരിസ് പഞ്ചാബ് ദേ സിദ്ധു അവതരിപ്പിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പില്‍ സിമ്രന്‍ജിത് സിങ് മാനിന്റെ ശിരോമണി അകാലി ദള്ളിനെ സിദ്ധു പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് 2022 ഫെബ്രുവരി 15ന് കാര്‍ അപകടത്തില്‍ സിദ്ധു മരണപ്പെട്ടു. ദീപ് സിദ്ധുവിന്റെ മരണത്തോടെയാണ് അതുവരെ ദുബൈയിലായിരുന്ന അമൃത് പാല്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതും സംഘടനയുടെ നേതൃത്വം ഏറ്റെടുക്കുന്നതും. പ്രത്യേക സിഖ് രാജ്യം ആണ് അമൃത് പാലിന്റെ പ്രഖ്യാപിത ലക്ഷ്യം.

ഭിദ്രന്‍വാലയെ പിന്തുടരുന്ന അമൃത്പാല്‍

ബാബ ബകാല ഡിവിഷനിലെ ജല്ലുപൂര്‍ ഖേരയില്‍ നിന്നുള്ള വ്യക്തിയാണ് അമൃത്പാല്‍. 1993ല്‍ ജനിച്ച ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം 12-ാം ക്ലാസ് ആണ്. പിന്നീട് ദുബൈയില്‍ ട്രാന്‍സ്‌പോര്‍ട്ടായി ജോലി ചെയ്ത അമൃത്പാല്‍ സിദ്ധുവിന്റെ സുഹൃത്ത് എന്ന് പറഞ്ഞാണ് വാരിസ് പഞ്ചാബ് ദേയിലേക്ക് എത്തുന്നത്. ഭിന്ദ്രന്‍വാലയുടെ വേഷം ആണ് അന്നു മുതല്‍ ധരിച്ചിരുന്നത്.
അംഗരക്ഷകരായി ആയുധധാരികളെ നിര്‍ത്തിയിരുന്നുവെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭിദ്രന്‍വാല രണ്ടാമനാവുക എന്നതാണ് അമൃത്പാലിന്റെ ലക്ഷ്യം. മുന്‍പ് അമൃത്പാലിന്റെ അനുയായിയായ ലവ്പ്രീത് തൂഫാനെ അറസ്റ്റ് ചെയ്തപ്പോള്‍ തോക്കും വടിവാളുമായി പോലീസ് സ്‌റ്റേഷനിലേക്ക് കയറിയാണ് അമൃത്പാലിന്റെ സംഘം നേരിട്ടത്. അന്ന് നടന്ന ഏറ്റുമുട്ടലില്‍ ആറ് പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. 1980കളിലേതിന് സമാനമായ സംഭവ വികാസങ്ങള്‍ക്കാണ് അന്ന് പഞ്ചാബ് സാക്ഷ്യം വഹിച്ചത്. ഈ കേസിലാണ് അമൃത് പാല്‍ തടവറയില്‍ കഴിയുന്നത്. ഒരു വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2023 ഏപ്രില്‍ 23നാണ് അമൃത് പാല്‍ തടവറയിലായത്.

 

English Summary: Amritpal Singh, lodged in Assam jail, files nomination from Punjab seat

 

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment